പ്രതിരോധ മേഖലയില്‍ കാതലായ നയവ്യതിയാനങ്ങളാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ദൃശ്യമാകുന്നത്. ടെക്നോളജിയിലും ഉല്‍പ്പാദനത്തിലും തദ്ദേശീയവല്‍ക്കരണം കൊണ്ടുവന്ന് ആഗോള സൈനിക ശക്തിയാകാനും പ്രതിരോധ മേഖലയിലെ വന്‍ കയറ്റുമതി രാഷ്ട്രമാകാനുമുള്ള കാഴ്ചപ്പാടുമായാണ് ഇന്ത്യയുടെ മുന്നേറ്റം. രാജ്യത്തെ നിക്ഷേപകര്‍ക്കും മികച്ച അവസരമാണ് ഈ സാഹചര്യം നല്‍കുന്നത്. ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്കും കമ്പനികള്‍ക്കുമൊപ്പം നമുക്കും വളരാം.
പ്രതിരോധക്കരുത്ത് വര്‍ധിപ്പിക്കാന്‍ ഇന്ത്യയെ എന്നും ഉല്‍സാഹിപ്പിക്കുന്നത് രാജ്യം നേരിട്ടുപോരുന്ന സവിശേഷമായ ഭൗമരാഷ്ട്രീയ സാഹചര്യമാണ്. ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് കടന്നു കയറാന്‍ ചൈനയും പാകിസ്ഥാനും അതിര്‍ത്തിയില്‍ കാത്തുനില്ക്കുമ്പോള് പ്രതിരോധത്തില്‍ ഒരു തരത്തിലുമുള്ള പിന്നോട്ടുപോക്ക് രാഷ്ട്ര താല്‍പ്പര്യങ്ങള്‍ക്ക് ഗുണം ചെയ്യില്ല. അതുകൊണ്ടുതന്നെ പഴുതടച്ച, സുശക്തമായ പ്രതിരോധക്കോട്ട കെട്ടിയാണ് രാജ്യം അതിന്റെ അതിരുകള്‍ സംരക്ഷിച്ചു പോരുന്നത്.
പ്രതിരോധക്കരുത്തില്‍ ലോകത്ത് നാലാം സ്ഥാനമുണ്ട് ഇന്ത്യക്ക്. ആഗോള റാങ്കിംഗില്‍ യുഎസും റഷ്യയും ചൈനയും മാത്രമാണ് സൈനിക കരുത്തിലും പ്രതിരോധ ശേഷിയിലും ഇന്ത്യക്ക് മുകളിലുള്ളത്. ദക്ഷിണ കൊറിയ, ജപ്പാന്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്നിലും. 7400 കോടി ഡോളര്‍ അഥവാ ഏകദേശം 6.21 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റ്. യുഎസിനും ചൈനക്കും റഷ്യക്കും പിന്നില്‍ നാലാം സ്ഥാനത്തു തന്നെയുണ്ട് പ്രതിരോധ ബജറ്റിലും ഇന്ത്യ.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഒരു നവീന രാഷ്ട്രം എന്ന നിലയില്‍ ബാലാരിഷ്ടതകള്‍ ഏറെയുണ്ടായിരുന്ന ഇന്ത്യ അക്കാലത്തെ സൈനിക മഹാശക്തികളിലൊന്നായ സോവിയറ്റ് യൂണിയനെയാണ് ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും മറ്റും ആശ്രയിച്ചത്. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്യം ലഭിച്ച് അധികം കഴിയും മുമ്പ് തന്നെ രാജ്യത്തിന് യുദ്ധസജ്ജമാവേണ്ടി വന്നു. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ആദ്യ ആക്രമണം. പിന്നീട് പഞ്ചശീല തത്വങ്ങള്‍ തൃണവല്‍ഗണിച്ച് ചൈനയുടെ ഞെട്ടിപ്പിക്കുന്ന കടന്നുകയറ്റം. 1965 ല്‍ വീണ്ടും പാകിസ്ഥാനുമായി സമ്പൂര്‍ണ യുദ്ധം. 1971 ല്‍ ബംഗ്ലാദേശ് വിമോചന യുദ്ധം.
ഏറ്റുമുട്ടലുകള്‍ തുടര്‍ച്ചയായി വേണ്ടിവന്നതിനാല്‍ അത്യാധുനിക ആയുധങ്ങള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് തുടര്‍ന്നു. പിന്നീട് യുദ്ധമില്ലാത്ത കാലങ്ങളിലും വിദേശ അസ്ത്ര-ശസ്ത്രങ്ങള്ക്കായി നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ കരാറുകളൊപ്പിട്ടു, അവയില്‍ പലതും വന്‍ വിവാദമായി. ഇക്കാലയളവുകളിലൊക്കെയും പ്രതിരോധ സ്വയംപര്യാപ്തതയെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടന്നില്ല. എങ്കിലും 1998 ലെ പൊഖ്റാന്‍ അണുവിസ്ഫോടനത്തിലൂടെ ഇന്ത്യ സ്വയംപര്യാപ്തതയുടെ ആദ്യ ഘോഷണം മുഴക്കി. പാകിസ്ഥാന്റെ പക്ഷത്തേക്ക് ചാഞ്ഞിരുന്ന അമേരിക്കയുടെ ഉപരോധത്തെ പുശ്ചിച്ചുകൊണ്ടായിരുന്നു മുന്നോട്ടുപോക്ക്. 1999 ലെ കാര്‍ഗില്‍ യുദ്ധം, മോശക്കാരനായ അയല്ക്കാരന് മേല്‍ ഇന്ത്യയുടെ അധീശത്വം ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു.

സ്വയംപര്യാപ്തതയെന്ന മന്ത്രം
2005 ലാണ് പ്രതിരോധ മേഖലയെ സ്വയംപര്യാപ്തമാക്കുന്നത് സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ ഉണ്ടായിത്തുടങ്ങിയത്. ടെക്നോളജി, നൈപുണ്യം എന്നിവ വളര്‍ത്തിയെടുക്കാന്‍ കരാര്‍ തുകയുടെ ഒരു ഭാഗം വിദേശ ആയുധ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ നിക്ഷേപിക്കണമെന്ന ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് പ്രൊസീജറാണ് (ഡിപിപി) 2015 ല്‍ ഡോ. മന്മോഹന് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്നത്. കരാര്‍ തുകയുടെ 50 ശതമാനം ഇപ്രകാരം ഇന്ത്യയില്‍ മുടക്കണമെന്ന മാനദണ്ഡം പിന്നീട് വന്നു. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഇന്ത്യയുടെ ആദ്യത്തെ ആണവ മുങ്ങിക്കപ്പലായ ഐഎന്‍എസ് അരിഹന്ത് 2009 ല്‍ നീറ്റിലിറങ്ങി.

എന്‍ ആന്‍ഡ് ടിയും ടാറ്റ പവര്‍ സ്ട്രാറ്റജിക് എന്‍ജിനീയറിംഗ് ഡിവിഷനും വാല്‍ചന്ദ്നഗര്‍ ഇന്‍ഡസ്ട്രീസും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററുമെല്ലാം ചേര്‍ന്നാണ് 25 വര്‍ഷം കൊണ്ട് അന്തര്‍വാഹിനിയുടെ നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള പ്രിഥ്വി ബാലിസ്റ്റ്ിക് മിസൈലിന്റെ നാവിക പതിപ്പായ ധനുഷ് തൊട്ടുപിന്നാലെ പരീക്ഷിച്ച് വിജയിച്ചു. 500 കിലോഗ്രാം വാഹക ശേഷിയാണ് ധനുഷിനുണ്ടായിരുന്നത്. ഇതിനു ശേഷമുള്ള ഒന്നര പതിറ്റാണ്ട് ഇന്ത്യന്‍ പ്രതിരോധ മേഖലയെ സംബന്ധിച്ച് സുവര്‍ണ കാലഘട്ടമാണെന്ന് നിസംശയം പറയാം. തദ്ദേശവല്‍ക്കരണം അഥവാ മേക്ക് ഇന്ത്യയെന്ന ആശയത്തിന്റെ ചിറകിലേറിയാണ് പ്രതിരേധ മേഖല കുതിച്ചത്.
കാതലായ പരിവര്‍ത്തനം
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം പ്രതിരോധ മേഖലയില്‍ കാതലായ നയവ്യതിയാനങ്ങള് ദൃശ്യമായിത്തുടങ്ങി. പ്രതിരോധത്തിനായി വിദേശശക്തികളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാനും തദ്ദേശീയമായ അസ്ത്ര-ശസ്ത്രങ്ങള്‍ വികസിപ്പിക്കാനുമുദ്ദേശിച്ച് മേക്ക് ഇന്‍ ഇന്ത്യ നയം നടപ്പാക്കപ്പെട്ടു. സൈനിക, പ്രതിരോധ രംഗത്ത് ആഗോള ഉല്‍പ്പാദക ശക്തിയാകാനുള്ള സ്വപ്നപദ്ധതിക്കാണ് ഇപ്രകാരം തുടക്കമായത്. ഡിഫന്‍സ് മേഖലയില്‍ സ്വയംപര്യാപ്തത കൈവരിച്ചാലേ രാഷ്ട്രത്തിന് കരുത്തോടെ നിലനില്ക്കാനാവൂ എന്ന ചിന്തയില്‍ അധിഷ്ഠിതമായാണ് പിന്നീട് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയത്.

ആത്മനിര്‍ഭര്‍ ഭാരത് എന്നത് സുശക്തമായ ഒരു ആവര്‍ത്തന മന്ത്രമായി മാറി. 2020 ല്‍ രണ്ടാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഡിഫന്‍സ് അക്വിസിഷന്‍ പ്രൊസീജര്‍ വിദേശ ആയുധ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ ഉല്‍പ്പാദന സംവിധാനം ആരംഭിക്കണമെന്നത് നിയമം മൂലം നിര്‍ബന്ധമാക്കി. പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കരുത്താര്‍ജിക്കുന്നതും സ്വകാര്യ സ്ഥാപനങ്ങള്‍ മുന്നേറുന്നതുമാണ് സമീപകാല കാഴ്ച. തേജസ് യുദ്ധവിമാനങ്ങളുമായി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡും (എച്ച്എഎല്‍) സ്കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളുമായി മസഗണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സും തിളങ്ങി. ഇന്ത്യന്‍ സൈന്യത്തിന് ആവശ്യമായ ഡ്രോണുകള്‍ ചില സ്വകാര്യ സ്ഥാപനങ്ങളാണ് നിര്‍മിച്ചു നല്‍കുന്നത്.
സ്വകാര്യ മേഖലയുടെ പങ്ക്
പ്രതിരോധ മേഖലയില്‍ സ്വകാര്യ കമ്പനികളുടെ കൂടുതല്‍ ഇടപെടലും കണ്ടുതുടങ്ങിയിരിക്കുന്നു. നിര്‍ണായക പ്രാധാന്യമുള്ള ഉപകരണങ്ങള്‍ക്കും മറ്റുമായി സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ ലഭിച്ചു തുടങ്ങി. നോണ്‍-ക്രിട്ടിക്കല്‍ വിഭാഗത്തില്‍ പെടുന്ന ഘടകങ്ങളുടെ ഉപകരാറുകള്‍ മാത്രമാണ് മുന്‍പ് സ്വകാര്യ കമ്പനികള്‍ക്ക് ലഭിച്ചിരുന്നത്. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എല്‍), ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി), ഡാറ്റ പാറ്റേണ്‍സ്, അസ്ത്ര മൈക്രോവേവ് തുടങ്ങി സ്വകാര്യ കമ്പനികള്‍ക്ക് പ്രതിരോധ മേഖലയിലെ ഡിസൈന്‍, മാനുഫാക്ച്ചറിംഗ്, ലൈസന്‍സോടുകൂടിയ ഉല്‍പ്പാദനം എന്നിവ ഇപ്പോള്‍ സാധ്യമായിരിക്കുന്നു.

ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ക്ക് പകരം ഇന്ത്യയില്‍ നിര്‍മിക്കേണ്ട 4500 ഘടകങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാരും തയാറാക്കിയിട്ടുണ്ട്. സൈന്യത്തിനും നാവികസേനയ്ക്കുമാവശ്യമായ ഡ്രോണുകള്‍, പുതുതലമുറ റഡാറുകള്‍ എന്നിവയെല്ലാം ഈ പട്ടികയിലുണ്ട്. പ്രതിരോധ ബജറ്റില്‍ ആയുധ സംഭരണത്തിനായി അനുവദിച്ച തുകയുടെ 75%, അതായത് ഏകദേശം 1 ലക്ഷം കോടി രൂപ തദ്ദേശീയ വ്യവസായ മേഖലയ്ക്ക് ലഭിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു.
മോദി സര്‍ക്കാര്‍ മൂന്നാം ടേമിലും അധികാരം പിടിച്ചത് പ്രതിരോധ മേഖലയെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ ചെലവിടലും പ്രോല്‍സാഹന നയങ്ങളും സര്‍ക്കാര്‍ തുടരുമെന്നാണ് മേഖലയിലെ പൊതു, സ്വകാര്യ കമ്പനികളെല്ലാം പ്രതീക്ഷിക്കുന്നത്. സഖ്യകക്ഷി സര്‍ക്കാര്‍ വന്നതോടെ ചില മേഖലകളിലേക്ക് ബജറ്റിലെ ചെലവഴിക്കല്‍ കൂടുതലായി മാറിയേക്കാമെങ്കിലും ഡിഫന്‍സിന് ലഭിക്കുന്ന പ്രാമുഖ്യത്തില്‍ കുറവ് വരില്ലെന്ന് കണക്കാക്കപ്പെടുന്നു. എച്ച്എഎല്‍, മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ്, ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്ഡ്, കൊച്ചിന് ഷിപ്പ്യാര്ഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഡിസൈനിംഗും മാനുഫാക്ചറിംഗും അതേ വേഗത്തില്‍ തുടരും.
ആഭ്യന്തര പ്രതിരോധ ഓര്‍ഡറുകള്‍ ഭൂരിപക്ഷവും ഈ കമ്പനികള്‍ക്കാവും ലഭിക്കുക. സ്വകാര്യ കമ്പനികള്‍ ശക്തരായ സപ്ലൈയര്‍മാരായി വര്‍ത്തിക്കുകയും ചെയ്യും. ഓഹരി വിപണിയിലെ നിക്ഷേപകരെ സംബന്ധിച്ച് ഒന്നാന്തരം കാലഘട്ടമാണ് കോവിഡിന് ശേഷം പൊതുവെ സംജാതമായത്. ഈ നേട്ടത്തിന്റെ മുന്‍പന്തിയില്‍ ഡിഫന്‍സ് കമ്പനികള്‍ സ്ഥാനം പിടിച്ചത് സ്വാഭാവികമായിരുന്നു. എച്ച്എഎല്ലിന്റെയും മസഗണ്‍ ഡോക്കിന്റെയും കൊച്ചിന് ഷിപ്പ്യാര്ഡിന്റെയുമൊക്കെ ഓഹരികള്‍ സ്വന്തമാക്കാനായി നിക്ഷേപകര്‍ ആവേശംപൂണ്ടു. നിക്ഷേപം വളര്‍ന്നതോടെ കമ്പനികളുടെ മൂല്യവും കുതിച്ചുയര്‍ന്നു.

സമഗ്രമായ മുന്നേറ്റം
ടെക്നോളജി സ്വീകാര്യതാ വര്‍ഷമായാണ് 2024 നെ ഇന്ത്യന്‍ ആര്‍മി കൊണ്ടാടുന്നത്. ആധുനികവല്‍ക്കരണത്തിലേക്ക് ഒരു കരുത്തുറ്റ നീക്കമാണ് ഇതിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്നത്. ഡ്രോണുകള്‍, ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍, സ്വന്തമായി എഐ സംവിധാനം, സ്വന്തം സോഫ്റ്റ്വെയറുകള്, യുഎവി പ്ലാറ്റ്ഫോമുകള് എന്നിവയെല്ലാം സൈന്യത്തിന്റെ പദ്ധതിയിലുണ്ട്. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയവുമായി ചേര്‍ന്ന് 5ജി നെറ്റ്വര്‍ക്ക്, സൈബര്‍ സെക്യൂരിറ്റി എന്നിവയിലും സൈന്യം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
നാവിക മേഖലയിലും രാജ്യം കരുത്ത്വ ര്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2022 ലാണ് കൊച്ചിന് ഷിപ്പ്യാര്ഡ് നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍. എസ്എംഇകളുടെയും എംഎസ്എംഇകളുടെയും പിന്തുണയോടെ തദ്ദേശീയ നിര്‍മാണത്തില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റത്തിന്റെ കരുത്തുറ്റ ദൃഷ്ടാന്തമാണ് വിക്രാന്ത്. ഐഎന്‍എസ് വിന്ധ്യാഗിരി പോലെ കരുത്തുറ്റ ഫ്രിഗേറ്റുകളും 2023 ല്‍ ഇന്ത്യ നീറ്റിലിറക്കി.
329 ഡിഫന്‍സ് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്. രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കാനും ഭാവിയില്‍ പ്രതിരോധ കയറ്റുമതി രംഗത്തെ വന്‍ ശക്തികളിലൊന്നായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്യാനും ഈ സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക് വളരെ വലുതായിരിക്കും. ബഹിരാകാശം, എഐ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും യുഎസ് സ്റ്റാര്‍ട്ടപ്പുകളും സഹകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
സ്റ്റാര്‍ട്ടപ്പുകളുടെ ആന്‍ ആന്‍ഡ് ഡിക്കായി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ തുക മാറ്റിവെച്ചിട്ടുമുണ്ട്. ഇന്ത്യന്‍ പ്രതിരോധ മേഖല വളര്‍ച്ചയുടെ അടുത്ത പാദത്തിലേക്ക് കടന്നിരിക്കുന്നെന്ന് വ്യക്തം. പ്രതിരോധ ഓഹരികളില്‍ നിക്ഷേപിച്ച് ഈ അവസരം വേണ്ടവിധം മുതലാക്കാനുള്ള ബുദ്ധികൂര്‍മത രാജ്യത്തെ സാധാരണക്കാരും കാട്ടേണ്ടതാണ്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)