വ്യക്തിഗത ധനസൂത്രണം അഥവാ പേഴ്സണല്‍ ഫിനാന്‍സ് (Personal Finance) എന്നത് ഓരോ വ്യക്തിയുടെയും സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് വേണ്ടി പിന്തുടരേണ്ട മാര്‍ഗ്ഗരേഖകളും ശീലങ്ങളുമാണ്. വ്യക്തിപരമായോ കുടുംബം ഒന്നിച്ചോ വിദഗ്ധമായി പണം കൈകാര്യം ചെയ്യല്‍ എന്ന് ലളിതമായി പേഴ്സണല്‍ ഫിനാന്‍സിനെ വിശേഷിപ്പിക്കാം. വരുമാനം മുതല്‍ക്ക് ചിലവിടല്‍ വരെയുള്ള എല്ലാ ധനപരമായ വിഷയങ്ങളും അതില്‍ ഉള്‍ക്കൊള്ളുന്നു. ഉദാഹരണത്തിന് ബഡ്ജറ്റിംഗ്, സേവിംഗ്, നിക്ഷേപം, ഭാവി, റിട്ടയര്‍മെന്റ് അടിയന്തര സാഹചര്യങ്ങള്‍ എന്നിവയ്ക്കായുള്ള ആസൂത്രണം എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഇന്നത്തെ കാലത്ത് വിപണിയിലുണ്ടാകുന്ന അനിശ്ചിതത്വങ്ങളും ചെലവിന്റെ വര്‍ദ്ധനവുമാണ് ധനപരമായി കൂടുതല്‍ ജാഗ്രതയോടെ ജീവിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നത്. മലയാളികളും ഈയിടെയായി ധനകാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും ധനപരമായ അറിവുകള്‍ നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
വിദഗ്ധമായ ധന ഇടപെടല്‍ അല്ലെങ്കില്‍ പേഴ്സണല്‍ ഫിനാന്‍സ് എങ്ങനെ നേടാമെന്ന് നോക്കാം
1. ബജറ്റ് പ്ലാന്‍ ചെയ്യുക
ബജറ്റ് പ്ലാനിങ് പേഴ്സണല്‍ ഫിനാന്‍സിന്റെ കാതലാണ്. ഓരോ മാസവും വരുമാനവും ചെലവുകളും വിശദമായി രേഖപ്പെടുത്തി അവ വിശകലനം ചെയ്യുക. ആവശ്യമായ ചെലവുകള്ളും ആഗ്രഹത്തിന് പുറത്തുള്ള ചെലവുകള്ക്കുമിടയിലെ വ്യത്യാസം കണ്ടെത്തുകയും, അധികമായി ചിലവഴിക്കപ്പെടുന്ന തുക കുറച്ചുവയ്ക്കുകയും ചെയ്യുക.
ബഡ്ജറ്റിംഗില്‍ 50/30/20 നിയമം പിന്തുടരാം – 50% ആവശ്യങ്ങള്‍ക്ക്, 30% ആഗ്രഹങ്ങള്‍ക്ക്, 20% സമ്പാദ്യത്തിനും
2. ആഗോള സാഹചര്യങ്ങള്‍ തിരിച്ചറിയുക
സൂക്ഷ്മമായ സാമ്പത്തിക അവബോധം വളര്‍ത്തുക മാത്രമല്ല, വിപണി മാറ്റങ്ങളും നിങ്ങളുടെ ധനസ്ഥിതിയെ ബാധിക്കുന്ന ബാഹ്യഘടകങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നത് പ്രധാനമാണ്. പുതിയ നികുതി നയങ്ങള്‍, റിപ്പോ നിരക്കുകള്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍ തുടങ്ങിയവയെ കുറിച്ച് അറിവുണ്ടായിരിക്കുക.
3. സമ്പാദ്യം – അവശ്യ ശീലം
ഏതൊരുവ്യക്തിയുടെയും ധനകാര്യ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും അത്യാവശ്യമാണ് – സ്ഥിരമായ സമ്പാദ്യം. ഒരു നിര്‍ദ്ദിഷ്ട തുക എല്ലാ മാസവും സമ്പാദ്യമായി നീക്കിവെക്കുക. അതിനായി recurring deposit (RD), Systematic Investment Plan (SIP), അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുക.
4. അടിയന്തര ഫണ്ട് (Emergency Fund)
6 മാസത്തെ വരുമാനം അടിയന്തര ഫണ്ടായി സൂക്ഷിക്കുക. ജോലി നഷ്ടപ്പെടല്‍, ചികിത്സ, അപകടം തുടങ്ങിയ അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഇത് വലിയ സഹായമാകും.
5. നിക്ഷേപം: ഭാവിയിലേക്ക് നീക്കിയിരുപ്പ്
പണം സമ്പാദ്യമായി നീക്കിവെക്കുക മാത്രമല്ല, വളരാനും ശ്രമിക്കണം. നിക്ഷേപം അതിന് വഴിയൊരുക്കുന്നു. നിങ്ങളുടെ റിസ്ക് ടോളറന്‍സ് അനുസരിച്ച് വിവിധ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കുക. മ്യൂച്വല്‍ ഫണ്ടുകള്‍, ഷെയര്‍ മാര്‍ക്കറ്റ്, പോസ്റ്റ്ഓഫീസ് നിക്ഷേപങ്ങള്‍, പത്ത് വര്‍ഷത്തെ ടെര്‍മിനല്‍ ഇന്‍ഷുറന്‍സ്, ഗോള്‍ഡ് ബാങ്കിങ് എന്നിവ മികച്ച നിക്ഷേപ മാര്‍ഗ്ഗങ്ങളാണ്
6. വായ്പയും ക്രെഡിറ്റ് കാര്‍ഡും
വായ്പ എടുക്കുന്നത് എളുപ്പമാണ്, പക്ഷേ തിരിച്ചടയ്ക്കല്‍ അത്ര എളുപ്പമല്ല. അതിനാല്‍ വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കുമ്പോള്‍ അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കണം. എല്ലായ്പ്പോഴും ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്താനും നിയന്ത്രിതമായി കടം കൈകാര്യം ചെയ്യാനും ശ്രദ്ധിക്കുക.
7. ധനകാര്യ ലക്ഷ്യങ്ങള്‍ ഉണ്ടാകുക
വ്യക്തവും കൃത്യവുമായ ധനകാര്യ ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും തോന്നലും ഉണ്ടാകും. ഉദാഹരണത്തിന് 5 വര്‍ഷത്തിനുള്ളില്‍ സ്വന്തമായ വീട്, 10 വര്‍ഷത്തിനുള്ളില്‍ കുട്ടികളുടെ വിദ്യാഭ്യാസം അങ്ങനെ. SMART (Specific, Measurable, Achievable, Relevant, Time-bound) രീതിയില്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക.
8. സാമ്പത്തിക വിദ്യാഭ്യാസം
ധനപരമായ അറിവുകള്‍ നേടുക. ധനകാര്യ പുസ്തകങ്ങള്‍ വായിക്കുക, അതുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റുകള്‍ കേള്‍ക്കുക, ഓണ്‍ലൈന്‍ കോഴ്സുകള്‍ ചെയ്യുക. സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും മികച്ച ഉപാധിയാണ് അത്.