2025 ല്‍ പോര്‍ട്ട്ഫോളിയോ ലാഭത്തിലാണെങ്കില്‍ നിങ്ങള്‍ മിടുക്കനായ ഒരു നിക്ഷേപകനാണ്. 10% ല്‍ ഏറെ നേട്ടം ഉണ്ടാക്കിയെങ്കില്‍ നിങ്ങള്‍ നിഫ്റ്റിയെ കടത്തിവെട്ടുകയും ചെയ്തിരിക്കുന്നു. വമ്പന്‍ സ്രാവുകളുടെ പോര്ട്ട്ഫോളിയോകളെല്ലാം 2025 ല്‍ കടുത്ത ചുവപ്പിലാണ്. നിഫ്റ്റി ഓള്‍ടൈം ഹൈയായ 26,310 ല്‍ തൊട്ട സെപ്റ്റംബറില്‍ വിജയ് കേഡിയയുടെ പോര്‍ട്ട്ഫോളിയോ 50% നഷ്ടത്തിലായിരുന്നു. ആശിഷ് ധവാന് 29% നഷ്ടത്തില്‍. മുകുള്‍ അഗര്‍വാള്‍ 14.5% നഷ്ടത്തിലും ആശിഷ് കച്ചോലിയ 10.3% തിരിച്ചടിയിലും. അനില്‍ ഗോയലിന്റെ പോര്‍ട്ട്ഫോളിയോയില്‍ 11.3% നഷ്ടവും ദൃശ്യമായി. അപ്പോള്‍ ക്യാപ്പിറ്റല്‍ നഷ്ടമുണ്ടാകാതെ സംരക്ഷിച്ചാല്‍ തന്നെ നിങ്ങള്‍ മികച്ച സാഹചര്യത്തിലാണ്.
2025 അത്തരത്തിലൊരു വര്‍ഷമായിരുന്നു. ഏറെ വളര്‍ച്ച പ്രതീക്ഷിച്ച് റീട്ടെയ്ലര്‍മാരും തിമിംഗലങ്ങളുമെല്ലാം ഒരുപോലെ പിടികൂടിയ മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികള്‍ നിരാശപ്പെടുത്തി. നിഫ്റ്റി മിഡ്കാപ് സൂചിക ഒരു വര്‍ഷത്തിനിടെ വളര്‍ന്നത് 5.9% മാത്രം. ബാങ്ക് എഫ്ഡിയെ കവച്ചുവെക്കാനോ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന റിട്ടേണ്‍ നല്‍കാനോ മിഡ്കാപ് സൂചികക്ക് കഴിഞ്ഞില്ല. നിഫ്റ്റി സ്മോള്‍കാപ് സൂചികയാവട്ടെ 2025 ല്‍ 6 ശതമാനത്തിലേറെ നഷ്ടത്തിലാണ്. പെരുമയുള്ള ഓഹരികള്‍ പലതും 10 മുതല്‍ 60% വരെ നഷ്ടത്തിലാണ്.
നേട്ടവുംനഷ്ടവും
ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ സംയോജിത വിപണി മൂലധനമുള്ള ലിസ്റ്റഡ് ബിസിനസ് ഗ്രൂപ്പുകളെ വിലയിരുത്തുമ്പോള്‍ 2025 ല്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് സാമ്പത്തിക സേവന രംഗത്തുള്ള ശ്രീറാം ഗ്രൂപ്പാണ്, 58.7% വളര്‍ച്ച. ടിവിഎസ് കമ്പനികളുടെ ഉടമകളായ വേണു ശ്രീനിവാസന് ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം 43.6% നേട്ടമുണ്ടാക്കി. ഖനന രംഗത്തുള്ള വേദാന്ത ഗ്രൂപ്പ് 35.9% നേട്ടവും എയര്‍ടെല്‍ അടക്കമുള്ള കമ്പനികള്‍ അംഗമായ ഭാരതി ഗ്രൂപ്പ് 29.8% വളര്‍ച്ചയും റിലയന്‍സ് ഗ്രൂപ്പ് 22.9% നേട്ടവുമുണ്ടാക്കി. വരുണ്‍ ബവ്റിജസിന്റെയും മറ്റും ഉടമകളായ രവി ജയ്പുരിയ ഗ്രൂപ്പാണ് 2025 ല്‍ ഏറ്റവുമധികം നഷ്ടത്തിലേക്ക് പോയ വന്‍ ബിസിനസ് ഗ്രൂപ്പ്. 24% തളര്‍ച്ചയാണ് ഗ്രൂപ്പിന് സംഭവിച്ചത്. ഐടി വമ്പനായ എച്ച്സിഎല്‍ ടെക് 15% നഷ്ടവും സണ്‍ ഫാര്‍മ 9.2 ശതമാനവും നഷ്ടം നേരിട്ടു. ഗോദ്റെജ് ഗ്രൂപ്പിന്റെ സംയോജിത വിപണി മൂലധനം 8.3 ശതമാനവും അധികാര തര്‍ക്കത്തില്‍ ആടിയുലഞ്ഞ ടാറ്റ ഗ്രൂപ്പിന്റേത് 6.5 ശതമാനവും ഇടിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ നിന്ന് സെബിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചെങ്കിലും അദാനി ഓഹരികളും 2025 ല്‍ രക്ഷപെട്ടില്ല. 7.2% വളര്‍ച്ച മാത്രമാണ് സംയോജിത വിപണി മൂലധനത്തില്‍ ഉണ്ടായത്.
കരുത്തുറ്റ മേഖലകള്‍
ലോഹങ്ങളും പൊതുമേഖലാ ബാങ്ക് ഓഹരികളും വാഹന മേഖലയുമാണ് 2025 ൽ ഏറ്റവും കരുത്തു കാട്ടിയത്. വർഷത്തിലുടനീളം പൊതുമേഖലാ ബാങ്ക് ഓഹരികളും സാമ്പത്തിക സേവന മേഖലയിലെ കമ്പനികളും ബുള്ളിഷ് ട്രെൻഡിലായിരുന്നു. 45 ശതമാനത്തോളം മുന്നേറ്റമാണ് പൊതുമേഖലാ ബാങ്ക് ഓഹരികളുടെ സൂചികയിൽ ഒരു വർഷത്തിനിടെ ദൃശ്യമായത്. കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവ 65-70 ശതമാനത്തോളം മുന്നേറി. ഈ മുന്നേറ്റം 2026 ന്റെ ആരംഭത്തിലും കാര്യമായ ഇടിവില്ലാതെ തുടരുകയാണ്. ജിഎസ്ടി ഇളവുകളാണ് വാഹന മേഖലയിൽ കുതിപ്പുണ്ടാക്കിയത്. 30 ശതമാനത്തോളം മുന്നേറിയെങ്കിലും ജനുവരിയുടെ തുടക്കത്തോടെ ഓട്ടോ ഓഹരികളിൽ ഇടിവുണ്ടായി. അതേസമയം ആഗോള അനിശ്ചിതാവസ്ഥകൾക്കിടെ മെറ്റൽ ഓഹരികൾ കുതിപ്പ് തുടരുകയാണ്. വെള്ളിക്കും സ്വർണത്തിനുമൊപ്പം കോപ്പർ, സ്റ്റീൽ, അലുമിനിയം, സിങ്ക് ഓഹരികളിലെല്ലാം മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി മെറ്റൽ സൂചിക 40 ശതമാനത്തിലേറെ മുന്നേറിയപ്പോൾ ഹിന്ദുസ്ഥാൻ കോപ്പർ 150% ൽ ഏറെ നേട്ടമാണ് നിക്ഷേപകർക്ക് 2025 ൽ നൽകിയത്. നാൽകോ 85 ശതമാനവും ഖനന കമ്പനിയായ വേദാന്ത 50 ശതമാനത്തിലേറെ നേട്ടവും നൽകി. മെറ്റൽ ഓഹരികൾ 2026 ലും പ്രതീക്ഷ നൽകുന്നുണ്ട്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




