2017-ല്‍ ആക്ടീവ് വെയര്‍ വിഭാഗത്തില്‍ ഹീലിയം എന്ന ബ്രാന്‍ഡ് തുടങ്ങുമ്പോള്‍ പ്രതീക് ശര്‍മ്മയ്ക്കും സിദ്ധാര്‍ത്ഥ് ജെയിനും വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. പോളിസ്റ്ററും നൈലോണും ഉള്‍പ്പടെ സിന്തറ്റിക് ഫാബ്രിക് കൊണ്ടുള്ള ആക്ടീവ് വെയറുകളും സ്പോര്‍ട്സ് വെയറുകളും (വ്യായാമ സമയങ്ങളിലും കായിക വിനോദങ്ങളിലും ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍) ധരിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായ ഒരു ബ്രാന്‍ഡായി വളരുക എന്നതായിരുന്നു അത്. ഡിക്കാത്ലോണും ജോക്കിയും പോലുള്ള ആഗോള ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ അവര്‍ക്ക് മുമ്പിലുള്ള മികച്ച അവസരമായിരുന്നു അത്.
സിന്തറ്റിക് ഫാബ്രികിന്റെ പോരായ്മകള്‍
സിന്തറ്റിക് ഫാബ്രിക്ക് കൊണ്ടുള്ള ആക്ടീവ് വെയറുകള്‍ നല്കുന്ന അസ്വസ്ഥത അനുഭവിച്ചവരായിരുന്നു പ്രതീകും സിദ്ധാര്‍ത്ഥും. സ്റ്റാന്‍ഡേര്‍ഡ് പോളിസ്റ്റര്‍ സോക്സുകള്‍ വിയര്ത്താലുള്ള ദുര്‍ഗന്ധവും ധരിക്കുമ്പോഴുള്ള ചൂടും അസ്വസ്ഥതയും കായികതാരങ്ങളും വ്യായാമം ചെയ്യുന്നവരും നിരന്തരം അനുഭവിക്കുന്ന പ്രശ്നമാണ്. അത് പരിഹരിക്കാന്‍ തന്നെ ആ യുവ സംരംഭകര്‍ തീരുമാനിച്ചു. അങ്ങനെയാണ് ഹീലിയത്തിന്റെ പിറവി.
സുസ്ഥിരത മുഖമുദ്ര
സിന്തറ്റിക് ഫാബ്രിക്കിന് ബദലായി ഹീലിയം അവതരിപ്പിച്ചത് മുള-അധിഷ്ഠിത ഗുണമേന്മയുള്ള ഫാബ്രിക്കായിരുന്നു. സോക്സുകള്‍, ടവ്വലുകള്‍, അടിവസ്ത്രങ്ങള്‍ അടക്കം മുള കൊണ്ടുള്ള ഫാബ്രിക്കില്‍ ഹീലിയം വിപണിയില്‍ അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ മുഖമുദ്രയായ മുള കൊണ്ടുള്ള ഫാബ്രിക് ഈര്‍പ്പം വലിച്ചെടുക്കും, വിയര്‍ത്താലും ദുര്‍ഗന്ധം വരില്ല, മാത്രമല്ല ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ കായികതാരങ്ങള്‍ക്കും വ്യായാമം ചെയ്യുന്നവര്‍ക്കും അത് അനുയോജ്യമായിരിക്കും. പോളിസ്റ്റര്‍ സ്പോര്‍ട്സ് വെയറില്‍ നിന്നും വ്യത്യസ്തമായി ഹീലിയത്തിന്റെ മെറ്റീരിയല്‍ ബ്രീത്തബിളും ഈടുനില്‍ക്കുന്നതും പരിസ്ഥിതി സൗഹൃദവുമാണ്. കൂടാതെ ധരിക്കുന്നവര്‍ക്ക് സുഖവും നല്‍കും.
D2C ബ്രാന്‍ഡിംഗ്
‘ഡയറക്ട് ടു കസ്റ്റമേഴ്സ്’ എന്നതാണ് ഹീലിയത്തിന്റെ ബ്രാന്‍ഡിംഗ് ശൈലി. 15 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫെര്‍ഫോമന്‍സ് വെയര്‍ വിപണിയില്‍ ഓണ്‍ലൈന്‍ മാര്ക്കറ്റ്പ്ലേസുകളിലൂടെയാണ് ഹീലിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ആമസോണ്‍, മിന്ത്ര, അജിയോ തുടങ്ങിയ ഇ-കൊമേഴ്സ് ഇടങ്ങളില്‍ ഹീലിയം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. കൂടാതെ സെപ്റ്റോ, സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഹീലിയം ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.
വിജയിച്ച സാമ്പത്തിക മോഡല്‍
മിതമായ നിരക്കില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാനായതാണ് ഹീലിയത്തിന്റെ വിജയരഹസ്യം. പ്രത്യേകിച്ച് ഫിറ്റ്നസ്സ്പ്രിയരും പരിസ്ഥിതി പ്രേമികളും ബ്രാന്‍ഡിനെ ഏറ്റെടുത്തു. 2024-ല്‍ ഹീലിയം പ്രവര്‍ത്തനം വിപുലപ്പെടുത്തി. നിര്‍മ്മാണം വ്യാപിപ്പിച്ചു. വരുമാനത്തില്‍ 51.5% വര്‍ധനയുണ്ടായി. 2023-ല്‍ നിന്ന് 2024-ലേക്ക് എത്തിയപ്പോഴേക്കും വരുമാനം 16.9 കോടി രൂപയില്‍ നിന്ന് 25.6 കോടി രൂപയിലേക്ക് എത്തി. ഇതിനിടെ ബാംബൂ ഹാന്ഡ്കര്ച്ചീഫും ഹീലിയം പുറത്തിറക്കി. ഈ വര്‍ഷം ഓഫ്ലൈനായി റീട്ടെയ്ല്‍ വികസന പദ്ധതികളും ഹീലിയം പദ്ധതിയിടുന്നുണ്ട്.




