മിക്കയാളുകള്‍ക്കും ദീര്‍ഘകാല സമ്പത്തിലേക്കുള്ള വഴി പ്രോപ്പര്‍ട്ടികളാണ്. റിയല്‍ എസ്റ്റേറ്റാണ് ഏറ്റവും സുരക്ഷിതവും ആശ്രയിക്കാന്‍ കഴിയുന്നതുമായ ദീര്‍ഘകാല നിക്ഷേപമെന്നത് കാലങ്ങളായുള്ള വിശ്വാസമാണ്. പക്ഷേ, എക്കാലത്തെയും മികച്ച നിക്ഷേപകനായ, ഓഹരി നിക്ഷേപത്തിലെ ഇതിഹാസമായ വാറന്‍ ബഫറ്റ് പറയുന്നത് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തേക്കാള്‍ മെച്ചപ്പെട്ട നിക്ഷേപം ഓഹരി നിക്ഷേപമെന്നാണ്.
ബാര്‍ക്ഷര്‍ ഹാത്തവെ കമ്പനിയുടെ ചെയര്‍മാനും സിഇഒയുമായിരുന്ന ബഫറ്റ് തന്റെ 95ാം വയസ്സില്‍ ഡിസംബര്‍ 31-നാണ് സിഇഒ റോളില്‍ നിന്നും പടിയിറങ്ങിയത്. മൂന്ന് ദശാബ്ദത്തോളം കമ്പനിയെ നയിച്ച അദ്ദേഹം ഹാത്തവെയുടെ വാര്‍ഷിക യോഗത്തില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തേക്കാള്‍ എന്തുകൊണ്ടാണ് ഓഹരി നിക്ഷേപം മികച്ചതാകുന്നതെന്ന് വിശദീകരിച്ചു.
സങ്കീര്‍ണ്ണം, സമയമെടുക്കുന്നത്
ഓഹരികളില്‍ നിക്ഷേപിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും സമയമെടുക്കുന്നതുമാണെന്നാണ് ബഫറ്റ് പറയുന്നത്. വിലപേശല്‍, ഡീലുകള്‍, എടുക്കുന്ന സമയം, ഒന്നിലധികം പാര്‍ട്ടികളുടെ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഓഹരികളേക്കാള്‍ സങ്കീര്‍ണ്ണമാണ് റിയല്‍ എസ്റ്റേറ്റ്. അതേസമയം ഓഹരി നിക്ഷേപം ലളിതവും കൂടുതല്‍ സുതാര്യവും നടപ്പിലാക്കാന്‍ എളുപ്പവുമാണെന്ന് ബഫറ്റ് പറയുന്നു.
വലിയ ഇടപാടുകള്‍ പോലും എളുപ്പം
ഓഹരി നിക്ഷേപങ്ങളുടെ സൗകര്യത്തെ കുറിച്ച് പറയുമ്പോള്‍ വലിയ ഇടപാടുകള്‍ പോലും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാമെന്നാണ് ബഫറ്റ് പറയുന്നത്. സ്വന്തം കാര്യം തന്നെയാണ് അദ്ദേഹം ഉദാഹരണമായി പറയുന്നത്. 2008ലും 2009ലും തങ്ങള്‍ വളരെ കുറച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളേ നടത്തിയിട്ടുള്ളുവെന്നും പക്ഷേ, ബുദ്ധിപരമായതും താരതമ്യേന മെച്ചപ്പെട്ടതുമായ ഓഹരി നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് സമയം റിയല്‍ എസ്റ്റേറ്റ് നിക്ഷേപം എടുത്തുവെന്നും ബഫറ്റ് വിശദീകരിക്കുന്നു.
റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍, ഓരോ വാചകവും ഒരു വ്യക്തിയെ പോലെ പ്രധാനമാണ്, ഓഹരിയില്‍, ഒരാള്‍ക്ക് ബാര്ക്ഷെയറിന്റെ 20,000 ഓഹരികള്‍ വില്ക്കണമെങ്കില് അവര്‍ നമ്മളെ വിളിക്കും, വില കൃത്യമായിരിക്കും. അഞ്ച് സെക്കന്‍ഡില്‍ ഇടപാട് തീരും- ബഫറ്റ് പറയുന്നു.
വമ്പന്‍ പ്രോപ്പര്‍ട്ടികള്‍ പോലും വിലപേശലുകളിലൂടെ കൈമറിഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ബഫറ്റ് നിരീക്ഷിക്കുന്നു, പ്രത്യേകിച്ച് ആശങ്കയുടെയും പ്രതിസന്ധിയുടെയും സമയങ്ങളില്‍. എന്നാല്‍ ഓഹരികള്‍ ചരിത്രപരമായി മെച്ചപ്പെട്ട മൂല്യവും കാര്യക്ഷമതയും നല്‍കിയിട്ടുണ്ട്. തന്റെ ദീര്‍ഘകാല ബിസിനസ് പങ്കാളിയായിരുന്ന ചാര്‍ളി മുന്ഗര് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ആസ്വദിച്ചിരുന്ന ആളായിരിന്നുവെന്നും ജീവിതത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ അദ്ദേഹം നിരവധി ഇടപാടുകള്‍ നടത്തിയിരുന്നു. അദ്ദേഹം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു കളി കളിക്കുകയായിരുന്നു, പക്ഷേ, 21-ാം വയസ്സില്‍ അദ്ദേഹത്തോട് ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം ഓഹരി നിക്ഷേപം തിരഞ്ഞെടുത്തേനെ എന്നും ബഫറ്റ് പറയുന്നു.
ശരിക്കും ഏതാണ് നല്ലത്
സമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ ഓഹരി നിക്ഷേപമാണോ, റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണോ മികച്ചത് എന്നുള്ള തര്‍ക്കം ദീര്‍ഘകാലമായി ഉള്ളതാണ്. ഈ രണ്ട് തരം നിക്ഷേപങ്ങളും തങ്ങളുടെ ആസ്തി മെച്ചപ്പെടുത്താന്‍ കോടിക്കണക്കിന് ആളുകള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. ഈ രണ്ട് രീതികള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.
ഓഹരി നിക്ഷേപം
ഓഹരി നിക്ഷേപമെന്നാല്‍, ദേശീയ ഓഹരി സൂചിക, ബോംബെ ഓഹരി സൂചിക പോലുള്ള ദേശീയ, അന്തര്‍ദേശീയ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങുക എന്നതാണ്. ഈ കമ്പനികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ കമ്പനിയുടെ ഓഹരിവിലയും കൂടും. അത് വാങ്ങിയ ആള്‍ക്ക് നേട്ടമുണ്ടാകും. അതുകൂടാതെ കമ്പനിയുടെ ലാഭവിഹിതം നേടാനുള്ള അവസരവും ഉണ്ടാകും.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപം
പ്രോപ്പര്‍ട്ടികള്‍ വാങ്ങലാണ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം. അതായത്, വീടോ, കെട്ടിടങ്ങളോ ഭൂമിയോ വാങ്ങുക. പക്ഷേ, സ്വന്തമാക്കുക എന്നതിലുപരിയായി ലാഭത്തില്‍ മറിച്ചുവില്‍ക്കുക അല്ലെങ്കില്‍ അതിലൂടെ വാടക പോലെ വരുമാനം നേടുക എന്നിങ്ങനെയുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ അതിന് പിന്നിലുണ്ടാകും.
ഓഹരികളില്‍ നിന്ന് വ്യത്യസ്തമായി റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ ഭൗതികമായ സ്വത്ത് നമ്മുടെ കൈവശം വന്നുചേരും.
സമ്പത്ത് കൂട്ടാന്‍ എതാണ് നല്ലത്
ഇന്ത്യന്‍ ഓഹരികള്‍ വര്‍ഷത്തില്‍ 10-15 ശതമാനം ശരാശരി നേട്ടം നല്‍കാറുണ്ട്. കൂട്ടുപലിശ, മികച്ച കമ്പനിയുടെ ഓഹരികള്‍ എന്നിവ കൂടി കണക്കിലെടുത്താല്‍ ഓഹരി നിക്ഷേപത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാം. പ്രത്യേകിച്ച് 5-10 വര്‍ഷ കാലയളവിലേക്ക് നിക്ഷേപം നടത്തുമ്പോള്‍.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ കാര്യമെടുത്താല്‍, പ്രോപ്പര്‍ട്ടികള്‍ക്ക് സാധാരണയായി ഒരു വര്‍ഷം 6-9 ശതമാനമാണ് വില ഉയരാറ്. ലൊക്കേഷന്‍ ഇവിടെ പ്രധാന ഘടകമാണ്. വാടക വരുമാനം കണക്കിലെടുത്താല്‍ നേട്ടം കൂടും. പക്ഷേ ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭസാധ്യത കുറവാണ്.




