നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്യാനിറങ്ങിയതോടെ ഇന്ത്യന്‍ ഓഹരി വിപണി ആറ് വ്യാപാര ദിനങ്ങള്‍ക്ക് ശേഷം താഴേക്ക്. വെള്ളിയാഴ്ച ദിനവ്യാപാരത്തില്‍ സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞ് 81,393 എന്ന നിലയിലെത്തി. 0.74% ഇടിവാണ് ദൃശ്യമായത്. നിഫ്റ്റി 50, 0.76 ശതമാനം ഇടിഞ്ഞ് 24,893 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 25000 എന്ന നിര്‍ണായക നിലയ്ക്ക് താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. ഉച്ചയ്ക്ക് 1 മണിയോടെ സെന്‍സെക്സ് 150 പോയന്റും നിഫ്റ്റി 50 പോയന്റും തിരിച്ചുപിടിച്ചു.
മിഡ്, സ്മോള്‍ ക്യാപ് വിഭാഗങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ നഷ്ടമാണ് നേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ അര ശതമാനം വരെ ഇടിഞ്ഞു. ജിഎസ്ടി പരിഷ്കാര പ്രഖ്യാപനങ്ങളുടെ പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ച എഫ്എംസിജി, മെറ്റല്‍ ഓഹരികളില്‍ വെള്ളിയാഴ്ച ശക്തമായ സമ്മര്‍ദ്ദം ദൃശ്യമായി. നിഫ്റ്റി മെറ്റല്‍ സൂചിക 0.92% ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി സൂചികയില്‍ 0.85% ഇടിവ് ദൃശ്യമായി.
ഏഷ്യന്‍ പെയിന്റ്സില്‍ 1.62% കുത്തനെ ഇടിവ് ദൃശ്യമായി. എച്ച്സിഎല്‍ ടെക്നോളജീസ് 1.61%, ഐടിസി 1.42%, എച്ച്ഡിഎഫ്സി ബാങ്ക് 1.35%, ടെക് മഹീന്ദ്ര 1.32% എന്നിങ്ങനെ ഇടിഞ്ഞു. അതേസമയം ഭാരത് ഇലക്ട്രോണിക്സ് 0.99%, മഹീന്ദ്ര & മഹീന്ദ്ര 0.74%, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ 0.29%, ട്രെന്റ് 0.17%, മാരുതി സുസുക്കി 0.12% എന്നിങ്ങനെ മുന്നേറ്റവും പ്രകടമായി.
റാലിക്ക് ശേഷം ലാഭ ബുക്കിംഗ്
തുടര്‍ച്ചയായ ആറ് സെഷനുകളിലെ ശക്തമായ വാങ്ങലുകള്‍ക്ക് ശേഷം നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്യുന്നതിലേക്ക തിരിഞ്ഞതാണ് വിപണിയുടെ തളര്‍ച്ചക്ക് കാരണം. ഓഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 21 വരെയുള്ള ആറ് വ്യാപാര ദിനങ്ങളിലായി സെന്‍സെക്സ് ഏകദേശം 1,800 പോയിന്റാണ് ഉയര്‍ന്നത്. വിപണിയുടെ ദീര്‍ഘകാല വീക്ഷണം പോസിറ്റീവ് ആയി തുടരുന്നുണ്ടെങ്കിലും, താരിഫ് സംബന്ധമായ അനിശ്ചിതത്വവും ദുര്‍ബലമായ പാദ ഫലങ്ങളും കാരണമാണ് നിക്ഷേപകര്‍ ചില ഓഹരികളില്‍ ലാഭമെടുക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. അടുത്തയാഴ്ച ട്രംപിന്റെ താരിഫ് സമയപരിധി അവസാനിക്കുകയാണെന്ന റിസ്കും നിക്ഷേപകര്‍ കണക്കിലെടുക്കുന്നുണ്ടെന്ന് മേത്ത ഇക്വിറ്റിസിലെ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്സെ പറഞ്ഞു.
ട്രംപ് താരിഫുകള്‍
റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മേല്‍ പ്രഖ്യാപിച്ച 25% ദ്വിതീയ താരിഫുകള്‍ ഓഗസ്റ്റ് 27 മുതലാണ് നിലവില്‍ വരിക. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള മൊത്തം താരിഫ് 50 ശതമാനമാകും. ഏകദേശം 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ ഇത് ബാധിക്കപ്പെടുമെന്ന് ആശങ്കയുണ്ട്. ദ്വിതീയ താരിഫുകള്‍ റദ്ദാക്കുന്നതിനെക്കുറിച്ചോ സമയപരിധി നീട്ടുന്നതിനെക്കുറിച്ചോ ട്രംപ് ഭരണകൂടം ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ല.
ജാക്സണ് ഹോള്‍ ഇവന്റ്
വെള്ളിയാഴ്ച ജാക്സണ് ഹോള്‍ ഇവന്റില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവലിന്റെ പ്രസംഗത്തിന് മുന്നോടിയായി ഇന്ത്യന്‍ വിപണിയിലും ജാഗ്രത പ്രകടമാണ്. ഇന്ത്യന്‍ സമയം രാത്രി 7:30 നാണ് അദ്ദേഹം സംസാരിക്കുക. അടുത്ത വര്‍ഷം മെയ് മാസത്തില്‍ പവലിന്റെ കാലാവധി അവസാനിക്കും. ഫെഡ് ചെയര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാന പ്രസംഗത്തില്‍ യുഎസ് ഫെഡിന്റെ പണനയത്തെക്കുറിച്ച് ചില സൂചനകള്‍ വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നു. യുഎസ് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ഫെഡിന്റെ വിലയിരുത്തലിലും നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
വമ്പന്മാര് ഫോമിലല്ല
ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയുടെ ദുര്‍ബലമായ ഒന്നാം പാദ ഫല പ്രഖ്യാപനങ്ങള്‍ ബാങ്കിംഗ്, ഐടി തുടങ്ങിയ മേഖലകളിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ലാഭമെടുക്കല്‍ പ്രവണത ഈ മേഖലകളില്‍ സജീവമാണ്. ‘വരുമാനം വലിയതോതില്‍ ദുര്‍ബലമായിരുന്നു. വരുമാന പുനരുജ്ജീവനമില്ലാതെ, ഒരു സുസ്ഥിര നീക്കം ബുദ്ധിമുട്ടാണ്. ബാങ്കിംഗ് ഓഹരികളിലെ സമ്മര്‍ദ്ദം ഒരു പ്രധാന ആശങ്കയായി തുടരുന്നു. ബാങ്കിംഗ് കൂടാതെ, മുമ്പ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന മേഖലകളും ലാഭം ബുക്ക് ചെയ്യാന്‍ തുടങ്ങി, അതേസമയം ഐടി മേഖല ഒട്ടും പങ്കെടുക്കുന്നില്ല,’ റെലിഗെയര്‍ ബ്രോക്കിംഗിലെ ഗവേഷണവിഭാഗം വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു.
റഷ്യ-ഉക്രെയ്ന് സംഘര്‍ഷം
റഷ്യയും ഉക്രെയ്നും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ യുദ്ധം അവസാനിക്കുകയാണെന്ന ശുഭാപ്തിവിശ്വാസത്തിന് ശക്തമായ പ്രഹരമേല്‍പ്പിച്ചിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് സാമ്പത്തികമായും ഭൗമരാഷ്ട്രീയപരമായും നെഗറ്റീവ് ആണ്. പുതിയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ക്രൂഡ് ഓയില്‍ വില ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ ഇറക്കുമതിക്കാരില്‍ ഒന്നായ ഇന്ത്യയ്ക്ക് ഇത് ഗുണപരമാല്ല.
റഷ്യ-ഉക്രെയ്ന് യുദ്ധം അവസാനിച്ചാല്‍ ഇന്ത്യയ്ക്ക് മേല്‍ ദ്വിതീയ തീരുവ ചുമത്താന്‍ സാധ്യതയില്ലെന്ന് ട്രംപ് നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതിനുള്ള സാധ്യതകളും വിരളമായിക്കൊണ്ടിരിക്കുകയാണ്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




