ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 150 ഡോളറായി ഉയരുമെന്നും ഇത് ആഗോള സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുമായ ഫരീദ് സക്കറിയ. അന്തിമമായി ഇത് യുഎസിന് തന്നെയാവും തിരിച്ചടിയാവുകയെന്നും സക്കറിയ പറഞ്ഞു.
കാല് നൂറ്റാണ്ടിനിടെ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന വിദേശ നയമാണ് യുഎസ് കൈക്കൊണ്ടിരുന്നത്. ബില്‍ ക്ലിന്റണ് ഭരണകൂടം മുതലാണ് ഇത്തരമൊരു വിദേശനയം യുഎസ് സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, എല്ലാ അമേരിക്കന്‍ ഭരണകൂടങ്ങളും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യയിലെ ഒരു സുപ്രധാന ഭൗമരാഷ്ട്രീയ, സാമ്പത്തിക സഖ്യകക്ഷിയായാണ് ഇന്ത്യയെ കണ്ടത്. 25 വര്‍ഷത്തെ ഈ വിദേശനയത്തില്‍ നിന്ന് ട്രംപ് വ്യതിചലിച്ചിരിക്കുകയാണെന്നും ഫരീദ് സക്കറിയ നിരീക്ഷിച്ചു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നെന്ന പേരില്‍ ഇന്ത്യയുടെ മേല്‍ 25% അധിക താരിഫ് ചുമത്തിയ ട്രംപിന്റെ നടപടി അര്ത്ഥമില്ലാത്തതാണെന്ന്് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയേക്കാള്‍ അധികം റഷ്യന്‍ എണ്ണ വാങ്ങുന്ന ചൈനയുടെ മേല്‍ ട്രംപ് അധിക താരിഫ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യയും ചൈനയും റഷ്യന്‍ എണ്ണ വാങ്ങിയില്ലെങ്കില്‍, എണ്ണയുടെ വില ബാരലിന് 150 ഡോളറാകും. ഇത് പാശ്ചാത്യ ലോകത്തും യുഎസിലും മാന്ദ്യത്തിന് കാരണമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു. അതാണോ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.