കൂത്താട്ടുകുളം ശ്രീധരീയത്തില്‍ മേയ് മാസം നടന്ന നമ്പൂതിരി ബിസിനസ് മീറ്റ് പുതുമയാര്‍ന്ന ആശയങ്ങളാലും ബിസിനസ് അവസരങ്ങളുടെ സമ്പന്നതയാലും ശ്രദ്ധേയമായി. നമ്പൂതിരി മഹാസംഗമത്തിന്റെ ഭാഗമായിട്ടായിരുന്നു ബിസിനസ് സംഗമം സംഘടിപ്പിച്ചത്. ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മകളുടെ ഒത്തുചേരല്‍ കൂടിയായിരുന്നു അത്.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് കാളിദാസന് ഭട്ടതിരിപ്പാടാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ പങ്കെടുത്ത സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ശ്രീധരീയം ഗ്രൂപ്പ് ചെയര്മാന് എന്‍ പി നാരായണന് നമ്പൂതിരി, വൈസ് ചെയര്മാന് ഹരി എന്‍ നമ്പൂതിരി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ശ്രീധരീയമാണ് സംഗമത്തിന് ആഥിത്യമരുളിയത്. പ്രശസ്ത നടന് ബാബു നമ്പൂതിരിയാണ് മുഖ്യപ്രഭാഷണം നടത്തിയത്. നിരവധി കലാപരിപാടികളും സംരംഭകരുടെ ബിസിനസ് സ്റ്റാളുകളും പരിപാടിക്ക് മാറ്റുകൂട്ടി.


വ്യത്യസ്ത അനുഭവമായി ബിസിനസ് മീറ്റ്
സാമൂഹ്യ മാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ നിന്നാണ് ബിസിനസ് മീറ്റെന്ന ആശയത്തിലേക്ക് ഇവര്‍ എത്തിയത്. തങ്ങളുടെ ബിസിനസ് അനുഭവങ്ങള്‍ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒക്കെ ഷെയര്‍ ചെയ്തായിരുന്നു തുടക്കം. ബിസിനസ് രംഗത്തും സംരംഭകത്വത്തിലും താല്‍പ്പര്യമുള്ളവരും ആ രംഗത്ത് മുന്‍പരിചയമുള്ളവരും ഈ കൂട്ടായ്മയില്‍ ഉണ്ടെന്ന് ഏറെ സന്തോഷത്തോടെ ഇവര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് നമ്പൂതിരിമാരുടെ ഈ ബിസിനസ് കൂട്ടായ്മ വാട്സാപ്പിലൂടെ വളര്‍ന്നത്… ബിസിനസ് മീറ്റിന്റെ ഭാഗമായി ഷെയര്‍ ട്രേഡിംഗ്, ബ്രാന്‍ഡിംഗ് തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെഷനുകള്‍ ഉണ്ടായിരുന്നു. ഒരു കമ്പനി സ്റ്റാര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇസാഫ് ഗ്രൂപ്പിന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായ സുനില്‍ നമ്പൂതിരി അവതരിപ്പിച്ചത്.

സംരംഭം തുടങ്ങുമ്പോഴും നടത്തിക്കൊണ്ടുപോകുമ്പോഴുമെല്ലാമുള്ള
വെല്ലുവിളികളും സങ്കീര്‍ണതകളും അവസരങ്ങളുമെല്ലാം അദ്ദേഹം വിവരിച്ചു. ഒരു കമ്പനി സ്റ്റാര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന്റെ സ്ട്രക്ച്ചറിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ബോധ്യമുണ്ടാക്കുന്നതായിരുന്നു സുനില്‍ നമ്പൂതിരിയുടെ സെഷന്. കമ്പനി രൂപീകരിക്കുമ്പോള്‍ ഒരു വിഷന്‍ ഉണ്ടാവുക എന്നത് പ്രധാനമാണ്.
ഏത് തരം കമ്പനിയാണ് നമ്മള് രൂപീകരിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുകയും വേണം. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണോ, പ്രൊപ്പൈറ്റര്ഷിപ്പ് ആണോ, പാര്‍ട്ട്ണര്‍ഷിപ്പ് ആണോ എല്‍എല്‍പി ആണോ എന്നെല്ലാം നിശ്ചയിക്കണം-അദ്ദേഹം പറഞ്ഞു. എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) മേഖലയുടെ ഇന്നത്തെ സാധ്യതകളെക്കുറിച്ചും അദ്ദേഹം പ്രതിപാദിക്കുകയുണ്ടായി.
ഹരിദാസ് നമ്പൂതിരിയാണ് സ്റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ചുള്ള സെഷന് അവതരിപ്പിച്ചത്. 1990 മുതല്‍ ഷെയര്‍ ട്രേഡിംഗ് രംഗത്ത് സജീവമാണ് അദ്ദേഹം. ഈ രംഗത്ത് താന്‍ ആര്‍ജിച്ച പരിചയസമ്പത്ത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പകര്‍ന്നു നല്‍കണമെന്നത് അഭിനിവശമായി കൊണ്ടുനടക്കുന്ന ആളാണ് അദ്ദേഹം.

എന്താണ് ബ്രാന്‍ഡിംഗ്, എങ്ങനെ ഒരു ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാം? തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചത് ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റായ നിഥിന് നമ്പൂതിരിയാണ്. ബ്രാന്‍ഡിംഗ് നടക്കേണ്ടത് ആദ്യം നമ്മുടെ മനസിലാണെന്നും വിജയിച്ച ബ്രാന്‍ഡിനോട് അസോസിയേറ്റ് ചെയ്യാനാണ് ആളുകള്‍ ഏപ്പോഴും താല്‍പ്പര്യം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡിജിറ്റല്‍ മാര്ക്കറ്റിംഗിനെക്കുറിച്ചാണ്് ഈ മേഖലയില്‍ എക്സ്പര്‍ട്ടായ ശ്രീവേദ് സംസാരിച്ചത്. ഇവര്‍ തമ്മിലുള്ള പാനല്‍ ഡിസ്ക്കഷന് കേട്ടിരിക്കുന്നവര്‍ക്കും വിജ്ഞാനപ്രദമായി. ഒപ്പം നവ്യാനുഭവം പകരുകയും ചെയ്തു. നിമല്‍ സി എന്‍, മധു അണ്ണല്ലൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സെഷനുകള്‍ മോഡറേറ്റ് ചെയ്തത്.




