പതിറ്റാണ്ടുകളായി എല്ലാ വര്‍ഷവും കൃത്യമായി ഓഹരിയുടമകര്ക്ക് ലാഭവിഹിതം നല്കുന്ന സ്റ്റോക്കുകളുണ്ട്. ഡിവിഡന്റ് ഓഹരികള്‍ എന്നാണ് ഇവയെ വിളിക്കുന്നത്. മികച്ച ലാഭവിഹിതം നല്കുന്നു എന്നതാണ് ഡിവിഡന്റ് ഓഹരികളെ ശ്രദ്ധേയമാക്കുന്നത്. സ്ഥിരമായ ലാഭവിഹിതം ലക്ഷ്യമിട്ട് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കാം. ഓഹരി വിപണിയില്‍ സവിശേഷ നിക്ഷേപ അവസരം നല്കുന്ന ഓഹരികളാണ് ഇവ. സ്ഥിര വരുമാനം നല്‍കുന്നതിനൊപ്പം മൂലധനത്തിലും ക്രമമായ മുന്നേറ്റം ഉണ്ടാകുന്നു. 2024 ല്‍ മികച്ച ഡിവിഡന്റ് നല്കിയ ചില ഓഹരികള്‍ പരിശോധിക്കാം…
സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഡിവിഡന്റ് ഓഹരികള്‍ കണ്ടെത്തി അവയില്‍ നിക്ഷേപിക്കാം. റിസ്ക് താരതമ്യേന അല്‍പ്പം കുറവാണെന്നതും ആകര്‍ഷണീയതയാണ്. റിട്ടയര്‍ ചെയ്തവര്‍ക്കും ദീര്‍ഘകാല നിക്ഷേപകര്‍ക്കുമെല്ലാം അനുയോജ്യമായ ഓഹരികളാണ് ഡിവിഡന്റ് ഓഹരികള്‍.
എക്സ് ഡേറ്റ്
ലാഭവിഹിതം കമ്പനികള്‍ നേരിട്ട് നിക്ഷേപകന്റെ ബാങ്ക് എക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. പ്രത്യേക തിയതി അഥവാ എക്സ് ഡേറ്റിനു മുന്‍പ് കമ്പനിയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന നിക്ഷേപകര്‍ക്കാണ് ഡിവിഡന്റ് ലഭിക്കുക. ഡിവിഡന്റായി ലഭിക്കുന്ന തുക വീണ്ടും നിക്ഷേപിക്കാനും അവസരമുണ്ട്. ഡിവിഡന്റ് നല്‍കുന്നതോടെ അത്രയും തുക കമ്പനിയുടെ ഓഹരി വിലയില്‍ നിന്ന് കുറയ്ക്കുന്നു. ഇതോടെ ഓഹരി മൂല്യം കൂടുതല്‍ ആകര്‍ഷകമാവും. പുതിയ നിക്ഷേപകര്‍ നിക്ഷേപം നടത്തുന്നതോടെ ഓഹരി വില ഉയരുകയും നിലവിലെ നിക്ഷേപകര്‍ക്ക് മികച്ച മൂലധന നേട്ടം ലഭിക്കുകയും ചെയ്യും.
ചാഞ്ചാട്ട സാധ്യത കുറവ്
ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തില്‍ നിന്നും കുറെയൊക്കെ പരിരക്ഷ നല്കാന് ശേഷിയുള്ളവയാണ് മിക്കവാറും ഡിവിഡന്റ് സ്റ്റോക്കുകള്‍. ശേഷിയും ലാഭവുമുള്ള കമ്പനികള്‍ക്കേ ഡിവിഡന്റ് പ്രഖ്യാപിക്കാനുള്ള ആരോഗ്യമുണ്ടാവൂ. അതിനാല്‍ ഡിവിഡന്റ് സ്റ്റോക്കുകള്‍ പൊതുവെ കരുത്തുറ്റവയാണെന്ന് വിലയിരുത്തപ്പെടുന്നു. വലിയ ബ്രോക്കറേജുകള്‍ക്കും സ്ഥാപന നിക്ഷേപകര്‍ക്കും ലഭ്യമായതുപോലെ ഓഹരി വിപണി ഡാറ്റകള്‍ ചെറുകിട നിക്ഷേപകര്‍ക്ക് ലഭ്യമല്ല.
അതുകൊണ്ടു തന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഏറ്റവുമധികം ബാധിക്കുക റീട്ടെയ്ല്‍ നിക്ഷേപകരെയാവും. വലിയ നിക്ഷേപകരാവട്ടെ അവര്‍ ചെയ്യുന്ന ഓരോ ട്രേഡില്‍ നിന്നും ലാഭമെടുക്കാന്‍ ശേഷിയുള്ളവരാണ്. അതിനാല്‍ തന്നെ ചാഞ്ചാട്ട സാധ്യതയുള്ള ഓഹരികള്‍ വിട്ട് കരുത്തുറ്റ ഓഹരികളില്‍ നിക്ഷേപിക്കാന്‍ ഡിവിഡന്റ് സ്റ്റോക്കുകള്‍ ചെറുകിട നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്നുണ്ട്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കവയും ഡിവിഡന്റ് നല്കുന്നവയാണ്.


ചില പോരായ്മകള്‍
വമ്പന്‍ നേട്ടങ്ങള്‍ പൊതുവെ അപ്രാപ്യമായിരിക്കും എന്നതാണ് ഡിവിഡന്റ് ഓഹരികളുടെ ഒരു പോരായ്മ. ഉദാഹരണത്തിന് 1990 കളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളോ ഇന്‍ഫോസിസ് ഓഹരികളോ വാങ്ങിയ ഒരാള്‍ ഇപ്പോള്‍ ചിന്തിക്കാവുന്നതിലപ്പുറം ധനികനായിരിക്കും. എന്നാല്‍ ഒരു പിടി ഡിവിഡന്റ് സ്റ്റോക്കുകളില്‍ നിന്ന് ഇതിന് സമാനമായ നേട്ടം ലഭിക്കാന്‍ സാധ്യത കുറവാണ്. കമ്പനിയുടെ വളര്‍ച്ചാ രീതികള്‍ മാറുമ്പോള്‍ ഡിവിഡന്റ് കുറയാനും സാധ്യതയുണ്ട്.
ഡിവിഡന്റ് നല്കിക്കൊണ്ടിരിക്കുന്ന ഒരു കമ്പനി എപ്പോള്‍ വേണമെങ്കിലും അത് നല്‍കുന്നത് നിര്‍ത്തുകയും ചെയ്യാം. പൊതുവെ കമ്പനിയുടെ ലാഭം കുറയുമ്പോഴാണ് ഡിവിഡന്റ് നല്കുന്നതില് നിന്ന് കമ്പനി പിന്മാറുന്നത്. എന്നാല്‍ എല്ലായ്പ്പോഴും അങ്ങനെ ആകണമെന്നുമില്ല. ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്കുന്നതിനപ്പുറം ബിസിനസ് വളര്‍ച്ചക്കും ഏറ്റെടുപ്പിനെ ഫണ്ട് ചെയ്യാനും കടം വീട്ടാനും ഓഹരികള്‍ തിരികെ വാങ്ങാനുമൊക്കെ ഈ ലാഭം ഉപയോഗിക്കാന്‍ കമ്പനി തീരുമാനിച്ചാല്‍ ഡിവിഡന്റ് ലഭിക്കില്ല.
2024 ല്‍ ഇന്ത്യയില്‍ മികച്ച ഡിവിഡന്റ് നല്കിയ കമ്പനികള്‍ ഏതൊക്കെയാണെന്ന് നോക്കാം…
1. ടപാരിയ ടൂള്‍സ്
ഇന്ത്യയിലെ മികച്ച ഹാന്‍ഡ് ടൂള്‍സ് നിര്‍മാതാക്കളാണ് ടപാരിയ ടൂള്‍സ്. കണ്‍സ്ട്രക്ഷന്‍, എന്‍ജിനീയറിംഗ്, മാനുഫാക്ചറിംഗ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണിത്. സുസ്ഥിരമായ പ്രകടനവും ഓഹരിയുടമകള്‍ക്ക് ലാഭവിഹിതവുമായി രാജ്യത്ത് മികച്ച ഡിവിഡന്റ് നല്കുന്ന കമ്പനികളിലൊന്നാണ് ടപാരിയ. അതേസമയം പെന്നി സ്റ്റോക്ക് വിഭാഗത്തില്‍ വരുന്ന കമ്പനി കൂടിയാണിതെന്ന് ശ്രദ്ധിക്കണം. 2024 ല്‍ 435% ഡിവിഡന്റാണ് കമ്പനി നല്‍കിയത്.


2. ഫോര്‍ട്ടിസ് മലര് ഹോസ്പിറ്റല്‍
ഇന്ത്യയിലെ മികച്ച ആശുപത്രി ശൃംഖലകളിലൊന്നാണ് ഫോര്‍ട്ടിസ് മലര് ഹോസ്പിറ്റല്‍. കാര്‍ഡിയോളജി, ന്യൂറോളജി, ഓങ്കോളജി മേഖലകളില്‍ മികച്ച ചികില്‍സയാണ് ഫോര്‍ട്ടിസ് മലര് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. പെന്നി സ്റ്റോക്കാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. 79.3% ഡിവിഡന്റാണ് കമ്പനി 2024 ല്‍ നല്‍കിയത്.
3. എക്സ്ചേഞ്ചിംഗ് സൊലൂഷന്‍സ്
ഐടി, ബിപിഒ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് എക്സ്ചേഞ്ചിംഗ് സൊലൂഷന്‍സ്. സ്ട്രാറ്റജിക് കണ്സള്ട്ടേഷന്, ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട്, സോഫ്റ്റ്വെയര് ഡെവലപ്മെന്റ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും കമ്പനി നല്‍കുന്നത്. 29.6% ഡിവിഡന്റാാണ് കമ്പനി 2024 ല്‍ നല്‍കിയത്.
4. ചെന്നൈ പെട്രോളിയം
ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ മേഖലയിലെ എണ്ണം പറഞ്ഞ കമ്പനിയാണ് ചെന്നൈ പെട്രോളിയം. സ്ഥിരമായി ഡിവിഡന്റ് നല്കുന്ന കമ്പനിയെന്ന ഖ്യാതി ചെന്നൈ പെട്രോളിയത്തിനുണ്ട്. ക്രൂഡ് ഓയില്‍ ഖനനം ചെയ്യുന്നതിനൊപ്പം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലും ചെന്നൈ പെട്രോളിയം സജീവമാണ്. 2024 ല്‍ 9.17% ഡിവിഡന്റ് നേട്ടമാണ് കമ്പനി ഓഹരിയുടമകള്‍ക്ക് നല്‍കിയത്.
5. വേദാന്ത ലിമിറ്റഡ്
സിങ്ക്, കോപ്പര്‍, ഇരുമ്പ് അയിര്, അലുമിനിയം എന്നിവയുടെ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലുള്ള കമ്പനിയാണ് വേദാന്ത. കഴിഞ്ഞ 10 വര്‍ഷമായി സ്ഥിരമായി ഡിവിഡന്റ് നല്കി ഓഹരിയുടമകളെ ധനവാന്മാരാക്കിയ കമ്പനിയാണിത്. 2024 ല്‍ 7.79% ലാഭവിഹിതമാണ് വേദാന്ത നല്‍കിയത്. ഡിവിഡന്റ് കിംഗ് എന്നാണ് കമ്പനി ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറിയപ്പെടുന്നത്.
6. ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്
ഇന്ത്യയിലെ ഓയില്‍, ഗ്യാസ് മേഖലയിലെ പ്രമുഖ കമ്പനിയാണ് ബിപിസിഎല്‍. രാജ്യത്തുടനീളം സാന്നിധ്യമുള്ള കമ്പനി സ്ഥിരമായി ഡിവിഡന്റ് നല്കി ഓഹരി ഉടമകളെ സംതൃപ്തരാക്കുന്ന കമ്പനിയാണ്. 2024 ല്‍ 7.13 ശതമാനം ഡിവിഡന്റാണ് കമ്പനി, ഓഹരിയുടമകള്‍ക്ക് നല്‍കിയത്.

7. കോള്‍ ഇന്ത്യ ലിമിറ്റഡ്
ആഗോള കല്‍ക്കരി ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന പൊതുമേഖലാ കമ്പനിയാണ് കോള്‍ ഇന്ത്യ. ഇന്ത്യയുടെ ഊര്‍ജ സുരക്ഷയില്‍ നിര്‍ണായകമായ പങ്കാണ് കോള്‍ ഇന്ത്യക്കുള്ളത്. മികച്ച ഡിവിഡന്റാണ് കാലാകാലങ്ങളായി കോള്‍ ഇന്ത്യ, ഓഹരിയുടമകള്‍ക്ക് നല്‍കുന്നത്. 6.12% ലാഭവിഹിതമാണ് കോള്‍ ഇന്ത്യ 2024 ല്‍ ഓഹരിയുടമകള്‍ക്ക് നല്‍കിയത്.
8. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് ലിമിറ്റഡ്
ഇന്ത്യയിലെ മുന്‍നിര എണ്ണ, ഗ്യാസ് പര്യവേഷണ കമ്പനിയാണ് ഓഎന്‍ജിസി. ഊര്‍ജ മേഖലയില്‍ നിന്നുള്ള വലിയ നേട്ടം തുടര്‍ച്ചയായി ലാഭവിഹിതം കൈമാറുന്ന കമ്പനിയായി ഓഎന്ജിസിയെ മാറ്റിയിട്ടുണ്ട്. 4.74 ശതമാനം ലാഭവിഹിതമാണ് 2024 ല്‍ കമ്പനി ഓഹരിയുടമകള്‍ക്ക് നല്‍കിയത്.
9. പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍
പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, രാജ്യത്തെ വൈദ്യുത വിതരണ ശൃംഖലകളുടെ ഉടമകളാണ്. ഓഹരിയുടമകള്‍ക്ക് ദീര്‍ഘകാല നേട്ടം നല്കുന്ന കമ്പനി മികച്ച ഡിവിഡന്റ് കമ്പനിയാണ്. 2024 ല്‍ 3.49% ഡിവിഡന്റാണ് കമ്പനി ഓഹരിയുടമകള്‍ക്ക് നല്‍കിയത്.
10. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍
മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും മുന്‍നിര ആരോഗ്യ സേവനദാതാവാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍. ഫാര്‍മസികള്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്‍, ആശുപത്രികള്‍ എന്നിവയിലൂടെയാണ് വരുമാനം. മികച്ച ഡിവിഡന്റ് കമ്പനിയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍. 2024 ല്‍ 0.46% ലാഭവിഹിതമാണ് കമ്പനി നല്‍കിയത്.
(ഓഹരി വിപണി സംബന്ധിച്ച അടിസ്ഥാന വിദ്യാഭ്യാസം നല്കാനുദ്ദേശിച്ചുള്ള ലേഖനം മാത്രമാണിത്. ഇതില്‍ പറയുന്ന സ്റ്റോക്കുകള്‍ നിര്‍ദേശങ്ങളല്ല. ആളുകള്‍ സ്വയം വിലയിരുത്തി നിക്ഷേപം സംബന്ധിച്ച തീരുമാനങ്ങളെടുക്കേണ്ടതാണ്).
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)