സ്വര്‍ണത്തിന്റെ പിടിവിട്ടുള്ള കുതിപ്പ് തുടരുന്നു. കേരളത്തില്‍ പവന് 920 രൂപ വര്‍ധിച്ച് 83,840 എന്ന ഉയരത്തിലാണ് സ്വര്‍ണം. 84000 എന്ന റെക്കോഡിലേക്ക് ഇനി വെറും 160 രൂപ മാത്രം ദൂരം. ഗ്രാമിന് 115 രൂപ ഉയര്‍ന്ന് 10,480 രൂപയിലുമെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ ഗ്രാമിന് 322 രൂപയും പവന് 2576 രൂപയും വര്‍ധിച്ചു.
അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന കുതിപ്പാണ് ഇന്ത്യയിലും വിലയുയര്‍ത്തുന്നത്. ട്രോയ് ഔണ്‍സിന് 3780 എന്ന ചരിത്രത്തിലെ ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നതും സ്വര്‍ണവില ഉയര്‍ത്തുന്നു. രൂപയുടെ മൂല്യം ഡോളറിനെതിരെ 10 പൈസ താഴ്ന്ന് 88.49 ല്‍ എത്തി. രൂപയുടെ മൂല്യം ഇടിയുന്നത് സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കും.
ഇന്ത്യയില്‍ ഉല്‍സവ സീസണ് ആരംഭിച്ചതും സ്വര്‍ണത്തിന്റെ ആവശ്യകതയും വിലയും ഉയര്‍ത്തുന്നു. നവാരാത്രി മുതല്‍ ദീപാവലി വരെയുള്ള രണ്ടുമാസക്കാലം ഇന്ത്യക്ക് ഏറ്റവും വലിയ ഷോപ്പിംഗ് ഉല്‍സവത്തിന്റെ സമയം കൂടിയാണ്. ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങുന്ന കാലം കൂടിയാണിത്. കേരളത്തിലാവട്ടെ വിവാഹ സീസണും ഇതിനൊപ്പം വന്നിട്ടുണ്ട്. ഈ ഘടകങ്ങളും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.
സ്വര്‍ണവില ഉയരുന്നതിനൊപ്പം ലോകത്തെ കേന്ദ്ര ബാങ്കുകളെല്ലാം സ്വര്‍ണം കരുതല്‍ നിക്ഷേപമായി വാങ്ങുന്നത് ഉയര്‍ത്തിയിട്ടുണ്ട്. ചൈനയുടെ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയാണ് സ്വര്‍ണം വാങ്ങലില്‍ മുന്നില്‍ നില്‍ക്കുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




