ഇന്ത്യയില്‍ ജൂലൈ മാസത്തിലെ ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനത്തിലുള്ള റീട്ടെയ്ല്‍ വിലക്കയറ്റം ജൂണ്‍ മാസത്തിലെ 2.10 ശതമാനത്തില്‍ നിന്നും 1.55 ശതമാനമായി കുറഞ്ഞതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗാം ഇപ്ലിമെന്റേഷന്‍ മന്ത്രാലയം. ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്ത് മുന്‍മാസത്തെ അപേക്ഷിച്ച് റീട്ടെയ്ല്‍ വിലക്കയറ്റം കുറഞ്ഞതായി വ്യക്തമാകുന്നത്. ജൂണ്‍ 2025-നുമായി താരതമ്യം ചെയ്യുമ്പോള്‍ 55 ബേസിസ് പോയിന്റാണ് കുറഞ്ഞിരിക്കുന്നത്. 2017 ജൂണ്‍ മാസത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വാര്‍ഷിക വിലക്കയറ്റ നിരക്കാണിത്.
ഒക്ടോബറില്‍ CPI വിലക്കയറ്റം 14 മാസത്തിനിടയിലെ ഉയര്‍ന്ന നിലയായ 6.21 ശതമാനത്തിലെത്തിയിരുന്നു. 2025 ജൂലൈ മാസത്തിലെ ഇന്ത്യയിലെ മൊത്തം ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (CFPI) അടിസ്ഥാനത്തിലുള്ള വാര്‍ഷിക വിലക്കയറ്റ നിരക്ക്, 2024 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍, -1.76 ശതമാനമാണ് (താല്‍ക്കാലിക കണക്ക്). ഗ്രാമപ്രദേശങ്ങളിലെ വിലക്കയറ്റ നിരക്ക് -1.74 ശതമാനവും നഗര പ്രദേശങ്ങളിലെ വിലക്കയറ്റ നിരക്ക് -1.90 ശതമാനവുമാണെന്ന് NSOയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍, ജൂലൈയില്‍ ഭക്ഷ്യവിലക്കയറ്റം 75 ബേസിസ് പോയിന്റ് കുറഞ്ഞു. 2019 ജനുവരി മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഭക്ഷ്യവിലക്കയറ്റ നിരക്കാണ് 2025 ജൂലൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.