ലോകത്തില്‍ വലിയൊരു ശതമാനം ആളുകളുടെയും മനഃസമാധനമില്ലായ്മയുടെ ഒരു പ്രധാനകാരണം പണമാണെന്നതില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല. സാമ്പത്തികസ്ഥിതി മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും മിക്കവര്‍ക്കും അറിയാം. പ്രത്യേകിച്ച് പുരുഷന്മാരാണ് ഇത് കൂതുലായും അനുഭവിക്കുന്നത്. പക്ഷേ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, ചില ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ സാമ്പത്തിക പ്രതിസന്ധി മൂലമുള്ള മാനസിക സംഘര്‍ഷം ഒഴിവാക്കാം.
സൗത്ത് ഓസ്ട്രേലിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പണവുമായി ബന്ധപ്പെട്ടുള്ള മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരം കണ്ടെത്തി. ലളിതമായ രണ്ട് സാമ്പത്തിക ശീലങ്ങളാണിവ. ഒന്ന്, കൃത്യമായി പണം സേവ് ചെയ്യുക, രണ്ടാമത്തെ കാര്യം കൃത്യസമയത്ത് ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് നടക്കുക. ഈ രണ്ട് ശീലങ്ങള്‍ മാനസിക ക്ഷേമത്തെ പോസിറ്റീവായി സ്വാധീനിക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍.
15നും അതിന് മുകളിലും പ്രായമുള്ള 17,000 ഓസ്ട്രേലിയക്കാര്‍ക്കിടയില്‍ 2001നും 2021നും ഇടയില്‍ നടത്തിയ ഒരു സര്‍വ്വേയിലെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ആരോഗ്യകരമായ സാമ്പത്തിക ശീലങ്ങളും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഇവര്‍ പഠനവിധേയമാക്കിയത്. സാധാരണഗതിയില്‍ സാമ്പത്തികപ്രശ്നവും മാനസികാരോഗ്യപ്രശ്നവും തമ്മിലുള്ള ബന്ധമാണ് ആളുകള്‍ പഠനവിധേയമാക്കാറ്. എന്നിലിവിടെ നേരെ തിരിച്ചായിരുന്നു. വലിയ കടമുണ്ടായാല്‍ അത് നമ്മുടെ മാനസികാരോഗ്യം തകര്‍ക്കുമെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍ നല്ല സാമ്പത്തിക ശീലങ്ങളുടെ മാനസിക പ്രതിഫലനങ്ങള്‍ അറിയുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഗവേഷകരിലൊരാളായ രാജബത്ര ബാനര്‍ജി വിശദീകരിക്കുന്നു.
വായ്പ തിരിച്ചടയ്ക്കുക, പണം സേവ് ചെയ്യുക പോലുള്ള സ്ഥിരതയുള്ള ശീലങ്ങള്‍ ഉള്ളവരില്‍ മാനസികാരോഗ്യവും സന്തോഷവും സാമൂഹികമായ ഇടപെടലും മൊത്തത്തിലുള്ള സുഖവും ക്ഷേമവും കൂടുതലാണെന്ന് ഇവര്‍ മനസ്സിലാക്കി. ഇത്തരം ശീലങ്ങള്‍ക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ ഗുണകരമാണെങ്കിലും പുരുഷന്മാരിലാണ് ഇത്തരം ശീലങ്ങള്‍ മാനസികാരോഗ്യത്തില്‍ കാര്യമായ സ്വാധീനം സൃഷ്ടിച്ചത്. ഓസ്ട്രേലിയയില്‍ സാമ്പത്തിക കാര്യങ്ങള്‍ കൂടുതലായി കൈകാര്യം ചെയ്യുന്നത് പുരുഷന്മാരാണ് എന്നതുകൊണ്ടായിരിക്കാം ഇതെന്ന് ഗവേഷകര്‍ പറയുന്നു. വരുമാനം കുറഞ്ഞവരിലും കൂടിയവരിലും ഇത്തരം ശീലങ്ങളുടെ മാനസികമായ നേട്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചിലവുകള്‍ കൂടുതലാണെങ്കിലും വളരെ ചെറിയൊരു തുക സമ്പാദ്യമായി നീക്കിവെച്ചാല്‍ പോലും അത് സാമ്പത്തികസ്ഥിതിയിലും മാനസികാരോഗ്യത്തിലും വലിയ മാറ്റമുണ്ടാക്കുമെന്നും ഇവരുടെ കണ്ടെത്തല്‍ പറയുന്നു.




