[:en]ഇന്ത്യയിലെ സൂപ്പര്‍പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ സെഗ്മെന്റില്‍ ആദ്യമായി ആപ്പിളിനെ പിന്തള്ളി സാംസംഗ് ഒന്നാമത്. 2025 ലെ ആദ്യ ആറ് മാസങ്ങളിലാണ് 49% വില്‍പ്പനയുമായി ഈ വിഭാഗത്തില്‍ സാംസംഗ് ഒന്നാമതെത്തിയതെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്റെ (ഐഡിസി) കണക്കുകള്‍ വ്യക്തമാക്കുന്നു. 48% വിപണി വിഹിതമാണ് ഈ വിഭാഗത്തില്‍ ആപ്പിള്‍ നേടിയത്. 800 ഡോളറിന് (ഏകദേശം 70000 രൂപ) മുകളില്‍ വിലയുള്ള ഫോമുകളാണ് സൂപ്പര്‍പ്രീമിയം വിഭാഗത്തിലുള്ളത്.
ഗാലക്സി എസ് 25, എസ് 24 അള്‍ട്രാ, എസ് 25 തുടങ്ങിയ മോഡലുകളാണ് ആപ്പിളിനെ പിന്നിലാക്കാന്‍ സാംസംഗിനെ സഹായിച്ചത്. അതേസമയം ആപ്പിളിന്റെ ഐഫോണ്‍ 16, 16 പ്ലസ് ഫോണുകളും മികച്ച പ്രകടനം കാഴ്ചവെച്ചു.
2025 ലെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി 70 ദശലക്ഷം ഫോണുകള്‍ കയറ്റിയയച്ചു. ഇത് 0.9% വാര്‍ഷിക വളര്‍ച്ച സൂചിപ്പിക്കുന്നു. എല്ലാ വില വിഭാഗങ്ങളിലുമുള്ള പുതിയ മോഡല്‍ ലോഞ്ചുകള്‍, പഴയ മോഡലുകളുടെ വിലക്കുറവ്, മികച്ച ഓഫ്ലൈന് ചാനല്‍ മാര്‍ജിനുകള്‍, ശക്തമായ മാര്‍ക്കറ്റിംഗ് കാമ്പെയ്നുകള്‍ എന്നിവയാണ് വളര്‍ച്ചയ്ക്ക് കാരണമായത്.
എന്‍ട്രി ലെവലില്‍ റെഡ്മി
എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ ഇക്കാലയളവില്‍ 22.9% വളര്‍ച്ച ദൃശ്യമായി. റെഡ്മി എ4, എ5 ഫോണുകളാണ് ഈ വിഭാഗത്തെ നയിച്ചത്. വിവോ, ഓപ്പോ, റിയല്‍മി എന്നിവ ആധിപത്യം പുലര്‍ത്തുന്ന മാസ് ബജറ്റ് സെഗ്മെന്റില്‍ 1.1% വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. വിവോ, സാംസംഗ്, ഓപ്പോ എന്നിവയുടെ നേതൃത്വത്തിലുള്ള എന്‍ട്രി ലെവല്‍ പ്രീമിയം വിഭാഗത്തില്‍ വിപണി വിഹിതം 30% ല്‍ നിന്ന് 27% ആയി കുറഞ്ഞു. മോട്ടറോള ഒന്നിലധികം മടങ്ങ് വളര്‍ച്ചയോടെ ഈ വിഭാഗത്തില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
കയറ്റുമതിയില്‍ മുന്നില്‍ ഐഫോണ്‍ 16
ഓപ്പോ, വണ്‍പ്ലസ് എന്നിവ മുന്നിട്ടു നില്ക്കുന്ന മിഡ്റേഞ്ച് പ്രീമിയം സെഗ്മെന്റില്‍ 39.5% ഉയര്‍ച്ച ദൃശ്യമായി. സൂപ്പര്‍ പ്രീമിയത്തിന് തൊട്ടുതാഴെയുള്ള പ്രീമിയം സെഗ്മെന്റ് 96.4% വളര്‍ച്ച രേഖപ്പെടുത്തി. വിഹിതം 2% ല്‍ നിന്ന് 4% ആയി ഇരട്ടിപ്പിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 15 എന്നിവയാണ് ഈ വിഭാഗത്തില്‍ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ട ഫോണ്‍ ഐഫോണ്‍ 16 ആണ്.
റാങ്കിംഗില്‍ ഒന്നാമന് വിവോ
വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോയുമായി തുടര്‍ച്ചയായ ആറാം പാദത്തിലും വിവോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായി ബ്രാന്‍ഡ് റാങ്കിംഗ് കാണിക്കുന്നു. എഐ ഉള്‍ച്ചേര്‍ത്ത മിഡ് റേഞ്ച് മോഡലുകളുടെ സഹായത്തോടെ 21% വളര്‍ച്ചയോടെ സാംസങ് രണ്ടാം സ്ഥാനത്തെത്തി. ഓപ്പോ മൂന്നാം സ്ഥാനത്തും റിയല്‍മി, ഷവോമി, മോട്ടറോള എന്നി തൊട്ടുപിന്നിലും. 5.9 ദശലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത ആപ്പിള്‍ ഏഴാം സ്ഥാനത്താണ്. ഐക്യൂ, പോകോ, വണ്‍പ്ലസ് എന്നിവ ആദ്യ 10 ല്‍ ഇടം പിടിച്ചു. ഐക്യൂ ആണ് ഏറ്റവും വേഗം വളരുന്ന ബ്രാന്‍ഡ്. [:]