അയോധ്യയില്‍ രാമക്ഷേത്രം തുറന്നു നല്‍കിയതോടെ തീര്‍ത്ഥാടന ടൂറിസം കുതിക്കുന്നു. കേരളത്തില്‍ നിന്നും നിരവധി സംഘങ്ങളാണ് അയോധ്യ ലക്ഷ്യമാക്കി യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത്. തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് ധാരാളം പേര് യാത്ര പോകാറുണ്ടെങ്കിലും ടൂര്‍ കമ്പനികളില്‍ അടുത്തിടെ എത്തിയ അന്വേഷണം അയോധ്യ യാത്രയുമായി ബന്ധപ്പെട്ടാണ്. അതോടെ യാത്രകള്‍ ഒരുക്കുന്ന തിരക്കിലാണ് ടൂര്‍ ഏജന്‍സികള്‍.
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം വിശ്വാസത്തിന്റെ ഭാഗമായി കൂടുതല്‍ ആളുകള്‍ യാത്രക്ക് താത്പര്യം കാണിച്ചു തുടങ്ങിയതായും വരും മാസങ്ങളില്‍ തന്നെ അയോധ്യ വലിയൊരു തീര്‍ത്ഥാടന ടൂറിസം കേന്ദ്രമായി മാറുമെന്നും ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ദേശീയ മാനേജ്മെന്റ് കമ്മിറ്റി അഭിപ്രായപ്പെടുന്നു. ഇതിനു പുറമെ ഇത്ര വലിയ, സെന്‍സേഷണല്‍ ആയ ക്ഷേത്രം കാണുക എന്ന ലക്ഷ്യത്തോടെയും ആളുകള്‍ അയോധ്യക്ക് തിരിക്കുന്നുണ്ട്.
കൊച്ചിയില്‍ നിന്ന് അഹമ്മദാബാദിലും ലക്നൗവിലും വിമാനമിറങ്ങി അയോധ്യയിലേക്ക് പോകുന്ന തരത്തിലുള്ള പാക്കേജുകള്‍ ഉണ്ട്. 50000 രൂപക്ക് മുകളിലാണ് പാക്കേജ് വരുന്നത്. വാരാണസി, അയോധ്യ, രാമജന്മഭൂമി, ത്രിവേണി സംഗമം, ലക്നൗ, ആഗ്ര എന്നിവിടങ്ങള്‍ ഉള്‍പ്പെടുത്തിയ പാക്കേജുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.