ഇന്നത്തെ കാലത്ത് ഡിജിറ്റല്‍ സാന്നിധ്യമില്ലാതെ ഒരു ബിസിനസിനും നിലനില്‍പ്പില്ല. ഇ-കൊമേഴ്സ് ഇന്‍ഡസ്ട്രി പ്രത്യേകിച്ച്, കടുത്ത മത്സരം നിലനില്‍ക്കുന്ന ഇടമാണ്. അവിടെ ഒരു വിജയമുണ്ടാകണമെങ്കില്‍ ശക്തമായ ഓണ്‍ലൈന്‍ സാന്നിധ്യമുണ്ടാകണം. പക്ഷേ, ഇ-കൊമേഴ്സ് രംഗത്ത് ആധിപത്യമുണ്ടാക്കിയ ആമസോണിന്റെ കഥ വ്യത്യസ്തമാണ്. വെറുമൊരു ബുക്ക്സ്റ്റോര് ആയി തുടങ്ങിയ കമ്പനി ലോകത്തിലെ ഏറ്റവും വലിയ, വിജയം കൊയ്ത ഇ-കൊമേഴ്സ് ബ്രാന്‍ഡായി വളര്‍ന്നുവന്നത് ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു.
ഒറ്റ രാത്രി കൊണ്ട് നേടിയതല്ല ആമസോണിന്റെ വിജയം. വിജയത്തിനായി അവര്‍ വിചാരങ്ങള്‍ക്കപ്പുറത്തുള്ള കാര്യങ്ങള്‍ പോലും ചെയ്തു. കഠിനമായ പല വഴികളിലൂടെയും യാത്ര ചെയ്തു. ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു, തങ്ങളുടെ ഇ-കൊമേഴ്സ് ബിസിനസിനെ പണമുണ്ടാക്കുന്ന ഒന്നാക്കി മാറ്റുക. സമാനതകളില്ലാത്ത മികച്ച കണ്ടുപിടിത്തങ്ങളും ആശയങ്ങളും ഉപഭോക്തക്കളിലൂന്നിയുള്ള തന്ത്രങ്ങളും ഇ-കോമേഴ്സ് ലോകത്തെ മാറ്റിമറിക്കാനുള്ള കഴിവും ഉള്ളതുകൊണ്ടാണ് ആമസോണ്‍ ഇന്നത്തെ നിലയിലേക്ക് വളര്‍ന്നതെന്നാണ് പൊതുവെയുള്ള ധാരണ, പക്ഷേ അതുമാത്രമല്ല അതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ആമസോണിന്റെ വിജയത്തിന് പിന്നിലുണ്ട്.
ഇ-കൊമേഴ്സ് ഇന്ഡസ്ഡ്രിയിലെ ആഗോള പ്രതിഭാസമായി മാറാന്‍ ആമസോണിന് സാധിച്ചത് എങ്ങനെയാണെന്ന് നോക്കാം.
ചരിത്രത്തിലൂടെ
1990കളുടെ മധ്യത്തില്‍ ഇന്റെര്‍നെറ്റ് പരീക്ഷണഘട്ടത്തിലായിരുന്നപ്പോള്, ജെഫ് ബെസോസ് കുറേക്കൂടി മുന്നോട്ട് ചിന്തിച്ചു. ഒരു ഗ്യാരേജില്‍ പ്രവര്‍ത്തിച്ചിരുന്ന ഓണ്‍ലൈന്‍ ബു്ക്ക്സ്റ്റോര് ആധുനിക ചരിത്രത്തിലെ ഏറ്റവും ശക്തമായ കോര്പ്പറേഷനുകളിലൊന്നായി മാറിയത് അങ്ങനെയാണ്. ആമസോണിനെ വെറുമൊരു കമ്പനി എന്ന് വിശേഷിപ്പിച്ചാല്‍ പോര. ലോകത്തിന്റെ ഷോപ്പിംഗ് ശീലത്തെയും ഡാറ്റ സൂക്ഷിക്കുന്നതിനെയും വിനോദ രീതികളെയും പുനര്‍നിര്‍വചിച്ച ഒരു ആവാസ വ്യവസ്ഥയായിരുന്നു അത്.
1995-ല്‍ ജെഫ് ബെസോസ് ആണ് ആമസോണ്‍ വെബ്സൈറ്റ് തുടങ്ങുന്നത്. ഇന്ന് കോടിക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന, 190 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഇ-കൊമേഴ്സ് കമ്പനിയാണ് ആമസോണ്‍. ഏറ്റവും ജനപ്രിയമായ ഇ-കൊമേഴ്സ് ബ്രാന്‍ഡ് എന്ന പദവിയിലേക്കുള്ള ആമസോണിന്റെ യാത്ര ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. രണ്ട് ദശാബ്ദമായി ആമസോണ്‍ നമുക്കിടയിലുണ്ട്.
ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന്് ഡിവിഡികളിലേക്കും സിഡികളിലേക്കും പതിയെപ്പതിയെ മറ്റ് ഉല്‍പ്പന്നങ്ങളിലേക്കും ആമസോണിന്റെ ഇ-കൊമേഴ്സ് വ്യാപിച്ചു.
വിജയത്തുടക്കം
1994-ല്‍ വാള്‍സ്ട്രീറ്റിലെ ഒരു ജോലി രാജി വെച്ച് വീട്ടില്‍ തന്നെ ഒരു ഓഫീസ് ആരംഭിച്ചുകൊണ്ടാണ് ജെഫ് ബെസോസ് ആമസോണിന്റെ യാത്രയ്ക്ക് തുടക്കമിടുന്നത്. ഏറെക്കാലമായി അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന, വളരെ നൂതനമായ ആശയമായിരുന്നു അത്. തുടക്കത്തില്‍ കാഡബ്ര എന്നായിരുന്നു ആമസോണിന്റെ പേര്. അത് സാധ്യമാണ് എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ഇന്റെര്‍നെറ്റിന്റെ തുടക്കക്കാരിലൊരാളാണ് ഈ പദത്തിന് പിന്നില്‍.
സാമ്പ്രദായിക ബിസിനസുകളില്‍ നിന്നും വ്യത്യസ്തമായി, തുടങ്ങി പ്പോള്ത്തന്നെയോ അല്ലെങ്കില്‍ കുറഞ്ഞ സമയം കൊണ്ടോ ലാഭം നേടിത്തരുന്ന ആശയമായിരുന്നില്ല ഇ-കൊമേഴ്സ്. വര്‍ഷങ്ങളുടെ നഷ്ടവും മടുപ്പില്ലാത്ത, വീണ്ടും വീണ്ടുമുള്ള നിക്ഷേപവും ഇന്നത്തെ ആമസോണിന് പിന്നിലുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ വാള്‍സ്ട്രീറ്റ് വിമര്‍ശകര്‍ ബെസോസിന്റെ ആശയത്തെ വിമര്‍ശിച്ചിട്ടുണ്ട്. എന്നിട്ടും ബെസോസ് തളര്‍ന്നില്ല. അദ്ദേഹത്തിന്റെ വിശ്വാസം വളരെ ലളിതവും മൗലികവുമായിരുന്നു. കാലങ്ങളോളം ഉപഭോക്താക്കളില്‍ അധിഷ്ഠിതമായി നിലകൊണ്ടാല്‍ ലാഭം പതിയെ കൂടെ വരും എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ഈ ദീര്‍ഘകാല ദര്‍ശനം തന്നെയായിരുന്നു ആമസോണിന്റെ ശക്തി. എതിരാളികള്‍ ലാഭത്തിന് ഊന്നല്‍ നല്കിയപ്പോള് ആമസോണ്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും വേഗതയ്ക്കും തിരഞ്ഞെടുപ്പിനും ഊന്നല്‍ നല്കി. നാളത്തെ വിജയത്തിനായി ഇന്ന് നഷ്ടം സഹിക്കാന്‍ അവര്‍ ഒരുക്കമായിരുന്നു. എല്ലാവര്ക്കും താങ്ങാന്‍ കഴിയുന്ന ഒരു ആശയമല്ല അത്, എങ്കിലും ചില കമ്പനികള്‍ ഇപ്പോഴും ആ ആശയത്തില്‍ നിലനിന്നുപോകുന്നുണ്ട്.
വിജയരഹസ്യം
ഇന്റെര്‍നെറ്റിന്റെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് നിക്ഷേപം നടത്താനായതാണ് ആമസോണിന്റെ പ്രധാന നേട്ടം. തുടക്കം മുതലേ വലിയ രീതിയിലുള്ള ഓണ്‍ലൈന്‍ സാന്നിധ്യമുണ്ടാക്കാന്‍ ആമസോണിന് കഴിഞ്ഞു. അതുമാത്രമല്ല, എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന, ലളിതമായ ഇന്റെര്ഫെയ്സും ആമസോണിന്റെ പ്രത്യേകതയാണ്. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന പ്ലാറ്റ്ഫോമായി ആമസോണ്‍.
പക്ഷേ, എല്ലാത്തിലുമുപരിയായി ഉപഭോക്താക്കള്‍ക്ക് അവര്‍ നല്കിയ പ്രാധാന്യം പരാമര്‍ശിക്കാതെ ആമസോണിന്റെ വിജയകഥ പറയാനാകില്ല. ആമസോണിന്റെ ഓരോ നൂതനമായ കണ്ടുപിടിത്തങ്ങളും, ഉദാഹരണത്തിന് ഒറ്റക്ലിക്കില്‍ പര്‍ച്ചേസ് നടത്തല്‍, വ്യക്തിഗതമായ ശുപാര്‍ശകള്‍, ഓര്‍ഡര്‍ ചെയ്ത അന്നുതന്നെ ഡെലിവറി തുടങ്ങിയ ആശയങ്ങളെല്ലാം ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞുള്ളതായിരുന്നു. ഷോപ്പിംഗിന്റെ ബുദ്ധിമുട്ടുകളില്‍ നിന്നും പൂര്‍ണ്ണമായും ഉപഭോക്താക്കളെ രക്ഷപ്പെടുത്തിയതിലാണ് ആമസോണിന്റെ വിജയരഹസ്യമിരിക്കുന്നത്. ആമസോണ്‍ പ്രൈം കൂട്ടത്തിലെ അപകടം പിടിച്ച ഉദ്യമമായിരുന്നെങ്കിലും അതും ആമസോണില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയ്ക്ക് തെളിവായി. ആളുകള്‍ ആമസോണില്‍ ഷോപ്പ് ചെയ്യുകയല്ല, ആമസോണിനെ വിശ്വസിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
എഡബ്ല്യൂഎസ് എന്ന നിശബ്ദ എഞ്ചിന്
ആമസോണിന്റെ റീട്ടെയ്ല്‍ വിഭാഗമാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ടതെങ്കിലും പശ്ചാത്തലത്തില്‍ വളരെ നിശബ്ദമായി വലിയ പല മാറ്റങ്ങളും നടക്കുന്നുണ്ടായിരുന്നു. ആമസോണ്‍ വെബ് സര്‍വ്വീസസ് അഥവാ എഡബ്ല്യൂഎസ് ആരംഭിച്ചത് ആമസോണിന്റെ സ്വന്തം ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആഭ്യന്തര ടൂള്‍ എന്ന നിലയ്ക്കാണ്. എന്നാലത് ആധുനിക ഇന്റെര്‍നെറ്റിന്റെ നട്ടെല്ലായി മാറുന്ന നിലയിലേക്ക് പരിണമിച്ചു.
ഇന്ന് സ്റ്റാര്‍ട്ടപ്പുകളും, ഫോര്‍ച്യൂണ്‍ 500 കമ്പനികളും, സര്‍ക്കാരുകളും എഐ സംരംഭങ്ങളും അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എഡബ്യൂഎസിലാണ്. ആമസോണ്‍ റീട്ടെയ്ല്‍ രംഗത്ത് കാണിച്ച മാജിക്കാണ് എഡബ്ല്യൂഎസ് കംപ്യൂട്ടിംഗ് രംഗത്ത് കാഴ്ചവെച്ചത്. വളരെ സങ്കീര്‍ണ്ണമായ ചിലതിനെ സാധ്യമാക്കുകയും വ്യാപിപ്പിക്കുകയും ചെയ്യാന്‍ എഡബ്ല്യൂഎസിനായി. പ്രധാനമായും ആമസോണിന് ലാഭം നല്‍കുന്നതിനുള്ള എഞ്ചിനായി എഡബ്ല്യൂഎസ് മാറി. മറ്റെല്ലാ വിപുലീകരണ പദ്ധതികള്‍ക്കുമുള്ള ഫണ്ടിംഗ് അവിടെ നിന്നും വരാന്‍ തുടങ്ങി.
റീട്ടെയ്ലറില്‍ നിന്ന് ടെക്ക് അധിപതിയിലേക്ക്
ഒരൊറ്റ ഐഡന്റിറ്റിയില്‍ ആമസോണിനെ തളച്ചിടാനാകില്ല, ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്ക്കറ്റിടം, അത്യാധുനിക വിതരണ സംവിധാനങ്ങളുള്ള ലോജിസ്റ്റിക് ഭീമന്, ക്ലൗഡ് കംപ്യൂട്ടിംഗ് രംഗത്തെ അതികായര്‍, അതിവേഗം വളരുന്ന ഡിജിറ്റല്‍ പരസ്യ പ്ലാറ്റ്ഫോം, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, മെഷീന് ലേണിംഗ് എന്നീ മേഖലകളിലെ മുന്‍നിരക്കാര്‍ അങ്ങനെ ആമസോണിന് വിശേഷണങ്ങള്‍ അനവധിയാണ്.
പ്രതിസന്ധികളെ പടവെട്ടി ജയിച്ചവര്‍
ആഗോള മാന്ദ്യങ്ങള്‍ മുതല്‍ വിതരണ ശൃംഖലകളിലെ തടസ്സങ്ങളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വരെ ആമസോണിന് പലതവണ പ്രതിസന്ധികളായി വന്നിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം ആമസോണ്‍ പടവെട്ടി, കരുത്തരായി നിലകൊണ്ടു. വളര്‍ച്ച മന്ദീഭവിച്ചപ്പോഴും കാര്യക്ഷമമല്ലാത്തവയെ വെട്ടിച്ചുരുക്കിയും പ്രവര്‍ത്തനങ്ങള്‍ പുനരേകീകരിച്ചും എഡബ്ല്യൂഎസ്, പരസ്യം എന്നീ ഉയര്‍ന്ന ലാഭം തരുന്ന മേഖലകളില്‍ നിക്ഷേപം ഇരട്ടിയാക്കിക്കൊണ്ടും കമ്പനി സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു.
എഐയിലേക്കുള്ള മാറ്റം
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ഇന്ന് വ്യവസായരംഗങ്ങളെ പുനരാവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയും ആമസോണ്‍ മുമ്പില്‍ തന്നെയാണ്. എഡബ്ല്യൂഎസിന്റെ എഐ ഇന്ഫ്രാസ്ട്രക്ചറിലൂടെയും കസ്റ്റം ചിപ്പുകളിലൂടെയും മെഷീന് ലേണിംഗ് ടൂളുകളിലൂടെയും ആമസോണ്‍ എഐ രംഗത്തും വിപ്ലവം സൃഷ്ടിക്കുകയാണ്.
ആമസോണിന്റെ വിജയം അവിചാരിതമല്ല. അധികമാര്‍ക്കും ഇല്ലാത്ത ക്ഷമയും സമാനതകളില്ലാത്ത കാര്യക്ഷമതയും ദീര്‍ഘകാല ലക്ഷ്യത്തിലുള്ള ഉറച്ച വിശ്വാസവും ആണ് ആമസോണിന്റെ വിജയരഹസ്യം. ഒരു ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറില്‍ നിന്നും ആഗോള സമ്പദ് വ്യവസ്ഥയുടെ നിര്‍ണ്ണായക ശക്തിയായി മാറിയ ആമസോണിന്റെ കഥ, ക്ഷമിക്കാന്‍ തയ്യാറായിട്ടുള്ളവര്ക്കേ ബിസിനസിലെ ഏറ്റവും വലിയ വിജയങ്ങള്‍ നേടാന്‍ അര്‍ഹതയുണ്ടാകൂ എന്ന പാഠമാണ് നല്‍കുന്നത്.




