റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക് കൂടുതല്‍ താരിഫ് വര്‍ധന നേരിടേണ്ടിവരുമെന്ന ഭീഷണിയുമായി അമേരിക്ക.
യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധത്തില്‍ അമേരിക്കയ്ക്കൊപ്പം അണിചേരേണ്ട സമയമായെന്ന് അമേരിക്കന്‍ ട്രെഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഭീഷണി മുഴക്കി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ 50 ശതമാനമാക്കിയതിന് പിന്നാലെയാണ റഷ്യയുടെ എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധമേര്‍പ്പെടുത്തണമെന്ന ആഹ്വാനവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.
ബ്ലൂംബര്‍ഗ് ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റഷ്യയില്‍ നിന്നും ഇന്ധനങ്ങള്‍ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മറ്റ് രാഷ്ട്രങ്ങള്‍ക്കും മേല്‍ കൂടുതല്‍ താരിഫ് ചുമത്തുന്നതില്‍ മറ്റ് രാഷ്ട്രങ്ങളും തങ്ങള്‍ക്കൊപ്പം ചേരണമെന്ന് ബെസന്റ് ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്ളാദിമര്‍ പുടിനും അലാസ്കയില്‍ വെച്ച് നടത്തുന്ന ചര്‍ച്ചയുടെ ഫലമനുസരിച്ച് ഉപരോധം കൂടുതല്‍ ശക്തമാകുകയോ അയവുണ്ടാകുകയോ ചെയ്യാമെന്നും ബെസന്റ് കൂട്ടിച്ചേര്‍ത്തു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഞങ്ങള്‍ രണ്ടാംഘട്ട താരിഫ് ചുമത്തിയെന്നും കാര്യങ്ങള്‍ ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ ഉപരോധം അല്ലെങ്കില്‍ രണ്ടാംഘട്ട താരിഫ് ഉയര്‍ന്നേക്കുമെന്നും ബെസന്റ് ഭീഷണിപ്പെടുത്തി. അലാസ്ക ചര്‍ച്ചയില്‍ യുക്രൈന് സമാധാന ഉടമ്പടിയില്‍ ധാരണയായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ബെസന്റ് ഇനിയും താരിഫ് വര്‍ധന ഉണ്ടായേക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്. പ്രത്യാഘാതങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയില്ലെങ്കിലും സാമ്പത്തിക ഉപരോധം സംബന്ധിച്ച സൂചനകളൊന്നും ട്രംപ് നല്‍കിയിട്ടില്ല.
2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈന് അധിനിവേശത്തിന് തുടക്കമിട്ടതിനെ തുടര്‍ന്ന് അമേരിക്ക, ജപ്പാന്, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, മറ്റുചില രാഷ്ട്രങ്ങള്‍ എന്നിവര്‍ റഷ്യയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കൊണ്ട് ഇന്ത്യ യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് സാമ്പത്തികസഹായം നല്‍കുകയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. എന്നാല്‍ പൗരന്മാരുടെ താല്‍പ്പര്യത്തിനാണ് രാജ്യം പ്രഥമ പരിഗണന നല്‍കുന്നതെന്നും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ധനവിലയെ പിടിച്ചുനിര്‍ത്തുമെന്നും ഇന്ത്യക്കാര്‍ക്കത് ഗുണകരമാകുമെന്നും പറഞ്ഞുകൊണ്ട് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന സൂചനയും ഇന്ത്യ നല്‍കിയിട്ടില്ല. മാത്രമല്ല, റഷ്യയുമായി വ്യാപാരവും റഷ്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമകതിയും തുടരുന്ന അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഇരട്ടനയവും ഇന്ത്യ ചോദ്യം ചെയ്തു.