ഓഹരികള്‍ തിരികെവാങ്ങുന്നതിന് 18,000 കോടി രൂപ അനുവദിക്കാന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ഇത്രയും വലിയ തുകയ്ക്ക് ഓഹരികള്‍ തിരിച്ചുവാങ്ങുന്നത് കമ്പനിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. 2017-ന് ശേഷം ഇത് അഞ്ചാം തവണയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഐട കമ്പനികളിലൊന്നായ ഇന്‍ഫോസിസ് ഓഹരികള്‍ തിരികെ വാങ്ങുന്നത്. ടെന്‍ഡര്‍ ഓഫര്‍ രീതിയില്‍ നടത്തുന്ന ഓഹരി തിരികെവാങ്ങലില്‍ ഓഹരിയൊന്നിന് 1,800 രൂപ വില നല്‍കാനാണ് ഇന്‍ഫോസിസ് തീരുമാനം. 5 രൂപ വീതം മുഖവിലയുള്ള 10 കോടി ഇക്വിറ്റി ഷെയറുകളും അതില്‍ ഉള്‍പ്പെടുന്നു.
കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ചീഫ് ലീഗല്‍ ഓഫീസറും സെക്രട്ടറിയും ചീഫ് കംപ്ലെയന്‍സ് ഓഫീസറും ഉള്‍പ്പെടുന്ന കമ്മിറ്റിക്കാണ് ഓഹരി തിരികെ വാങ്ങലിന്റെ മേല്‍നോട്ട ചുമതല. ഓഹരി തിരികെ വാങ്ങുന്നതിന് അനുയോജ്യരായ ഓഹരിയുടമകളെ തിരഞ്ഞെടുക്കുന്ന തീയ്യതി പിന്നീട് പ്രഖ്യാപിക്കും. നിയമാനുസൃതമുള്ള പരിധിക്കുള്ളില്‍ നിന്നുള്ള ഓഹരിതിരികെ വാങ്ങലാണ് ഇന്‍ഫോസിസ് നടത്തുന്നത്. ഓഹരിതിരികെ വാങ്ങല്‍ പൂര്‍ത്തിയായതിന് ശേഷമേ വാങ്ങിയ ഓഹരികളുടെ എണ്ണമടക്കമുള്ള വിവരങ്ങള്‍ വ്യക്തമാകൂ.
ഈ വര്‍ഷം ആരംഭിച്ചത് മുതല്‍ ഓഹരിവിലയില്‍ 20 ശതമാനത്തോളം ഇടിവുണ്ടായ സാഹചര്യത്തില്‍ കൂടിയാണ് ഇന്‍ഫോസിസ് ഓഹരി തിരികെവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഹരിമൂല്യം കുറഞ്ഞതാണ് മാനേജ്മെന്റിനെ ഓഹരിതിരികെ വാങ്ങലിന് പ്രേരിപ്പിച്ചതെന്ന് ബ്രോക്കറേജ് കമ്പനിയായ കൊട്ടക് സെക്യൂരിറ്റീസ് അഭിപ്രായപ്പെടുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




