രണ്ട് പതിറ്റാണ്ടുകളായി ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി തങ്ങളെ മാര്‍ക്കറ്റ് ചെയ്തിരുന്നത് ലോകത്തെ ഏറ്റവും പ്രശസ്ത നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ നിക്ഷേപം ചൂണ്ടിക്കാട്ടിയാണ്. 2008 മുതല്‍ ചൈനീസ് ഇവി കമ്പനിയുടെ നിക്ഷേപകനാണ് ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേ സ്ഥാപകനായ ബഫറ്റ്. എന്നാല്‍ ഇനി ചൈനീസ് കമ്പനിക്ക് ഈ മേന്മ പറയാനാവില്ല. ബിവൈഡിയില്‍ ഉണ്ടായിരുന്ന 5% ഓഹരികള്‍ കൂടി ബഫറ്റ് വിറ്റൊഴിഞ്ഞിരിക്കുന്നു.
17 വര്‍ഷത്തെ ബഫറ്റിന്റെ കാത്തിരിപ്പ് സുവര്‍ണ നേട്ടമാണ് നല്‍കിയിരിക്കുന്നത്. 2008 ല്‍ 225 ദശലക്ഷം ബിവൈഡി ഓഹരികള്‍ 230 ദശലക്ഷ ഡോളറിനാണ് ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേ വാങ്ങിയിരുന്നത്. ബെര്‍ക്ക്ഷെയറിന്റെ അന്തരിച്ച മുന്‍ സിഇഒ ചാര്‍ലി മുംഗറാണ് ബഫറ്റിനെ ഈ നിക്ഷേപത്തിന് പ്രേരിപ്പിച്ചത്. അന്ന് വളരെ ചെറിയ കമ്പനിയായിരുന്നു ബിവൈഡി. പിന്നീട് നടന്നത് ചരിത്രം. 3890% മുന്നേറ്റമാണ് ബിവൈഡി ഓഹരി വിലകളില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഉണ്ടായത്.
ഏറ്റവും നേട്ടമുണ്ടാക്കിയ നിക്ഷേപം
ബെര്‍ക്ക്ഷെയറിന്റെ ഏറ്റവും നേട്ടമുണ്ടാക്കിയ വിദേശ നിക്ഷേപമായി ബിവൈഡി മാറി. നിക്ഷേപത്തിന്റെ മൂല്യം 9 ബില്യണ്‍ ഡോളറായപ്പോഴേക്കും (ഏകദേശം 80000 കോടി രൂപ) 2022 ഓഗസ്റ്റ് മുതല്‍ ബഫറ്റ് ബിവൈഡി ഓഹരികള്‍ വിറ്റ് ലാഭമെടുത്തു തുടങ്ങി. 2024 ജൂണ്‍ ആയപ്പോഴേക്കും 76% ഓഹരികളും വിറ്റു. ഒടുവില്‍ ശേഷിച്ചിരുന്നത് വെറും 415 മില്യണ്‍ ഡോളറിന്റെ മാത്രം നിക്ഷേപമാണ്. അതും വേണ്ടെന്നു വെച്ചിരിക്കുകയാണ് ബഫറ്റ്.
കാരണങ്ങള്‍ പലത്
യുഎസ് ഇവി കമ്പനിയായ ടെസ്ലയുടെ കരുത്തനായ ആഗോള എതിരാളിയായ ബിവൈഡിയിലെ നിക്ഷേപം ബഫറ്റ് വേണ്ടെന്നു വെച്ചതെന്തിനാണെന്നാണ് ഇപ്പോഴുയരുന്ന ചോദ്യം. ഇവി കാര്‍ നിര്‍മാണത്തില്‍ ബിവൈഡി ടെസ്ലയെ പിന്നിലാക്കാനൊരുങ്ങുന്ന സമയവുമാണ്. ഏത്ര പ്രധാന നിക്ഷേപമാണെങ്കിലും ലാഭമെടുക്കുക എന്നത് പ്രധാനമാണ്. ബഫറ്റും അതു മാത്രമേ ചെയ്തുള്ളൂ. ഇതിനൊപ്പം അടുത്തിടെ ഓഹരികളില്‍ നിന്നുള്ള പണം യുഎസ് ട്രഷറി ബില്ലുകളിലേക്ക് മാറ്റിവരികയാണ് ബഫറ്റ്. ഇതൊടൊപ്പം ബിവൈഡിയുടെ ലാഭം കുറഞ്ഞുവരുന്നതും ഒരു ഘടകമാണ്.
ഓഹരി വില ഇടിഞ്ഞു
17 വര്‍ഷം ഒരു നിക്ഷേപകനായി ഒപ്പം നിന്നതിന് ബഫറ്റിനോടും ഒപ്പും മുംഗറിനോടും ബിവൈഡി നന്ദി പറഞ്ഞു. അതേസമയം ബഫറ്റ് ഓഹരികള്‍ വിറ്റഴിച്ചെന്ന വാര്‍ത്തയെ തുടര്‍ന്ന് ബിവൈഡി ഓഹരി വില 3.5% ഇടിഞ്ഞു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




