ഉഗാണ്ടയിലെ ഒരു ഒറ്റമുറി പീടികയില്‍ ഫ്ലോപ്പി ഡിസ്കും സിഡികളും വിറ്റുകൊണ്ട് 1996 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം, ഇന്ന് മാരാ ഗ്രൂപ്പ് എന്ന പേരിൽ 13000 പേരടങ്ങുന്ന തൊഴിലാളി സമ്പത്തോടെ 24 ലോകരാജ്യങ്ങളിലേക്ക് വളര്‍ന്നിരിക്കുന്നു. കംപ്യുട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വിറ്റുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ടെക്നോളജി, ബിപിഒ, റിയല്‍ എസ്റ്റേറ്റ്, ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറി തുടങ്ങിയ മേഖലകളിലെ നിര് സാന്നിധ്യമായതിന് പിന്നില്‍ ആശിഷ് താക്കര്‍ എന്ന യുവസംരംഭകന്റെ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും മാത്രം
സംരംഭകത്വത്തിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയെ സംബന്ധിച്ചും ആശിഷ് താക്കര്‍ വളരെ മികച്ച ഒരു റോള്‍ മോഡല്‍ ആണ്. ഒന്നുമില്ലായ്മയില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന സാമ്രാജ്യം സ്ഥാപിച്ചെടുത്ത നിരവധി വ്യക്തികളുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഈ കഥകളില്‍ നിന്നും ആശിഷ് താക്കര്‍ എന്ന ഈ സംരംഭകനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം ബിസിനസിലേക്കിറങ്ങിയ പ്രായവും ആ സമയത്ത് നിലനിന്നിരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും ആയിരുന്നു.
ഗുജറാത്തിലാണ് ആശിഷ് താക്കറുടെ തായ്വേരുകള്. എന്നാല്‍ ആശിഷിന്റെ ജനനത്തിന് ഏറെ മുന്‍പ് തന്നെ മാതാപിതാക്കള്‍ ബ്രിട്ടനിലേക്ക് ചേക്കേറിയിരുന്നു. അവിടെ വച്ചാണ് ആശിഷ് ജനിക്കുന്നത്. ബ്രിട്ടനില്‍ ജനിച്ച, ഇന്ത്യന്‍ വംശജനായ ആശിഷ് തക്കാര്‍ എങ്ങനെ ആഫ്രിക്കയില്‍ തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തി എന്നതിലാണ് ഇദ്ദേഹത്തിന്റെ സംരംഭകത്വ യാത്രയുടെ ആവേശം നിറഞ്ഞിരിക്കുന്നത്. അനിശ്ചിതത്വങ്ങള്‍ ഏറെ നിറഞ്ഞ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ ഇരയായിരുന്നു ആശിഷിന്റെ കുടുംബം.
രണ്ട് രാജ്യങ്ങളിക്കിടയില്‍ എങ്ങോട്ടെന്നറിയാതെ
ആഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രണ്ട് രാജ്യങ്ങളിക്കിടയില്‍ കുരുങ്ങിയ ജീവിതമായിരുന്നു ആഷിഷിന്റെ കുടുംബത്തിന്റേത്.ഇന്ത്യന്‍ സ്വദേശികളായ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജോലി തേടി ആഫ്രിക്കയില്‍ എത്തിയതായിരുന്നു. ആഫ്രിക്കയിലെ കിഴക്കന്‍ രാജ്യമായ റുവാണ്ടയില്‍ പിതാവിന് ഒരു കടയുണ്ടായിരുന്നു.വളരെ മികച്ച രീതിയില്‍ അവര്‍ അവിടെ കഴിഞ്ഞു പോകുന്നതിനിടക്കാണ് എണ്‍പതുകളില്‍ ഈദി അമീന് എന്ന സേച്ഛാധിപതിയുടെ കിരാതഭരണത്തില്‍ പെട്ട് ആശിഷിന്റെ മാതാപിതാക്കള്‍ക്ക് നിലനില്‍പ്പ് നഷ്ടമാകുന്നത്.റുവാണ്ടയില്‍ നില്ക്കാന് വഴിയില്ലാതായപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് ചേക്കേറി. അന്ന് ആശിഷ് ജനിച്ചിട്ടില്ല. കയ്യില്‍ കിട്ടിയ വസ്തുക്കള്‍ മാത്രമെടുത്ത് ഇംഗ്ലണ്ടില്‍ എത്തിയ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് പിന്നീട് അവിടെ എല്ലാം ഒന്നില്‍ നിന്നും ആരംഭിക്കേണ്ടതായി വന്നു.
ഇംഗ്ലണ്ടിലാണ് ആഷിഷ് ജനിച്ചത്. പ്രാരാബ്ധങ്ങള്‍ ഏറെ ഉള്ള ബാല്യമായിരുന്നു ആഷിഷിന്റെത് . എന്നാല്‍ അതിനിടയിലും ആശിഷിന് വേണ്ട കാര്യങ്ങള്‍ എല്ലാം പിതാവ് ലഭ്യമാക്കിയിരുന്നു. ഏത് വിധേനയും ഇംഗ്ലണ്ടില്‍ നിന്നും ആഫ്രിക്കയിലേക്ക് തിരിച്ചെത്തണം എന്നതായിരുന്നു ആശിഷിന്റെ കുടുംബത്തിന്റെ ആഗ്രഹം. അതിനാല്‍ ആഫ്രിക്കയില്‍ നടക്കുന്ന ഓരോ കാര്യവും അവര്‍ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഈദി അമീന്റെ കാലശേഷം 1992ല്‍ അവര്‍ റുവാണ്ടയില്‍ തിരിച്ചെത്തി. പിന്നീട് ആഫ്രിക്കയിലെ വീണ്ടും കാര്യങ്ങള്‍ ഒന്നില്‍ നിന്നും ആരംഭിച്ചു.നീണ്ട 13 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവില്‍ കാര്യങ്ങള്‍ ഒട്ടും അനുകൂലമായിരുന്നില്ല.
തിരിച്ചടികളുടെ കാലം
പക്ഷേ ദുര്‍വിധി അവരുടെ ജീവിതത്തെ വിട്ടൊഴിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം എങ്ങനെയോ ആഫ്രിക്കയില്‍ കഴിച്ചു കൂട്ടിയ ആ കുടുംബത്തെ 1994 ഏപ്രിലില്‍ റുവാണ്ടയില്‍ ആഭ്യന്തര കലാപത്തിന്റെ രൂപത്തില്‍ ദുരന്തം വീണ്ടും ആക്രമിച്ചു. കൂര്‍ത്തു മൂര്‍ത്ത ബയണറ്റിന്റെ മുനയില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് ആശിഷും കുടുംബവും രക്ഷപ്പെട്ടത്. അന്ന് അതുവരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുത്തിയെങ്കിലും ജീവന് രക്ഷിക്കാന്‍ ആശിഷിനും കുടുംബത്തിനും കഴിഞ്ഞു.എന്നാല്‍ അതുവരെ സമ്പാദിച്ചതെല്ലാം അവര്‍ക്ക് നഷ്ടമായി. അന്ന് വയസ്സ് 13 ആയിരുന്നു ആശിഷ് താക്കറുടെ പ്രായം. എന്നാല്‍ പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയും ആത്മവിശ്വാസവും ആ ബാലന് പ്രകടമാക്കിയിരുന്നു. നഷ്ടപ്പെട്ടതിനെ പറ്റിയോര്‍ത്ത് വ്യാകുലപ്പെടുന്നതിനു പകരം ദൈവം തങ്ങള്‍ക്കു വേണ്ടി മറ്റെന്തൊക്കെയോ നീക്കിവച്ചിട്ടുണ്ടെന്നും അതോര്‍ത്ത് സമാധാനിക്കണം എന്നും അവന് തന്റെ വീട്ടുകാരോട് പറഞ്ഞു. വീണ്ടും തിരിച്ച് ഇംഗ്ലണ്ടിലേക്ക് പോകാനായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരുമാനം.
തിരിച്ച് ആഫ്രിക്കയിലേക്ക്
ആശിഷിഷിന്റെ കുടുംബത്തിന് ഒരിക്കലും ആഫ്രിക്ക വിട്ടു പോകുക എന്നത് സാധ്യമായിരുന്നില്ല. അതിനാല്‍ കലാപം തീരുമ്പോള്‍ തിരിച്ചെത്തും എന്ന തീരുമാനത്തിലാണ് ആഫ്രിക്കയോട് വിട പറഞ്ഞത്.എന്നാല്‍ ആദ്യതവണ ആഫ്രിക്കയില്‍ നിന്നും വിട്ടു നിന്ന അത്രകാലമൊന്നും ഇത്തവണ മാറി നില്‍ക്കേണ്ടതായി വന്നില്ല.രണ്ട് വര്‍ഷമാണ് ഇത്തവണയെടുത്തത്.രണ്ട് വര്‍ഷത്തിനുള്ളില്‍ ആഫ്രിക്കയിലെ ആഭ്യന്തരകലാപം കെട്ടടങ്ങി. ഇംഗ്ലണ്ടില്‍ നിന്നും റുവാണ്ടയിലേക്ക് മടങ്ങാതെ ഉഗാണ്ടയിലേക്കാണ് ഇക്കുറി ആശിഷും കുടുംബവും എത്തിയത്. വയസ്സ് 15 ആയിരുന്നു അപ്പോള്‍ ആശിഷിന്റെ പ്രായം.
15 വയസ്സുള്ള സംരംഭകന്
ഉഗാണ്ടയില്‍ എത്തിയതോടെ വീണ്ടും അവരുടെ ജീവിതം മെല്ലെ മെല്ലെ പച്ചപിടിക്കാന്‍ തുടങ്ങി. അച്ഛന് തുടങ്ങിയ ബിസിനസ് നേട്ടം കണ്ടു. ആശിഷ് മിടുക്കനായി തന്റെ പഠനം തുടര്‍ന്നു. പതിനഞ്ചാം വയസ്സില്‍ ആശിഷിന് പിതാവ് ഒരു കംപ്യൂട്ടര്‍ വാങ്ങി നല്കി. പിന്നീട് വീട്ടില്‍ മറ്റൊരു കംപ്യൂട്ടര്‍ കൂടി വന്നെത്തി. തനിക്ക് രണ്ട് കംപ്യൂട്ടറിന്റെ ആവശ്യം ഇല്ലാത്തതിനാല്‍ തങ്ങളുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഒരു ബന്ധുവിനോട് തനിക്ക് രണ്ട് കംപ്യൂട്ടര്‍ ഉണ്ട് എന്ന് ഒരെണ്ണം വേണമെങ്കില്‍ അദ്ദേഹത്തിന് വില്ക്കാന് തയ്യാറാണെന്നും ആശിഷ് പറഞ്ഞു. അദ്ദേഹം അതിനു തയ്യാറാവുകയും ആശിഷിന്റെ കയ്യില്‍ നിന്നും പണം നല്കി കംപ്യൂട്ടര്‍ വാങ്ങുകയും ചെയ്തു.ആ ഇടപാടില്‍ ചെറിയൊരു ലാഭം (100 ഡോളര്‍) കിട്ടിയപ്പോള്‍ അതില്‍ വലിയ ഒരു ബിസിനസ് സാധ്യത ആഷിഷിന്റെ മനസില്‍ തെളിഞ്ഞു. തനിക്കൊരു ഇലക്ട്രോണിക് ഷോപ്പ് ഇട്ടുതരണമെന്ന് അവന് അച്ഛനോട് പറഞ്ഞു.ആ വാക്കുകളില്‍ നിന്നുമാണ് ലോകം കണ്ട ഏറ്റവും മികച്ച സംരംഭകാരില്‍ ഒരാളായ, ശതകോടീശ്വരനായി മാറിയ ആശിഷ് താക്കര്‍ എന്ന സംരംഭകന്റെ തുടക്കം.
ഒറ്റമുറി പീടികയിലെ ഫ്ലോപ്പി ഡിസ്ക് കച്ചവടം
മകന് വയസ്സ് 15 മാത്രമേ ആയിട്ടുള്ളൂ എങ്കിലും അവന്റെ വാക്കുകളിലെ നിശ്ചദാര്‍ഢ്യവും അര്‍പ്പണ മനോഭാവവും അദ്ദേഹത്തിന്റെ പിതാവിനെ ഏറെ ആകര്‍ഷിച്ചു. കംപ്യൂട്ടറുകള്‍ ജനകീയമായി വരുന്ന കാലമായിരുന്നു അത്. അതിനാല്‍ ഈ രംഗത്തെ സാധ്യതകള്‍ വര്‍ധിച്ചു വരികയാണ് എന്ന ഉത്തമ ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിനാല്‍ മകന്റെ ആഗ്രഹപ്രകാരം 6000 ഡോളര്‍ വായ്പ്പയെടുത്ത് തന്റെ സ്ഥാപനത്തിനോട് ചേര്‍ന്ന് അദ്ദേഹം കംപ്യൂട്ടര്‍ ആക്സസറീസ് വില്‍ക്കുന്ന ഒരു സ്ഥാപനം തുടങ്ങാന്‍ അനുവാദം നല്കി.
എല്ലാമാസവും കൃത്യമായി നിശ്ചിത തുക വായ്പയുടെ അടവായി തിരിച്ചടക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന.മകന് സ്കൂളില്‍ പോകുന്ന സമയത്ത് കട അടച്ചിടേണ്ട അവസ്ഥ ഒഴിവാക്കുന്നതിനായാണ് അദ്ദേഹം തന്റെ സ്ഥാപനത്തിന്റെ അടുത്ത് തന്നെ ആശിഷിന്റെ സ്ഥാപനം തുടങ്ങുന്നതിന് അനുവാദം നല്‍കിയത്.ഫ്ളോപ്പി ഡിസ്ക്, കമ്പ്യൂട്ടര്‍, പെരിഫറല്‍സ് മുതലായവയാണ് ആദ്യം കച്ചവടം നടത്തിയത്.ചെറിയ പ്രായത്തില്‍ തന്നെ വലിയ കച്ചവട ചിന്തകള്‍ ആയിരുന്നു ആശിഷിന്. അതിനാല്‍ ദുബായ് വിപണിയില്‍ നിന്നുമാണ് അദ്ദേഹം സാധനങ്ങള്‍ വാങ്ങിയിരുന്നത്.
കാര്‍ഗോ മുഖാന്തിരം എത്തുന്ന സാധനങ്ങള്‍ വിലയില്‍ വലിയ മാറ്റമില്ലാതെ ആശിഷ് വിറ്റഴിച്ചു. അതോടെ ഉഗാണ്ടന്‍ ജനതയുടെ വിശ്വാസം നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് കഴിഞ്ഞു. കംപ്യൂട്ടര്‍ സംബന്ധമായ എന്ത് ആവശ്യം വന്നാലും , ആ നമ്മുടെ പയ്യന്റെ കടയുണ്ടല്ലോ, എന്ന രീതിയില്‍ ആളുകള്‍ കടയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. കൂടുതല്‍ വ്യത്യസ്തമായ മേഖലകളിലേക്കൊന്നും പഠനം വ്യാപിപ്പിക്കേണ്ടതില്ല എന്നും തന്റെ പാത ബിസിനസ് ആണ് എന്നും അദ്ദേഹം മനസിലാക്കിയത് അപ്പോഴാണ്.
മാരാ ഗ്രൂപ്പ് ആരംഭിക്കുന്നു
തന്റെ ഒറ്റ മുറി പീടികയില്‍ നിന്നും ഒരൊറ്റ വര്‍ഷം കൊണ്ട് തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് ആശിഷ് ബിസിനസ് വ്യാപിപ്പിച്ചു.അങ്ങനെ 1996 മാരാ ഗ്രൂപ്പ് എന്ന പേരില്‍ തന്റെ സ്ഥാപനത്തെ ബ്രാന്‍ഡ് ചെയ്തു. ഓരോ തവണയും ദുബായില്‍ നിന്നും ഉഗാണ്ടയിലേക്ക് എത്തിക്കുന്ന സാധനങ്ങളുടെ എണ്ണം വര്‍ധിച്ചു വന്നു. ഓര്‍ഡര്‍ നല്കി കാര്‍ഗോയില്‍ സാധനങ്ങള്‍ എത്തിക്കുന്നത് പ്രായോഗികമാകാതെ വന്നപ്പോള്‍ സ്വയം ദുബായില്‍ പോയി സ്റ്റോക്ക് എടുത്തു. എന്നാല്‍ കച്ചവടം പുരോഗമിക്കുകയും ബ്രാഞ്ചുകളുടെ എണ്ണം കൂടുകയും ചെയ്തതോടെ സ്ഥിരം ദുബായില്‍ പോകുന്നത് ശ്രമകരമായി. അതോടെ ദുബായ് നഗരത്തില്‍ ഒരു ഓഫീസ് ആരംഭിച്ചു.കംപ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാവിധ ഉപകരണങ്ങളും ആശിഷിന്റെ സ്ഥാപനം വിതരണം ചെയ്യുന്നു. എത്ര ലാഭം കിട്ടുമെന്നു വന്നാലും ഒരിക്കല്‍പോലും അന്യായമായ വില വാങ്ങാനോ ഗുണനിലവാരം കുറഞ്ഞ സാധനം വില്‍ക്കാനോ ആശിഷ് തയ്യാറല്ല. അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും. ഏതു കച്ചവടത്തിലും ഒരു ധാര്‍മികനീതി ഉണ്ട് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
ലോകമെമ്പാടും വ്യാപിക്കുന്നു
1996 ല്‍ കംപ്യൂട്ടര്‍ ആക്സസറീസിന്റെ വില്പനയ്ക്കായി സ്ഥാപിതമായ മാരാ ഗ്രൂപ്പ് പിന്നീട് പല രാജ്യങ്ങളിലേക്കും പടര്‍ന്നു പന്തലിച്ചു. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ടെക്നോളജി, ബിപിഒ, റിയല്‍ എസ്റ്റേറ്റ്, ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറി തുടങ്ങിയ മേഖലകളിലും സ്ഥാപനം തന്റെ മുദ്ര പതിപ്പിച്ചു. സ്ഥാപനം ആരംഭിച്ചു പത്താം വര്‍ഷം ആശിഷ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടി.2010 വേള്‍ഡ് ഇക്കണോമിക്ക് ഫോറം ലോകത്ത് ഏറ്റവും ഗ്രോത്ത് ഉള്ള കമ്പനികളില്‍ ഒന്നായി മാരാ ഗ്രൂപ്പിനെ തെരെഞ്ഞെടുത്തു. ബിസിനസ് വളര്‍ന്നതോടൊപ്പം ലഭിക്കുന്ന സമ്പത്തിന്റെ ഒരു പങ്ക് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി മാറ്റി വയ്ക്കണം എന്ന തീവ്രമായ അഭിലാഷവും ആ യുവാവില്‍ ശക്തമായി. മാരാ ഫൗണ്ടേഷന് എന്ന പേരില്‍ സ്ഥാപനത്തിന് രൂപം കൊടുക്കുന്നത് അത്തരത്തിലുള്ള ആഗ്രഹത്തിന്റെ പുറത്താണ്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാരാ ഫൗണ്ടേഷന് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ആഫ്രിക്കക്ക് പുറമെ യുഎഇ, ഇന്ത്യ തുടങ്ങിയ ഓടങ്ങളിലും സ്ഥാപനം സജീവമാണ്. എന്നാല്‍ തന്നെ താന്‍ ആക്കിയ ആഫ്രിക്കയെ മറന്നു ഒന്നിനും ആശിഷ് താക്കര്‍ തയ്യാറല്ല. മാരാ ഫൗണ്ടേഷനിലൂടെ ആഫ്രിക്കയിലെ യുവസംരംഭകര്ക്ക് വേണ്ട മാര്‍ഗനിര്‍ദേശം കൊടുക്കുകയും അവരെ വളര്‍ത്തിക്കൊണ്ടു വരികയും നിക്ഷേപം ഒരുക്കുകയും ചെയ്യുന്നുണ്ട് ആശിഷ്. വെറും 6000 ഡോളറില്‍ നിന്നും കഠിനപ്രയത്നം കൊണ്ട് വലിയൊരു ബിസിനസ് സാമ്രാജ്യം തീര്‍ത്ത ആശിഷ് താക്കര്‍ സമസ്ത മേഖലകളിലും വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്.




