തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥി മാതൃകയില്‍ കൊച്ചിയിലും നൈറ്റ് ലൈഫ് കേന്ദ്രം വരുന്നു. രാത്രിയിലും തുറന്നിരിക്കുന്ന നിരവധി ഭക്ഷണശാലകളും ചായക്കടകളും കൊച്ചി നഗരത്തിന്റെ പ്രത്യേകതയാണ്. യുവതലമുറയുടെ ഹാങ്ങ് ഔട്ട് സ്പോട്ടുകളായ ഇത്തരം കേന്ദ്രങ്ങളില്‍ രാത്രിയായാല്‍ നിരവധി കുടുംബങ്ങളും സഞ്ചാരികളും എത്തുന്നുണ്ട്. ഈ അവസരം ശരിയായി വിനിയോഗിച്ചു സംരംഭകരെ വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഡബിള്‍ ഡക്കര്‍ ബസ് സംവിധാനം ഒരുക്കുന്നത്. ഇത് നിരവധി ചെറുകിട സംരംഭകര്‍ക്ക് അവസരവുമാകും.
തുറന്ന ഡബിള്‍ ഡക്കര്‍ ബസില്‍ രാത്രി നഗരക്കാഴ്ചകള്‍ കാണാനുള്ള സൗകര്യം ദുബായ്, ലണ്ടന്‍, ദോഹ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ നഗരങ്ങളില്‍ നിരവധി സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് നടത്തുന്ന തിരുവനന്തപുരം നഗരത്തിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേ മാതൃകയില്‍ കൊച്ചിയിലും സര്‍വീസ് നടത്തുന്ന കാര്യം ആണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
നിലവിലുള്ള ബസിന്റെ ഒന്നാം നിലയിലെ മേല്‍ക്കൂര മാറ്റി ഓപ്പണ്‍ ബസ് രീതിയിലാകും സര്‍വീസ്. ഇപ്പോള്‍ തലശേരി ഡിപ്പോയുടെ കീഴിലുള്ള മറ്റൊരു ബസ് കൂടി കൊച്ചിയിലേക്ക് മാറ്റുന്ന കാര്യവും ആലോചനയിലാണ്. ബസില്‍ യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന ടിക്കറ്റ് വരുമാനത്തിന് പുറമെ പരസ്യ വരുമാനവും കെ.എസ്.ആര്.ടി.സി ലക്ഷ്യം വെക്കുന്നുണ്ട്.