പഠിച്ചിറങ്ങിയാല്‍ തന്നെ ജോലി, ജോലിയില്‍ കയറി ഒരു വര്‍ഷം കൊണ്ട് ലക്ഷങ്ങള്‍ ശമ്പളം, വലിയ കാറ്, വീട്, ആഡംബര ജീവിതം. എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക്
പ്രത്യേകിച്ച് കംപ്യൂട്ടര്‍ സയന്‍സുകാര്‍ക്ക് കരിയറിലെ ഏറ്റവും ബെസ്റ്റ് ടൈം, അതായിരുന്നു കഴിഞ്ഞ ഒരു ദശാബ്ദം. കോഡിംഗ് അറിഞ്ഞാല്‍ കമ്പനികള്‍ പിന്നാലെ വരും, ലൈഫും കരിയറും സെറ്റാകും. പക്ഷേ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഐടി മേഖലയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. സര്‍ക്കാര്‍ ജോലി പോലെയെന്ന് ആളുകള്‍ പറഞ്ഞിരുന്ന ടിസിഎസില്‍ നിന്നുപോലും പതിനായിരത്തിലധികം ഐടി ജീവനക്കാരെ പറഞ്ഞുവിടുമ്പോള്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും കരിയര്‍ ആശങ്കയിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് അഥവാ നിര്‍മ്മിതബുദ്ധി മനുഷ്യരേക്കാള്‍ കാര്യക്ഷമമായി സെക്കന്‍ഡുകള്‍ കൊണ്ട് കോഡ് എഴുതുകയും ഡിബഗ് ചെയ്യുകയും ചെയ്യുമ്പോള്‍ ടെക്കികള്‍ക്ക് ഇനിയുള്ള കാലം ഒരു ജോലി എന്നത് മുമ്പത്തെ പോലെ അത്ര എളുപ്പമല്ല. അലച്ചില്‍. കാരണം ടെക് തൊഴില്‍ രംഗം മാറ്റത്തിന്റെ പാതയിലാണ്.
സുവര്‍ണ്ണകാലം അവസാനിച്ചോ
ടിസിഎസ് മാത്രമല്ല, ടെക്ക് ഭീമന്മാരായ ആമസോണ്‍, മെറ്റ, മൈക്രോസോഫ്റ്റ്, ഇന്റല്‍ എന്നീ കമ്പനികളിലും കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നു. അതിനൊപ്പം എഐയുടെ കടന്നുകയറ്റം കൂടി വര്‍ധിച്ചതോടെ കാമ്പസ് പ്ലേസ്മെന്റുകളിലോ പഠനം കഴിഞ്ഞിറങ്ങിയ ഉടനെയോ ജോലി കിട്ടാന്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
2010കളുടെ തുടക്കത്തില്‍ വ്യക്തിപരമായും രാജ്യത്തിന്റെ സമ്പദ്ഘടനയെയും ശക്തിപ്പെടുത്തുന്ന തൊഴില്നൈപുണ്യമെന്ന രീതിയില്‍ കോഡിംഗ് ഏറെ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. ഇക്കാലയളവില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. പക്ഷേ അടുത്തകാലത്തായി ആഗോളതലത്തില്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്കിടയിലെ തൊഴിലില്ലായ്മ കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുമ്പ് പല ജോലി ഓഫറുകളില്‍ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നതായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ മുമ്പിലുള്ള വെല്ലുവിളിയെങ്കില്‍ ഇന്ന് എന്തെങ്കിലും ഒരു ജോലി ലഭിക്കുക എന്നതുതന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു.
ഇന്റെര്‍വ്യൂ ചെയ്യുന്നതും എഐ
മുമ്പ് കാമ്പസ് ഇന്റര്‍വ്യൂ ആണെങ്കിലും കമ്പനി നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂ ആണെങ്കിലും അഭിമുഖം ചെയ്യുന്നവരുടെ മനസ്സ് നേടുകയെന്നത് പ്രധാനമായിരുന്നു. എന്നാലിന്ന് അവിടെയും എഐയുടെ കടന്നുകയറ്റമാണ്. ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റകള്‍ പരിശോധിക്കാനും യോഗ്യതയില്ലാത്തവരെ പുറത്താക്കാനും എന്തിന് ആദ്യഘട്ട ഇന്റര്‍വ്യൂ നടത്താന്‍ വരെ കമ്പനികള്‍ എഐയെ ആശ്രയിക്കുന്നു. ഇതോടെ എഐയെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ബയോഡാറ്റകള്‍ തയ്യാറാക്കാന്‍ ഉദ്യോഗാര്‍ത്ഥികളും നിര്‍ബന്ധിതരാകുകയാണ്. അതിനുവേണ്ടി അവര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നതും എഐ ടൂളുകളെയാണ്. ജോലിയില്‍ കയറിപ്പറ്റാന്‍ ഉദ്യോഗാര്‍ത്ഥികളും അവരെ നിരാകരിക്കാന്‍ കമ്പനികളും എഐ അല്‍ഗോരിതങ്ങളെ ആശ്രയിക്കുന്ന എഐ ലൂപ്പ് ആണ് ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നത്.
വേണ്ടത് കാലത്തിനൊത്ത മാറ്റം
നിര്‍മ്മിതബുദ്ധിയെ തള്ളിപ്പറഞ്ഞോ നിരാകരിച്ചോ ഒരു നിലനില്‍പ്പ് ഉണ്ടാകില്ലെന്ന വസ്തുത കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കുകയാണ് വേണ്ടത്. കാലോചിതമായ മാറ്റത്തെ ഉള്‍ക്കൊണ്ടാല്‍ എഐയിലൂടെ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സുന്ദരമായ ഒരു കരിയര്‍ അവര്‍ക്ക് കംപ്യൂട്ടര്‍ സയന്‍സ് മേഖലയില്‍ കെട്ടിപ്പടുക്കാം. എഐയുമായി ഒന്നുചേര്‍ന്ന് ജോലി ചെയ്യാന്‍ പഠിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. അതിനാവശ്യമായ പരിശീലനം ചെറിയ പ്രായത്തിലേ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. കോഡ് എഴുതാന്‍ പഠിക്കുക എന്നതിലുപരിയായി കോഡ് എഴുതാന്‍ സഹായിക്കുന്ന എഐ ടൂളുകളും അവയുടെ സാധ്യതകളും പരിമിതികളും കൂടി പഠിക്കേണ്ടത് അനിവാര്യമാണ്.