യോഗയാണ് തന്റെ വഴി എന്ന് തിരിച്ചറിയുന്നത് എങ്ങനെയാണ്
ശാരീരികമായി ആക്ടീവായിരിക്കുന്ന ഒരു ജോലിയോടായിരുന്നു ചെറുപ്പം മുതല്ക്കേ താല്‍പ്പര്യം. നൃത്തമായിരുന്നു ആദ്യം മനസ്സില്‍. കലാമണ്ഡലം വസന്ത ടീച്ചറായിരുന്നു ഗുരു. നൃത്ത പഠനം പൂര്‍ത്തിയാക്കിയെങ്കിലും അച്ഛന് മകളൊരു ഡോക്ടറാകണമെന്നതായിരുന്നു ആഗ്രഹം. അങ്ങനെയാണ് രാജീവ് ഗാന്ധി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ധര്‍മ്മസ്ഥലയിലെ എസ്ഡിഎം കോളെജ് ഓഫ് നാച്ചുറോപ്പതിയില്‍ ബിരുദ പഠനത്തിനായി ചേരുന്നത്. BNYS (ബാച്ചിലര്‍ ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സ്) ആയിരുന്നു കോഴ്സായി തിരഞ്ഞെടുത്തത്. അഞ്ചരവര്ഷമായിരുന്നു കോഴ്സ്. നാച്ചുറോപ്പതിയും യോഗയും ആഴത്തില്‍ പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് യോഗയാണ് തന്റെ വഴിയെന്ന തോന്നല്‍ മനസ്സിലുണ്ടാകുന്നത്. 23 വര്‍ഷമായി യോഗ ചെയ്യുന്നുണ്ട്. ബിരുദ പഠനത്തിന് ശേഷം 18 വര്‍ഷമായി യോഗ അധ്യാപനത്തിലും യോഗാതെറാപ്പി രംഗത്തും സജീവമാണ്. കരയറിന്റെ തുടക്കം കുവൈറ്റിലായിരുന്നു. പകര്‍ച്ചവ്യാധി വന്നതോടെ 2022-ല്‍ നാട്ടിലെത്തി. അതിനുശേഷമാണ് പാലാരിവട്ടത്ത് യോഗാശ്രം തുടങ്ങുന്നത്. ഒരു സാധാരണ യോഗ പഠന കേന്ദ്രം എന്നതിനേക്കാള്‍ യോഗാതെറാപ്പി ആളുകള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുകയെന്ന ആഗ്രഹം തുടക്കം മുതല്ക്കേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്ന് സമൂഹത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഉദരപ്രശ്നങ്ങള്‍, പെയിന്‍, സ്ട്രെസ് എന്നീ മൂന്ന് കാര്യങ്ങളെ കേന്ദ്രീകരിച്ച് യോഗാശ്രം തുടങ്ങിയത്.
- യോഗയാണ് തന്റെ വഴി എന്ന് തിരിച്ചറിയുന്നത് എങ്ങനെയാണ്
- യോഗയില്‍ ഗുരു ആരാണ്
- മറ്റ് യോഗ കേന്ദ്രങ്ങളില്‍ നിന്ന് യോഗാശ്രം വ്യത്യസ്തമാകുന്നത് എങ്ങനെയാണ്
- സ്ട്രെസ്, പെയിന്‍, ഗട്ട് പ്രശ്നങ്ങള്‍ക്ക് ഡോ. അഖിലയുടെ സീക്രട്ട് ഫോര്‍മുല എന്താണ്
- ഗട്ട്-ബ്രെയിന്‍ ആക്സിസ് എന്താണ്, വയറും തലച്ചോറും എന്ന വിഷയത്തെ കുറിച്ചും ഡോക്ടര്‍ കൂടുതല്‍ പറയാറുണ്ടല്ലോ, അതിന്റെ കാരണമെന്താണ്
- യോഗാശ്രമിലെ കണ്‍സള്‍ട്ടേഷനും തെറാപ്പി സെഷനുകളും എങ്ങനെയാണ്
- 24 വര്‍ഷം (2002-2026) നീണ്ടുനില്‍ക്കുന്ന യോഗ ജീവിതത്തിലെ നേട്ടങ്ങള്‍ എന്തെല്ലാമാണ്
- യോഗ ജീവിതത്തിലെ മറക്കാനാകാത്ത ചില അനുഭവങ്ങള്‍
- സമാധാന ജീവിതത്തിന് ഡോക്ടറുടെ ടിപ്പ്സ് എന്തെല്ലാമാണ്
- English Summary
യോഗയില്‍ ഗുരു ആരാണ്
യോഗ അവിചാരിതമായി എന്നിലേക്ക് വന്നുചേര്‍ന്നതല്ല. മുത്തച്ഛന് വൈദ്യനും യോഗിയുമായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് യോഗയിലേക്കും യോഗാതെറാപ്പിയിലേക്കും എത്തിയതെങ്കിലും മുത്തച്ഛന്റെ പാത പിന്തുടരാനുള്ള നിയോഗമായിരുന്നു അതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. കോതമംഗലത്തെ കറുകിടത്തായിരുന്നു അമ്മയുടെ കുടുംബം. അവിടെ ഒരു പറമ്പ് മുഴുവന്‍ മരുന്നുകളായിരുന്നു. അതെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്. തറവാട്ടിലെ മരുന്നുപുരയും അവിടുത്തെ ഗന്ധവും ഇന്നും മനസ്സിലുണ്ട്. ജീവിതത്തില്‍ യോഗയ്ക്ക് അത്രയധികം പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് യോഗാശ്രം എന്ന് സെന്ററിനു പേരിട്ടത്.
മറ്റ് യോഗ കേന്ദ്രങ്ങളില്‍ നിന്ന് യോഗാശ്രം വ്യത്യസ്തമാകുന്നത് എങ്ങനെയാണ്
കേരളത്തിലെ ആദ്യത്തെ യോഗാതെറാപ്പി കേന്ദ്രമാണ് യോഗാശ്രം. സാധാരണ യോഗ സ്കൂളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് യോഗാശ്രം. ആളുകള്‍ക്ക് ബാച്ചുകളായി പരിശീലനം നല്‍കുകയാണ് സാധാരണ യോഗ സ്കൂളുകള്‍ ചെയ്യുന്നത്. അത്തരം സ്കൂളുകളില്‍ സാധാരണ ആളുകള്‍ക്ക് യോഗ പഠിക്കാനും പരിശീലിക്കാനുമുള്ള സൗകര്യവും അവസരങ്ങളുമാണ് ഉള്ളത്. എന്നാല്‍ യോഗാതെറാപ്പി സെന്റര്‍ അനാരോഗ്യമുള്ള ആളുകള്‍ക്ക് യോഗയിലൂടെ രോഗം സുഖപ്പെടാനുള്ള അവസരമാണ്. യോഗയിലൂടെ അവരെ രോഗാവസ്ഥയില്‍ നിന്നും പുറത്തുകൊണ്ടുവന്ന് സാധാരണ ആളുകളെ പോലെ യോഗ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിക്കുകയാണ് യോഗാശ്രം ചെയ്യുന്നത്. ഉദാഹരണത്തിന് പിസിഒഎസ് പോലുള്ള ശാരീരിക അവസ്ഥകള്‍ നേരിടുന്നവര്‍ക്ക് ഗര്‍ഭപാത്രത്തിനും അനുബന്ധ അവയവങ്ങള്‍ക്കും സുഖം വരുന്ന തരത്തിലുള്ള യോഗാരീതികളാണ് യോഗാതെറാപ്പിയിലൂടെ ലഭിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് യോഗ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. ഗ്രൂപ്പ് യോഗ ക്ലാസുകള്‍ അവര്‍ക്ക് ഗുണം ചെയ്യില്ല. അവര്‍ക്ക് യോഗതെറാപ്പി ആണ് ആവശ്യം. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, ഡീടോക്സിഫിക്കേഷന്, രക്തയോട്ടം മെച്ചപ്പെടുത്തല്‍ എല്ലാമാണ് യോഗതെറാപ്പിയിലൂടെ ചെയ്യുന്നത്.
സ്ട്രെസ്, പെയിന്‍, ഗട്ട് പ്രശ്നങ്ങള്‍ക്ക് ഡോ. അഖിലയുടെ സീക്രട്ട് ഫോര്‍മുല എന്താണ്
ഉദര സംബന്ധമായ പ്രശ്നങ്ങള്‍, വേദന, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ആളുകള്‍ ഇന്ന് അനവധിയാണ്. എന്റെ അനുഭവം പറയാം. കുവൈറ്റില്‍ താമസിക്കുമ്പോള്‍ GERD എന്ന ആസിഡ് റിഫ്ളെക്സ് പ്രശ്നം രൂക്ഷമായി അലട്ടിയിരുന്ന സമയം. അതെത്തുടര്‍ന്ന് മാസങ്ങളോളം ഭാരക്കുറവ് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടു. പല പ്രതിവിധികള്‍ ചെയ്തെങ്കിലും പരിഹാരമുണ്ടായില്ല. ശാരീരികമായി തളര്‍ന്നുപോയെങ്കിലും യോഗ ജീവിതത്തിന്റെ ഭാഗമായിരുന്നതുകൊണ്ട് മാനസികമായി തളര്‍ന്നില്ല. ആഹാരക്രമത്തില്‍ മാറ്റം വരുത്തിയും മുറ തെറ്റാതെ യോഗ പരിശീലിച്ചുമാണ് അന്ന് ആരോഗ്യം തിരിച്ചുപിടിച്ചത്. ആഹാരക്രമം, പ്രോബയോട്ടിക്കുകളുടെ ഉപയോഗം, യോഗ എന്നിവ കോര്‍ത്തിണക്കി GERD-ക്കെതിരെ വികസിപ്പിച്ചെടുത്ത ചികിത്സാരീതി വിജയമായിരുന്നു. അത് മറ്റുള്ളവര്‍ക്കും ഉപകാരപ്പെടട്ടെ എന്ന ചിന്തയിലാണ് യോഗാശ്രമില് ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സ്പെഷ്യല്‍ പ്രോട്ടോക്കോള്‍ ആരംഭിച്ചത്.
ഉദരാരോഗ്യം ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഒരിക്കല്‍ എന്റെ രോഗാവസ്ഥയെ കുറിച്ചും അതില്‍ നിന്നുള്ള തിരിച്ചുവരവിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ എന്റെ ചാനലില്‍ ഒരു ലൈവ് പോയിരുന്നു. അന്നാണ് നിരവധിയാളുകള്‍ ഉദരസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കിയത്. പിന്നീട് നാട്ടില്‍ വന്ന് ഒരു ചാനലില്‍ അനുഭവം പറഞ്ഞതിന് ശേഷം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വിളിക്കുകയും തേടിവരികയും ചെയ്തു. പലതരം വേദനകളും ഇന്ന് ആളുകളെ അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. വേദന കൈകാര്യം ചെയ്യുന്നതില്‍ അക്യുപങ്ചര്‍ വളരെ ഫലവത്താണ്. പലരും മിഥ്യാശാസ്ത്രമെന്ന് വിളിച്ച് എഴുതിത്തള്ളാറുണ്ടെങ്കിലും ഗുണഫലം അനുഭവിച്ചവര്‍ക്ക് മാത്രമേ അക്യുപങ്ചറില് വിശ്വാസം വരികയുള്ളു. ഈ മേഖലയില്‍ വേണ്ടത്ര അറിവോ വൈദഗ്ധ്യമോ ഇല്ലാത്തവരാണ് അക്യുപങ്ചറിന്റെ പേരിന് കളങ്കമുണ്ടാക്കുന്നത്. പക്ഷേ അഞ്ചരവര്‍ഷം നീണ്ട നാച്ചുറോപ്പതി, യോഗിക് സയന്‍സ പഠനകാലയളവില്‍ വളരെ ആഴത്തില്‍ അക്യുപങ്ചറിനെ കുറിച്ച് പഠിക്കുകയും ഏറ്റവും മികച്ച ഫലം തരുന്ന രീതിയില്‍ ആ ചികിത്സാരീതി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അറിയുകയും ചെയ്തതിനാല്‍ വേദനക്കെതിരെ എനിക്ക് വളരെ വിശ്വാസമുള്ള ചികിത്സാരീതിയാണ് അക്യുപങ്ചര്‍. പുറംവേദന, നടുവേദന, മൈഗ്രൈന്‍ എന്നിവയ്ക്കെല്ലാം അക്യുപങ്ചര്‍ കപ്പിംഗ് തെറാപ്പിയും ചൂട് കൊടുത്തുകൊണ്ടുള്ള ചികിത്സാരീതികളുമാണ് യോഗാശ്രമില് നല്കുന്ന ചികിത്സ.
ഗട്ട്-ബ്രെയിന്‍ ആക്സിസ് എന്താണ്, വയറും തലച്ചോറും എന്ന വിഷയത്തെ കുറിച്ചും ഡോക്ടര്‍ കൂടുതല്‍ പറയാറുണ്ടല്ലോ, അതിന്റെ കാരണമെന്താണ്
സ്ട്രെസ് എന്നത് മാനസികമായ അനാരോഗ്യമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ശാരീരികമായി, പ്രത്യേകിച്ച് കുടലിന്റെ ആരോഗ്യവുമായി അത് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. കുടലിലെ അനാരോഗ്യം തലച്ചോറിനെ സ്വാധീനിക്കും. ഉദരസംബന്ധമായ പ്രശ്നങ്ങള്‍, മാനസികസമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കുമൊക്കെ കാരണമാകും. മലബന്ധം വിഷാദത്തിന് വഴിവെക്കും. സന്തോഷം തരുന്ന ബാക്ടീരികള്‍ നമ്മുടെ കുടലിലുണ്ട്. അതുകൊണ്ട് മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ്സിന് കാരണം ഉദരസംബന്ധമായ പ്രശ്നങ്ങളാണെങ്കില്‍ ആദ്യം അതിന് ചികിത്സ നല്‍കണം. അതല്ല ജീവിതത്തില്‍ നടന്ന എന്തെങ്കിലും ട്രാജഡിയോ മറ്റോ ആണെങ്കില്‍ ആദ്യം അതിന് പ്രതിവിധി കണ്ടെത്തണം. അതിനുശേഷം തെറാപ്പി എന്ന രീതിയില്‍ യോഗ കൂടി ഉള്‍ക്കൊള്ളിച്ചാണ് സ്ട്രെസ്സ് മാറ്റിയെടുക്കുന്നത്.
യോഗാശ്രമിലെ കണ്‍സള്‍ട്ടേഷനും തെറാപ്പി സെഷനുകളും എങ്ങനെയാണ്
ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് എടുക്കുന്നുണ്ട്. എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 12 ഓളം ജീവനക്കാര്‍ ഇവിടെയുണ്ട്. ഡോക്ടര്‍മാരെല്ലാം ഗട്ട് എക്സ്പേര്‍ട്ട്സാണ് (ഉദരരോഗ വിദഗ്ധര്‍ ആണ്. ഓണ്‍ലൈനായും ഓഫ്ലൈനായും യോഗാശ്രം രോഗികള്‍ക്ക് സേവനം നല്‍കാറുണ്ട്. യോഗാശ്രമിന്റെ പ്രധാനകേന്ദ്രം പാലാരിവട്ടത്ത് ആണെങ്കിലും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആളുകള്‍ ചികിത്സ തേടിയെത്താറുള്ളതുകൊണ്ട് തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മൂന്ന് ബ്രാഞ്ചുകള്‍ കൂടി യോഗാശ്രമിനുണ്ട്. പാലാരിവട്ടത്ത് എത്താനാകാത്തവര്‍ക്ക് അടുത്തുള്ള ബ്രാഞ്ചില്‍ എത്തിയാല്‍ സേവനങ്ങള്‍ ലഭിക്കും. നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായും കണ്സള്ട്ടേഷന് നല്‍കാറുണ്ട്. വേദനയ്ക്കുള്ള ചികിത്സകള്‍ മാത്രമാണ് ഓണ്‍ലൈനായി നല്കാന് സാധിക്കാത്തത്. ബാക്കിയുള്ള യോഗക്ലാസുകളും ഡയറ്റ് തെറാപ്പി സേവനങ്ങളും ഓണ്‍ലൈനായും ഉണ്ട്.
മേല്‍പ്പറഞ്ഞ രോഗാവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരാള്‍ ചികിത്സയ്ക്ക് എത്തുമ്പോള്‍ ആദ്യം രോഗാവസ്ഥ മനസ്സിലാക്കി യോഗാതെറാപ്പി നല്‍കും. പിന്നീട് ഓണ്‍ലൈന്‍ ഗ്രൂപ്പ് യോഗ ക്ലാസുകള്‍ നല്‍കും. രാവിലെ ആറുമണി മുതല്‍ രാത്രി വരെ നാല് ബാച്ചുകളായി ഓണ്‍ലൈന്‍ ഗ്രൂപ്പ് യോഗ ക്ലാസുകള്‍ നിലവിലുണ്ട്. 2026 മുതല്‍ നേരിട്ടുള്ള ഗ്രൂപ്പ് യോഗ ക്ലാസുകളും ആരംഭിക്കാന്‍ പദ്ധതിയുണ്ട്.
24 വര്‍ഷം (2002-2026) നീണ്ടുനില്‍ക്കുന്ന യോഗ ജീവിതത്തിലെ നേട്ടങ്ങള്‍ എന്തെല്ലാമാണ്
കുവൈറ്റില്‍ യോഗ ക്ലാസുകള്‍ നടത്തിയിരുന്ന സമയത്ത് പല രാജ്യങ്ങളിലും യോഗ പ്രചാരണാര്‍ത്ഥം പോകാന്‍ സാധിച്ചിട്ടുണ്ട്. ബാലി, ഋഷികേശ് തുടങ്ങിയ സ്ഥലങ്ങളില്‍ കുവൈറ്റിനെ പ്രതിനിധീകരിച്ച് യോഗ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യമായി സംഘടിപ്പിച്ച യോഗ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 33 യോഗാചാര്യന്മാരില് ഒരാളാകാന്‍ സാധിച്ചുവെന്നതും വലിയ നേട്ടമായി കാണുന്നു. നാട്ടില്‍ വന്നതിന് ശേഷം അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രമുഖ മലയാള മാധ്യമവും ജെയിന് യൂണിവേഴ്സിറ്റിയും സംഘടിപ്പിച്ച യോഗ പരിപാടിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് യോഗ നല്കാന് സാധിച്ചു എന്നതും വലിയ നേട്ടമാണ്. കൂടാതെ മികച്ച വനിത സംരംഭകയ്ക്കുള്ള അവാര്‍ഡ് ഷീല ചിറ്റിലപ്പള്ളിയില്‍ നിന്നും ഏറ്റുവാങ്ങിയതും യോഗയെ പ്രതിനിധീകരിച്ച് സ്കൂളുകളും സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമാകാന്‍ സാധിക്കുന്നതും യോഗ രംഗത്തെ സംഭാവനകള്‍ക്കായി ചെറുതും വലുതുമായ അംഗീകാരങ്ങള്‍ ലഭിക്കുന്നതും യോഗയെ സ്നേഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ വലിയ അഭിമാനം നല്കുന്ന കാര്യങ്ങളാണ്.
യോഗ ജീവിതത്തിലെ മറക്കാനാകാത്ത ചില അനുഭവങ്ങള്‍
വ്യക്തിജീവിതത്തില്‍ യോഗ ഒരു അനുഗ്രഹമായി തോന്നിയ നിമിഷം ജീവിതത്തിലുണ്ട്. കുവൈറ്റില്‍ ഒരു ഫിറ്റ്നസ് ക്ലബ്ബില്‍ നാച്ചുറോപ്പതി കണ്‍സള്‍ട്ടന്റായും യോഗ പരിശീലകയായും ജോലി ചെയ്തിരുന്ന കാലം. മകളെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു അത്. ബ്ലീഡിംഗ് ഉണ്ടായതുമൂലം വിശ്രമം വേണമെന്നും യോഗ ചെയ്യരുതെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ കുറച്ചുകാലം ബെഡ് റെസ്റ്റ് ചെയ്ത് ഞാന്‍ യോഗ ക്ലാസുകള്‍ തുടര്‍ന്നു. മൂന്നംമാസത്തില് ഒരുദിവസം ക്ലാസ് നടക്കുമ്പോള്‍ വീണ്ടും ബ്ലീഡിംഗ് വന്നു. പക്ഷേ പെട്ടെന്ന് മാര്ജാരാസനമെന്ന യോഗമുറ ചെയ്യാനാണ് എനിക്ക് തോന്നിയത്. അന്നത് ചെയ്തതിലൂടെ ബ്ലീഡിംഗ് നിന്നു. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ എനിക്ക് മോളെ നഷ്ടപ്പെടുമായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് അത്. അതുപോലെ ആത്മഹത്യയുടെ മുനമ്പില്‍ നിന്നും ഒരാളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചുവെന്നതും മറക്കാനാകാത്ത മറ്റൊരു അനുഭവമാണ്. തിക്താനുഭങ്ങളില്‍ തളര്‍ന്നുപോകുന്ന നിരവധിയാളുകളെ പ്രതീക്ഷയുടെ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നത് നിയോഗമായാണ് കരുതുന്നത്.
സമാധാന ജീവിതത്തിന് ഡോക്ടറുടെ ടിപ്പ്സ് എന്തെല്ലാമാണ്
മലിനമാവുന്ന ഭൂമിയാണ് ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണം. പണ്ടുകാലത്ത് ആളുകള്‍ക്കിടയില്‍ ഒരുപാട് നല്ലശീലങ്ങളും നന്മയുമുണ്ടായിരുന്നു. എന്നുകരുതി ഇനിയാര്‍ക്കും പഴയകാലത്തേക്ക് പോകാനാകില്ല. പക്ഷേ പഴയകാലത്തെ കുറച്ച് നല്ല ശീലങ്ങള്‍ കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് ജീവിതത്തെ ആരോഗ്യപൂര്‍ണ്ണവും സമാധാനപൂര്ണ്ണവുമാക്കും. ആഹാരം മിതമായി കഴിക്കുക, വ്യായാമം ചെയ്യുക, പ്രകൃതിയോട് ഇണങ്ങിക്കഴിയുക. കുട്ടികളെ ഗാഡ്ജെറ്റുകളുടെ ലോകത്തിന് വിട്ടുകൊടുക്കാതെ മുത്തശ്ശീമുത്തശ്ശന്മാരുമായും സമൂഹവുമായും പ്രകൃതിയുമായും ഇടപഴകി ജീവിക്കാന്‍ പഠിപ്പിക്കുക. അത് അവരുടെ മാനസിക, ശാരീരിക വികാസത്തിന് സഹായിക്കും. പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍ കുറച്ച് വീട്ടിലുള്ള ഭക്ഷണം കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. പ്രായമായവരോട് അനുകമ്പയോട് സംസാരിക്കുക. സഹജീവികളോട് സ്നേഹം ഉണ്ടാകുക. മറ്റുള്ളവര്‍ക്ക് ചെയ്യാന്‍കഴിയുന്ന സഹായം ചെയ്യുക. മുഖംമൂടിയണിയാതെ സത്യസന്ധമായി ജീവിക്കുക. പോസിറ്റീവ് മനോഭാവങ്ങള്‍ വളര്‍ത്തിയെടുക്കുക. ഇത്തരമൊരു ജീവിതശൈലി ജീവിതത്തില്‍ സമാധാനവും ആരോഗ്യവും കൊണ്ടുവരും.




