ഐഐഎം ബിരുദധാരിയായ ഇര്ഫാന് ആലം തുടക്കം കുറിച്ച സമ്മാന്‍ ഫൗണ്ടേഷന് ജീവിതമാർഗം കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന ബീഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയവിടങ്ങളിലെ റിക്ഷാ തൊഴിലാളികളുടെ ജീവിതം തന്നെ മാറ്റി മറിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ബീഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയവിടങ്ങളില്‍ സാമൂഹികവും സാമ്പത്തികവുമായി ഏറ്റവും താഴേയ്ക്കിടയില്‍ ജീവിക്കുന്നവരാണ് റിക്ഷാ തൊഴിലാളികള്‍. രാപ്പകല്‍ ഇല്ലാതെ റിക്ഷാ ചവിട്ടിയുണ്ടാക്കുന്ന പണം ജീവിതച്ചെലവിനായി തികയാത്ത അവസ്ഥ. ഈ അവസ്ഥ കണ്മുന്നിൽ കണ്ട് ബോധ്യപ്പെട്ടതിൽ നിന്നുമാണ് ഐഐഎം ബിരുദധാരിയായ ഇര്ഫാന് ആലം സമ്മാന്‍ ഫൗണ്ടേഷന് എന്ന സ്ഥാപനത്തിന് ആരംഭംകുറിക്കുന്നത്. തീർത്തും നിസ്സാരക്കാരെന്ന് പരിഷ്കൃത സമൂഹം കരുതിയിരുന്ന റിക്ഷാ തൊഴിലാളികള്‍ക്ക് മുന്നില്‍ ഔട്ട് ഡോര്‍ അഡ്വര്‍ടൈസിംഗ് മീഡിയയുടെ വലിയൊരു മാതൃക ഉയർത്തിക്കാട്ടി മികച്ച വരുമാനം നേടുന്നതിനുള്ള വഴിയൊരുക്കിക്കൊടുക്കുകയായിരുന്നു ഇര്ഫാന് ആലം. 10 റിക്ഷാ തൊഴിലാളികളുമായി ബീഹാറില്‍ പ്രവര്‍ത്തനം ആരംഭിച്ച സമ്മാന്‍ ഫൗണ്ടേഷന് ഇന്ന് നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. നിലവില്‍ നാല് ലക്ഷത്തോളം റിക്ഷാ തൊഴിലാളികളാണ് ഇതില്‍ അംഗമായിരിക്കുന്നത്.
ഉയർന്ന സാമൂഹിക കാഴ്ചപ്പാട്
ഒരു വ്യക്തി ആത്മാര്‍ത്ഥമായി മനസ് വച്ചാല്‍ സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിഷ്പ്രയാസം സാധിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനമായ ബീഹാറില്‍ ആരംഭിച്ച് ഉത്തര്‍പ്രദേശ് , മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച സമ്മാന്‍ ഫൗണ്ടേഷന്. 2007 ല്‍ ഐഐഎം ബിരുദധാരിയായ ഇര്ഫാന് ആലം എന്ന യുവാവിന്റെ ചിന്തയില്‍ റിക്ഷാ തൊഴിലാളികളുടെ ക്ഷേമത്തിനായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയുദിക്കുമ്പോള്‍ ഒരിക്കലും ഇർഫാൻ കരുതിയിരുന്നില്ല അത് ഇന്ത്യയിലെ ഏറ്റവും മികച്ച എന്‍ജിഒകളില്‍ ഒന്നിന്റെ തലപ്പത്തേക്കുള്ള തന്റെ യാത്രയായിരിക്കുമെന്ന്.
2007 ല്‍ തികച്ചും അവിചാരിതമായാണ് ഇര്ഫാന് ബീഹാറിലെ റിഷാതൊഴിലാളികളെ ശ്രദ്ധിക്കുന്നത്. ഗുജറാത്തിലെ ഐഐഎം അഹമ്മദാബാദില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയശേഷം തന്റെ സംസ്ഥാനമായ ബീഹാറില്‍ തിരിച്ചെത്തി റിക്ഷയില്‍ യാത്ര ചെയ്യവേ പെട്ടന്ന് ഇര്ഫാന് ദാഹമനുഭവപ്പെട്ടു. തന്റെ കയ്യിൽ വെള്ളമില്ലാത്തതിനാല്‍ റിക്ഷാ ചവിട്ടിയിരുന്ന വ്യക്തിയോട് ഇര്ഫാന് വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ പക്കലും വെള്ളം ഇല്ല എന്നായിരുന്നു ഉത്തരം. ദിവസവും ആയിരക്കണക്കിന് ആളുകള്‍ ബീഹാര്‍ പോലൊരു സംസ്ഥാനത്ത് റിക്ഷകളെ ആശ്രയിച്ചു യാത്ര ചെയ്യുന്നുണ്ട്. ഇതില്‍ പലരും ജോലിക്ക് പോകുന്നവരും ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരും ഒക്കെയായിരിക്കും. യാത്രാവേളയില്‍ ഇവര്‍ക്ക് തന്നെപ്പോലെ ദാഹമോ വിശപ്പോ അനുഭവപ്പെടുക എന്നത് സ്വാഭാവികമാണ്. ഈയവസരത്തില്‍ റിക്ഷക്കുള്ളില്‍ വെള്ളം, സ്നാക്സ് തുടങ്ങിയ സാധനങ്ങള്‍ വാങ്ങിക്കഴിക്കുവാന്‍ ലഭ്യമാണ് എങ്കില്‍ അത് യാത്രക്കാര്‍ക്കും റിക്ഷാ തൊഴിലാളികള്‍ക്കും ഒരേ പോലെ പ്രയോജനപ്പെടും. ഈ ഒരാശയം വെറുമൊരു തോന്നലായി മനസ്സില്‍ തെളിഞ്ഞതാണെങ്കിലും അത്രപെട്ടെന്ന് കൈവിടാന്‍ ഇര്ഫാന് തയ്യാറല്ലായിരുന്നു.
തിരികെ വീട്ടിലെത്തിയ ഇര്ഫാന് ബീഹാറിലെ റിക്ഷാ തൊഴിലാളികളുടെ ജീവിത നിലവാരത്തെയും വരുമാനത്തെയും കുറിച്ച് പഠിക്കാന്‍ തന്നെ തീരുമാനിച്ചു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം അസംഘടിതമേഖലയിലാണ് കിടക്കുന്നത്. അതില്‍ ഒരു വിഭാഗമായിരുന്നു റിക്ഷാ തൊഴിലാളികളിലും. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലായി 92 ലക്ഷത്തോളം ആളുകള്‍ റിക്ഷാ ചവിട്ടി ജീവിതമാര്‍ഗം തേടുന്നുണ്ടായിരുന്നു. ഇവരില്‍ പലര്‍ക്കും കൃത്യമായ ഒരു വരുമാനം ഉണ്ടായിരുന്നില്ല. ശാരീരികമായ അസ്വസ്ഥതകള്‍, കാലാവസ്ഥ, തിരക്ക് തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കൂട്ടര്‍ക്ക് വരുമാനം ലഭിച്ചിരുന്നത്. സമൂഹത്തില്‍ അസംഘടിതമേഖലയില്‍ കിടക്കുന്ന ഈ തൊഴിലാളികളെ ഒരു സംഘടക്ക് കീഴില്‍ കൊണ്ട് വന്ന് അവര്‍ക്ക് സുസ്ഥിരമായ ഒരു വരുമാനമാര്‍ഗം നേടിക്കൊടുക്കണം എന്ന് ഇര്ഫാന് ആലം ആത്മാര്‍ത്ഥമായിത്തന്നെ ആഗ്രഹിച്ചു. ഇതിന്റെ ഭാഗമായാണ് 2007 ല്‍ സമ്മാന്‍ ഫൗണ്ടേഷന് സ്ഥാപിതമാകുന്നത്.
ഔട്ട് ഡോര്‍ പരസ്യത്തിന്റെ സാധ്യതകളുമായി സമ്മാന്‍
താന്‍ പഠിച്ച ബിസിനസ് മാനേജ്മെന്റും ബീഹാറിലെ അവസ്ഥയും ചേര്‍ത്തിണക്കി റിക്ഷാ തൊഴിലാളികള്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുക എന്നതായിരുന്നു ഇര്‍ഫാന്റെ പദ്ധതി. ഇത് പ്രകാരം ഔട്ട് ഡോര്‍ പരസ്യത്തിന്റെ സാധ്യതകള്‍ വിനിയോഗിക്കാന്‍ ഇര്ഫാന് ഉറപ്പിച്ചു. ദിവസവും സമൂഹത്തിന്റെ പല ശ്രേണിയില്‍ പെടുന്ന, വിവിധ സാമ്പത്തികശേഷിയുള്ള ആളുകള്‍ റിക്ഷകള്‍ മുഖാന്തിരം യാത്ര ചെയ്യുന്നുണ്ട്. ഈ അവസ്ഥയില്‍ ഏറ്റവും മികച്ച പരസ്യ വാഹകരാകാനും പരസ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും റിക്ഷകള്‍ക്ക് കഴിയും എന്ന് ഇര്ഫാന് മനസിലാക്കി. ഇതോടൊപ്പം തന്നെ വെള്ളം, സ്നാക്സ് എന്നിവ വില്‍ക്കുന്നതിനായി ഒരു കൗണ്ടര്‍ കൂടി റിക്ഷകളില്‍ ഒരുക്കാന്‍ കഴിഞ്ഞാല്‍ അത് റിക്ഷാ തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കും എന്നും ഇര്ഫാന് മനസിലാക്കി.
അടുത്തതായി വേണ്ടത് തന്റെ ആശയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റിക്ഷാ തൊഴിലാളികളെയായിരുന്നു. എന്നാല്‍ അതിനായി ഇറങ്ങിത്തിരിച്ചപ്പോള്‍ തീര്‍ത്തും നിരാശയായിരുന്നു ഫലം. ഒന്നാമതായി ബീഹാറിലെ റിക്ഷാത്തൊഴിലാളികള്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നില്‍ നില്‍ക്കുന്നവരായിരുന്നു. ഔട്ട് ഡോര്‍ പരസ്യത്തിന്റെ സാധ്യതകളെക്കുറിച്ചും മറ്റും പറഞ്ഞപ്പോള്‍ അത് മനസിലാക്കാനുള്ള അറിവ് അവര്‍ക്കുണ്ടായിരുന്നില്ല. ഈ ഒരു കാരണം കൊണ്ട് തന്നെ ഇര്‍ഫാനോട് പലരും മുഖം തിരിച്ചു. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിയാന് ഇര്ഫാന് തയ്യാറല്ലായിരുന്നു. റിക്ഷാ തൊഴിലാളികള്‍ താമസിക്കുന്ന കോളനികളില്‍ നേരിട്ട് ചെന്ന് ഇര്ഫാന് തന്റെ പദ്ധതിയെപ്പറ്റിയും അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളെപ്പറ്റിയും പറഞ്ഞു. ഒടുവില്‍ പത്തു തൊഴിലാളികള്‍ സന്നദ്ധരായി മുന്നോട്ട് വന്നു.ഇവരെക്കണ്ട് പിന്നീട് 90 റിക്ഷാത്തൊഴിലാളികള്‍ കൂടി മുന്നോട്ട് വന്നു. 10 ലക്ഷം രൂപയുടെ മൂലധന നിക്ഷേപം വച്ചുകൊണ്ടാണ് ഇര്ഫാന് സമ്മാന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിനായി ഒരു രൂപ പോലും സര്‍ക്കാര്‍ സംഘടനകളില്‍ നിന്നോ മറ്റു സംഘടനകളില്‍ നിന്നോ വാങ്ങിയിരുന്നില്ല.
ലളിതമായ തുടക്കം
ബീഹാറിലെ പാറ്റ്ന ആസ്ഥാനമായിട്ടായിരുന്നു സമ്മാന്‍ ഫൗണ്ടേഷന്റെ തുടക്കം. റിക്ഷകളില്‍ പരസ്യങ്ങള്‍ വഹിക്കുവാൻ തയ്യാറായി തൊഴിലാളികള്‍ എത്തിയെങ്കിലും റിക്ഷകളില്‍ പരസ്യം നല്കാന് തയ്യാറുള്ള ബ്രാന്‍ഡുകളെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. എന്നാല്‍ തന്റെ ഐഐഎം വിദ്യാഭ്യാസത്തിന്റെ ബലത്തില്‍ മുന്‍നിര ബ്രാന്‍ഡുകളോട് തന്നെ ഇര്ഫാന് ബിസിനസ് പ്രൊപോസല്‍ വച്ചു. സാമൂഹിക സംരംഭകത്വം എന്ന മാതൃകയില്‍ വിഭാവനം ചെയ്ത പദ്ധതി വേണ്ട വിധത്തില്‍ അവതരിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ബ്രാന്‍ഡുകളില്‍ നിന്നും ലഭിച്ചത്. തുടക്കത്തില്‍ ഒരാഴ്ച , ഒരു മാസം എന്ന കണക്കില്‍ റിക്ഷകളില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പരസ്യങ്ങള്‍ റിക്ഷകളില്‍ പതിപ്പിക്കുക, കൃത്യ സമയങ്ങളില്‍ എടുത്തു മാറ്റി പുതിയത് പിടിപ്പിക്കുക തുടങ്ങിയ ചുമതലയെല്ലാം തന്നെ സമ്മാന്‍ ഫൗണ്ടേഷനാണ് ചെയ്തിരുന്നത്.മാസാമാസം കൃത്യമായി വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ വളരെ പെട്ടന്നാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന റിക്ഷകളുടെ എണ്ണം 5000 ആയി മാറിയത്.
സമ്മാന്‍ ഫൗണ്ടേഷന്റെ വളര്‍ച്ച പിന്നീട് വളരെ പെട്ടന്നായിരുന്നു. ഗോദറേജ്, ബിസ്ലേരി, എച്ച് പി, പഞ്ചാബ് നാഷണല്‍ ബാങ്ക്, ദേന ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങി നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ സ്ഥാപനത്തിന്റെ ഭാഗമായതോടെ റിക്ഷാ തൊഴിലാളികളുടെ വരുമാനവും വര്‍ധിച്ചു. റിക്ഷാ തൊഴിലാളികള്‍ ആകാന്‍ താല്പര്യപ്പെട്ട് മുന്നോട്ട് വരുന്ന വ്യക്തികള്‍ക്ക് സമ്മാന്‍ ഫൗണ്ടേഷന് ബാങ്കുകളുമായി ബന്ധപ്പെട്ട് ലോണുകള്‍ തയ്യാറാക്കി നല്കി. ഇതോടെ സമ്മാന്‍ ഫൗണ്ടേഷനിലുള്ള വിശ്വാസം വര്‍ധിച്ചു. റിക്ഷകളിലൂടെ പരസ്യം ചെയ്യുന്നത് ബ്രാന്‍ഡിന്റെ വളര്‍ച്ചക്ക് ഗുണകരമാകുന്നുണ്ട് എന്ന് മനസിലാക്കിയ മുന്‍നിര ബ്രാന്‍ഡുകള്‍ കൂടുതല്‍ പരസ്യം നല്കി. അങ്ങനെ പാറ്റ്നക്ക് പുറത്ത് വിവിധ ജില്ലകളിലേക്കും സമ്മാന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ബിഹാര്‍ സംസ്ഥാനത്തെ ഒട്ടുമിക്ക സ്ഥലത്തും സമ്മാന്‍ ഫൗണ്ടേഷന് വേരുറപ്പിച്ചു കഴിഞ്ഞതോടെ അയാള്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് ,ചാര്‍ഘണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമ്മാന്‍ ഫൗണ്ടേഷന് വളരെ എളുപ്പത്തില്‍ തന്നെ വേരുറപ്പിച്ചു. ഈ കാലത്തിനുള്ളില്‍ റിക്ഷകള്‍ റിപ്പയര്‍ ചെയ്യുന്നതിനും റിക്ഷാ തൊഴിലാളികള്‍ക്കായുള്ള ഇഷുറന്‍സ് സേവനം, ആരോഗ്യപരിരക്ഷ തുടങ്ങിയവ ലഭ്യമാക്കുന്നതിനും ഫൗണ്ടേഷന് സാധിച്ചു.
ഇതോടൊപ്പം പ്രത്യേകമായി രൂപകല്പന ചെയ്ത ഒരു കൂള്‍ബാര്‍ ആന്‍ഡ് സ്നാക്സ് കൗണ്ടര്‍ ഓരോ റിക്ഷയ്ക്കും ഒപ്പം സ്ഥാപിച്ചു. വിവിധതരം പാനീയങ്ങള്‍, സ്നാക്സ് എന്നിവ ഇതില്‍ നിന്നും യാത്രക്കാര്‍ക്ക് എടുക്കാവുന്നതാണ്. പണം റിക്ഷാ ചാര്‍ജിന്റെ ഒപ്പം നല്കിയാല് മതിയാകും. യാത്രികര്‍ക്ക് വായിക്കുന്നതിനായി പേപ്പറുകള്‍, മാഗസിനുകള്‍ തുടങ്ങിയവയും ലഭ്യമാക്കി. ഇത്തരത്തില്‍ റിക്ഷയിലെ സവാരിയുടെ രീതിതന്നെ പൊളിച്ചെഴുതുകയായിരുന്നു സമ്മാന്‍ ഫൗണ്ടേഷന്.
റിക്ഷാത്തൊഴിലാളികളില് നിന്നും സാധാരണക്കാരിലേക്ക്
റിക്ഷാത്തൊഴിലാളികളെ അടിസ്ഥാനമാക്കിയാണ് സമ്മാന്‍ ഫൗണ്ടേഷന് പ്രവര്‍ത്തനം ആരംഭിച്ചത് എങ്കിലും പിന്നീട്, സാധാരണക്കാരുടെയും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെയും ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്ക്കരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ആളുകള്‍ക്ക് മികച്ച ആരോഗ്യസംരക്ഷണം പ്രദാനം ചെയ്യുന്നതിനായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ ജനങ്ങളാക്കായി മെഡിക്കല്‍ സര്‍വീസുകള്‍ നടത്തി. ഇത് പ്രകാരം ഡോക്റ്റര്‍മാരും നഴ്സുമാരുമടങ്ങുന്ന സംഘം കൃത്യമായ ഇടവേളകളില്‍ ഗ്രാമങ്ങളിലെത്തി ആരോഗ്യ പരിശോധന നടത്തി വരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി മെഡിക്കല്‍ ആംബുലന്‍സ് ഫെസിലിറ്റിയും സമമാണ് ഫൗണ്ടേഷന് നടപ്പിലാക്കി. മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിലും അതീവ ശ്രദ്ധ പതിപ്പിച്ചു. ബീഹാര്‍ കേന്ദ്രീകരിച്ചായിരുന്നു ഇവയുടെയെല്ലാം പ്രവര്‍ത്തനം ആരംഭിച്ചത്. അന്‍പതോളം മൊബീല്‍ മോര്‍ച്ചറി വാഹനങ്ങളും സമ്മാന്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബീഹാറിലെ ജനങ്ങള്‍ക്ക് സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തില്‍ സമ്മാന്‍ ഫൗണ്ടേഷന് റിക്ഷകള്‍ വാങ്ങി നല്‍കുകയും ബാങ്ക് ലോണുകള്‍ തരപ്പെടുത്തി നല്‍കുകയും ചെയ്യുന്നു. തെരുവ് കച്ചവടക്കാര്‍ക്ക് സ്വന്തമായി കട തുടങ്ങാനും അതിലൂടെ സുസ്ഥിര വരുമാനം നേടുന്നതിനുമുള്ള വഴി സമ്മാന്‍ ഫൗണ്ടേഷന് ഒരുക്കിക്കൊടുക്കുന്നു. ധന്‍ബാദ്, ചിരകുണ്ഡ, റാഞ്ചി, ഖുന്റി, ലോഹര്ദാഗ്ഗ, സിംദെഗ തുടങ്ങിയ സ്ഥലങ്ങളിലായി ഇത്തരത്തില്‍ 10000 വഴിയോര കച്ചവടക്കാര്‍ക്കാണ് സമ്മാന്‍ ഫൗണ്ടേഷന് മികച്ച സാഹചര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നബാര്‍ഡിന് കീഴിലുള്ള പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലും സമ്മാന്‍ ഫൗണ്ടേഷന് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്.
ട്രൈബല്‍ ഡെവലപ്മെന്റ് ഫണ്ട് നേടിക്കൊടുക്കുക, കൃഷിയേയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കും സമ്മാന്‍ മുന്‍തൂക്കം നല്കുന്നു. അറൈസ് എന്ന പേരില്‍ സാമൂഹിക സംരംഭകത്വം വികസിപ്പിക്കുന്ന ഒരു സ്ഥാപനത്തിനും സമ്മാന്‍ ഫൗണ്ടേഷന് നേതൃത്വം നല്കുന്നു. സംരംഭകത്വത്തിലൂടെ എങ്ങനെ റൂറല്‍ ഇന്ത്യക്ക് വികസനം സാധ്യമാക്കാം എന്നാണ് ഇതിലൂടെ ഇവര്‍ ചിന്തിക്കുന്നത്.




