‘എ വെജിറ്റേറിയന്‍ പ്രോമിസ്” എന്ന ടാഗ്ലൈന് അന്വര്‍ത്ഥമാക്കുംവിധം സമ്പൂര്‍ണ്ണ സസ്യഭക്ഷണം എന്ന ആശയത്തിലൂന്നി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള 140ല്‍ പരം ഉല്‍പ്പന്നങ്ങളാണ് ബ്രാഹ്മിന്‍സ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. 1987ല്‍ തൊടുപുഴയുടെ നഗരപ്രാന്തമായ മണക്കാട് എന്ന ഗ്രാമത്തില്‍ വി. വിഷ്ണു നമ്പൂതിരി എന്ന യുവസംരംഭകന് തുടക്കമിട്ട ഒരു ചെറിയ സ്ഥാപനത്തില്‍ നിന്നാണ് ഇന്ന് ലോകമാകെ വേരുകളുള്ള ബ്രാഹ്മിന്‍സ് ഫുഡ്സ് എന്ന ജനപ്രിയ ബ്രാന്‍ഡിന്റെ ഉദയം. ആദ്യകാലത്ത് സ്വന്തമായി പൊടിച്ച് പായ്ക്കറ്റുകള്‍ ആക്കിയ സ്പൈസ് പൗഡറുകള്‍ നഗരത്തിലും സമീപദേശങ്ങളിലും വിതരണം ചെയ്താണ് അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ തുടക്കമിട്ടത്. പിന്നീട് പടിപടിയായുള്ള വിപുലീകരണത്തിലൂടെ ഇന്ന് ലോകമറിയുന്ന ബ്രാന്‍ഡായി ബ്രാഹ്മിന്‍സിനെ വളര്‍ത്തിയത് വിഷ്ണു നമ്പൂതിരിയെന്ന ധിഷണാശാലിയുടെ കഠിനാധ്വാനവും എല്ലാവിധ പിന്തുണയുമായി കൂടെ നിന്ന കുടുംബാംഗങ്ങളുമാണ്. ഭക്ഷ്യവിപണിയിലേക്ക് വിശ്വസ്തമായ ഒരു വെജിറ്റേറിയന്‍ ബ്രാന്‍ഡിന്റെ കടന്നുവരവായിരുന്നു ആ തുടക്കം.


ബ്രാഹ്മിന്‍സിന്റെ പ്രവര്‍ത്തനശൈലിയും ആശയങ്ങളും ലക്ഷ്യങ്ങളും ശ്രീനാഥ് വിഷ്ണുവിന്റെ വാക്കുകളിലൂടെ:
പ്രോഫിറ്റ് എന്നത് അത്രയേറെ പ്രാധാന്യമുള്ള ഒന്നാണ്
പ്രോഫിറ്റ് ലക്ഷ്യമിട്ടുള്ള വിപണന രീതിയാണ് ബ്രാഹ്മിന്‍സിന്റെ പ്രവര്‍ത്തനശൈലി. പ്രോഫിറ്റ് എന്ന ആശയത്തോടുള്ള തന്റെ ആഭിമുഖ്യം ബ്രാഹ്മിന്‍സ് ഫുഡ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ പിതാവ് വി. വിഷ്ണു നമ്പൂതിരിയില്‍ നിന്ന് ലഭിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രോഫിറ്റ് ലഭിക്കുന്നില്ലെങ്കില്‍ ചെയ്യുന്ന ബിസിനസിനോട് വൈകാരിക ബന്ധം നിലനിര്‍ത്താതെ ബിസിനസ് അവസാനിപ്പിക്കുന്നതായിരുന്നു വിഷ്ണുനമ്പൂതിരിയുടെ ശൈലി. പല മേഖലകളിലായി 20ല്‍ പരം ബിസിനസുകള്‍ ചെയ്യുകയും അതെല്ലാം പരാജയപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ബ്രാഹ്മിന്‍സ് ഫുഡ്സ് എന്ന സ്ഥാപനത്തിന് വിഷ്ണു നമ്പൂതിരി തുടക്കം കുറിച്ചു. ക്രമേണ ബിസിനസ് ലാഭകരായി മുന്നേറുവാന്‍ തുടങ്ങി. ലാഭം തന്നെയാണ് ഏതുബിസിനസിന്റെയും അടിസ്ഥാനമെന്ന് ശ്രീനാഥ് വിഷ്ണു ചൂണ്ടിക്കാട്ടുന്നു. 800 രൂപ മൂലധനത്തിലാണ് ബ്രാഹ്മിന്‍സ് ആരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ ലാഭകേന്ദ്രീകൃതമായാണ് സ്ഥാപനം മുന്നോട്ട് പോയിട്ടുള്ളത്. 10% ഓര്‍ഗാനിക് ഗ്രോത്ത് ബ്രാഹ്മിന്‍സ് ഫുഡ്സ് എല്ലാ വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്.

ലാഭത്തിലേക്കുള്ള ബ്രാഹ്മിന്‍സ് വഴികള്‍
ലാഭം കുറയാന്‍ 100 വഴികളുണ്ടാകുമെങ്കിലും ലാഭം വരാന്‍ ഒരു വഴിയേ ഉണ്ടാകൂ. ബിസിനസ് എഫിഷ്യന്‍സി കൂട്ടുകയെന്നതാണത്. ഒരു മാനുഫാക്ചറിംഗ് കമ്പനിക്ക് ഓപ്പറേഷണല്‍ ചെലവുകള്‍ കുറച്ചും അസംസ്കൃത വസ്തുക്കള്‍ വിലകുറച്ചു വാങ്ങിയും വില്‍പ്പനവില വര്‍ദ്ധിപ്പിച്ചും ലാഭമുയര്ത്താം. ഏതെങ്കിലും ഒന്നിനു മാത്രം പ്രാമുഖ്യം നല്‍കാതെ ഈ മൂന്നു കോമ്പിനേഷനുകളും ലാഭത്തിനായി ആശ്രയിക്കേണ്ടതുണ്ട്. ലാഭം നേടുന്നതില്‍ ഇന്‍പുട്ട് കോസ്റ്റിനും വളരെയേറെ പ്രാധാന്യമുണ്ട്. ന്യായമായ വിലയില്‍ ഏറ്റവും മികച്ച അസംസ്കൃതവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം. അതോടൊപ്പം ഉല്‍പ്പന്നത്തിന് മികച്ച വില ഈടാക്കുന്നതിനുള്ള ബ്രാന്‍ഡ് ഇമേജ് നമുക്ക് മാര്ക്കറ്റിലുണ്ടാവുകയും വേണം.
ഒരാളുടെയെങ്കിലും ജീവിതത്തെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞാല്‍ ആ വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന അനുഗ്രഹവും പ്രോഫിറ്റാണ്
വേസ്റ്റേജ് ചുരുക്കിയും ലാഭം വര്‍ദ്ധിപ്പിക്കാം. വേസ്റ്റേജ് സംരംഭകന് യാതൊരുവിധ ലാഭവും നല്‍കുന്നില്ല. ഉദാഹരണത്തിന്, യന്ത്രസംവിധാനത്തിലെ തകരാറുമൂലം പാക്കിങ്ങിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ആ പ്രൊഡക്ടുകള്‍ പാഴായിപ്പോകുകയും മിനിറ്റുകള്‍കൊണ്ട് വലിയ നഷ്ടം സംഭവിക്കുകയും പായ്ക്കിങ്ങ് മെറ്റീരിയലുകളുടെ നഷ്ടം ലാഭത്തെ പിന്നോട്ടടിപ്പിക്കുകയും ചെയ്യും. വേസ്റ്റേജ് കുറയ്ക്കുന്നതിനു പുറമെ പ്രവര്‍ത്തനചെലവ് കുറച്ചും ലാഭമുണ്ടാക്കാവുന്നതാണ്. ചെറിയ എഞ്ചിനീയറിങ്ങ് ഇന്നോവേഷന്‍സ് കൊണ്ട് പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ബ്രാഹ്മിന്‍സ് പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. മെറ്റീരിയലുകളുടെ നീക്കം, ഊര്‍ജ്ജ ഉപഭോഗം തുടങ്ങിയ കാര്യങ്ങളില്‍ ശരിയായ നിയന്ത്രണങ്ങളിലൂടെയും നേട്ടമുണ്ടാക്കാം. ഒരു പിക്കിള്‍ ഫില്ലിങ്ങ് മെഷീന് ഒന്‍പത് പേരുടെ മാന്‍പവര്‍ ഒഴിവാക്കാന്‍ സഹായിക്കും.

ലാഭിക്കുന്ന ഈ മനുഷ്യാധ്വാനം മറ്റു മേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയും. ഇതിലൂടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് ലാഭം കൂടുതല്‍ നേടാന്‍ കഴിയുന്നു. അതോടൊപ്പം ആഭ്യന്തര ചെലവുകള്‍ നിയന്ത്രിക്കുന്നതും അതിനായുള്ള ഇന്നോവേഷനുകളും ഒരു ശീലമായി മാറ്റണം. തുറന്ന മനസോടെ പ്ലാന്റുകളിലേക്ക് ശ്രദ്ധകൊടുത്താല്‍ നിരവധി പുതിയ ആശയങ്ങള്‍ ഉടലെടുക്കുകയും മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുകയും ചെയ്യും എന്നതാണ് അനുഭവം. സ്ഥാപനത്തെ നയിക്കുന്ന വ്യക്തിയുടെ കാഴ്ചപ്പാട് താഴെത്തട്ട് വരെ വ്യാപിപ്പിക്കണം. ആ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ജോലി ചെയ്യുന്ന ടീം അംഗങ്ങളെ അഭിനന്ദിക്കുകയും ഇന്‍സെന്റീവുകളും മറ്റു പ്രോല്‍സാഹനങ്ങളും നല്‍കുകയും ചെയ്യണം.
ലാഭത്തിനൊപ്പം ഉയര്‍ന്നുവരുന്ന പദമാണ് കൊള്ളലാഭം/അമിത ലാഭം എന്നത്. ഇതിനെ എങ്ങനെയാണ് കാണുന്നത്?
അമിത ലാഭം ഉണ്ടാക്കുക എന്നത് ഓരോ സംരംഭകന്റെയും ശൈലിയെ ആശ്രയിച്ചിരിക്കും. കമ്പനി ഡെവലപ് ചെയ്യാനും മുന്നോട്ടുപോകാനും ഇത്ര ലാഭം മതി എന്ന് സംരംഭകന് തീരുമാനിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ബിസിനസ് കൊണ്ടുപോകാന്‍ കഴിയും. സംരംഭകന് ലാഭം ലഭിക്കണം എന്നതിനൊപ്പം ഉപഭോക്താക്കളില്‍നിന്നും അമിതവില ഈടാക്കുവാന്‍ പാടില്ല എന്ന സാമൂഹിക ഉത്തരവാദിത്വവും പാലിക്കേണ്ടതുണ്ട്. ചില സംരംഭകര്‍ക്ക് വിപണിയില്‍ മേല്‍ക്കോയ്മ നിലനില്‍ക്കുന്നതിനാല്‍ അവര്‍ എത്ര വില ഈടാക്കിയാലും വാങ്ങുവാന്‍ ഉപഭോക്താക്കള്‍ തയ്യാറാകുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു വസ്തുത.
പണം മാത്രമല്ല പ്രോഫിറ്റ്
ബ്രാന്‍ഡിന്റെ ഗുഡ്വില്ലിനെ പ്രോഫിറ്റിന്റെ ഭാഗമായിത്തന്നെ കണക്കാക്കണം. സമൂഹത്തില്‍ നമുക്കോ ബ്രാന്‍ഡിനോ ജീവനക്കാര്‍ക്കോ കിട്ടുന്ന സ്വീകാര്യതയും ഒരു തരത്തിലുള്ള പ്രോഫിറ്റാണ്. സാമൂഹ്യക്ഷേമപ്രവര്ത്തനങ്ങളിലൂടെയും മറ്റും സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകളും അതുമൂലം ഉണ്ടാക്കുന്ന മാറ്റങ്ങളും പ്രോഫിറ്റ്ത ന്നെയാണ്.
ഒരാളുടെയെങ്കിലും ജീവിതത്തെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞാല്‍ ആ വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന അനുഗ്രഹവും പ്രോഫിറ്റാണ്. ഇന്‍വിസിബിള്‍ പ്രോഫിറ്റ് എന്ന് നമുക്കതിനെ വിളിക്കാം. ബ്രാന്‍ഡ് ഇമേജ്, ബ്രാന്‍ഡ് ഇക്വിറ്റി, ബ്രാന്‍ഡ് റീകോള്‍, നമ്മുടെ പ്രൊഡക്റ്റുകള്‍ ഉപഭോക്താക്കളിലുണ്ടാക്കുന്ന സംതൃപ്തി എന്നിവയും ഇന്‍വിസിബിള്‍ പ്രോഫിറ്റാണ്. കുടുംബങ്ങളാണ് നമ്മുടെ ഉപഭോക്താക്കള്‍. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നുചേര്‍ന്ന് കഴിക്കുമ്പോള്‍ അവിടെ ഒരു വൈകാരികബന്ധം ഉടലെടുക്കുന്നുണ്ട്.
ദിവസവും കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന വീടുകളില്‍ ഈ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കും. ഉദാഹരണത്തിന്, എന്റെ ഫാമിലിയില്‍ എല്ലാ ദിവസവും ബ്രേക്ഫാസ്റ്റ് എല്ലാവരും ഒരുമിച്ചു വേണമെന്നത് അച്ഛന് നിര്‍ബന്ധമാണ്. എത്ര വൈകിയാലും എല്ലാവരും ഒരുമിച്ചാണ് ബ്രേക്ഫാസ്റ്റ് കഴിക്കുക. മറ്റു സമയങ്ങളിലും കഴിയുന്നതും ഒരുമിച്ചു കഴിക്കാന്‍ ശ്രമിക്കും. ഭക്ഷണത്തിലൂടെ രൂപപ്പെടുന്ന ഒരു ആത്മബന്ധമുണ്ട്. അത് കുടുംബ ബന്ധത്തെ കൂടുതല്‍ ഇഴയടുപ്പമുള്ളതാക്കും.
ഇത്തരമൊരു മൂല്യം നമ്മുടെ പ്രൊഡക്ടുകളിലൂടെ ഉപഭോക്താക്കളിലേക്കും പകര്ന്നുനല്കാനാണ് ശ്രമിക്കുന്നത്. വൈകാരികമായ ഇത്തരം കെട്ടുറപ്പുകള്‍ രൂപപ്പെടുത്താന്‍ കഴിയുന്നതും ഒരു പ്രോഫിറ്റായി തന്നെ കാണണം. പ്രോഫിറ്റിന്റെ ഒരു വിഹിതം നികുതിയായി സര്‍ക്കാരിലേക്ക് പോകുന്നു.
അതിലൂടെ രാഷ്ട്രത്തിന്റെ വികസനത്തിലും നമ്മള് പങ്കാളിയാകുന്നു. രാജ്യപുരോഗതിയുടെ ഭാഗമാകുന്നത് വൈകാരികമായ ഒരു പ്രോഫിറ്റായാണ് ഞാന്‍ വിലയിരുത്തുന്നത്.

പ്രോഫിറ്റിന് ഒരു നെഗറ്റീവ് കാഴ്ചപ്പാട് നമ്മുടെ സമൂഹത്തിലുണ്ട്. അതിന്റെ കാരണമെന്താണ്?
കൃത്യമായ ഒരു കാരണം അതിനില്ല. സാമൂഹിക പ്രതിബദ്ധത ഇല്ലാതെ ലാഭം/കൊള്ള ലാഭം എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ചില സംരംഭകര്‍ പ്രവര്‍ത്തിച്ചതിന്റെ വിപരീതഫലമാകാം അതെന്ന് ഞാന്‍ കരുതുന്നു. ജോലി ചെയ്യുന്ന ഒരാള്‍ക്ക് ശമ്പളം ലഭിക്കുന്നതു പോലെ തന്നെയാണ് ബിസിനസുകാര്‍ക്ക് ലാഭം. പ്രോഫിറ്റ് എന്ന പദം പോലും പലപ്പോഴും കോര്‍പ്പറേറ്റ്സ് ഉപയോഗിക്കാറില്ല. സാമൂഹികപ്രതിബദ്ധത കൂടി ആധാരമാക്കി എല്ലാ കമ്പനികളും പ്രോഫിറ്റിനെ കാണുന്ന സമയത്ത് അത്
നല്ലൊരു പദമായി മാറും.
പ്രോഫിറ്റുണ്ടാക്കുന്ന സംരംഭകരുടെ ഓഹരിമൂല്യമാണ് ഓഹരിവിപണിയില്‍ എന്നും മുന്നോട്ടുപോകുന്നത്. നിക്ഷേപകര്‍ക്ക് താല്‍പ്പര്യം ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപിക്കാനാണ്. നഷ്ടമുള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആരും തയ്യാറാകില്ലല്ലോ. പിന്നെ അസൂയ എന്നത് മനുഷ്യനടക്കം എല്ലാ ജീവിവര്‍ഗ്ഗങ്ങളുടെയും സ്വഭാവത്തിലുള്ളതാണ്. പ്രോഫിറ്റുണ്ടാക്കുന്ന ഒരു വ്യക്തിയും ഇത്തരത്തിലുള്ള വികാരങ്ങളുടെ ഇരയായേക്കാം.
ലക്ഷ്യം മിനിമം പ്രോഫിറ്റ്
ഏതൊരു ബിസിനസായാലും, ബേസിക് ഓപ്പറേഷന് കോസ്റ്റും മറ്റും കാരണം തുടക്കത്തില്‍ പ്രോഫിറ്റ് ഉണ്ടായെന്നു വരില്ല. പക്ഷേ മിനിമം പ്രോഫിറ്റ് ഉണ്ടാക്കുന്നതിലേക്കായിരിക്കണം ലക്ഷ്യം. എനിക്കും എന്റെ ഇന്‍വെസ്റ്റേഴ്സിനും വേണ്ടി ഞാന്‍ പ്രോഫിറ്റുണ്ടാക്കി എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയണം. റിലയന്‍സ് സ്ഥാപകനായ ധീരുഭായ് അംബാനി ചെയ്തിരുന്നത് അങ്ങനെയായിരുന്നു. അക്കാലത്ത് റിലയന്‍സിന്റെ എജിഎം നടന്നിരുന്നത് സ്റ്റേഡിയങ്ങളിലായിരുന്നു. അത്രയധികം ഇന്‍വെസ്റ്റേഴ്സ് എത്തിയിരുന്നു.
സ്വന്തം പണത്തേക്കാള്‍ പ്രാധാന്യം ഇന്‍വെസ്റ്റേഴ്സിന്റെ പണത്തിനു നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ
ഫിലോസഫി. ഇന്‍വെസ്റ്റേഴ്സിനെ ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്തിയില്ല. പ്രോഫിറ്റും റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്മെന്റും ന്യായമായ EBIDTA യും നല്‍കിയിരുന്നു. റിലയന്‍സ് എന്ന സ്ഥാപനം ഇത്ര വളര്‍ന്നതും സുസ്ഥിരമായി നിലനില്ക്കുന്നതും അതിനാലാണ്.
സ്വാധീനിച്ച സംരംഭകര്‍
സ്വാധീനിച്ച നിരവധിപേരുണ്ട്. സിഐഎയുടേയും ടൈയുടേയും മെമ്പറാണ് ഞാന്‍. അവിടെ വരുന്ന ഓരോ മുതിര്‍ന്ന സംരംഭകരില്‍ നിന്നും പഠിക്കാനുണ്ട്. എല്ലാരുടെയും നല്ലവശങ്ങള്‍ മനസിലാക്കിയാല്‍ നമുക്ക് ഏറെ കാര്യങ്ങള്‍ പഠിക്കാം. ഒരൊറ്റ റോള്‍ മോഡല്‍ എന്ന കണ്‍സെപ്റ്റില്‍ വിശ്വാസമില്ല. പലചരക്ക് കടക്കാരില്‍ നിന്നു പോലും മള്‍ട്ടി ടാസ്കിങ്ങ് പോലെ പലതും നമുക്ക് പഠിക്കാനാകും.
പണത്തെ ബഹുമാനിക്കണം
പണത്തെ ബഹുമാനിക്കുക എന്നത് വളരെ പ്രധാനമായ കാര്യമാണ്. അനാവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടിയാല്‍ അധികം താമസിയാതെ ആവശ്യമുള്ളവ എല്ലാം വില്‍ക്കേണ്ടിവരുമെന്നാണ് ചൊല്ല്. നമുക്ക് കിട്ടുന്ന പണം നേരായ മാര്ഗ്ഗത്തിലൂടെയുള്ളതാണോ എന്നും ശരിയായ ആവശ്യങ്ങള്ക്കുവേണ്ടിയാണോ അത് വിനിമയം ചെയ്യുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. ലോകത്ത് ഒരു നിശ്ചിത ശതമാനം പണമേ ഉള്ളുവെന്നാണ് മെറ്റാഫിസിക്സ് പറയുന്നത്. അതിനെ കൂടുതല്‍ ബഹുമാനിക്കുന്നവരുടെ അടുത്തേക്ക് അതുപോകും.
ഇന്ത്യയിലടക്കം സമ്പത്തിന്റെ വിന്യാസത്തില്‍ ഒരു അസമത്വം നിലനില്‍ക്കുന്നതായി കാണാം. ഇത് എങ്ങനെ പരിഹരിക്കാം ?
രാജ്യത്തിന്റെ മൊത്തവരുമാനം ഏകദേശം തുല്യമായി വിഭജിക്കപ്പെട്ട പല രാജ്യങ്ങളുമുണ്ട്. കാര്യമായ പ്രകൃതിവിഭവങ്ങള്‍ ഒന്നുമില്ലാത്ത യുഎഇ, ഖത്തര്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളെ ഈ വിഷയത്തില്‍ ഞാന്‍ വിസ്മയത്തോടെ കാണുന്നു. ഉപരോധം വന്നപ്പോള്‍ പൊരുതി സ്വയംപര്യാപ്തതയോടെ നിലനില്‍പ്പ് ഭദ്രമാക്കിയ രാജ്യമാണ് ഖത്തര്‍. പശുക്കളെ വിദേശത്തുനിന്ന് വായുമാര്‍ഗ്ഗം കൊണ്ടുവന്ന് ഡയറി മേഖല വികസിപ്പിച്ചു. ഇന്ത്യയെ സംബന്ധിച്ച് ജനസംഖ്യാപെരുപ്പം പണത്തിന്റെ തുല്യമായ വിന്യാസത്തിന് തടസമാണ്. പക്ഷേ പൊതുവായി നമ്മുടെ രാജ്യം വികസിച്ചുകൊണ്ടിരിക്കുകയാണ്.
2030 വര്‍ഷം ആകുമ്പോഴേക്കും വികസിതരാജ്യമെന്നതിന്റെ ആദ്യലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമെന്ന് എനിക്ക് തോന്നുന്നത്. അസമത്വം ഒരു പരിധിവരെ ഇല്ലാതാകും. ആവശ്യമായ നിരക്കില്‍ എല്ലാവര്ക്കും പണം കിട്ടിത്തുടങ്ങും. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ് എന്നു പറയുന്നത് പ്രാഥമിക മേഖലയായ കൃഷിയാണ്.
കൃഷിതന്നെയാണ് നമ്മുടെ കരുത്ത്. രാജ്യത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ നമുക്കുതന്നെ ഉല്പാദിപ്പിക്കാന് കഴിയുന്നു എന്നതാണ് വലിയ കാര്യം. എന്റെ കര്‍മ്മമേഖല നിലനില്‍ക്കുന്നത് തന്നെ കര്‍ഷകര്‍ ഉള്ളതുകൊണ്ടാണ്.
നഷ്ടം എന്നത് ഭയപ്പെടുത്തിയിട്ടുണ്ടോ എപ്പോഴെങ്കിലും ?
ഉറപ്പായും. നഷ്ടം പലപ്പോഴും സംഭവിക്കാറുണ്ട്. ഏതെങ്കിലുമൊരു പ്രത്യേക സാഹചര്യത്തില്‍ നമ്മുടെ പ്രൊഡക്ടിന് നിലവാരം കുറയുകയാണെങ്കില്‍ അത് മാര്‍ക്കറ്റിലേക്ക് വിടാന്‍ പറ്റാതാകും. അപ്പോള്‍ നഷ്ടം സംഭവിക്കും. ഇത്തരമൊരു സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നത് മാത്രമാണ് പ്രതിവിധി. റോ മെറ്റീയല്സിന് വില കൂടുതല്‍ നല്കി വാങ്ങേണ്ടിവരുന്ന സാഹചര്യങ്ങളിലും മുന്‍പ് നിശ്ചയിച്ചിട്ടുള്ള വിലയ്ക്കുതന്നെ പ്രൊഡക്ട് നല്‍കേണ്ടിവരും.
ക്ലറിക്കല്‍ മിസ്റ്റേക്കുകൊണ്ട് പ്രൊഡക്ട് നശിപ്പിച്ചു കളയേണ്ടി വന്നിട്ടുണ്ട് ഞങ്ങള്‍ക്ക്. ഉദാഹരണത്തിന്, സര്‍ക്കാര്‍ നല്കിയ ഒരു കയറ്റുമതി സര്‍ട്ടിഫിക്കറ്റില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, യുകെ എന്ന് രേഖപ്പെടുത്തേണ്ടിയിരുന്നതിന് പകരം ബ്രിട്ടണ് എന്നെഴുതി. വടക്കന്‍ അയര്‍ലന്‍ഡ് യുകെയുടെ ഭാഗമാണെങ്കിലും ബ്രിട്ടന്റെ ഭാഗമല്ല.
ഈയൊരു കാരണം കൊണ്ട് പ്രൊഡക്ട് അവര്‍ നിരസിച്ചു.
പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികളില്‍ ഭയപ്പെടാതിരിക്കുകയാണ് വേണ്ടത്. 3 മാസം മുന്‍പ് പുതുവര്‍ഷദിനത്തില്‍ ബാക്കപ്പ് എടുക്കുന്നതിനിടെ സെര്‍വറില്‍ സൈബര്‍ അറ്റാക്കുണ്ടായി. 4 മാസത്തെ ഡാറ്റ നഷ്ടപ്പെട്ടു. ഡാറ്റ തിരികെ നല്കാന് 1.5 കോടി രൂപയാണ് ഹാക്കേഴ്സ് ആവശ്യപ്പെട്ടത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിക്കുന്ന അവസ്ഥ. എല്ലാ ഡിപ്പാര്‍ട്ട്മെന്റ് ടീമംഗങ്ങളെയും വിവരമറിയിച്ചു. അടിയന്തിരമായി മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി നാലഞ്ച് പേരടങ്ങുന്ന ടീമുകളായി തിരിച്ചു. കൃത്യം ഒരുമാസം കഠിനാധ്വാനം ചെയ്ത് ഈ ഡാറ്റ മുഴുവന്‍ റീ എന്റര്‍ ചെയ്തു.
ഭാഗ്യവശാല്‍ ഒരു പാരലല്‍ സിസ്റ്റം റണ്‍
ചെയ്തിരുന്നു. പോയ ഡാറ്റ മുഴുവന്‍ മാച്ച് ചെയ്യാന്‍ കഴിഞ്ഞു. ടീം വര്‍ക്കിന്റെ ഈ വിജയം ഒരു ഹ്യൂമന്‍ മിറാക്കിള്‍ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ടീമിനെ ലീഡ് ചെയ്യാനും മോട്ടിവേറ്റ് ചെയ്യാനും എനിക്ക് കഴിഞ്ഞു. ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുകയും അതിന്റെ ആഘോഷം ഞങ്ങള്‍ ഗംഭീരമായി നടത്തുകയും ചെയ്തു. രണ്ടര കോടി രൂപയുടെ സെയില്‍ നഷ്ടമാണ് ഈ സൈബര്‍ അറ്റാക്കുമൂലം സംഭവിച്ചത്. ബ്രാഹ്മിന്‍സ് ഡിസ്ട്രിബ്യൂട്ടേഴ്സും ഈ പ്രതിസന്ധിയില്‍ വളരെയധികം സഹകരിച്ചു. സ്റ്റോക്ക് പരസ്പരം ഷെയര്‍ ചെയ്തും മറ്റും അവര്‍ ഒരു പരിധി വരെ പ്രൊഡക്ട് ക്ഷാമം വരാതെ കാത്തു.
നെഗറ്റീവുകളെ ഫോളോ ചെയ്യാതിരിക്കുക
പോസിറ്റീവുകളിലേക്ക് ഫോക്കസ് ചെയ്യുക. കാണേണ്ട കാര്യങ്ങള്‍ മാത്രം കാണുക. ആവശ്യമില്ലാതെ സോഷ്യല്‍ മീഡിയയിലെയും മറ്റും നെഗറ്റീവുകള്‍ ഫോളോ
ചെയ്യാതിരിക്കുക. നെഗറ്റീവ് വാര്‍ത്തകള്‍ക്ക് ശ്രദ്ധ കൊടുക്കാതിരിക്കുക. അവ വായിച്ചാലും ഇല്ലെങ്കിലും നമ്മുടെ ഇഎംഐ നമ്മള് തന്നെ അടയ്ക്കണം. അറിവ് ലഭിക്കുന്നതും ബിസിനസ് വൈദഗ്ധ്യം കൂട്ടുന്നതുമായ കാര്യങ്ങളിലേക്ക് ഫോക്കസ് ചെയ്യുക. ഓരോ ബിസിനസുകാരും ചെയ്യേണ്ടത് അതാണ്. ബിസിനസിന്റെ അടുത്ത തലം, വളര്‍ച്ച, അത് നേടുമ്പോള്‍ ഉള്ള ആഘോഷം എന്നിവയൊക്കെ ഇമാജിന്‍ ചെയ്യണം.
കടത്തിന് പരിധി
ഞങ്ങളുടെ വാര്‍ഷിക ടേണോവറിന് 20% ത്തില്‍ താഴെ മാത്രമേ ഡെബിറ്റുള്ളൂ. ബാങ്ക് വായ്പ, റോ മെറ്റീരിയല്‍സിന് വാങ്ങിയ ക്രെഡിറ്റ് എല്ലാം ചേര്‍ത്ത് 20% ത്തില്‍ അധികം കടം ഉണ്ടാകരുതെന്നതാണ് ബ്രാഹ്മിന്‍സിന്റെ ആഭ്യന്തരനിയമം. ഞങ്ങളെ സംബന്ധിച്ച് ഇതൊരു ഹെല്‍ത്തി ബെഞ്ച്മാര്‍ക്കാണ്. പ്രോഫിറ്റില്‍ നിന്ന് ഒരു ഭാഗം ഓണ്ട്രപ്രണര് സാലറിയായി എടുത്ത് സേവ് ചെയ്യണം. അത് ഭാവിയില്‍ ഹെല്‍പ്പ്് ചെയ്യും.
സോഷ്യല്‍ മീഡിയയുടെ നിയന്ത്രിത ഉപയോഗം
സോഷ്യല്‍ മീഡിയയിലെ വ്യക്തിപരമായ ഇടപെടലുകള്‍ പരിധിവിടാതിരുന്നാല്ത്തന്നെ ലൈഫ് വളരെ സിംപിളായി കൊണ്ടുപോകാനാകും. അപ്പോള്‍ പുതിയ കാറുകളും ആക്സസറീസും ഒക്കെ ഇടക്കിടക്ക് വാങ്ങേണ്ടി വരില്ല. താമസിക്കുന്ന വീട് അള്‍ട്രാ ലക്ഷ്വറിയസ് ആക്കേണ്ട കാര്യമില്ല. പാഴാക്കുന്ന നിക്ഷേപമാണത്. പണം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. വരവിനനുസരിച്ച് മാത്രമേ ചിലവാക്കാവൂ. അച്ഛന് പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ഒരു സ്കൂട്ടര്‍ വാങ്ങാനുള്ള പണമുണ്ടെങ്കിലേ സൈക്കിള്‍ വാങ്ങാവൂ. കാര്‍ വാങ്ങാനുള്ള പണം കൈയിലുണ്ടെങ്കിലേ സ്കൂട്ടര്‍ വാങ്ങാവൂ. മെഴ്സിഡസ് വാങ്ങാനുള്ള പണം കൈയിലുണ്ടെങ്കില്‍ സാധാരണ കാര്‍ വാങ്ങാം. ബാധ്യതകള്‍ ഉണ്ടാകില്ല. മനസ്സിന്റെ സമാധാനം എന്നതിന് വളരെ പ്രാധാന്യമുണ്ട്.
ആഗോളഭീമന് വിപ്രോയുടെ ഭാഗമാകുവാന്‍ ബ്രാഹ്മിന്‍സും
മാര്‍ക്കറ്റിങ്ങ് മേഖല കൂടുതല്‍ വിശാലമാക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ ശക്തരായ മള്‍ട്ടിനാഷണല്‍ കമ്പനിയായ വിപ്രോയില്‍ ലയിച്ചുകൊണ്ട് 2023 വര്‍ഷം മുതല്‍ ഒരു പുതിയ മുന്നേറ്റത്തിന് ബ്രാഹ്മിന്‍സ് ധാരണയായി. ബിസിനസ് വളര്‍ത്തുന്നതിനും ബ്രാന്‍ഡ് ഡെവലപ്മെന്റിനും പര്യാപ്തമായ ഒരു തീരുമാനമാണിതെന്നും വരും കാലങ്ങളില്‍ ബ്രാഹ്മിന്‍സിന് കൂടുതല്‍ നേട്ടങ്ങള്‍ സാധ്യമാകുമെന്നും ശ്രീനാഥ് വിഷ്ണു പ്രത്യാശ പ്രകടിപ്പിച്ചു.