ഹോർലിക്സ്…ഈ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു ഉന്മേഷവും സന്തോഷവുമൊക്കെയാണ്. ഹോർലിക്സ് രുചിയറിയാത്ത ബാല്യങ്ങൾ കുറവാണെന്നു തന്നെ പറയാം. ഒരൊറ്റ ഉൽപ്പന്നത്തിൽ തുടങ്ങി വിവിധ ഫ്ലേവറുകളിൽ , വിവിധ പ്രായപരിധിയിലുള്ള ആളുകൾക്കായി വിപണിയിലെത്തുന്ന ഈ ഡ്രിങ്കിന്റെ ബ്രാൻഡിംഗ് ചരിത്രം അതീവ രസകരമാണ്. 1873-ൽ ബ്രിട്ടീഷ് സഹോദരന്മാരായ ജെയിംസും വില്യം ഹോർലിക്കും ഇംഗ്ലണ്ടിൽ മാൾട്ട് എന്ന ധാന്യം ഉപയോഗിച്ച് നിർമിച്ച പാനീയമാണ് ഹോർലിക്സ്. തുടക്കത്തിൽ ശിശുക്കൾക്കും രോഗികൾക്കും പോഷകാഹാര പാനീയമായി വിപണനം ചെയ്യപ്പെട്ട ഇത്, അതിന്റെ ആരോഗ്യ ഗുണങ്ങൾ കൊണ്ട് ശ്രദ്ധേയമായി.
ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് പട്ടാളക്കാർക്കായി നൽകിയ ഈ ബ്രാൻഡ് 1940-കളോടെയാണ് ഇന്ത്യയിൽ പ്രവേശിക്കുന്നത് . 1959-ൽ, പ്രാദേശിക ഉൽപ്പാദനം എന്ന നിലക്ക് ആരംഭിച്ച് ഇന്ത്യൻ വിപണിയിൽ ഹോർലിക്സ് സജീവമായി.ജൂനിയർ ഹോർലിക്സ്, വിമൻസ് ഹോർലിക്സ്, ഹോർലിക്സ് ലൈറ്റ് തുടങ്ങിയ വകഭേദങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ വിപണിയിലെത്തിച്ച് ചോക്ലേറ്റ്, എലൈച്ചി പോലുള്ള പുതിയ രുചികളിലൂടെ വിപണിയിൽ സജീവമായി.
ഈ ബ്രാൻഡ് മുമ്പ് ഗ്ലാക്സോസ്മിത്ത്ക്ലൈനിന്റെ ഉടമസ്ഥതയിലായിരുന്നു, തുടർന്നാണ് ഇന്ത്യയിലെ ഹെൽത്ത് ഫുഡ് ഡ്രിങ്ക്സ് വിഭാഗത്തിൽ അവർ മുൻനിരയിൽ എത്തിയത്. 2020 ൽ, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (HUL) ₹3,045 കോടി രൂപയുടെ ഒരു കരാറിൽ ഹോർലിക്സിനെ ഏറ്റെടുത്തു. ഇന്ന്, ഇന്ത്യയിലെ HFD വിഭാഗത്തിൽ ഹോർലിക്സിന് 50% ത്തിലധികം വിപണി വിഹിതമുണ്ട്. ശാസ്ത്രീയ വിശ്വാസ്യത, മാർക്കറ്റിംഗ് നവീകരണം എന്നിവ സംയോജിപ്പിക്കാനുള്ള കഴിവിലാണ് ഹോർലിക്സിന്റെ വിജയം.
വിജയത്തിന് പിന്നിലെ ബ്രാൻഡിംഗ് സ്ട്രാറ്റജികൾ
1. ശക്തമായ പാരമ്പര്യം –
ഒരു നൂറ്റാണ്ടിലേറെയായി ഹോർലിക്സ് പ്രചാരത്തിലുണ്ട്. തലമുറകളെ അടിസ്ഥാനമാക്കി നടത്തുന്ന ബ്രാൻഡിംഗ് ജനങ്ങളുടെ ഇടയിൽ വിശ്വാസം വളർത്തിയെടുത്തു, അത് അതിന്റെ വിജയത്തിന്റെ ഒരു നാഴികക്കല്ലായി മാറി.
2. പൊസിഷനിംഗിലെ വിജയം
തുടക്കത്തിൽ എല്ലാ പ്രായക്കാർക്കും ആരോഗ്യത്തിലും പോഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഹോർലിക്സ് വിപണി പിടിച്ചത് . പിന്നീട് കുട്ടികൾക്കും അമ്മമാർക്കുമായുള്ള ഉൽപ്പന്നങ്ങൾ കൊണ്ട് വന്നു. ഇത് സ്മാർട്ട് സെഗ്മെന്റേഷൻ കാണിക്കുന്ന ഒരു നീക്കമായിരുന്നു. മുതിർന്നവരെയും സ്ത്രീകളെയും പ്രമേഹരോഗികളെയും പോലും ലക്ഷ്യമിട്ട് കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു.
3. പ്രാദേശികമായ മാർക്കറ്റിങ്
യുകെയിൽ നിന്നാണ് ഹോർലിക്സ് ഉത്ഭവിച്ചതെങ്കിലും, ഇന്ത്യയിൽ എത്തിയതോടെ പ്രാദേശിക ബ്രാൻഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രത്യേകിച്ച് മാതാപിതാക്കൾക്കിടയിൽ ഉൽപ്പന്നം വളരെ വേഗം വിജയം നേടി
4. ഉൽപ്പന്ന വൈവിധ്യവത്കരണം
ജൂനിയർ ഹോർലിക്സ്, വിമൻസ് ഹോർലിക്സ്, ഹോർലിക്സ് ലൈറ്റ്, ഹോർലിക്സ് പ്രോട്ടീൻ+, പ്രമേഹത്തിനുള്ള ഹോർലിക്സ് എന്നിവ അവതരിപ്പിച്ചു കൊണ്ട് എല്ലാ വിഭാഗത്തിലുള്ള ജനങ്ങളിലേക്കും ഇറങ്ങി ചെല്ലാൻ ഉൽപ്പന്നത്തിന് സാധിച്ചു.
5. മികവുറ്റ പരസ്യങ്ങൾ, കാപ്ഷനുകൾ
ടോളർ, സ്ട്രോങ്ങർ , ഷാർപ്പർ എന്ന രീതിയിലുള്ള എക്കലത്തും ഓർത്തിരിക്കുന്ന പരസ്യ കാമ്പയിനുകളായിരുന്നു ഹോർലിക്സിന്റെ വിജയം. സ്കൂൾ പരീക്ഷാ സീസണുകളിൽ വൻതോതിൽ പരസ്യം ചെയ്തു കുട്ടികളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു. ടിവി, പ്രിന്റ്, ഇപ്പോൾ ഡിജിറ്റൽ എന്നിവയിലുടനീളം സ്ഥിരമായ ബ്രാൻഡിംഗ് നടത്തി കൂടുതൽ ജനകീയമായി.
6. ശാസ്ത്രീയ പിന്തുണ
ഹോർലിക്സ് ക്ലിനിക്കൽ പഠനങ്ങൾ, ശാസ്ത്രീയ ഫോർമുലേഷനുകൾ, പോഷകം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തനം വിപുലപ്പെടുത്തിയത്. ഇത് ജനങ്ങൾക്കിടയിൽ ഉൽപ്പനനത്തിന്റെ വിശ്വാസ്യത വർധിപ്പിച്ചു.
7. ചില്ലറ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വ്യാപകമായി ഹോർലിക്സ് ലഭ്യമാണ്. ഫാർമസികൾ, പലചരക്ക് കടകൾ, ആധുനിക വ്യാപാരം എന്നിവയിലെ ശക്തമായ സാന്നിധ്യമായതോടെ ആരോഗ്യ സംരക്ഷണ പാനീയം എന്ന നിലയിൽ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞു.
8. ഡിജിറ്റൽ പരിവർത്തനം
സോഷ്യൽ മീഡിയ ബ്രാൻഡിംഗ്, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്, ഡിജിറ്റൽ സ്റ്റോറിടെല്ലിംഗ് തുടങ്ങിയ നൂതന പരസ്യ മാർഗണങ്ങളിലൂടെ ബ്രാൻഡിംഗിൽ കൂടുതൽ ശക്തമായി.




