12-ാം വയസ്സില്‍ കൃഷിയിലേക്ക് ഇറങ്ങിയ മോനു എന്ന വക്കച്ചന് ജാതിയും തെങ്ങും കൈതച്ചക്കയും വാഴയും നെല്ലും കുരുമുളകും ഉള്‍പ്പടെയുള്ള വിളകള്‍ക്ക് പുറത്തുനിന്നും വളം വാങ്ങാതിരിക്കാനാണ് പശു വളര്‍ത്തല്‍ ആരംഭിച്ചത്. ഇപ്പോള്‍ ഫാമില്‍ 37 പശുക്കളുണ്ട്. ദിവസവും 600 ലിറ്റര്‍ പാല് ലഭിക്കുന്നു.
പാല് കൊണ്ടുള്ള ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നം എന്ന ചിന്ത വന്നപ്പോള്‍ അധികമാരും ചിന്തിക്കാത്ത ഐസ്്ക്രീം എന്ന ആശയമാണ് മോനുവിന്റെ തലയിലുദിച്ചത്. കാരണം ഇപ്പോള്‍ത്തന്നെ നിരവധി നാടന്‍ ബ്രാന്‍ഡുകള്‍ തൈരും, നെയ്യും, പനീറുമെല്ലാം വിപണിയിലെത്തിക്കുന്നുണ്ട്. മാത്രമല്ല, ഫാം ഫ്രഷ് ആയിട്ടുള്ള ഐസ്ക്രീമുകള്‍ വിപണിയില്‍ അധികമില്ലതാനും. അങ്ങനെയെങ്കില്‍ കലര്‍പ്പില്ലാത്ത പാലും ഫ്രഷ് ക്രീമും കൊണ്ട് തയ്യാറാക്കുന്ന ഒരു തനിനാടന്‍ ഐസ്ക്രീം വിപണിയിലത്തിച്ചാലോ, ആ ചിന്തയാണ് മോനൂസ് ഐസ്ക്രീമിന്റെ പിറവിക്ക് പിന്നില്‍.
5 ഫ്ളേവറുകളില്‍ ഫാം ഫ്രഷ് ഐസ്ക്രീം
ദിവസവും 75-100 ലിറ്ററോളം പാലാണ് ഐസ്ക്രീം നിര്‍മ്മാണത്തിനായി മാറ്റിവെക്കുന്നത്. നിലവില്‍ ഇലഞ്ഞി, പിറവം, കൂത്താട്ടുകുളം, മോനിപ്പള്ളി, കുറുവിലങ്ങാട്, പെരുവ തുടങ്ങിയ സ്ഥലങ്ങളിലാണ് മോനൂസ് ഐസ്ക്രീം ലഭിക്കുന്നത്. പശു ഫാമും കൊക്കോ, ജാതി പ്ലാന്റേഷനുകളും നോക്കിനടത്തുന്നത് മോനു ആണെങ്കിലും ഭാര്യ നിസ് എലിസബത്തും സഹോദരി മീനു ട്രീസയുമാണ് ഐസ്ക്രീം നിര്‍മ്മാണത്തിനും വിപണനത്തിനും മേല്‍നോട്ടം നല്‍കുന്നത്. ഐസ്ക്രീം നിര്‍മ്മാണം സംബന്ധിച്ച ഔപചാരിക വിദ്യാഭ്യാസം നേടിയവരാണ് ഇരുവരും.
നിലവില്‍ വാനില, ബട്ടര്‍സ്കോച്ച്, സ്പാനിഷ് ഡിലൈറ്റ്, ചോക്ലേറ്റ്, ടെന്‍ഡര്‍ കോക്കനട്ട് എന്നിങ്ങനെ അഞ്ച് ഫ്ളേവറുകളിലാണ് ഐസ്ക്രീം പുറത്തിറക്കുന്നത്. ടെന്‍ഡര്‍ കോക്കനട്ടിന് ഉപയോഗിക്കുന്ന കരിക്ക് മോനുവിന്റെ ഫാമില്‍ നിന്ന് തന്നെയുള്ളതാണ്. അതുപോലെ ചോക്ലേറ്റ് ഫ്ളേവറില്‍ ഉപയോഗിക്കുന്നത് മോനുവിന്റെ തന്നെ കൊക്കോ പ്ലാന്റേഷനില്‍ നിന്നുള്ള കൊക്കോ ബീനുകള്‍ ഒരു സ്വകാര്യ കമ്പനിക്ക് നല്കി, അവര്‍ നിര്‍മ്മിക്കുന്ന ഉന്നത നിലവാരത്തിലുള്ള ചോക്ലേറ്റാണ്.
‘ഫാം ടു ഹോം ‘
മറ്റ് ഐസ്ക്രീം ബ്രാന്‍ഡുകളില്‍ നിന്നും മോനൂസിനെ വ്യത്യസ്തമാക്കുന്നത് ഫാം ഫ്രഷ് ആയ പാലും ക്രീമും ഉപയോഗിക്കുന്നു എന്നത് തന്നെയാണ്. ഫാം ടു ഹോം എന്നതാണ് മോനൂസിന്റെ ടാഗ് ലൈന്‍ തന്നെ. ഐസ്ക്രീമിന്റെ രുചി ഉപയോഗിക്കുന്ന പാലിന്റെയും ക്രീമിന്റെയും ഗുണനിലവാരത്തിലാണെന്നാണ് മോനു വിശ്വസിക്കുന്നത്. അതുപോലെ എയറേഷന് നല്കി അളവ് പെരുപ്പിക്കുന്ന രീതി മോനൂസ് ഐസ്ക്രീമിലില്ല. ആ വ്യത്യാസം രുചിയിലും ടെക്സ്ചറിലും അറിയാനാകും.
കഴിഞ്ഞ വര്‍ഷം ഐസ്ക്രീമിലൂടെ 15 ലക്ഷം രൂപയുടെ വരുമാനമാണ് മോനൂസ് നേടിയത്. അടുത്ത വര്‍ഷം കൂടുതല്‍ വിപണികളില്‍ മോനൂസ് ഐസ്ക്രീം എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിസും മീനുവും. ഐസ്ക്രീം കൂടാതെ ബട്ടര്‍ കുക്കീസും നെയ്യും സ്വന്തം തോട്ടത്തില്‍ നിന്നുള്ള ഏത്തപ്പഴത്തില്‍ നിന്നും തയ്യാറാക്കുന്ന ബനാന ഫിഗും മോനൂസ് ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നുണ്ട്.




