ഇന്ത്യയുടെ കയറുല്‍പ്പന്ന കയറ്റുമതി 110 രാജ്യങ്ങളിലേക്ക് വ്യാപിച്ചത് വലിയ പ്രതീക്ഷയോടെയാണ് ഈ വ്യവസായം നോക്കിക്കാണുന്നത്. മേയ് മാസത്തിലാണ് കയര്‍ കയറ്റുമതി പുതിയ നാഴികക്കല്ല് പിന്നിട്ട വിവരം എംഎസ്എംഇ (സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) മന്ത്രി നാരായണ്‍ റാണെ പ്രഖ്യാപിച്ചത്. കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ 80 ശതമാനം സ്ത്രീകളാണെന്നതും ഗ്രാമീണ മേഖലയുടെ ശാക്തീകരണത്തില്‍ അവിഭാജ്യഘടകമായി ഈ രംഗം മാറുന്നുവെന്നതും പ്രതീക്ഷ നല്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെക്കുന്ന ലോക്കല്ഫോര്ഗ്ലോബല് മുദ്രാവാക്യവുമായി ഇഴചേര്ന്നുപോകുന്നതാണ് പരിസ്ഥിതി സൗഹൃദ കയര്‍ ഉല്പ്പന്നങ്ങളെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. നാളികേരത്തിന്റെ ഉപോല്‍പ്പന്നം എന്നതിലപ്പുറം സ്വതന്ത്ര വ്യവസായമായി തന്നെ കയറിനെ കണ്ടാല്‍ മാത്രമേ ആ സാധ്യതകളിലേക്ക് എത്തിച്ചേരാനാകൂ.
ചരിത്രം പേറുന്ന വ്യവസായം
കേരളത്തെ സംബന്ധിച്ചിടത്തോളം പരമ്പരാഗത വ്യവസായമാണ് കയര്‍. കേരള സംസ്ഥാന രൂപീകരണ വേളയില്‍, നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷികേതര മേഖല കയര്‍ വ്യവസായമായിരുന്നു. ചകിരി നാരുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കയറുല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും ഏറെ വിപണനസാധ്യതയാണുള്ളത്. ‘കയറുപിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വലസമരകഥ’ എന്ന് വയലാര്‍ പാടിയത് തന്നെ കയര്‍ വ്യവസായത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. വടക്കേ മലബാറിലെ ബീഡി വ്യവസായം പോലെ തന്നെ ആലപ്പുഴയുടെ മണ്ണില്‍ ഒരു രാഷ്ട്രീയബോധം സൃഷ്ടിച്ചെടുക്കാനും കയര്‍ മേഖലയ്ക്ക് സാധിച്ചു.


കയര്‍ ഭൂവസ്ത്രം, പായ, കാര്പെറ്റുകള്, കയര്‍ ടൈല്‍സ്, റബ്ബറൈസ്ഡ് കയര്‍ ഉല്‍പ്പന്നങ്ങള്‍, പരവതാനികള്‍, ചവിട്ടികള്‍, ബ്രഷ്, ചൂലുകള്‍, ബാസ്ക്കറ്റുകള്‍ തുടങ്ങി അനേകം ഉല്‍പ്പന്നങ്ങളാണ് കയറില്‍ നിന്നുമുണ്ടാക്കുന്നത്. വീടുകളിലും അപ്പാര്‍ട്ട്മെന്റുകളിലും ഹോട്ടലുകളിലും ആവശ്യമായ ആഡംബര ഉല്‍പ്പന്നങ്ങള്‍
നിര്‍മിക്കാനും കയര്‍ ഉപയോഗിക്കുന്നു. കയര്‍ ഭൂവസ്ത്രം പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നാണ് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.


മണ്ണിന്റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി പ്രകൃതിദത്ത നാരുകൊണ്ട് നെയ്തെ നെയ്യാതെയോ വലക്കെട്ട് കെട്ടിയോ ഉണ്ടാക്കുന്നതാണ് കയര്‍ വസ്ത്രം. കേരളത്തിലെ മണ്ണിനെയും ജലത്തെയും ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തി സംരക്ഷിക്കുന്നതിനു ചകിരിയില്‍ നെയ്യുന്ന ഭൂവസ്ത്രങ്ങള്‍ക്ക് കഴിയുമെന്നാണ് വിദഗ്ധ പക്ഷം. വേണ്ട രീതിയില്‍ സംസ്ക്കരിച്ച ഭൂവസ്ത്രത്തിന്റെ ഉപയോഗം മണ്ണിന്റെ ഫലഭൂയിഷ്ടതയും വളക്കൂറും വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലാണ് കേരളത്തില്‍ കയര്‍ വ്യവസായത്തിന് തുടക്കം കുറിക്കുന്നത്. ജനങ്ങളുടെ പ്രധാന ജീവിത മാര്‍ഗങ്ങളിലൊന്ന് കയര്‍ വ്യവസായമായിരുന്നു. 1968 കാലഘട്ടത്തിലാണ് കയര്‍ സഹകരണ സംഘങ്ങള്‍ രൂപംകൊള്ളുന്നത്. കയറിന്റെ വളര്‍ച്ചയില്‍ ഈ സംഘങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിച്ചിരുന്ന തീരദശത്തുള്ളവര്ക്കിടയിലേക്കാണ് സഹകരണ സംഘങ്ങള്‍ എത്തുന്നത്. കൂട്ടായ്മയുടെ സന്ദേശമാണ് അവര്‍ക്ക് ഈ സംഘങ്ങള്‍ പകര്‍ന്നു നല്‍കിയത്. തൊഴിലാളികള്‍ക്ക് തൊഴില്‍ നിലനിര്‍ത്താനുള്ള സാമ്പത്തിക സഹായവും വിപണി കണ്ടെത്താനുള്ള വഴികളൊരുക്കാനും അവര്‍ക്ക് സാധിച്ചു.

ആഗോള കയര്‍ വിപണി
320.8 ദശലക്ഷം ഡോളറിന്റേതാണ് ആഗോള കയര്‍ വിപണി. 2028 ആകുമ്പോഴേക്കും 8.7 ശതമാനം വളര്‍ച്ച ഈ വിപണിയിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 700000 ടണ്‍ കയറാണ് പ്രതിവര്‍ഷം ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 80 ശതമാനത്തോളം ഇന്ത്യയുടെ സംഭാവനയാണ്. കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കയറുല്‍പ്പാദനം സജീവമാണ്. രാജ്യത്തെ 90 ശതമാനം കയര്‍ ഉല്‍പ്പാദനവും നടക്കുന്നത് ഈ സംസ്ഥാനങ്ങളിലാണെന്ന് പറയാം.
കയറ്റുമതിയിലും വര്‍ധന
ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും രാജ്യം വര്‍ധന കൈവരിക്കുന്നുണ്ട്. കയര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് രാജ്യത്തെ കയര്‍ കയറ്റുമതി 2017-18ല്‍ 2,532 കോടി രൂപയുടേതായിരുന്നു. 2021-22ല്‍ ഇത് 4,340 കോടി രൂപയായി ഉയര്‍ന്നു. 12,34,855 മെട്രിക് ടണ്‍ കയര്‍, കയര്‍ അനുബന്ധ ഉല്‍പ്പന്നങ്ങളാണ് 2021-22 വര്‍ഷത്തില്‍ ഇന്ത്യ കയറ്റി അയച്ചത്. കയര്‍ ബോര്‍ഡിന്റെ വിലിയരുത്തല്‍ അനുസരിച്ച് ക്വാണ്ടിറ്റിയില്‍ 6.2 ശതമാനത്തിന്റെയും മൂല്യത്തില്‍ 14.8 ശതമാനത്തിന്റെയും വര്‍ധനയാണ് കയറ്റുമതിയിലുണ്ടായിരിക്കുന്നത്.
കയര്‍ പിത്താണ് ഏറ്റവുമധികം കയറ്റി അയക്കപ്പെടുന്ന കയറുല്‍പ്പന്നം, 2021-22 വര്‍ഷത്തില്‍ 3.99 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ഇതിന്റെ കയറ്റുമതി. 2259.17 കോടി രൂപയുടെ മൂല്യം വരുമിത്. കയര്‍ ഫൈബര്‍, ടഫ്റ്റഡ് മാറ്റുകള്‍ തുടങ്ങിയവയ്ക്കും ആഗോള വിപണിയില്‍ മികച്ച ഡിമാന്‍ഡാണ്. യുഎസിലേക്കാണ് ഏറ്റവും കൂടുതല്‍ കയറുല്‍പ്പന്നങ്ങള്‍ ഇന്ത്യ കയറ്റി അയക്കുന്നത്. 1293 ലക്ഷം കോടി രൂപയുടെ കയര്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് ചൈനയാണ്. കയറ്റി അയക്കുന്നത് 8,602.5 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍. ദേശീയ തലത്തില്‍ കയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയും സംസ്ഥാനതലത്തില്‍ കയര്ഫെഡുമാണ് കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍.