ഐഎഎസ് ഉപേക്ഷിച്ച് പെന്‍പോള്‍ എന്ന സംരംഭം തുടങ്ങിയപ്പോള്‍ സി ബാലഗോപാലിന് തുണയായി നിന്ന പ്രസ്ഥാനമാണ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കെഎസ്ഐഡിസി). വിജയിയായ സംരംഭകനായി വിരമിച്ച ശേഷം കേരളത്തിന്റെ വ്യാവസായിക പ്രോല്‍സാഹനത്തിനായി പ്രവര്‍ത്തിക്കുന്ന കെഎസ്ഐഡിസിയുടെ ചെയര്‍മാനായി ചുമതലയേറ്റ സി ബാലഗോപാലിന് ഒരു ലക്ഷ്യമുണ്ട്. വ്യവസായ അനുകൂലമല്ല കേരളമെന്ന നരേറ്റീവ് തിരുത്തിയെഴുതണം. അതിനായുള്ള ശ്രമങ്ങളെപ്പറ്റിയും കേരളത്തിന്റെ വികസന സാധ്യതകളെപ്പറ്റിയും പ്രോഫിറ്റ് ടോക്കില്‍ അനുജ ബഷീറുമായി അദ്ദേഹം സംസാരിച്ചു
- കേരളത്തിന്റെ സംരംഭക രംഗം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ താങ്കളുടെ കാഴ്ചപ്പാടില്‍ എന്തൊക്കെയാണ്? കെഎസ്ഐഡിസി ചെയര്മാന് എന്ന നിലയില്‍ ഈ വെല്ലുവിളികളുടെ പോംവഴി കണ്ടെത്താനായോ?
- കേരളത്തില്‍ തൊഴിലില്ലായ്മയെയും ഒരു വിഭാഗം ആളുകള്‍ സെലിബ്രേറ്റ് ചെയ്യുന്നതായി കാണാറുണ്ട്. അതിലൊരു വൈരുധ്യമില്ലേ?
- ജെന്‍ സിയുടെ തൊഴില്‍ താല്‍പ്പര്യങ്ങളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്? അതിനനുസരിച്ചുള്ള സ്ട്രാറ്റജി നമുക്കുണ്ടോ?
- ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് ഒരു പ്രധാന ഘടകമാണല്ലോ. ഇതില്‍ കേരളം എത്രമാത്രം മുന്നേറിയിട്ടുണ്ട്?
- English Summary
കേരളത്തിന്റെ സംരംഭക രംഗം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ താങ്കളുടെ കാഴ്ചപ്പാടില്‍ എന്തൊക്കെയാണ്? കെഎസ്ഐഡിസി ചെയര്മാന് എന്ന നിലയില്‍ ഈ വെല്ലുവിളികളുടെ പോംവഴി കണ്ടെത്താനായോ?
എന്റെ അഭിപ്രായത്തില്‍ കേരളത്തിന്റെ വ്യവസായ, സംരംഭകത്വ മേഖലകളില്‍ നമ്മളെ പിന്നിലോട്ട് പിടിച്ചു വലിക്കുന്ന ഒരു കാര്യം ഇവിടുത്തെ ഒരു നെഗറ്റീവ് പെര്‍സെപ്ഷന്‍ ആണ്. അതായത് ഒരു നെഗറ്റീവ് നറേറ്റീവ് കേരളത്തെ പറ്റി സൃഷ്ടിച്ചിട്ടുണ്ട്. ഇവിടെ ഒന്നും നടക്കില്ല, ഇവിടെ ഒന്നും നടക്കുന്നില്ല എന്നാണ് അവര്‍ പറയുന്നത്. അട്ടിമറി, നോക്കുകൂലി, ഹര്‍ത്താല്‍ ഇതൊക്കെ കാരണം വ്യവസായങ്ങള്‍ക്ക് പറ്റിയ സ്ഥലമല്ല, വ്യവസായത്തിന് അനുകൂലമായിട്ടുള്ള ഒരു കാലാവസ്ഥ ഇവിടെ ഇല്ലെന്നൊക്കെയാണ് പ്രചരിപ്പിക്കുന്നത്.
കെഎസ്ഐഡിസിയുടെ ദൗത്യം ഏറ്റെടുക്കുമ്പോള്‍ വലിയൊരു അവസരമാണ് ഞാന്‍ കണ്ടത്. കേരളത്തിനെ സംബന്ധിച്ച നെഗറ്റീവ് നരേറ്റീവ് മാറ്റാന്‍ സഹായിക്കാനായാല് അത് നന്നാവുമെന്ന് ഞാന്‍ ചിന്തിച്ചു. ഒരു ആയിരം കോടി രൂപയുടെ നിക്ഷേപം ഇവിടെ കൊണ്ടുവരുന്നതിനേക്കാളും മികച്ചതാവും അത്. ഈ ദൗത്യം ഏറ്റെടുക്കുമ്പോള്‍ തന്നെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനോട് ഇക്കാര്യം പറഞ്ഞു. ഞാന്‍ സ്വയം സെറ്റ് ചെയ്തിരിക്കുന്ന ലക്ഷ്യം ഇതാണ്, താങ്കള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്ന് പറഞ്ഞാല്‍ ഞാന്‍ അതും ഇതിനൊപ്പം ചെയ്തു പോകാമെന്ന്.
ഇന്‍ഡസ്ട്രിയുടെ രജിസ്ട്രേഷന് എളുപ്പത്തിലാക്കുന്ന കെ-സ്വിഫ്റ്റ് ഏകജാലക സംവിധാനം തയാറാക്കുന്നതിലും ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28 ാം റാങ്കില്‍ നിന്ന് ഒന്നാമത്തെ റാങ്കിലേക്ക് കേരളത്തിനെ എത്തിക്കുന്നതിലും കെഎസ്ഐഡിസി നല്ല പങ്ക് വഹിച്ചു. നിയമസഭ പാസാക്കിയ ഇന്‍ഡസ്ട്രിയല്‍ പോളിസി പരിഷ്കാരങ്ങള്‍ അടിസ്ഥാനമാക്കി കേരളത്തിലെ വ്യവസായ മേഖല അടുത്ത ലെവലിലേക്കുള്ള കുതിച്ചു ചാട്ടം നടത്താനൊരുങ്ങുമ്പോള്‍ അതിനെ പിന്തുണക്കുന്ന ശക്തമായ പ്ലാറ്റ്ഫോമായി കെഎസ്ഐഡിസി മാറേണ്ടതുണ്ട്.
കേരളത്തില്‍ തൊഴിലില്ലായ്മയെയും ഒരു വിഭാഗം ആളുകള്‍ സെലിബ്രേറ്റ് ചെയ്യുന്നതായി കാണാറുണ്ട്. അതിലൊരു വൈരുധ്യമില്ലേ?
നിതി ആയോഗിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും കണക്കുകള്‍ വെച്ച് നോക്കിയാല്‍ കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാണ്. പക്ഷേ ഇതിലുള്ള വിരോധാഭാസം, ഇതേ സംസ്ഥാനത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവുമധികം ജോലി ചെയ്യുന്നതെന്നതാണ്, 35 ലക്ഷം പേര്. 45,000 കോടി രൂപ അവരുടെ മാതൃ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നു. തൊഴിലില്ലായ്മ അത്രക്കുണ്ടെങ്കില് ഇവര്‍ക്ക് എങ്ങനെ തൊഴില്‍ കിട്ടും? അതിനര്‍ത്ഥം ഇവര്‍ ചെയ്യുന്ന ജോലികള്‍ ആ വേതനത്തിന് ചെയ്യാന്‍ മലയാളികള്‍ തയ്യാറല്ല എന്നതാണ്. അങ്ങനെ നിലപാടെടുക്കാനുള്ള ഒരു സൗകര്യവും സാവകാശവും ഇവിടെയുണ്ട്.
ജെന്‍ സിയുടെ തൊഴില്‍ താല്‍പ്പര്യങ്ങളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്? അതിനനുസരിച്ചുള്ള സ്ട്രാറ്റജി നമുക്കുണ്ടോ?
വാസ്തവത്തില്‍ ജെന്‍ സി, ആര്‍ക്കു വേണ്ടിയും പണിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബത്തില്‍ നിന്ന് സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള മാര്‍ഗമെന്നാണ് തൊഴിലിനെ കുറിച്ച് അവരുടെ കാഴ്ചപ്പാട്. ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ ചെയ്യാന്‍ സാധിക്കണം. ജെന്‍ സിയുടെ ആശയങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് വളരെ ബുദ്ധിപൂര്‍വ്വമായി നമ്മള് സ്റ്റാര്‍ട്ട്അപ്പ് മിഷന് ആരംഭിച്ചു. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ച് ആദ്യമായി സംസാരിച്ച സംസ്ഥാനം കേരളമാണ്. ഐടി മിഷന് ഹെഡ് ആയിരുന്ന എം ശിവശങ്കറും സ്റ്റാര്‍ട്ട്അപ്പ് മിഷനിലെ ജയശങ്കര്‍ പ്രസാദും അതിനുശേഷം വന്ന സജി ഗോപിനാഥും ഒക്കെ ഈ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഇവിടെ കൊണ്ടുവരാന്‍ ശ്രമിച്ചവരാണ്. ഇപ്പോള്‍ അത് വിജയിച്ചിരിക്കുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് മോശമായിരുന്ന കാലത്ത് പോലും നിതി ആയോഗും മറ്റും കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം കൊള്ളാമെന്ന് പറഞ്ഞിരുന്നു.
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് ഒരു പ്രധാന ഘടകമാണല്ലോ. ഇതില്‍ കേരളം എത്രമാത്രം മുന്നേറിയിട്ടുണ്ട്?
ഫിസിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സംബന്ധിച്ച് കേരളത്തിന് ചില പരിമിതികളുണ്ട്. ഇന്ത്യയുടെ 1% ഭൂമി മാത്രമാണ് കേരളത്തിലുള്ളത്. ഭൂമിയുടെ ലഭ്യത കുറയുമ്പോള്‍ സ്വാഭാവികമായി 500-1000 ഏക്കര്‍ ആവശ്യമുള്ള വ്യവസായങ്ങള്‍ക്ക് പറ്റിയ സ്ഥലമല്ലാതായി ഇത് മാറുന്നു. അത് അംഗീകരിച്ചു കൊണ്ടുള്ള ഒരു വ്യവസായ നയമാണ് കേരളം മൂന്ന് വര്‍ഷം മുന്‍പ് സ്വീകരിച്ചത്. 22 മുന്‍ഗണനാ മേഖലകള്‍ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. മലിനീകരണ പ്രശ്നം സൃഷ്ടിക്കുന്ന, റെഡ് കാറ്റഗറിയിലുള്ള ഇന്‍ഡസ്ട്രി വേണ്ടെന്ന് നാം തീരുമാനിച്ചിട്ടുണ്ട്. എത്ര നിക്ഷേപം അത് മൂലം നഷ്ടപ്പെടുമെന്ന് നാം ആശങ്കപ്പെടുന്നില്ല. ശേഷിക്കുന്ന മേഖലകള്‍ക്ക് ട്രാന്സ്പോര്ട്ടേഷന്, കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഒരു ഇക്കോണമിയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നാല്‍ റോഡുകളും തുറമുഖങ്ങളും മാത്രമല്ല. വിദ്യാഭ്യാസമുള്ള മാനവവിഭവശേഷി കൂടിയാണ്.




