ജീവിതത്തിലും ബിസിനസിലും മറ്റാരും അഭിമുഖീകരിക്കാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട് ഗൗതം അദാനി. 1998ലാണ് അദാനിയെ തട്ടിക്കൊണ്ടുപോയി ഗുണ്ടാത്തലവന്മാരായ ഫസ്ലു റെഹ്മാനും ഭോഗിലാല്‍ ദര്‍ജിയും മോചനദ്രവ്യം ആവശ്യപ്പെട്ടത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ തീവ്രവാദികള്‍ താജ് ഹോട്ടലില്‍ ബന്ദികളാക്കിയവരുടെ കൂട്ടത്തിലും അദാനിയുണ്ടായിരുന്നു.
പ്രതിസന്ധികള്‍ വരുമ്പോള്‍ യഥാസമയത്ത് തീരുമാനങ്ങള്‍ എടുക്കുകയെന്നത് വളരെ പ്രധാനമാണ്. നോക്കിയിരിക്കാതെ അത് ചെയ്യാന്‍ അദാനി ഗ്രൂപ്പ് തയാറാകുന്നു എന്നത് ശ്രദ്ധേയമാണ്
ലോകത്തിലെ അതിസമ്പന്ന പട്ടികയില്‍ അതിവേഗം മുകളിലേക്ക് കയറി ഒന്നാമകനാകാന്‍ തുനിയുമ്പോഴായിരുന്നു അമേരിക്കയില്‍ നിന്നും അദാനിയുടെ തലയില്‍ ഇടിത്തീ വീണത്. ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന, താരതമ്യേന ചെറിയ കമ്പനിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് എന്ന ഷോര്‍ട്ട് സെല്ലിങ് കമ്പനി അദാനിക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ മറ്റൊരു വലിയ പ്രതിസന്ധിയിലേക്ക് കൂടിയാണ് ഈ ഗുജറാത്ത് വ്യവസായി എത്തിയത്.
നിക്ഷേപകര്‍ക്ക് വലിയ നേട്ടം നല്‍കിയിരുന്ന അദാനി ഗ്രൂപ്പ് ഓഹരികള്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് വലിയ രീതിയില്‍ തകര്‍ന്നു. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിയില്‍ മാത്രം 71 ശതമാനത്തോളം ഇടിവുണ്ടായി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നുണ്ട്. ഫെബ്രുവരി 27ന് ഏറ്റവും താഴ്ച്ചയിലെത്തിയ ശേഷം ഓഹരി വിലയില്‍ 57 ശതമാനത്തോളം വര്‍ധനവുണ്ടായി. മുന്‍കാല പ്രതാപത്തിലേക്ക് ഓഹരികള്‍ തിരിച്ചെത്തിയില്ലെങ്കിലും ഓഹരി വിലയില്‍ വരുന്ന മാറ്റം സൂചിപ്പിക്കുന്നത് നിക്ഷേപകര്‍ അദാനിയിലുള്ള വിശ്വാസം തിരിച്ചുപിടിക്കുന്നതാണോ?

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങളിലൊന്ന് അദാനി ഗ്രൂപ്പിന്റെ കടബാധ്യതയായിരുന്നു. എന്നാല്‍ മാര്‍ച്ച് മാസം ആദ്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അദാനി ഗ്രൂപ്പ് പറഞ്ഞത് 7374 കോടി രൂപയുടെ ഓഹരി വായ്പകള്‍ തങ്ങള്‍ തിരിച്ചടച്ചുവെന്നാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന് വളരെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ ഇത്രയും ബാധ്യത തീര്‍ക്കാന്‍ അദാനിക്കായി. കമ്പനിയുടെ ഫോളോ ഓണ്‍ പബ്ലിക്ക് ഓഫര്‍ റദ്ദാക്കിയ ശേഷം കൂടിയായിരുന്നു ഇതെന്നത് ശ്രദ്ധേയം.
അദാനി എന്റര്‍പ്രൈസ് | |
---|---|
അദാനി എന്റര്‍പ്രൈസസിന്റെ മൂന്നാംപാദഫലങ്ങളും പ്രതീക്ഷ നല്‍കുന്നതാണ് | |
മൂന്നാം പാദവരുമാനത്തിലെ വര്‍ധന: 42% | |
2022 സാമ്പത്തിക വര്‍ഷം മൂന്നാം പാദ വരുമാനം: 18,758 കോടി രൂപ | |
2023 സാമ്പത്തിക വര്‍ഷം മൂന്നാം പാദം: 26,612 കോടി രൂപ |
പുറത്ത് പ്രചരിപ്പിക്കപ്പെടുന്നത് പോലെ വലിയ സാമ്പത്തിക സമ്മര്‍ദത്തിലല്ല അദാനി ഗ്രൂപ്പ് എന്ന സന്ദേശം കൂടി ഇത് നല്കി. ചില ഗ്രൂപ്പ് കമ്പനികളിലെ ഓഹരികള്‍ ജിക്യുജി ഗ്രൂപ്പിന് അദാനി വില്ക്കുകയുമുണ്ടായി. 88 ബില്യണ്‍ ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യുന്ന വന്‍കിട സ്ഥാപനമാണ് ജിക്യുജി. ഈ പണം ബാധ്യത തിരിച്ചടയ്ക്കാന്‍ അദാനി ഉപയോഗിച്ചോ എന്ന കാര്യം വ്യക്തമല്ല.
ഇനി ചെലവ് ചുരുക്കല്‍
പ്രതിസന്ധികള്‍ വരുമ്പോള്‍ യഥാസമയത്ത് തീരുമാനങ്ങള്‍ എടുക്കുകയെന്നത് വളരെ പ്രധാനമാണ്. നോക്കിയിരിക്കാതെ അത് ചെയ്യാന്‍ അദാനി ഗ്രൂപ്പ് തയാറാകുന്നു എന്നത് ശ്രദ്ധേയമാണ്. ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച പണം തിരിച്ച് നല്‍കിയതിന് ശേഷം മൂലധന ചെലവിടല്‍ പദ്ധതികളിലും കാര്യമായ വെട്ടിച്ചുരുക്കല്‍ നടത്തുകയാണ് അദാനി. അടിസ്ഥാനസൗകര്യ മേഖലയിലെ രാജാവെന്നറിയപ്പെടുന്ന കമ്പനിയാണ് അദാനി ഗ്രൂപ്പ്. അതിനാല്‍ തന്നെ വലിയ തുക മൂലധന ചെലവിടല്‍ ഇനത്തില്‍ വേണ്ടി വരും.
ഹിന്‍ഡന്‍ ബര്‍ഗിന്റെ വരവിന് മുമ്പ് വലിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ലക്ഷ്യമിട്ട് വ്യാപകമായ വികസന പ്വദ്ധതികളായിരുന്നു അദാനി ഗ്രൂപ്പ് ആസൂത്രണം ചെയ്തിരുന്നത്. എയര്‍പോര്‍ട്ട്, ഹരിതോര്‍ജം, ഹൈഡ്രജന്‍, റിഫൈനറീസ്, സൂപ്പര്‍ ആപ്പ്, ഡാറ്റ സെന്ററുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ വന്‍തോതില്‍ മുതല്‍മുടക്കാനായിരുന്നു അദാനിയുടെ പദ്ധതി. എന്നാല്‍ ഇതിലെ നല്ലരു ശതമാനം പദ്ധതികള്‍ തല്ക്കാലം വേണ്ടെന്ന് വയ്ക്കാനാണ് അദാനിയുടെ തീരുമാനം.

7017 കോടി രൂപയ്ക്ക് ഡി ബി പവറിനെ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് അദാനി പിന്മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കല്‍ക്കരിയുമായി ബന്ധപ്പെട്ട 34,000 കോടി രൂപയുടെ പദ്ധതിയും താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ 34,900 കോടി രൂപയുടെ പെട്രോകെമിക്കല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും റദ്ദ് ചെയ്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി വിലയുമായി ബന്ധപ്പെട്ട ചാഞ്ചാട്ടം അവസാനിക്കാതെ പുതിയ റോഡ് പദ്ധതികളിലന്നും നിക്ഷേപിക്കേണ്ടെന്നാണ് കമ്പനിയുടെ തീരുനമാനം. നിലവില്‍ ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഗ്രൂപ്പ് മുന്‍ഗണന നല്‍കുന്നത്. ഗംഗാ എക്സ്പ്രസ് വേ ഉള്‍പ്പടെയുള്ളവ ഇതിലുണ്ട്.
പ്രതീക്ഷയേകുന്ന ഫലങ്ങള്‍
അദാനി എന്റര്‍പ്രൈസസിന്റെ മൂന്നാംപാദഫലങ്ങളും പ്രതീക്ഷ നല്‍കുന്നതാണ്. വരുമാനത്തില്‍ 42 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 18,758 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ അതേ പാദത്തില്‍ വരുമാനം 26,612 കോടി രൂപയായി ഉയര്‍ന്നു.
അദാനിക്കൊരു ഉപദേശം
ജിക്യുജി പാര്‍ട്ട്ണേഴ്സിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറായ രാജീവ് ജെയിന് അദാനിക്ക് നല്കുന്ന ഉപദേശം അല്‍പ്പം വ്യത്യസ്തമാണ്. വിപണിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വളരുകയെന്നത് തന്നെയായിരിക്കണം ലക്ഷ്യം. ബാധ്യതകള്‍ കുറയ്ക്കാന്‍ വേണ്ടി വളര്‍ച്ചയുടെ വേഗം കുറയ്ക്കുന്നത് തെറ്റായ തന്ത്രമായേക്കും-ജെയിന് പറഞ്ഞു. സ്റ്റോക്ക് മാനിപ്പുലേഷനും എക്കൗണ്ടിങ് തട്ടിപ്പും ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് തുടുത്തുവിട്ട സമയത്തും കമ്പനിയിലേക്ക് 1.9 ബില്യണ്‍ ഡോളറാണ് ജയിനിന്റെ സ്ഥാപനം നിക്ഷേപിച്ചത്. അദാനി ഗ്രൂപ്പിലുള്ള വിശ്വാസത്തിന്റെ ബലത്തിലായിരുന്നു അത്.