ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ 50 ശതമാനം കൂട്ടിയുള്ള യുഎസ് തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ അറിയാന്‍ സമയമായിട്ടില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കൂട്ടിയുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഎസിന്റെ ഈ തീരുമാനം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ ബാധിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയില്‍ സാമ്പത്തിക വളര്‍ച്ച നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവയാണ് അമേരിക്ക ഈടാക്കുന്നത്. ഇത് ആഗസ്റ്റ് 27 മുതല്‍ 50 ശതമാനമായി ഇരട്ടിയാകും. റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനോടുള്ള എതിര്‍പ്പായി അമേരിക്ക ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുകയായിരുന്നു.
യുക്രൈന് അധിനിവേശത്തിന്റെ പിന്നാലെ പാശ്ചാത്യരാജ്യങ്ങള്‍ റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി. ഇതെത്തുടര്‍ന്നാണ് കുറഞ്ഞ വിലയ്ക്ക് എണ്ണ വില്ക്കാന് തയ്യാറായ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കാന്‍ 2022ല്‍ ഇന്ത്യ തീരുമാനിക്കുന്നത്. ഇതില്‍ പ്രകോപിതരായി ഇന്ത്യയ്ക്കുള്ള തീരുവ അമേരിക്ക കുത്തനെ ഉയര്‍ത്തി. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാഗമായുള്ള ആറാമത് ചര്‍ച്ചയ്ക്കായി യുഎസ് പ്രതിനിധി സംഘം ആഗസ്റ്റ് 25ന് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്റെ വിരട്ടല്‍.
അമേരിക്കയുടെ നീക്കം അന്യായമാണെന്നും അകാരണമായി ഇന്ത്യയെ ലക്ഷ്യമിടുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. മറ്റേതൊരു പ്രധാന സമ്പദ് വ്യവസ്ഥയെയും പോലെ ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക സുരക്ഷിതത്വവും കാത്തുസൂക്ഷിക്കാന്‍ രാജ്യം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ ഏതാണ്ട് 20 ശതമാനം അമേരിക്കയിലേക്കാണ്. ഇത് ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 86.51 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.