ഇന്ത്യന്‍ വ്യോമസേനയ്ക്കായി 97 ലഘു യുദ്ധ വിമാനങ്ങള്‍ (എല്‍സിഎ) എംകെ1എ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡ് (എച്ച്എഎല്‍) സ്ഥിരീകരിച്ചു. കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി (സിസിഎസ്) കഴിഞ്ഞ ദിവസമാണ് എച്ച്എഎല്‍ വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനത്തിന്റെ നവീകരിച്ച പതിപ്പായ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് മാര്‍ക്ക്1എ വാങ്ങാന്‍ അംഗീകാരം നല്‍കിയത്. 62000 കോടി രൂപയുടെ വമ്പന്‍ ഇടപാടാണിത്.
ഓഹരിവില ഉയര്‍ന്നു
ഓര്‍ഡര്‍ എച്ച്എഎല്‍ സ്ഥിരീകരിച്ചതോടെ കമ്പനിയുടെ ഓഹരികളില്‍ ഉണര്‍വ് ദൃശ്യമായി. ഓഹരിവില 0.82% ഉയര്‍ന്ന് 4505 ല്‍ എത്തി. നിക്ഷേപകര്‍ ലാഭമെടുത്തതോടെ ദിനാന്ത്യത്തില്‍ വില 4474 ലേക്ക് താഴ്ന്നു. രണ്ട് മാസമായി താഴേക്കു വീഴുകയായിരുന്ന ഓഹരി, തിരിച്ചുവരവിന്റെ സൂചനകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എച്ച്എഎലിന് കവറേജ് നല്കുന്ന 22 വിശകലന വിദഗ്ധരില്‍ 17 പേര് ഓഹരി വാങ്ങാനുള്ള ശുപാര്‍ശ നല്കുന്നു. രണ്ടു പേര് ഓഹരികള്‍ ഹോള്‍ഡ് ചെയ്യാന്‍ പറയുന്നു. രണ്ടു പേര് ഓഹരികള്‍ വിറ്റ് ലാഭമെടുക്കാനാണ് പറയുന്നത്.
കൂടുതല്‍ ഓര്‍ഡറുകള്‍
കാലപ്പഴക്കം മൂലം ഒഴിവാക്കുന്ന മിഗ്21 യുദ്ധവിമാനങ്ങളുടെ ശ്രേണിക്ക് പകരമാവും വ്യോമസേനയില്‍ തേജസ് യുദ്ധവിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പ് ഇടം പിടിക്കുക. 2021 ഫെബ്രുവരിയിലും വ്യോമസേന എച്ച്എഎലിന് എംകെ1എ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. പുതിയ ഓര്‍ഡര്‍ പ്രകാരം ഈ വര്‍ഷം 6 ജെറ്റുകള്‍ എച്ച്എഎല്‍ വ്യോമസേനയ്ക്ക് കൈമാറും. 200 ലധികം എല്‍സിഎ മാര്‍ക്ക് 2 വിമാനങ്ങളും അഞ്ചാം തലമുറ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റുകളും വാങ്ങുന്നതിനുള്ള കരാറുകളും ഉടന്‍തന്നെ എച്ച്എഎലിന് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
മേക്ക് ഇന്‍ ഇന്ത്യ
വ്യോമസേനയ്ക്ക് നേരത്തെ വിതരണം ചെയ്ത 40 എല്‍സിഎകളേക്കാള്‍ കൂടുതല്‍ നൂതനമായ ഏവിയോണിക്സും റഡാറുകളും എല്‍സിഎ മാര്‍ക്ക് 1എ വിമാനത്തിലുണ്ട്. പുതിയ എല്‍സിഎ മാര്‍ക്ക് 1എ വിമാനങ്ങളിലെ 65 ശതമാനത്തിലേറെ ഘടകങ്ങള്‍ തദ്ദേശീയമായി നിര്‍മിച്ചവയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തേജസ് യുദ്ധവിമാനങ്ങളുടെ നിര്‍മാണം ഏറെ പിന്തുണ നല്‍കുന്നുണ്ട്. വിമാന ഘടകങ്ങള്‍ നിര്‍മിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് സമീപകാലത്ത് ഉയര്‍ന്നു വന്നിരിക്കുന്നത്.
തേജസ് യുദ്ധവിമാനങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് നല്കി പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. തേജസിന്റെ പരിശീലന വിമാനത്തില്‍ പൈലറ്റിനൊപ്പം പറന്ന് പ്രധാനമന്ത്രി മോദി തന്നെ വിമാനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി. ഒരു യുദ്ധവിമാനത്തില്‍ ഏതെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായി നടത്തിയ സോര്‍ട്ടി ആയിരുന്നു ഇത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)