ആയിരക്കണക്കിന് നയതന്ത്രജ്ഞര്‍, സ്ഥാപകര്‍, ഗവേഷകര്‍, നിക്ഷേപകര്‍, ടെക് മേധാവികള്‍, ലോക നേതാക്കള്‍… ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്ക് ഡെല്‍ഹിയില്‍ തുടക്കമായപ്പോള്‍ സാങ്കേതികവിദ്യ വളര്‍ച്ചയുടെ ആഗോളപ്രാധാന്യം ചര്‍ച്ച ചെയ്യാന്‍ ടെക് ലോകം ഇന്ത്യയിലേക്ക് ഒഴുകുകയാണ്. ആദ്യമായാണ് സമ്പന്ന രാഷ്ട്രങ്ങളില്‍ വികസിപ്പിക്കുന്ന, അവര്‍ക്ക് ആധിപത്യമുള്ള സാങ്കേതികവിദ്യകളെ കുറിച്ച് ഇന്ത്യയില്‍, ഒരു ചര്‍ച്ച നടക്കുന്നത്. എഐ സമ്പദ് വ്യവസ്ഥകളെ മാറ്റിമറിക്കുകയും തൊഴില്‍ വിപണിയെ പുനര്‍ നിര്‍വചിക്കുകയും നിയന്ത്രണങ്ങള്‍, സുരക്ഷ, ധാര്‍മ്മികത എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ അത് സംബന്ധിച്ച ഒരു ചര്‍ച്ച ഇന്ത്യയില്‍ നടക്കുന്നു എന്നത് പ്രതീക്ഷാജനകവും അഭിമാനകരവുമാണ്.
ലിഖിതങ്ങളും ചിത്രങ്ങളും സൃഷ്ടിക്കുന്ന ജനറേറ്റീവ് എഐ ടൂളുകള്‍ മുതല്‍ പ്രതിരോധം, ആരോഗ്യസംരക്ഷണം, കാലാവസ്ഥാ മാതൃകകള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്കായുള്ള അത്യാധുനിക സംവിധാനങ്ങള്‍ വരെ എഐ ഇന്ന് ടെക് ലോകത്തിന്റെ മാത്രമല്ല, ഭരണകൂടങ്ങളുടെയും ലോകമെമ്പാടുമുള്ള കോര്‍പ്പറേഷനുകളുടെയും കാര്യം കൂടിയാണ്. മുമ്പ് ഫ്രാന്‍സിലും യുകെയിലും ദക്ഷിണ കൊറിയയിലും നടന്നിട്ടുള്ള ഉച്ചകോടിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് എങ്ങനെയാണ് സമ്പദ് വ്യവസ്ഥകളെയും ഭരണകൂടങ്ങളെയും സമൂഹത്തെ തന്നെയും മാറ്റിമറിക്കുക എന്നീ കാര്യങ്ങളാണ് അവിടെ ചര്‍ച്ചയാകുക. എഐയെ കുറിച്ചുള്ള സംവാദങ്ങളും ചര്‍ച്ചകളും മാതൃകകളില്‍ നിന്ന് റിയല്‍ വേള്‍ഡ് ആപ്ലിക്കേഷനുകളിലേക്ക് എത്തിനില്‍ക്കുകയാണ്.
എന്തുകൊണ്ട് ഇന്ത്യയില്‍
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രവും അതിവേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ വിപണിയുമാണ് ഇന്ത്യ. ലോകരാജ്യങ്ങള്‍ക്കിടയില്‍ എഐ മത്സരം നടക്കുന്ന ഈ വേളയില്‍ മറ്റൊരു മത്സരാര്‍ത്ഥി എന്നതില്‍ കവിഞ്ഞ് എങ്ങനെയാണ് എഐ വികസിപ്പിക്കേണ്ടത്, നടപ്പിലാക്കേണ്ടത് എന്നതിന്റെ മുഖ്യ ശില്‍പ്പി ആകുകയാണ് ഈ പരിപാടിയിലൂടെ ഇന്ത്യ. അവിചാരിതമായോ ഒറ്റപ്പെട്ടോ ഇന്ത്യയ്ക്ക് കൈവന്ന അവസരമല്ല ഇത്, ഇന്ത്യയിലെ ഡിജിറ്റല്‍ വിപണിയുടെ സാധ്യതകളാണ് ആഗോള എഐ ഉച്ചകോടി ന്യൂഡെല്ഹിയിലാകാനുള്ള ഒരു കാരണം. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല കഴിഞ്ഞിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പ്രകാരം എഐ മത്സരത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാംസ്ഥാനത്താണ്. ചൈനയും അമേരിക്കയും മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.
അമേരിക്കയില്‍ നടന്ന ആലോചന
ജനുവരിയില്‍ നയതന്ത്രജ്ഞരും സാങ്കേതികവിദഗ്ധരും നയരൂപകര്‍ത്താക്കളും ഇന്ത്യയില്‍ നടക്കാനിരിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയുമായി ബന്ധപ്പെട്ട് വാഷിംഗ്ടണിലെ ടെക്സസസ് A&M’s ബുഷ് സ്കൂളിന്റെ കാമ്പസില്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് നടത്തിയ ആ യോഗം Co-Creating the Future: Global South–Global North Collaboration for AI Impact എന്ന വിഷയത്തിലൂന്നിയായിരുന്നു. എഐയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയങ്ങോട്ട് ഒരു ഭൂപ്രദേശത്ത് മാത്രം ഒതുങ്ങി നില്ക്കേണ്ടതല്ല എന്ന സന്ദേശമായിരുന്നു ആ യോഗം നല്‍കിയത്.
എഐയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഗവേഷണ, വികസന ആസൂത്രണങ്ങളും സിലിക്കണ്‍ വാലിയിലോ യൂറോപ്യന്‍ രാഷ്ട്രങ്ങളിലോ ആണ് നടക്കാറുള്ളതെങ്കിലും അതില്‍ മാറ്റം വേണമെന്ന ലോകവിചാരമാണ് ഉച്ചകോടി ഇന്ത്യയിലായതിന് പിന്നില്‍. വരുംദശകത്തിലെ എഐ സ്വാധീനം എങ്ങനെയായിരിക്കണം എന്നുള്ള ചര്‍ച്ചകളായിരിക്കും വരുംദിവസങ്ങളില്‍ ഡെല്‍ഹിയില്‍ ചര്‍ച്ചയാകുക.
എഐ പരിണാമം
എഐ വസന്തത്തിന്റെ ആദ്യ അധ്യായം മാതൃകകള്‍ പുറത്തുവിടലും അതിന്റെ ക്ഷമത അളക്കലുമൊക്കെയായിരുന്നു. അടുത്ത ഘട്ടത്തെ നിര്‍വ്വചിക്കുക ഇത് നടപ്പില്‍ വരുത്തുന്നതിനുള്ള ആവാസ വ്യവസ്ഥകളും സമൂഹത്തിലേക്ക് എഐ മാതൃകകള്‍ അവതരിപ്പിക്കലുമാണ്. അവിടെയാണ് ഇന്ത്യ പോലെ ജനസമ്പന്നമായ രാഷ്ട്രത്തിന്റെ പ്രസക്തി.
എഐ ടൂളുകളുടെ വലിയൊരു വിപണി മാത്രമല്ല ഇന്ത്യ, അവയുടെ വിജയം അളക്കുന്നതിനുള്ള ശരിയായ ഇടമാണ്. 140 കോടി ജനങ്ങളുള്ള ഇന്ത്യ ഏറ്റവുമധികം ഡെവലപ്പര്‍മാരുള്ള നാട് കൂടിയാണ്. പൊതുജനങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് ഇതിനകം രാജ്യം തെളിയിച്ചിട്ടുണ്ട്. ആധാറും യുപിഐയും അടക്കമുള്ള ഡിജിറ്റല്‍ ഉദ്യമങ്ങള്‍ ബാങ്കിംഗ് രംഗത്തും ആരോഗ്യമേഖലയിലും ഉള്‍പ്പടെ വന്‍ വിജയമാണ്. ആ പരിണാമ പ്രക്രിയയില്‍ അടുത്തത് എഐയുടെ ഊഴമാണ്. ഭാഷാപരമായും സാംസ്കാരികമായും വൈവിധ്യസമ്പന്നമായ ഇന്ത്യയില്‍ കാര്‍ഷികം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമ്പത്തികം എന്നീ മേഖലകളില്‍ എഐ അവതരിപ്പിക്കുന്നതിന് ബൃഹത്തായ ചട്ടക്കൂട് ആവശ്യമാണ്. പലഭാഷകളില്‍ ലഭ്യമാകുന്ന, പല മാതൃകകളിലുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ആവശ്യമാണ്. അതുകൊണ്ട് എഐ ആവാസവ്യവസ്ഥയെ ലോക മാതൃകയായി വളര്‍ത്താന്‍ ഇന്ത്യയാണ് ഏറ്റവും മികച്ചയിടം.
ഇംപാക്ടിന്റെ സ്വാധീനം
ഉച്ചകോടിയുടെ പേരിലെ Impact എന്ന വാക്കിന് നല്‍കിയിരിക്കുന്ന ഊന്നല്‍ ആകസ്മികമല്ല. ഉല്‍പ്പാദനക്ഷമത ഉയര്‍ത്താനോ സംരംഭകള്‍ക്ക് പരീക്ഷിക്കുന്നതിനോ ഉള്ള ഉപാധി മാത്രമല്ല ഇന്ന് എഐ. തൊഴിലിടങ്ങളുടെ പരിവര്‍ത്തനത്തിലും ദേശീയതലത്തിലുള്ള മത്സരക്ഷമതയിലും പൊതുജനങ്ങളുടെ വിശ്വാസം നേടുന്നതിലും ഇന്ന് എഐയ്ക്ക് പങ്കുണ്ട്. ധനകാര്യം, ആരോഗ്യസംരക്ഷണം, ചരക്കുനീക്കം, പൊതുഭരണം തുടങ്ങിയ മേഖലകളില്‍ എഐ സംവിധാനങ്ങള്‍ തീരുമാനമെടുക്കലിനെ സ്വാധീനിക്കുന്ന രീതിയില്‍ വളര്‍ന്നുകഴിഞ്ഞു.
ഇന്ത്യയുടെ ടെക് ആധിപത്യം
ആധുനിക സാങ്കേതികവിദ്യകൡ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിക്കുന്നു എന്നതിന്റെ ഒറ്റപ്പെട്ട ഉദാഹരണമല്ല ഈ ഉച്ചകോടി. എട്ടുവര്‍ഷത്തിന് ശേഷം സിന്‍ഗുലാരിറ്റി സര്‍വ്വകലാശാല ഉച്ചകോടിയും ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. സാങ്കേതികരംഗത്തെ മുന്നേറ്റത്തില്‍ ഇന്ത്യയില്‍ ലോകത്തിന്റെ വിശ്വാസം വര്‍ധിക്കുന്നു എന്നാണ് ഇവയെല്ലാം പറഞ്ഞുവെക്കുന്നത്.
English Summary
The India AI Impact Summit in New Delhi marks a historic shift as India hosts a global discussion on technologies traditionally dominated by wealthy nations. The summit gathers world leaders, diplomats, and tech experts to discuss how AI is redefining economies, labor markets, and ethics. India’s role has evolved from a mere participant to a key architect in AI development due to its status as the world’s most populous nation and a rapidly growing digital market.
A Stanford University report ranks India third globally in the AI race, trailing only the US and China. Beyond being a massive market, India offers a unique ecosystem for testing AI's real-world impact due to its successful digital infrastructure (like Aadhaar and UPI) and its diverse linguistic and cultural landscape. The summit emphasizes "Impact," focusing on how AI influences productivity, national competitiveness, and sectors like healthcare, finance, and public administration.




