ബെംഗളൂരുകാർക്ക് , അല്ലെങ്കിൽ ബെംഗളൂരുവിൽ പോയിട്ടുള്ളവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു രുചിവൈവിധ്യമാണ് ആർഎൻആർ ഡോൺ ബിരിയാണി. കർണാടകയുടെ തനത് രുചിയാണ് ഇതിന്റെ പ്രത്യേകത . 2020 ൽ , കൃത്യമായി പറഞ്ഞാൽ കൊറോണക്കാലത്ത് സകല ഉപജീവന മാർഗങ്ങളും അടഞ്ഞപ്പോൾ സഹോദരിമാരായ രമ്യയും ശ്വേത രവിയും ചേർന്ന് തുടങ്ങിയതാണ് ഈ ബിരിയാണി ബ്രാൻഡ്. ബിരിയാണി വിതരണം ചെയ്യുന്ന നൂറുകണക്കിന് ബ്രാൻഡുകളുള്ള ബെംഗളൂരുവിൽ ഇവരുടെ ബിരിയാണിയെ വ്യത്യസ്തമാക്കിയത് അവർ പരീക്ഷിച്ചത് മുത്തശ്ശിയുടെ റെസിപ്പിയായിരുന്നു എന്നതാണ്.മുത്തശ്ശിയുടെ റെസിപ്പിയിൽ നാട്ടി-സ്റ്റൈൽ ഡോൺ ബിരിയാണി എന്നപേരിൽ വിപണിയിലെത്തിയ ബിരിയാണിക്ക് വിപണി ഉയർന്നത് വളരെ പെട്ടന്നാണ്.

മറ്റ് സ്വാഭാവിക ബിരിയാണികളിൽ നിന്നും വ്യത്യസ്തമായി ഈ ബിരിയാണിയുടെ പാചകക്കുറിപ്പ് വ്യത്യസ്തമായിരുന്നു ആധികാരിക കർണാടക വിഭവം എന്ന നിലയ്ക്കാണ് ഡോൺ ബിരിയാണി ശ്രദ്ധിക്കപ്പെട്ടത്. 200 ചതുരശ്ര അടി മാത്രം വിസ്തൃതിയുള്ള ക്ലൗഡ് കിച്ചണിൽ നിന്നുമായിരുന്നു തുടക്കം. തുടക്കത്തിൽ ഒരു മെല്ലെപ്പോക്ക് ഉണ്ടായിരുന്നെങ്കിലും കൊറോണ ഇളവുകൾ വന്നതോടെ ബിരിയാണിരുചി ശ്രദ്ധിക്കപ്പെട്ടു. 5 ലക്ഷം രൂപയായിരുന്നു ക്ളൗഡ് കിച്ചൻ നിർമാണത്തിനും തൊഴിലാളികൾക്കും വിതരണ വാഹനത്തിനുമൊക്കെയായി തുടക്കകത്തിൽ ചെലവഴിച്ചത്. ഒരുപിടി ജീവനക്കാരും ഡെലിവറി ടൈ-അപ്പുകളും ആയി ചെറിയ ഇടത്തിൽ നിന്നുകൊണ്ട് രമ്യയും ശ്വേതയും വലിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങി.
ഒരുപിടി പ്രത്യേകതകളുള്ള ബിരിയാണി
ആർഎൻആറിനെ വ്യത്യസ്തമാക്കിയത് ആധികാരികതയും പാരമ്പര്യ രീതിയിലുള്ള നിര്മാണവുമായിരുന്നു. വില്പനയ്ക്കായി വിപണിയിൽ എത്തുന്ന ബിരിയാണികളിൽ നിന്നും വ്യത്യസ്തമായി കൈകൊണ്ട് പൊടിച്ച സുഗന്ധവ്യഞ്ജനങ്ങൾ ആണ് നാട്ടി രീതിയിൽ തയ്യാറാക്കുന്ന ബിരിയാണിയിൽ ചേർത്തിരുന്നത്. വാഴയിലകൾ നിരത്തിയ ടിൻ ബോക്സുകളിൽ , പ്ലാസ്റ്റിക് കടന്നെത്താത്ത രീതിയിലായിരുന്നു ബിരിയാണിയുടെ പാക്കിംഗ്. മാത്രമല്ല, ആർക്കും താങ്ങാനാവുന്ന വിലയിലാണ് ബിരിയാണി വിറ്റിരുന്നത്.അതിനാൽ തീർത്തും സ്വാഭാവികമായ രീതിയിൽ ആർഎൻആർ ഡോൺ ബിരിയാണി ഒരു ഫുഡ് ബ്രാൻഡായി മാറുകയായിരുന്നു.

ചിക്കൻ ഡോൺ ബിരിയാണി, മട്ടൺ ഡോൺ ബിരിയാണി, വെജിറ്റേറിയൻ ബിരിയാണി, സ്റ്റാർട്ടറായി നാട്ടി ചിക്കൻ പെപ്പർ ഫ്രൈ, ചില്ലി ചിക്കൻ,റൈത്ത, ചട്ണികൾ, വേവിച്ച മുട്ടകൾ, പായസം, സൂപ്പുകൾ എന്നിവയാണ് ഇവിടെ വിൽക്കുന്നത്. ക്ലൗഡ് കിച്ചണുകളിലൂടെയും ഡൈൻ-ഇൻ വഴിയും ആയിരക്കണക്കിന് ബെംഗളൂരു നിവാസികൾ ഇഷ്ടപ്പെടുന്ന ഒരു ബ്രാൻഡാണ് ആർഎൻആർ നമ്മ ഡോൺ ബിരിയാണി.
2021–22 ആയപ്പോഴേക്കും, രമ്യയും ശ്വേതയും നഗരത്തിലുടനീളമുള്ള 14 ക്ലൗഡ് കിച്ചണുകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.അതിനു പുറമെ ജയനഗറിൽ ഒരു ഡൈൻ-ഇൻ റെസ്റ്റോറന്റ് ആരംഭിച്ചു.ഇത് ആർഎൻആറിനെ ഒരു അറിയപ്പെടുന്ന ബ്രാൻഡാക്കി മാറ്റി.പ്രവർത്തനം തുടങ്ങി 18 മാസത്തിനുള്ളിൽ കോടികളുടെ വരുമാനമുണ്ടാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞു.ഏറ്റവും മോശപ്പെട്ട സമയത്ത് തുടക്കം കുറിച്ച ഒരു ബ്രാൻഡായിട്ട് പോലും കൃത്യമായ ഡാറ്റ മാനേജ്മെന്റ് വഴി ബിരിയാണി കച്ചവടം മുന്നോട്ട് കുതിച്ചു.

പരമ്പരാഗത രുചികൾ ആധുനിക ബിസിനസ് മോഡലുകളുമായി സംയോജിപ്പിക്കുമ്പോൾ, അസാധാരണമായ വളർച്ചയിലേക്ക് ബിസിനസിനെ നയിക്കാൻ കഴിയുമെന്നതിന്റെ പ്രചോദനാത്മകമായ ഉദാഹരണമാണ് രമ്യയുടെയും ശ്വേതയുടെയും സംരംഭകത്വ യാത്ര. ഇന്ന് കർണാടകയുടെ തനത് ഭക്ഷണത്തിന്റെ പര്യായമായി ഈ ബ്രാൻഡ് നിലനിൽക്കുന്നു. അഞ്ച് ലക്ഷം രൂപ നിക്ഷേപത്തിൽ തുടങ്ങിയ സ്ഥാപനത്തിന്റെ നിലവിലെ ബ്രാൻഡ് മൂല്യം 8 കോടി രൂപക്ക് മുകളിലാണ്.
ഭാവി പദ്ധതികൾ
ആർഎൻആറിനെക്കുറിച്ചുള്ള രമ്യയുടെയും ശ്വേതയുടെയും കാഴ്ചപ്പാട് ബെംഗളൂരുവിനപ്പുറത്തേക്ക് കടക്കുകയാണ്.ഡോൺ ബിരിയാണിയെ ഹൈദരാബാദി അല്ലെങ്കിൽ ലഖ്നൗവി ബിരിയാണിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തിനു പിന്നാലെയാണ് ഇരുവരും.ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ പ്രധാന മെട്രോകളിലേക്ക് അവർ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു.ഫ്രാഞ്ചൈസിംഗ് വഴി RNR ഔട്ട്ലെറ്റുകൾ തുറക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഗുണനിലവാരം നിലനിർത്തിക്കൊണ്ട് നിലനിർത്തിക്കൊണ്ട് വേഗത്തിലുള്ള സ്കെയിലിംഗ് ആണ് പദ്ധതിയിടുന്നത്. വികസനം ഏത് രീതിയിലാണെങ്കിലും മുത്തശ്ശിയുടെ പാചകക്കുറിപ്പിന്റെ ആധികാരികത സംരക്ഷിക്കുന്ന രീതിയിൽ മാത്രമേ മുന്നോട്ട് പോകൂ എന്നാണു ഇരുവരും പറയുന്നത്.





