ഓട്ടോമൊബീല്‍ മേഖലയില്‍ ഇവി വിപ്ലവത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ശുദ്ധമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ലിഥിയം അയണ്‍ സെല്‍ ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളും ടൂ വീലറുകളും റോഡ് ഭരിക്കുന്നതാണ് സമീപ കാലത്തുതന്നെ നാം കാണാന്‍ പോകുന്ന കാഴ്ച. ഇവി വാഹനങ്ങളും ഇവി ബാറ്ററി നിര്‍മിക്കുന്ന കമ്പനികളുമെല്ലാം ഇപ്പോള്‍ വെള്ളിവെളിച്ചത്തിലുണ്ട്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു പേടി സ്വപ്നം കൂടി ഇതിനൊടൊപ്പമുണ്ട്. ഉപയോഗ ശൂന്യമാകുന്ന ഇനി ബാറ്ററി മാലിന്യങ്ങള്‍ എന്ന അപകടമാണത്.
ഒരു പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2030 ഓടെ 5 ലക്ഷം ടണ്‍ വേസ്റ്റ് ബാറ്ററികള്‍ റീസൈക്കിളിംഗ് കമ്പനികളില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. ചില കണക്കുകള്‍ പറയുന്നത് ബാറ്ററി റീസൈക്ളിംഗ് ശേഷി നിലവില്‍ കഷ്ടിച്ച് 20,000 ടണ്ണാണെന്നാണ്. ലോകത്തെയാകെ പരിഗണിക്കുമ്പോള്‍ നിലവില്‍ ആകെ ഇവി ബാറ്ററികളുടെ 5% മാത്രമാണ് റീസൈക്കിള്‍ പ്ലാന്റുകല്‍ എത്തി പ്രോപ്പറായി റീസൈക്കിള്‍ ചെയ്യപ്പെടുന്നത്. ശേഷിക്കുന്ന 95 ശതമാനം ബാറ്ററികളും പരിസ്ഥിതിക്ക് അത്യധികം ദോഷമുണ്ടാക്കുന്ന തരത്തില്‍ മറ്റ് മാലിന്യങ്ങളുടെയൊപ്പം ഭൂമിയില്‍ കുഴിച്ചു മൂടപ്പെടുന്നു.
2030 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹനങ്ങളാകും വിപണിയെ നയിക്കുന്നതെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ റീസൈക്കിളിംഗ് സെന്ററുകളില്‍ എത്തുന്നത് പ്രധാനമായും ഫോണുകളിലെ ബാറ്ററിയില്‍ നിന്നുള്ള ഉപയോഗശൂന്യമായ വസ്തുക്കളാണ്. ഇവികള്‍ വിപണിയെ നയിക്കുന്ന കാലം വരുമ്പോള്‍, അവയില്‍ നിന്നുള്ള ഇലക്ട്രോണിക്, ബാറ്ററി മാലിന്യമാകും സ്വാഭാവികമായും റീസൈക്കിളിംഗിനെത്തുക.
ലിഥിയം ബാറ്ററി റീസൈക്ളിംഗ് ബിസിനസ്സ് രംഗത്തെ പ്രധാന കമ്പനിയായ ലോഹത്തിന്റെ സ്ഥാപകനും സിഇഒയുമായ രജത് വര്‍മ്മ പറയുന്നത് ഡിമാന്റ് മീറ്റ് ചെയ്യുന്നതിന് റീസൈക്കിളിംഗ് ശേഷി വന്‍തോതില്‍ വിപുലീകരിക്കേണ്ടതുണ്ടെന്നാണ്. 2022 ഓഗസ്റ്റില്‍ ഇന്ത്യന്‍ ഗവണ്മെന്റ് ബാറ്ററി വേസ്റ്റ് മാനേജ്മെന്റ് റൂള്‍ കൊണ്ടുവരികയും ബാറ്ററി വേസ്റ്റിന്റെ സംസ്കരണത്തിന് ഇവി രംഗത്തെ ഉല്‍പ്പാദക കമ്പനികളെ കൂടി ഉത്തരവാദികളാക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ വര്‍ഷവും ലിഥിയം അയണ്‍ ബാറ്ററികള്‍ക്കുള്ള ഡിമാന്റില്‍ 33 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഈ സെക്ടര്‍ ചെറുതാണെങ്കിലും വരും കാലങ്ങളില്‍ ഈ മേഖലയുടെ വിസ്ഫോടനം തന്നെ നടക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 21.7 ലക്ഷം ഇവി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2024 ല്‍ ഇത് 3 കോടിയായി ഉയരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.
2040 ആകുമ്പോഴേക്കും റീസൈക്കിളിംഗ് സെക്ടറിന്റെ വരുമാനം 40 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് കണക്ക്. ലിഥിയത്തിന്റെ പരിമിത സ്രോതസുകള്‍, ഖനനം ചെയ്തെടുക്കാനുള്ള ചെലവ് എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ റീസൈക്കിളിംഗിനും പുനരുപയോഗത്തിനും ഏറെ പ്രാധാന്യമുണ്ട്. തീര്‍ച്ചയായും ഇവി ബാറ്ററി റിസൈക്കിളിംഗ് മേഖല ബിസിനസ് തുടങ്ങാനും നിക്ഷേപം നടത്താനും ഏറെ സാധ്യതകളുള്ള മേഖലയാണെന്ന് ചുരുക്കം.