മുത്തൂറ്റ് മിനിയുടെ സാരഥ്യം ഏറ്റെടുത്ത് പത്ത് വര്‍ഷങ്ങള്‍ പൂര്ത്തിയാക്കിയിരിക്കുകയാണല്ലോ, കഴിഞ്ഞ പത്ത് വര്‍ഷത്തെ യാത്രയിലെ ഏറ്റവും നിര്‍ണ്ണായകമായ നിമിഷം എന്തായിരുന്നു?
ഈ യാത്രയിലെ ഏറ്റവും നിര്‍ണ്ണായകമായ നേട്ടം, സ്ഥാപനം അതിന്റെ പരമ്പരാഗത കരുത്ത് നിലനിര്‍ത്തിക്കൊണ്ടുതന്നെ, മികച്ച ഭരണ സംവിധാനങ്ങളുള്ള, സാമ്പത്തികമായി സുസ്ഥിരമായ ഒരു NBFC ആയി മാറിയെന്നതാണ്. കൃത്യമായ മാനേജ്മെന്റ് പ്ലാനിങ്ങിലൂടെയാണ് ഈ നേട്ടം കയ്യെത്തിപ്പിടിക്കാനായത്. ഭരണപരമായ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുകയും സ്ഥാപനത്തിന്റെ ബാലന്‍സ് ഷീറ്റില്‍ അച്ചടക്കം കൊണ്ടുവരികയും ചെയ്തു. സ്ഥിരമായ ലാഭക്ഷമത കൈവരിക്കുക, റേറ്റിംഗ് ഏജന്‍സികളുടെയും നിക്ഷേപകരുടെയും വിശ്വാസ്യതയില്‍ കൂടുതല്‍ മികവ് പുലര്‍ത്തുക തുടങ്ങിയ പ്രധാന നാഴികക്കല്ലുകള്‍ പിന്നിട്ട് കഴിഞ്ഞു. വിപണിയെപ്പറ്റി ആഴത്തില്‍ പഠിച്ച്, പ്രതികൂലമായ വിപണി സാഹചര്യങ്ങളെയും നിയമപരമായ മാറ്റങ്ങളെയും അച്ചടക്കവും ക്ഷമയും കൂട്ടായ പരിശ്രമവും കൈമുതലാക്കി മറികടന്നു. ദീര്‍ഘകാല ലക്ഷ്യങ്ങളിലൂന്നിയ പ്രവര്‍ത്തനമായിരുന്നു ഇക്കാലമത്രയും നടത്തിയത്.
മാനേജിംഗ് ഡയറക്റ്റര്‍ പദവി ഏറ്റെടുത്ത ആദ്യ വര്‍ഷങ്ങളില്‍ നേരിട്ട വെല്ലുവിളികളും ഒരു നേതാവെന്ന നിലയില്‍ അവ നല്കിയ പാഠങ്ങളും എന്തൊക്കെയായിരുന്നു?
ആദ്യകാലങ്ങളില്‍ ലക്ഷ്യങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടുപോകുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. മത്സരാധിഷ്ഠിതമായ NBFC രംഗത്ത് വളര്‍ച്ച കൈവരിക്കുന്നതിനൊപ്പം ആന്തരിക നിയന്ത്രണങ്ങളും റിസ്ക് മാനേജ്മെന്റ് സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്നത് ശ്രമകരമായിരുന്നു. ദീര്‍ഘകാല സ്ഥിരത മുന്‍നിര്‍ത്തി ചില സമയങ്ങളില്‍ വളര്‍ച്ചയുടെ വേഗത കുറയ്ക്കേണ്ടി വന്നിട്ടുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളിലും ശരിയായ തീരുമാനങ്ങള്‍ എടുക്കേണ്ടതിന്റെ അനിവാര്യത, പരിചയസമ്പന്നരായ ടീമുകളെ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ പഠിച്ചത് ഇക്കാലത്താണ്. സുസ്ഥിരമായ വിജയം വേഗതത്തിലുണ്ടാകുന്നതല്ല, സ്ഥിരതയിലൂടെ ഉണ്ടാകുന്നതാണെന്ന് മനസിലാക്കി.
അടുത്ത പത്ത് വര്‍ഷങ്ങളെ മുന്‍നിര്‍ത്തി മുത്തൂറ്റ് മിനിയുടെ വികസന കാഴ്ചപ്പാട് എന്താണ്?
മികച്ച ഭരണ സംവിധാനങ്ങളുള്ള, വിശ്വസ്തമായ ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍ മുത്തൂറ്റ് മിനിയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് എന്റെ കാഴ്ചപ്പാട്. വളര്‍ച്ച പ്രധാന ലക്ഷ്യമായി തുടരുമെങ്കിലും, ആസ്തിയുടെ ഗുണമേന്മ, മൂലധനത്തിന്റെ കരുത്ത്, റിസ്ക് മാനേജ്മെന്റിലെ അച്ചടക്കം എന്നിവയ്ക്ക് വ്യക്തമായ ഊന്നല്‍ നല്‍കും. ചെറിയ തുകയുടെ വായ്പകളിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത വിപണികളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താനും ശ്രമിക്കും. അതോടൊപ്പം സാങ്കേതികവിദ്യ, ജീവനക്കാരുടെ കഴിവുകള്‍, ഉപഭോക്തൃ അനുഭവങ്ങള്‍ എന്നിവ മെച്ചപ്പെടുത്തും.
എന്‍ബിഎഫ്സി മേഖലയിലെ നിയന്ത്രണങ്ങള്‍, മാറ്റങ്ങള്‍, വിപണിയിലെ അസ്ഥിരത എന്നീ പ്രതിസന്ധികള്‍ക്കിടയില്‍ മുത്തൂറ്റ് മിനിയുടെ യാത്ര സുഗമമാക്കിയ ഘടകങ്ങള്‍ എന്തെല്ലാമാണ്?
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എന്‍ബിഎഫ്സി മേഖല മികച്ച രീതിയില്‍ തന്നെ വികാസം പ്രാപിച്ചിട്ടുണ്ട്. റെഗുലേറ്ററി ആവശ്യകതകളുമായി ബന്ധപ്പെട്ട് മുത്തൂറ്റ് മിനി നടപടികള്‍ ശക്തമാക്കി. വിപണിയിലെ അസ്ഥിരതയുടെ കാലഘട്ടങ്ങളില്‍, സുരക്ഷിതമായ വായ്പ, യാഥാസ്ഥിതിക വായ്പ-മൂല്യ മാനദണ്ഡങ്ങള്‍, വിവേകപൂര്‍ണ്ണമായ ലിക്വിഡിറ്റി മാനേജ്മെന്റ് എന്നിവയിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് ബിസിനസിനെ അമിതമായ അപകടസാധ്യതയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിച്ചു. അനിശ്ചിത ഘട്ടങ്ങള്‍ തരണം ചെയ്യുന്നതില്‍ കടം നല്കുന്നവര്, നിക്ഷേപകര്‍, റെഗുലേറ്റര്‍മാര്‍ എന്നിവരുമായി സുതാര്യത നിലനിര്‍ത്തുന്നത് അനിവാര്യമാണ്.
ബിസിനസ്സ് അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്തുന്നതിലും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും സാങ്കേതികവിദ്യ വഹിച്ച പങ്കിനെക്കുറിച്ച് പറയാമോ?
മുത്തൂറ്റ് മിനിയുടെ വളര്‍ച്ചയില്‍ സാങ്കേതികവിദ്യ ഒരു പ്രധാന ഘടകമാണ്. പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പോര്‍ട്ട്ഫോളിയോ നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ഞങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ ടേണ്‍അറൗണ്ട് സമയം കുറയ്ക്കുന്നതിനും, പ്രക്രിയകള്‍ എളുപ്പമാക്കുന്നതിനും ഉപഭോക്തൃ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സഹായിച്ചിട്ടുണ്ട്.
അതേസമയം, ഇവ മാനുഷികമായ തൊഴിലുകള്‍ക്ക് പകരമായിട്ടല്ല. മികച്ച ഒരു പിന്തുണാസംവിധാനമായിട്ടാണ് ഞങ്ങള്‍ സാങ്കേതികവിദ്യയെ കാണുന്നത്.
ശക്തമായ ഒരു സംഘടനാ സംസ്കാരം കെട്ടിപ്പടുക്കുന്നതില്‍ മുത്തൂറ്റ് മിനി വിജയിച്ചിട്ടുണ്ടല്ലോ, അത് സാധ്യമാക്കിയ കാര്യങ്ങള്‍ എന്തെല്ലാമാണ്?
സമഗ്രത, ഉത്തരവാദിത്തം, ബഹുമാനം എന്നിവ ഞങ്ങള്‍ വിഭാവനം ചെയ്യുന്ന സംഘടനാ സംസ്കാരത്തിന്റെ അടിസ്ഥാനമാണ്. ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍, ബ്രാഞ്ച് തലത്തില്‍ ടീമുകളെ ശാക്തീകരിക്കുക, തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുക, ഉടമസ്ഥാവകാശബോധം വളര്‍ത്തുക എന്നിവയിലൂടെ ഉത്തരവാദിത്ത പൂര്‍ണമായ ഒരു സംസ്കാരം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. മൂല്യങ്ങളിലെ സ്ഥിരത, പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ കാലഘട്ടങ്ങളില്‍, സ്ഥാപനത്തിന്റെ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ അത്യന്താപേക്ഷിതമാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
മുത്തൂറ്റ് മിനിയുടെ ഭാവിയെ മുന്‍നിര്‍ത്തിയുള്ള ദീര്‍ഘകാല പദ്ധതികള്‍ എന്തെല്ലാമാണ് ?
ദീര്‍ഘകാലാടിസ്ഥാനത്തില്‍, മുത്തൂറ്റ് മിനി സാമ്പത്തികമായി ശക്തവും, നന്നായി ഭരിക്കപ്പെടുന്നതും, സാമൂഹികമായി പ്രസക്തവുമായ ഒരു എന്‍ബിഎഫ്സി ആയി അംഗീകരിക്കപ്പെടണമെന്ന ലക്ഷ്യമാണ് എന്റെ മനസിലുള്ളത്. വളര്‍ച്ചയുടെ സ്കെയിലിനപ്പുറം, സ്ഥിരത, ധാര്‍മ്മികത, എന്നിവയിലൂടെ ബഹുമാനിക്കപ്പെടുന്ന ഒരു സ്ഥാപനം കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. വിശ്വസ്തരായ ഉപഭോക്താക്കള്‍, ജീവനക്കാര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഒരു സുസ്ഥിര വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.
വിജയിച്ച യുവസംരംഭകന് എന്ന നിലയില്‍ വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് എന്ത് ഉപദേശമാണ് നല്കാന് ആഗ്രഹിക്കുന്നത് ?
ദീര്‍ഘകാല മനോഭാവത്തോടെ ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കണം. ഹ്രസ്വകാല നേട്ടങ്ങള്‍ ആകര്‍ഷകമായിരിക്കും, പക്ഷേ ബിസിനസില്‍ സുസ്ഥിര വിജയം അച്ചടക്കം, ധാര്‍മ്മികത, ശരിയായ ഭരണം എന്നിവയില്‍ അധിഷ്ഠിതമാണ്. ബിസിനസ് പുരോഗതിക്കായി കഴിവുള്ള ടീമുകളെ സ്ഥാപനത്തില്‍ വളര്‍ത്തിയെടുക്കുക, മാറ്റങ്ങളുമായി പൊരുത്തപ്പെടുക, വിശ്വാസ്യത വളര്‍ത്തുക.




