ഒന്നുമില്ലായ്മയില്‍ നിന്നും സമ്പന്നതയിലേക്ക് വളര്‍ന്ന നിരവധിപേരുണ്ട് നമുക്കുചുറ്റം. അവരുടെ ജീവിതകഥ മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. അങ്ങനെയുള്ള ഓരോ പുതിയ കഥയും നമ്മള് കൗതുകത്തോടെ കേള്‍ക്കണം. കാരണം ആ കഥ നല്കുന്ന പാഠം ഒരുപക്ഷേ നമുക്കും വഴിത്തിരിവായി മാറും.
ജോലിക്കായി പലരുടെ മുമ്പിലും എത്തി, എല്ലാവരും കയ്യൊഴിഞ്ഞ ഒരാള്‍. ഒടുവില്‍ സ്വന്തം അച്ഛന് തന്നെ ആയിരം രൂപ കൊടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിക്കോളാന്‍ പറഞ്ഞു. ഇനിയൊരിക്കലും മടങ്ങിവരരുതെന്നും. വേദനയും നാണക്കേടും കൊണ്ട് ജീവിതം വ്യര്‍ത്ഥമായി തോന്നിയ ആ നിമിഷത്തില്‍ ആ ആയിരം രൂപയും കൊണ്ട് അയാള്‍ ബെംഗളൂരുവിലേക്ക് വണ്ടി കയറി. ഇനി സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കിയിട്ടേ മടങ്ങിവരൂ എന്ന ശപഥവും എടുത്തു. അയാളുടെ രണ്ട് ദശാബ്ദങ്ങള്‍ നീണ്ട അധ്വാനവും നിശ്വയദാര്ഢ്യവും വെറുതെയായില്ല. സ്വന്തമായി അയാള്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് ഇന്ന് കോടികളുടെ മൂല്യമുള്ള ഒരു സംരംഭമാണ്.
ബസവരാജിന്റെ വിജയകഥ
പിതാവ് തന്ന ആയിരം രൂപയും സമ്പാദ്യമായി ഉണ്ടായിരുന്ന 55,000 രൂപയുമാണ് ബെംഗളൂരുവില്‍ വന്നിറങ്ങുമ്പോള്‍ ബസവരാജിന്റെ കയ്യിലുണ്ടായിരുന്നത്. എങ്ങനെ, എവിടെ നിന്ന് തുടങ്ങണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. പരിചയമുള്ള ആരുമില്ല, മൂലധനമില്ല, ഒരു ആശയവുമില്ല. പലരെയും വീട്ടില്‍ ചെന്നുകണ്ട് സഹായം ചോദിച്ചു. പല കമ്പനികളിലേക്കായി ദിവസം 20-25 ഫോണ്‍വിളികള്‍ നടത്തി. അവസാനം സെയില്‍സ് രംഗത്ത് ജോലി കിട്ടി. പക്ഷേ കാത്തിരുന്നത് അതിലും വലിയ നിയോഗങ്ങളായിരുന്നു.
യൂണിഫോമുകളും സേഫ്റ്റി ഗിയറും ഓഫീസ് സാമഗ്രികളും വിതരണം ചെയ്യുന്ന ഒരു സംരംഭമായിരുന്നു ആദ്യം തുടങ്ങിയത്. പക്ഷേ അപ്പോഴാണ് കൊറോണയുടെ കടന്നുവരവ്. പക്ഷേ ബസവരാജ് തോറ്റുപിന്മാറിയില്ല. സുസ്ഥിരമായ സമ്മാനങ്ങള്‍ നല്കാന് സഹായിക്കുന്ന ഒരു കമ്പനി അദ്ദേഹം തുടങ്ങി. ഇത് ഒരു വലിയ സംരംഭമായി വളര്‍ന്നു.
പകര്‍ച്ചവ്യാധി കാലത്താണ് സുസ്ഥിരതയെന്ന ആശയം ബസവരാജിന്റെ മനസ്സിലുടക്കുന്നത്. 2022-ല്‍ അദ്ദേഹം റാഫ്റ്റര്‍ എന്ന കമ്പനി ആരംഭിച്ചു. കോര്‍പ്പറേറ്റ് കമ്പനികളില്‍ സാധാരണ സമ്മാനമായി നല്കുന്ന സമ്മാനങ്ങള്‍ക്ക് പകരം പ്രകൃതിസൗഹൃദമായ സമ്മാനങ്ങള്‍ നല്‍കുകയായിരുന്നു ലക്ഷ്യം. പ്ലാസ്റ്റിക്കിന് പകരം മുള കൊണ്ടുള്ള കുപ്പികള്‍, തവിട് കൊണ്ട് ഉണ്ടാക്കിയ കപ്പ്, റീസൈക്കിള്‍ ചെയ്ത് നിര്‍മ്മിച്ച നോട്ട്ബുക്കുകള്‍ എന്നിവ അവയില്‍ ചിലതായിരുന്നു.
സുസ്ഥിരതയ്ക്ക് ഊന്നല്‍ നല്കുന്ന, ചെറിയ സംരംഭങ്ങളുമായി ചേര്‍ന്നാണ് ബസവരാജ് തന്റെ സംരംഭത്തെ വളര്‍ച്ചയിലേക്ക് നയിച്ചത്. ഇപ്പോള്‍ വരുമാനത്തില്‍ ഒരു കോട് കടന്നിരിക്കുകയാണ് കമ്പനി. ഇന്‍ഫോസിസ്, അപ്ലൈഡ് മെറ്റീരിയല്‍സ്, ടെസ് ഇന്ത്യ, കന്നമെന്റല് പോലുള്ള പ്രമുഖ കമ്പനികള്‍ ബസവരാജിന്റെ ക്ലൈന്റുകളാണ്.




