തിരുവനന്തപുരത്തെ ടെക്നോളജി ഹബ്ബാക്കാന്‍ കെഎസ് യുഎം-ഗ്രാന്റ് തോണ്ടണ് ധാരണാപത്രം ഒപ്പുവെച്ചായിരുന്നു ഹഡില്‍ ഗ്ലോബലിന്റെ സമാപനം. 300 സ്റ്റാര്‍ട്ടപ്പുകളാണ് നിക്ഷേപകരുമായി സംവദിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംഗമമെന്ന നിലയിലാണ് ഈ വര്‍ഷത്തെ ഹഡില്‍ ഗ്ലോബല്‍ ചരിത്രത്തിലിടം നേടിയത്. സമാപന ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ എമര്‍ജിംഗ് ടെക്നോളജി ഹബ്ബായി ഉയര്‍ത്താനുള്ള പഠനങ്ങളുമായി മുന്നോട്ട് പോകാനുള്ള ധാരണാ പത്രത്തില്‍ പ്രൊഫഷണല്‍ സേവന സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഒപ്പുവച്ചു.

കെഎസ് യുഎം സിഇഒ അനൂപ് അംബികയും ഗ്രാന്റ് തോണ്ടണ് പാര്‍ട്ണര്‍ പ്രസാദ് ഉണ്ണികൃഷ്ണനുമാണ് ധാരണാപത്രം കൈമാറിയത്.
ഹഡില്‍ ഗ്ലോബല്‍ 2023 ല്‍ പ്രദര്‍ശിപ്പിച്ച സ്റ്റാര്‍ട്ടപ്പുകളുടെ അത്യാധുനികവും നൂതനവുമായ ഉത്പന്നങ്ങള്‍ യുവതയുടെ മികവിന്റെ അടയാളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹഡില്‍ ഗ്ലോബലിനുള്ള സ്ഥിരം വേദിയായി അടിമലത്തുറ ബീച്ചിനെ മാറ്റുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഇഎസ്ജി (സാമ്പത്തിക, സാമൂഹിക, ഗവേണന്‍സ്) സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം ലക്ഷ്യമിട്ടുള്ള കരട് നയരേഖയും അനൂപ് അംബിക പുറത്തിറക്കി.
നൂറിലധികം ഡിസൈനര്‍മാര്‍ പങ്കെടുത്ത ഡിസൈനേഴ്സ് ചലഞ്ചില്‍ പതിമൂന്ന് പേര്‍ക്ക് ഡിസൈനേഴ്സ് ചലഞ്ച് പുരസ്കാരം ലഭിച്ചു. അമ്ന മര്‍സൂഖ് (വിദ്യാര്‍ത്ഥി, സെന്റ് ഗിറ്റ്സ് ഡിസൈന്‍ സ്കൂള്‍), അര്ജുന് (ഫ്രീലാന്‍സ് ഡിസൈനര്‍), മിറാഷ് ചന്ദ്രന് (ഫ്രീലാന്‍സ് ഡിസൈനര്‍),
സുനില്‍ കുട്ടന് (ഫ്രീലാന്‍സ് ഡിസൈനര്‍), നവീന്‍ലാല്‍. പി പി (വിദ്യാര്‍ത്ഥി, ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തൃശൂര്‍), എന്റിക്. എസ് നീലംകാവില്‍ (വിദ്യാര്‍ത്ഥി, ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട), മുഹമ്മദ് മുസ്തഫ.സി പി (ഫ്രീലാന്‍സ് ഡിസൈനര്‍), ആദം ജോര്‍ജ് (ഡിസൈനര്‍, കോഡ്ഗ്രീന് ടെക്നോളജീസ്), എസ്, ബാലശങ്കര്‍ (ഫ്രീലാന്‍സ് ഡിസൈനര്‍), ജെസ്വിന് ജോസ.് കെ (വിദ്യാര്‍ത്ഥി, എസ്എച്ച് സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍, കൊച്ചി), മുഹമ്മദ്. ഷമീം (ഫ്രീലാന്‍സ് ഡിസൈനര്‍), ശ്രീഹരി കെ എന്‍ (വിദ്യാര്‍ത്ഥി, മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, കൊച്ചി), ഷമീം (ഫ്രീലാന്‍സ് ഡിസൈനര്‍) എന്നിവര്‍ക്കാണ് ഡിസൈനേഴ്സ് പുരസ്കാരം ലഭിച്ചത്.

ഹഡില്‍ ഗ്ലോബലില്‍ പങ്കെടുത്ത 27-ഓളം കോഡര്‍മാരെ സമാപന ചടങ്ങില്‍ ആദരിച്ചു. സ്റ്റാര്‍ട്ടപ്പ് സംഗമത്തോടനുബന്ധിച്ച് നടത്തിയ ബ്രാന്‍ഡിംഗ് ചലഞ്ചില്‍ കേരളത്തിലെ ഗവേഷണ വികസന സ്ഥാപനങ്ങളില്‍ നിന്ന് 15-ഓളം ഫുഡ്ടെക് ഇന്നൊവേഷനുകള്‍ തിരഞ്ഞെടുത്തു. ഹഡില്‍ ഗ്ലോബലില്‍ പങ്കെടുത്ത 300 സ്റ്റാര്‍ട്ടപ്പുകളാണ് നിക്ഷേപകരുമായി സംവദിച്ചത്.
ഗ്രാന്റ് തോണ്‍ടണിന്റെ ഡയറക്ടര്‍മാരായ അജിത് പ്രസാദ് ബാലകൃഷ്ണന്, സിനി മോഹന്‍കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത് പി. രാജ് എന്നിവരും പങ്കെടുത്തു. 12,000 പ്രതിനിധികള്‍ പങ്കെടുത്ത ത്രിദിന സംഗമമായ ഹഡില്‍ ഗ്ലോബല്‍ വിഴിഞ്ഞം അടിമലത്തുറ ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഹെഡ്സ്റ്റാര്‍ട്ട്, ടൈ കേരള, ജിടെക്, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി, ടെക്നോപാര്‍ക്ക് ടുഡേ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ 5000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 400 എച്ച്എന്‍ഐകള്‍, 300 മാര്‍ഗനിര്‍ദേശകര്‍, 200 കോര്‍പ്പറേറ്റുകള്‍, 150 നിക്ഷേപകര്‍, പ്രഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലൈഫ് സയന്‍സസ്, സ്പേസ് ടെക്, ബ്ലോക്ക് ചെയിന്‍, ഐഒടി, ഇ- ഗവേണന്‍സ്, ഫിന്‍ടെക്, ഹെല്‍ത്ത്ടെക്, അഗ്രിടെക്, എഡ്യൂടെക്, സോഫ്റ്റ് വെയര്‍ ആസ് സര്‍വീസ് തുടങ്ങി വളര്‍ന്നുവരുന്ന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉത്പന്നങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.