കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ സ്റ്റാർട്ടപ്പുകൾ ഇന്ന് ഒരു പ്രധാന ചാലകശക്തിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) നടത്തിയ ആസൂത്രിതമായ ഇടപെടലുകൾ സംസ്ഥാനത്തെ ഒരു നോളജ് ഇക്കോണമിയായി പരിവർത്തിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. കേവലം വിദ്യാർത്ഥി സംരംഭങ്ങളിൽ (Student Startups) നിന്ന് തുടങ്ങി, ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പ്രൊഫഷണൽ സംരംഭങ്ങളിലേക്ക് കേരളം ചുവടുമാറ്റിയിരിക്കുന്നു. കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖല പക്വതയാർജിക്കുന്നതിന്റെ ലക്ഷണമാണ് ഇന്ന് നാം കാണുന്ന ‘നൈപുണ്യ അധിഷ്ഠിത സംരംഭകത്വം’.
- കഴിഞ്ഞ 5 വർഷത്തിനിടയിൽ കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിലുണ്ടായ പ്രധാന മാറ്റങ്ങളെയും അതിന്റെ അടിസ്ഥാന കാരണങ്ങളെയും എങ്ങനെ വിലയിരുത്തുന്നു?
- ഡീപ് ടെക്നോളജി മേഖലയിലെ സംരംഭങ്ങളെ സർക്കാർ എങ്ങനെയാണ് നിർവചിക്കുന്നത്? അവർക്ക് നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?
- കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫ്രാസ്ട്രക്ചർ പിന്തുണ ഏതൊക്കെ മേഖലകളിലാണ് വ്യാപിച്ചു കിടക്കുന്നത്? കൊച്ചിയിലെ സംവിധാനങ്ങളുടെ പ്രത്യേകത എന്താണ്?
- കേരളത്തിലെ സ്റ്റാർട്ടപ്പുകൾ സാധാരണയായി വരുത്തുന്ന നിയമപരമായ തെറ്റുകൾ എന്തൊക്കെയാണ്? ഇതിനെ പ്രതിരോധിക്കാൻ മിഷൻ നൽകുന്ന സഹായങ്ങൾ എന്താണ്?
- English Summary
ആദ്യകാലങ്ങളിൽ ഐഡിയേഷൻ ഘട്ടത്തിലായിരുന്ന ‘ഹോബിയിസ്റ്റ്’ സംസ്കാരത്തിൽ നിന്ന് ഒരു ‘ഇൻഡസ്ട്രിയൽ’ സംസ്കാരത്തിലേക്കുള്ള ചുവടുമാറ്റമാണിത്. ഈ പരിണാമം കേവലം എണ്ണത്തിലുള്ള വർദ്ധനവല്ല, മറിച്ച് ഗുണനിലവാരത്തിലും സാങ്കേതിക തികവിലും കൈവരിച്ച കുതിച്ചുചാട്ടമാണ്. കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഈ ഘടനാപരമായ മാറ്റങ്ങളെയും ഭാവി സാധ്യതകളെയും കുറിച്ച് സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തങ്ങളെ മുൻനിർത്തി സംസാരിക്കുന്നു , സ്റ്റാർട്ടപ്പ് മിഷൻ ഇൻഫ്രാസ്ട്രച്ചർ വിഭാഗം മേധാവിയായ സുമി സുകുമാരൻ. ദി പ്രോഫിറ്റ് സ്റ്റാൻഡേർഡ് മാസികക്ക് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ…
കഴിഞ്ഞ 5 വർഷത്തിനിടയിൽ കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിലുണ്ടായ പ്രധാന മാറ്റങ്ങളെയും അതിന്റെ അടിസ്ഥാന കാരണങ്ങളെയും എങ്ങനെ വിലയിരുത്തുന്നു?
കേരള സ്റ്റാർട്ടപ്പ് മിഷൻ അതിന്റെ പ്രവർത്തനത്തിന്റെ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ, കഴിഞ്ഞ അഞ്ച് വർഷമാണ് ഏറ്റവും ക്രിയാത്മകമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓരോ മേഖലയെയും പ്രത്യേകമായി പരിഗണിച്ചുകൊണ്ടുള്ള (Sector-wise focus) പ്രവർത്തനങ്ങളാണ്. ഐടി സേവനങ്ങളിൽ നിന്ന് മാറി ഡീപ് ടെക്നോളജിയിലേക്കും എമേർജിങ് ടെക്നോളജിയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.
മറ്റൊരു പ്രധാന മാറ്റം സംരംഭകരുടെ പ്രൊഫൈലിലുണ്ടായ മാറ്റമാണ്. മുൻപ് കൂടുതൽ വിദ്യാർത്ഥികൾ വന്നിരുന്ന സ്ഥാനത്ത് ഇന്ന് കോർപ്പറേറ്റ് മേഖലയിൽ നിന്നും മറ്റും ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകൾ കടന്നുവരുന്നു. അവർ തങ്ങളുടെ അറിവിനെ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സമയം ഇൻവെസ്റ്റ് ചെയ്യുന്നു. ഇക്കോസിസ്റ്റത്തിന്റെ ഈ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് മിഷൻ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. വികേന്ദ്രീകൃതമായ ഈ വളർച്ചയാണ് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയെ ഇന്ന് സജീവമായി നിലനിർത്തുന്നത്.
ഗവേഷണവും വികസനവും (R&D) ഒരു ബിസിനസ്സിന്റെ നട്ടെല്ലായി മാറുന്ന ‘ഡീപ് ടെക്’ മേഖലയ്ക്ക് ദീർഘകാല പിന്തുണ അത്യാവശ്യമാണ്. ഇത്തരം സംരംഭങ്ങൾ ലാഭകരമാകാൻ സാധാരണ സോഫ്റ്റ്വെയർ കമ്പനികളേക്കാൾ കൂടുതൽ സമയമെടുക്കും. ഇതിനെ ‘വാലി ഓഫ് ഡെത്ത്’ (Valley of Death) എന്ന് വിശേഷിപ്പിക്കാറുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാനാണ് നയപരമായ ഇടപെടലുകളിലൂടെ സ്റ്റാർട്ടപ്പ് പദവിയുടെ കാലയളവ് ഉയർത്തുന്നത്. ഇത് ഗവേഷണത്തിന് മുൻഗണന നൽകുന്ന സംരംഭകർക്ക് ഒരു സുരക്ഷാ കവചമായി മാറുന്നു.
ഡീപ് ടെക്നോളജി മേഖലയിലെ സംരംഭങ്ങളെ സർക്കാർ എങ്ങനെയാണ് നിർവചിക്കുന്നത്? അവർക്ക് നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?
ഡീപ് ടെക്നോളജി എന്നത് ലളിതമായ സോഫ്റ്റ്വെയർ സേവനങ്ങൾക്ക് അപ്പുറം സ്പേസ് ടെക്നോളജി, ഹാർഡ്വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള ഗവേഷണം (R&D) ആവശ്യമായ മേഖലയാണ്. ഇത്തരം സ്റ്റാർട്ടപ്പുകളുടെ ‘പ്രോഡക്റ്റ് ഡെവലപ്മെന്റ് സൈക്കിൾ’ വളരെ വലുതാണ്. ഒരു ആശയം പരീക്ഷണശാലയിൽ നിന്ന് വിപണിയിലെത്താൻ വർഷങ്ങൾ നീണ്ട പരിശ്രമം വേണ്ടിവരും.
ഇതുകണക്കിലെടുത്ത്, സ്റ്റാർട്ടപ്പ് ഇന്ത്യ സ്കീം അനുസരിച്ച് ഡീപ് ടെക് മേഖലയിലെ സംരംഭങ്ങളെ സ്റ്റാർട്ടപ്പായി പരിഗണിക്കുന്ന കാലയളവ് 10 വർഷത്തിൽ നിന്ന് 20 വർഷമായി ഉയർത്തിയിട്ടുണ്ട്. ആർ ആൻഡ് ഡിയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഈ തീരുമാനം സംരംഭകർക്ക് വലിയ ആശ്വാസമാണ്. ഐടിക്ക് പുറമെ സ്പേസ് ടെക്, ഇലക്ട്രോണിക്സ് അധിഷ്ഠിത ഹാർഡ്വെയർ സംരംഭങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നയമാണ് കേരളം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.സാങ്കേതികമായ ഈ മുന്നേറ്റത്തിന് ആനുപാതികമായ ഭൗതിക സാഹചര്യങ്ങൾ കൂടി ലഭ്യമാകുമ്പോഴാണ് ഒരു സ്റ്റാർട്ടപ്പ് ഹബ്ബ് പൂർണ്ണമാകുന്നത്.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫ്രാസ്ട്രക്ചർ പിന്തുണ ഏതൊക്കെ മേഖലകളിലാണ് വ്യാപിച്ചു കിടക്കുന്നത്? കൊച്ചിയിലെ സംവിധാനങ്ങളുടെ പ്രത്യേകത എന്താണ്?
ഇൻഫ്രാസ്ട്രക്ചർ സപ്പോർട്ട് എന്നത് സ്റ്റാർട്ടപ്പ് മിഷനെ സംബന്ധിച്ചിടത്തോളം ഇക്കോസിസ്റ്റം ബിൽഡിംഗിന്റെ പ്രധാന ഭാഗമാണ്. കൊച്ചിയിൽ മാത്രം 13 ഏക്കർ ഭൂമിയിലായി ഏകദേശം 5 മുതൽ 6 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്പേസ് സംരംഭകത്വ വികസനത്തിനായി ഒരുക്കിയിട്ടുണ്ട്. ഇവിടെ ആറ് കെട്ടിടങ്ങളിലായി വ്യത്യസ്ത സംരംഭകമേഖലകൾക്കായി പ്രത്യേക ഹബ്ബുകൾ പ്രവർത്തിക്കുന്നു. ഹാർഡ്വെയർ സംരംഭങ്ങൾക്കായി ‘മേക്കർ വില്ലേജ്’ (Maker Village) എന്ന ഇലക്ട്രോണിക്സ് ഇൻകുബേറ്റർ, ഐ.ഒ.ടി സെന്റർ, ബയോടെക്നോളജി മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി ബയോടെക് സെന്ററുകൾ എന്നിവ ഇവിടെയുണ്ട്.

ഈ സൗകര്യങ്ങൾ കൊച്ചിയിൽ മാത്രം ഒതുങ്ങുന്നില്ല. തിരുവനന്തപുരം, കാസർഗോഡ്, പാലക്കാട് തുടങ്ങി കേരളത്തിലെ എല്ലാ റീജിയണുകളിലും സ്റ്റാർട്ടപ്പ് മിഷൻ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഈ വിപുലീകരണം കൂടുതൽ ജനങ്ങളിലേക്ക് സ്റ്റാർട്ടപ്പ് ആശയങ്ങളെ എത്തിക്കാനും ഗ്രാമീണ മേഖലയിൽ നിന്ന് പോലും പുതിയ സംരംഭങ്ങൾ വളർന്നുവരാനും സഹായിക്കുന്നു.സാങ്കേതിക വിദ്യയും ഭൗതിക സാഹചര്യങ്ങളും ലഭ്യമായതുകൊണ്ട് മാത്രം ഒരു സ്റ്റാർട്ടപ്പ് വിജയിക്കണമെന്നില്ല. നിയമപരമായ അറിവ് ബിസിനസ്സിന്റെ സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണ്.
കേരളത്തിലെ സ്റ്റാർട്ടപ്പുകൾ സാധാരണയായി വരുത്തുന്ന നിയമപരമായ തെറ്റുകൾ എന്തൊക്കെയാണ്? ഇതിനെ പ്രതിരോധിക്കാൻ മിഷൻ നൽകുന്ന സഹായങ്ങൾ എന്താണ്?
ഇന്ത്യയിൽ ആദ്യമായി ഒരു സ്റ്റാർട്ടപ്പ് പോളിസി ഇംപ്ലിമെന്റ് ചെയ്ത സംസ്ഥാനമാണ് കേരളം. ഇന്ന് വിവിധ സെക്ടറുകളിലായി 4,000-ൽ പരം സ്റ്റാർട്ടപ്പുകൾ നമുക്കുണ്ട്. എന്നാൽ പല സംരംഭകരും ഐഡിയ ഡെവലപ്പ് ചെയ്യുന്ന ഘട്ടത്തിൽ തന്നെ കമ്പനി രജിസ്റ്റർ ചെയ്യുന്നതിന് മുൻപേ നിക്ഷേപങ്ങൾക്കായി ഓഹരികൾ വിറ്റഴിക്കാറുണ്ട്. കൃത്യമായ ധാരണയില്ലാതെ വലിയ തോതിൽ ഇക്വിറ്റി കൈമാറുന്നത് ഭാവിയിൽ കമ്പനി വളരുമ്പോൾ അവർക്ക് നിയന്ത്രണാധികാരം നഷ്ടപ്പെടാൻ കാരണമാകും.
ഇത്തരം നിയമപരമായ വെല്ലുവിളികളെക്കുറിച്ച് അവബോധം നൽകാൻ ‘സ്റ്റാർട്ടപ്പ് 360’ (Startup 360) എന്ന പ്രോഗ്രാം സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ നടത്തുന്നു. മാസത്തിലൊരിക്കൽ റീജിയണൽ അടിസ്ഥാനത്തിൽ എംപാനൽ ചെയ്ത ഏജൻസികളുമായി ചേർന്ന് നിയമപരമായ സംശയങ്ങൾ തീർക്കാനും കമ്പനി നടത്തിപ്പിൽ വ്യക്തത വരുത്താനും മെന്റർഷിപ്പ് സപ്പോർട്ടും വൺ-ടു-വൺ കണക്റ്റുകളും നൽകിവരുന്നുണ്ട്. അനുഭവപരിചയമുള്ളവരുടെ നെറ്റ്വർക്കുമായി സഹകരിച്ച് മാത്രമേ ഫണ്ട് സമാഹരിക്കാവൂ എന്ന കർശനമായ മുന്നറിയിപ്പും നമ്മൾ സംരംഭകർക്ക് നൽകുന്നു.

നിയമപരമായും സാങ്കേതികമായും കരുത്താർജ്ജിക്കുന്ന കേരളത്തിലെ സ്റ്റാർട്ടപ്പുകൾ വരും വർഷങ്ങളിൽ ഏത് ദിശയിലേക്കാണ് നീങ്ങുന്നത് എന്ന് അടുത്തതായി പരിശോധിക്കാം.
വനിതാ സംരംഭകർ ഇന്ന് അഗ്രിടെക്, ഫുഡ് ടെക്, ഫാഷൻ ടെക് മേഖലകൾക്ക് പുറമെ ഡീപ് ടെക് മേഖലകളിലും തിളങ്ങുന്നു. ഡ്രോൺ ഡെവലപ്പ്മെന്റ്, എഐ വോയ്സ് സാങ്കേതികവിദ്യ തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന നമ്മുടെ വനിതാ സംരംഭകർ സ്റ്റാർട്ടപ്പ് ഇന്ത്യ തലത്തിൽ തന്നെ അപ്രൈസ് ചെയ്യപ്പെടുകയും സെലിബ്രേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ഭാവിയിൽ അഞ്ച് പ്രധാന മേഖലകളിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
- സ്പേസ് ടെക് (SpaceTech)
- എവിജിസി (AVGC – Animation, Visual Effects, Gaming, Comics)
- ഫുഡ് ടെക് (FoodTech)
- എനർജി (Energy)
- ഡീപ് ടെക്/മെഡ് ടെക് (Deep Tech/MedTech)
ഈ മേഖലകളിൽ ആർ ആൻഡ് ഡി സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് പദ്ധതി. ‘ഗവൺമെന്റ് ആസ് എ മാർക്കറ്റ് പ്ലേസ്’ എന്ന സ്കീം വഴി സ്റ്റാർട്ടപ്പുകളിൽ നിന്ന് ടെൻഡർ ഇല്ലാതെ തന്നെ നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങാൻ സർക്കാർ വകുപ്പുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധ്യതയുള്ള 100 സ്റ്റാർട്ടപ്പുകളെ നമ്മൾ കണ്ടെത്തിയിട്ടുണ്ട്. അവർക്ക് ആവശ്യമായ ഇൻവെസ്റ്റ്മെന്റും ഗ്ലോബൽ മാർക്കറ്റ് ആക്സസും ഉറപ്പാക്കി അവരെ സ്കെയിൽ ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ നൂറ് സ്റ്റാർട്ടപ്പുകൾ വിജയിക്കുന്നത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ വലിയൊരു ഔട്ട്കം സൃഷ്ടിക്കും. കേരളത്തെ ഒരു ആഗോള സ്റ്റാർട്ടപ്പ് ഹബ്ബായി മാറ്റാനുള്ള സുപ്രധാന ചുവടുവെപ്പാണിത്.




