ദിവസങ്ങള്‍ക്ക് മുമ്പ് 27-കാരിയായ ഒരു പെണ്‍കുട്ടി പങ്കുവെച്ച റെഡ്ഡിറ്റ് പോസ്റ്റ് യുവാക്കള്‍ ഇന്ന് നേരിടുന്ന സാമ്പത്തിക, മാനസിക അനിശ്ചിതത്വത്തിന്റെ നേര്‍ചിത്രമായിരുന്നു. പെണ്‍കുട്ടിയുടെ ഈ പോസ്റ്റിന് ശേഷം ആയിരക്കണക്കിന് യുവാക്കളാണ് തങ്ങളും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്നത്. ഉയര്‍ന്ന ശമ്പളവും മികച്ച ജോലിയും ഉണ്ടായിട്ടും അഗ്രഹിക്കുന്നത് പോലെ പണം ചിലവഴിക്കാനോ ജീവിക്കാനോ സാധിക്കാതെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന യുവാക്കളുടെ എണ്ണം കൂടിവരികയാണെന്നാണ് ഈ സംഭനവം സൂചിപ്പിക്കുന്നത്.
മാസം 1.7 ലക്ഷം രൂപ ശമ്പളം വാങ്ങിയിട്ടും ഇഎംഐ, സേവിംഗ്സ്, കുടുംബത്തിന്റെ ആവശ്യങ്ങള്‍ തുടങ്ങിയ ബാധ്യതകളില്‍ പെട്ട് ഉഴലുന്നതിന്റെ സങ്കടമാണ് പെണ്‍കുട്ടി പോസ്റ്റില്‍ പങ്കുവെച്ചത്. ഉത്തരവാദിത്തങ്ങളും നിയന്ത്രങ്ങളും നിറഞ്ഞ ജീവിതത്തില്‍ പൊട്ടിപ്പോയ ഫോണ്‍ മാറ്റിവാങ്ങാന്‍ വരെ ആറുമാസമെടുത്തുവെന്ന സത്യവും പെണ്‍കുട്ടി വെളിപ്പെടുത്തുന്നുണ്ട്. വര്‍ത്തമാനകാല ചിലവുകളും ഭാവിയെ കുറിച്ചുള്ള ആശങ്കയും കാരണം സാമ്പത്തികമായി വളരെയധികം സംഘര്‍ഷം അനുഭവിക്കുന്ന ഒരു തലമുറയുടെ പ്രതീകമാണ് ഈ പെണ്‍കുട്ടി.
ശമ്പളമുണ്ട്, പക്ഷേ ചിലവഴിക്കാന്‍ സ്വാതന്ത്ര്യമില്ല എന്താണിങ്ങനെ
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് നല്ലൊരു ശതമാനം യുവാക്കളും മികച്ച ശമ്പളം കൈപ്പറ്റുന്നവരാണ്. എന്നാല്‍ കിട്ടുന്ന ശമ്പളം മുഴുവന്‍ അല്ലെങ്കില്‍ അതിന്റെ ഏറിയ പങ്കും കയ്യില്‍ കിട്ടുന്ന വഴി തന്നെ പല വിഭാഗങ്ങളായി കയ്യില്‍ നിന്ന് പോകുന്നു. 30,000 രൂപ വിദ്യാഭ്യാസ വായ്പ, 50,000 രൂപ ഇഎംഐ, 60,000 രൂപ നിക്ഷേപങ്ങള്‍, 20,000 രൂപ യാത്രാച്ചിലവ്, 5,000 രൂപ വീട്ടുജോലിക്കാരിക്ക്, 5000 രൂപ വ്യക്തിപരമായ കായികവിനോദങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി എല്ലാമാസവും കയ്യില്‍ നിന്ന് ചിലവിടുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇതുകൂടാതെ തന്റെ മാതാവിന് മാസം 20,000 രൂപ നല്‍കുന്നുവെന്നും അവര്‍ പറയുന്നുണ്ട്.
ഈ ഉത്തരവാദിത്തങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നടുവില്‍ സ്വന്തം സന്തോഷങ്ങള്‍ക്കായി പണം ചിലവഴിക്കാനാകാതെ വരുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാനോ മടിക്കുന്നു. ഭക്ഷണം വാങ്ങിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് തിരഞ്ഞുുപോകുന്നു. വളരെ ചെറിയ സന്തോഷങ്ങള്‍ പോലും പിശുക്കി പണം ചിലവഴിക്കുന്നു. ദിവസം മുഴുവന്‍ അധ്വാനിച്ചിട്ടും സ്വന്തം കാര്യങ്ങള്‍ക്ക് പോലും പണം ചിലവഴിക്കാതെയുള്ള ജീവിതം വെറുത്തുപോയെന്നും പ്രതീക്ഷയറ്റെന്നും പോസ്റ്റില്‍ പെണ്‍കുട്ടി പറയുന്നുണ്ട്.
ഒറ്റപ്പെട്ട അനുഭവമല്ല
ഇത് വായിച്ച ആയിരക്കണക്കിനാളുകള്‍ തങ്ങളും ഇതേ അവസ്ഥയിലാണെന്ന് സങ്കടപ്പെടുന്നുണ്ട്. അതേസമയം നിരവധിപേര്‍ പെണ്‍കുട്ടിക്ക് കൂടുതല്‍ മികച്ച രീതിയില്‍ പണം കൈകാര്യം ചെയ്യുന്നതിനുള്ള നിര്ദ്ദേശങ്ങളുമായെത്തി. എത്രയും പെട്ടെന്ന് വിദ്യാഭ്യാസ വായ്പ അടച്ചുതീര്‍ക്കാനും എമര്‍ജന്‍സി ഫണ്ട് നിര്‍മ്മിക്കാനും ചിലര്‍ ഉപദേശിക്കുന്നു.




