ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എല്ലാ സാങ്കേതിക വിദ്യകളുടെയും വരും കാലത്തെ തമ്പുരാന് എന്നു വിളിക്കാവുന്ന ടെക്നോളജി. ഇപ്പോള്‍ സാക്ഷാല്‍ തമ്പുരാനു വേണ്ടിയും എഐയെ പ്രയോജനപ്പെടുത്തിയിരിക്കുകയാണ് ടെക്കികള്‍. തീര്‍ത്ഥാടകര്‍ക്കായുള്ള ആദ്യത്തെ എഐ ഇന്റഗ്രേറ്റഡ് കമാന്‍ഡ് & കണ്ട്രോള് സെന്റര്‍ (ഐസിസിസി) ആരംഭിച്ചിരിക്കുകയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി).
തിരുമലയിലെത്തിയിരിക്കുന്ന ജനങ്ങളുടെ തത്സമയ എണ്ണമെടുക്കാനും ക്യൂവിന്റെ വേഗം ക്രമീകരിക്കാനും മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനുമാണ് ഈ എഐ നിയന്ത്രിത കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുക. പൊതു-സ്വകാര്യ സംരംഭമായി എന്‍ആര്‍ഐകളുടെ പിന്തുണയോടെ തയാറാക്കിയ സൗകര്യം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു.
ഫേസ് ഡിറ്റക്ഷനടക്കം സൗകര്യങ്ങള്‍
ഒരു വലിയ വീഡിയോ വാളില്‍ മള്‍ട്ടി-ഡിപ്പാര്‍ട്ട്മെന്റ് ഫീഡുകള്‍ ഏകീകരിക്കുകയും അതിവേഗം ഏകോപിത പ്രതികരണങ്ങള്‍ നല്‍കുകയും തത്സമയം സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയും ചെയ്യുകയാണ് എഐയുടെ ചുമതല. വിപുലമായ ക്യാമറ സംവിധാനം, 3ഡി മാപ്പുകള്‍ എന്നിവയുടെ പിന്തുണയോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോകുന്ന വ്യക്തികളെ ഫേസ് ഡിറ്റക്ഷനുപയോഗിച്ച് കണ്ടെത്തും.
സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള കമ്പനിയായ ക്ലൗഡ്സ്പോട്ട് ആണ് സെന്ററിന്റെ എഐ സോഫ്റ്റ്വെയര് നല്‍കുന്നത്. തിരുമലയെ നിരീക്ഷിക്കുന്നതിനായി ഐസിസിസിക്ക് 6,000-ത്തിലധികം എഐ ക്യാമറകളുണ്ട്. ഈ സിസ്റ്റം ഓരോ മിനിറ്റിലും 360,000 പേലോഡുകളും പ്രതിദിനം 518 ദശലക്ഷം ഇവന്റുകളും പ്രോസസ്സ് ചെയ്യുന്നു. ഇത് എല്ലാ ദിവസവും 2.5 ബില്യണ്‍ അനുമാനങ്ങളും തല്‍സമയം സൃഷ്ടിക്കുന്നു.
2024 ല്‍ ദര്‍ശനത്തിനെത്തിയത് 2.55 കോടി ആളുകള്‍
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് ആന്ധ്ര പ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രം. 2.55 കോടി ആളുകളാണ് 2024 ല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ദിവസേന 50,000 മുതല്‍ 100,000-ത്തിലധികം സന്ദര്‍ശകര്‍ വരെ എത്താം. വാരാന്ത്യങ്ങളിലും പ്രത്യേക അവസരങ്ങളിലും ഈ സംഖ്യ ഗണ്യമായി വര്‍ദ്ധിക്കും. എഐ സാങ്കേതിക വിദ്യ എത്തുന്നതോടെ മെച്ചപ്പെട്ട ആള്‍ക്കൂട്ട നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ട്രസ്റ്റ്.