ലോഹങ്ങളുടേത് തന്നെയാണ് ഭാവി. ഫോസില്‍ ഇന്ധന യുഗത്തില്‍ നിന്ന് ലോഹങ്ങള്‍ കരുത്തുകാട്ടുന്ന യുഗത്തിലേക്ക് നാം കടന്നിരിക്കുന്നു. 2026 അങ്ങനെ പറഞ്ഞാല്‍ ഒരു യുഗസന്ധിയാണ്. സാങ്കേതിക വിദ്യകളുടെ കരുത്തുറ്റ കാലത്തേക്ക് മുന്നേറാന്‍ ലോകം കൂട്ടുപിടിച്ചിരിക്കുന്നത് ലോഹങ്ങളെയാണ്. എഐ അധിഷ്ഠിതമായി ലോകം നീങ്ങുമ്പോള്‍ അതിന് കരുത്തേകാന്‍ ഡാറ്റാ സെന്ററുകള്‍ വേണം. വൈദ്യുതിയുടെ ഉയര്‍ന്ന ആവശ്യകതയെ നേരിടാന്‍ ഗ്രിഡുകളും വലിയ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് നിര്‍മിതികളും ആവശ്യമാണ്. ഇവയുടെയെല്ലാം അടിസ്ഥാന നിര്‍മാണ യൂണിറ്റായി ചെമ്പും അലുമിനിയവും സ്റ്റീലും മുതല്‍ ലിഥിയം വരെയുള്ള ലോഹങ്ങളാണ് ഉപയോഗിക്കപ്പെടുക. ലോഹം തന്നെ ഭാവിയെന്ന് പറയുന്നത് അതിനാലാണ്.
വയറിംഗിന് ചെമ്പ് വയറുകള്‍ കൂടിയേ തീരൂ. കരുത്തുറ്റ സ്ട്രക്ച്ചറുകള്‍ക്ക് സ്റ്റീലും കൂളിംഗ് റാക്കുകള്‍ക്ക് അലുമിനിയവും വേണ്ടിവരും. വൈദ്യുതി സ്റ്റോര്‍ ചെയ്യാനുള്ള വന്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ ലിഥിയവും വേണം. സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനുമപ്പുറം ഈ ഇന്‍ഡസ്ട്രിയല്‍ ലോഹങ്ങളുടെ ആവശ്യകതയും വിലയും വര്‍ധിക്കുന്നത് ഇതുകൊണ്ടാണ്. കടന്നു പോയ വര്‍ഷം ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയത് വെള്ളി തന്നെയാണ്. 134.02% വില വര്‍ധനവാണ് വെളളിയിലുണ്ടായത്. പ്ലാറ്റിനത്തിന്റെ വില 133.76% ഉയര്‍ന്നു. സ്വര്‍ണം 73.42% നേട്ടമാണ് ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നല്‍കിയത്. അതേസമയം ചെമ്പിന്റെ വില 36.6% ഉയര്‍ന്നു. സ്റ്റീല്‍ വില കുതിച്ചത് 27%. അലുമിനിയവും മോശമാക്കിയില്ല. 16.27% ഉയര്‍ച്ചയാണ് അലുമിനിയം വിലയില്‍ ദൃശ്യമായത്. ബാറ്ററി നിര്‍മാണത്തിലെ മുഖ്യ ഘടകമായ ലിഥിയത്തിന്റെ വിലയിലുണ്ടായത് 30% വളര്‍ച്ചയും. കാര്‍ എക്സ്ഹോസ്റ്റുകളില്‍ ഉപയോഗിക്കുന്ന പല്ലേഡിയം 95 ശതമാനമാണ് മുന്നേറിയത്. ടിന് വില 49% കുതിച്ചു.
എഐ വിപ്ലവവും പവര്‍, ഓട്ടോ മേഖലകളിലെ മുന്നേറ്റവും മൂലമുള്ള ശക്തമായ ഡിമാന്‍ഡ് തീര്‍ച്ചയായും ഈ ലോഹങ്ങളുടെ വില വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ അത്രയും തന്നെ സ്വാധീനം ചെലുത്തുന്നുണ്ട് ലഭ്യതയിലെ കുറവും. ചെമ്പിന്റെ ആഗോള ലഭ്യതയെ ബാധിച്ചത് പാരിസ്ഥിതിക ദുരന്തങ്ങളാണ്. ചിലിക്ക് ശേഷം ചെമ്പിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്‍പ്പാദക രാഷ്ട്രമായ കോംഗോയിലെ ഏറ്റവും വലിയ ഖനിയായ കമോവ-കാകുല കോംപ്ലക്സില്‍ വെള്ളപ്പൊക്കം മൂലം മേയ് മാസം മുതല്‍ ഉല്‍പ്പാദനം തടസപ്പെട്ടു. പിന്നാലെ ചിലിയിലെയും ഇന്തോനേഷ്യയിലെ ഗ്രാസ്ബെര്ഗിലെയും ചെമ്പ് ഖനികളിലുണ്ടായ മണ്ണിടിച്ചിലും ലോഹത്തിന്റെ ആഗോള ലഭ്യതയെ സമ്മര്‍ദ്ദത്തിലാക്കി.
ലിഥിയം വിപണിയെ 2025 ല്‍ സമ്മര്‍ദ്ദത്തിലാക്കിയത് ചൈനയുടെ ഇടപെടലുകളാണ്. ചൈനയിലെ ഇവി ബാറ്ററി നിര്‍മാതാക്കളായ സിഎടിഎലിന്റെ പ്രധാന ലിഥിയം ഖനികളിലെ ഖനന പ്രവര്‍ത്തനം തടഞ്ഞ ചൈനീസ് നടപടി, ലോഹത്തിന്റെ വില കുതിച്ചുയരാന്‍ കാരണമായി. അലുമിനിയം, സ്റ്റീല്‍ ഉല്‍പ്പാദനത്തെ ബാധിച്ചത് ഉക്രെയ്ന് യുദ്ധമാണ്. യുദ്ധം മൂലം യൂറോപ്പിലും മറ്റും ഊര്‍ജ താരിഫുകള്‍ ഉയര്‍ന്നതോടെ സ്റ്റീല്‍, അലുമിനിയം ഉല്‍പ്പാദന ചെലവും വര്‍ധിച്ചു. വന്‍തോതില്‍ ഊര്‍ജം അലുമിനിയം ശുദ്ധീകരണത്തിന് ആവശ്യമാണ്. അലുമിനിയം ഉല്‍പ്പാദനത്തിന് മേല്‍ ചൈന സ്വയം ഏര്‍പ്പെടുത്തിയ 45 മില്യണ്‍ ടണ്‍ വാര്‍ഷിക ഖനന പരിധി എത്തിയതും ആഗോള തലത്തില്‍ അലുമിനിയം ക്ഷാമത്തിന് കാരണമായി.
എന്തുകൊണ്ട് ലോഹങ്ങള്‍

ലോഹങ്ങള്‍ എന്തുകൊണ്ട് ഒരാളുടെ നിക്ഷേപത്തിന്റെ ഭാഗമാകണമെന്നതിന് ആഗോള സാഹചര്യങ്ങള്‍ തന്നെ ഉത്തരം നല്‍കുന്നുണ്ട്. ലോകത്തെ ബാധിച്ച അനിശ്ചിതത്വത്തിന് കുറവൊന്നുമില്ല. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നു. രൂപയടക്കം കറന്‍സികള്‍ വലിയ ചാഞ്ചാട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ വളര്‍ച്ചാ സാധ്യതയും സുരക്ഷയുമുള്ള ആസ്തിയെന്ന നിലയില്‍ ഓഹരിക്കും മ്യൂച്വല്‍ ഫണ്ടിനും എഫ്ഡിക്കുമൊക്കെ നല്കുന്ന പരിഗണന 2026 ല്‍ ലോഹങ്ങള്‍ക്കും നല്‍കാവുന്നതാണ്. മറ്റ് ആസ്തികളില്‍ നിന്നും വ്യത്യസ്തമായി ലോഹങ്ങള്‍ ഡിമാന്‍ഡിനെയും സപ്ലൈയെയും ആണ് കൂടുതലായി ആശ്രയിക്കുന്നത്.
അമൂല്യ ലോഹങ്ങള്‍ (പ്രീഷ്യസ് മെറ്റല്‍സ്)
അടിസ്ഥാനപരമായി മൂല്യം കൂടുതലുള്ള ലോഹങ്ങളാണ് പ്രിഷ്യസ് മെറ്റല്‍സ്. ആഭരണ നിര്‍മാണത്തിനും കറന്‍സിക്ക് ബദലായും മറ്റും ഇവ ഉപയോഗിക്കുന്നു. ഫിസിക്കല്‍ രൂപത്തില്‍ വാങ്ങി സൂക്ഷിക്കാവുന്ന ആസ്തികള്‍. സമ്പത്തിന് സുരക്ഷയും ഗ്യാരന്റിയും നല്‍കുക എന്നതാണ് ഈ ലോഹങ്ങളുടെ കടമ.
സ്വര്‍ണവും വെള്ളിയും
ലോഹങ്ങളടിസ്ഥാനമാക്കിയുള്ള പോര്‍ട്ട്ഫോളിയോയുടെ നട്ടെല്ല് സ്വര്‍ണം തന്നെയായിരിക്കണം. ഏറ്റവും സുരക്ഷിതയും സുസ്ഥിരവുമായ ലോഹ ആസ്തി സ്വര്‍ണമാണ്. 2025 ലെ ശക്തമായ മുന്നേറ്റം 2026 ലും സ്വര്‍ണം നിലനിര്‍ത്തിയേക്കുമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. കേന്ദ്ര ബാങ്കുകള്‍ 2026 ലും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയേക്കും. സുസ്ഥിര ആസ്തിയെന്ന നിലയില്‍ ലോകമെങ്ങും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കും. നിക്ഷേപ പോര്‍ട്ട്ഫോളിയോയെ വൈവിധ്യവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നവരും സ്വര്‍ണത്തെ കൈവിടില്ല. ദീര്‍ഘകാല ആസ്തിയെന്ന നിലയില്‍ 2026 ല്‍ അതിനാല്‍ സ്വര്‍ണം വാങ്ങാം.

2025 ല്‍ ഏറ്റവുമധികം നേട്ടം നല്കിയ ആസ്തിയായ വെള്ളിയെ 2026 ലും വിശ്വസിക്കാമെന്നാണ് സൂചന. വെള്ളിയുടെ വില താഴോട്ടു പോകാനുള്ള സാധ്യതകളൊന്നും ഇപ്പോഴില്ല. 18% നേട്ടമാണ് 2026 ല്‍ വെള്ളിയില്‍ പ്രവചിക്കപ്പെടുന്നത്. വെള്ളി ഒരേ സമയം ഒരു പ്രീഷ്യസ് മെറ്റലുമാണ് ഇന്‍ഡസ്ട്രിയല്‍ മെറ്റലുമാണ്. ആഭരണങ്ങളുണ്ടാക്കാനും വ്യാവസായിക മേഖലയിലും വെള്ളിക്ക് ആവശ്യകതയുണ്ട്. സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക്സ് മേഖല, മെഡിക്കല്‍ മേഖല എന്നിവയിലാണ് വെള്ളിയുടെ ആവശ്യം വര്‍ധിച്ചു വരുന്നത്. വെള്ളി വിലയില്‍ സ്വര്‍ണത്തെ അപേക്ഷിച്ച് ചാഞ്ചാട്ടം കൂടുതലാണെന്നതാണ് സൂക്ഷിക്കേണ്ട ഘടകം. അതിനാല്‍ തന്നെ നിക്ഷേപ വിഹിതം സ്വര്‍ണത്തേക്കാള്‍ കുറച്ചു നിര്‍ത്തണം. അതേസമയം നേട്ടമുണ്ടാകുമ്പോള്‍ സ്വര്‍ണത്തെ കവച്ചുവെക്കുന്ന നേട്ടം നല്‍കാനും വെള്ളിക്ക് കഴിവുണ്ട്. ദീര്‍ഘകാല നിക്ഷേപം തന്നെയാണ് വെള്ളിയിലും നടത്തേണ്ടത്.
പ്ലാറ്റിനവും പല്ലേഡിയവും
വാഹന നിര്‍മാണ മേഖലയിലും ഹൈഡ്രജന്‍ സാങ്കേതിക വിദ്യയിലും മറ്റും വന്‍തോതില്‍ ഉപയോഗിക്കുന്ന പ്ലാറ്റിനവും പല്ലേഡിയവും പ്രീഷ്യസ് മെറ്റല്‍ വിഭാഗത്തില്‍ വരുന്നവയാണ്. വ്യാവസായിക ആവശ്യകത കൂടി വരുന്നതും ലഭ്യത കുറയുന്നതും ഈ ലോഹങ്ങളുടെ വില ഉയര്‍ത്തുകയാണ്. ഉയര്‍ന്ന ചാഞ്ചാട്ടം ഇവയിലും ദൃശ്യമാണ്. റിസ്ക് എടുക്കാന്‍ കരുത്തുള്ള, സ്വര്‍ണത്തിനും വെള്ളിക്കും പുറമെ മെറ്റല്‍ പോര്‍ട്ട്ഫോളിയോ വിശാലമാക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് തീര്‍ച്ചയായും പരിഗണിക്കാവുന്ന ലോഹങ്ങളാണിവ.

അടിസ്ഥാന ലോഹങ്ങള്‍
അമൂല്യമായി കരുതപ്പെടാത്ത, വ്യാവസായികമായി ഉപയോഗിക്കുന്ന ലോഹങ്ങളാണ് അടിസ്ഥാന ലോഹങ്ങള്‍ അഥവാ ബേസ് മെറ്റല്‍സ്. എന്നിരുന്നാലും ഇവയിലും നിക്ഷേപ സാധ്യതകള്‍ വളരെയേറെയാണ്. ചെമ്പ്, ഇരുമ്പ്, സിങ്ക്, ടിന്, നിക്കല്‍, ലെഡ്, ക്രോമിയം തുടങ്ങിയവ.
ചെമ്പും ഇരുമ്പും അലുമിനിയവും
അനുദിനം വൈദ്യുതിക്കായുള്ള ഉയരുന്ന ഡിമാന്‍ഡ്, ഈ മേഖലയെ കൂടുതയായി സേവിക്കുന്ന ചെമ്പിന്റെ സാധ്യതകളും വിശാലമാക്കിയിട്ടുണ്ട്. പവര്‍ ഗ്രിഡുകളിലും ഇലക്ട്രിക് വാഹനങ്ങളിലും പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലകൡും ഡാറ്റ സെന്ററുകളിലുമെല്ലാം കോപ്പര്‍ ഒരു അടിസ്ഥാന ഘടകമാണ്. പകരക്കാരില്ലാത്ത ഒരു ലോഹം.
സ്റ്റീലിന്റെ ഉപയോഗവും മുകളിലേക്ക് തന്നെയാണ്. സ്റ്റീല്‍ കമ്പനികളും ഓഹരികളുമെല്ലാം നേട്ടത്തിലേക്ക് കടന്നിട്ടേയുള്ളൂ. 2026 ല്‍ മികച്ച മുന്നേറ്റം ഇവയില്‍ പ്രതീക്ഷിക്കാം. ആഗോള സാഹചര്യങ്ങള്‍ അലുമിനിയത്തെയും കൂടുതല്‍ മൂല്യമുള്ളതാക്കിയിരിക്കുന്നു. പുനരുപയോഗ ഊര്‍ജ മേഖലയില്‍ അലുമിനിയത്തിന് വലിയ സാധ്യതകളുണ്ട്.
എങ്ങനെ നിക്ഷേപിക്കാം
റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ഇന്ന് ലോഹങ്ങളില്‍ നിക്ഷേപിക്കാന്‍ ഏറെ മാര്‍ഗങ്ങള്‍ ലഭ്യമാണ്. സ്വര്‍ണം വാങ്ങാന്‍ തന്നെ ഫിസിക്കലായും ഡിജിറ്റലായും സൗകര്യമുണ്ട്. സ്വര്‍ണ നാണയങ്ങളോ തോല ബാറുകളോ ആയി സ്വര്‍ണം വാങ്ങാം. ദീര്‍ഘകാലം സൂക്ഷിക്കുന്നവര്‍ക്ക് ഇതാണ് അനുയോജ്യമായ മാര്‍ഗം. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളാണ് മറ്റൊരു ഉപായം. സ്വര്‍ണത്തിന്റെ മ്യൂച്വല്‍ ഫണ്ടുകളോ ഇടിഎഫുകളോ വാങ്ങിയും നിക്ഷേപിക്കാവുന്നതാണ്. ഇനി ഇതൊന്നും വിശ്വാസമില്ലാത്തവര്‍ക്ക് പരമ്പരാഗത മാര്‍ഗത്തില്‍ സ്വര്ണച്ചിട്ടികളും മറ്റും ചേരാവുന്നതുമാണ്.
സ്വര്‍ണത്തിന് സമാനമായി തന്നെ വെള്ളിയുടെയും നാണയങ്ങളും ബാറുകളും വാങ്ങി ഭൗതിക രൂപത്തില്‍ വെള്ളിയില്‍ നിക്ഷേപിക്കാം. ആഭരണങ്ങള്‍ക്ക് വില കുറയുമെന്നതിനാല്‍ ഇത് നിക്ഷേപമായി പരിഗണിക്കാനാവില്ല. ഡിജിറ്റല്‍ രൂപത്തില്‍ വെള്ളി വാങ്ങാനും വിവിധ പ്ലാറ്റ്ഫോമുകള് സഹായിക്കും. സില്‍വര്‍ ഇടിഎഫുകള്‍ സില്‍വര്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയും പരിഗണിക്കാവുന്നതാണ്.
ബേസ് മെറ്റലുകളില്‍ നേരിട്ട് ഫ്യൂച്ചര്‍ കോണ്ട്രാക്റ്റുകള് വാങ്ങിയോ ഇവയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികള്‍ വാങ്ങിയോ നിക്ഷേപിക്കാം. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചാണ് ഈ ലോഹങ്ങളുടെ അവധിവിലയില്‍ ട്രേഡ് ചെയ്യാന്‍ അവസരമൊരുക്കുന്നത്. കോപ്പര്‍, അയണ്‍, അലുമിനിയം, സിങ്ക് തുടങ്ങി ലോഹങ്ങളുടെ അവധിവില കോണ്ട്രാക്റ്റുകള് ലഭ്യമാണ്. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ഹിന്ദുസ്ഥാന്‍ സിങ്ക്, ഹിന്ദുസ്ഥാന്‍ കോപ്പര്‍, നാല്‍കോ തുടങ്ങി ഈ ലോഹങ്ങളുമായി ബന്ധപ്പെട്ട ഓഹരികളിലും നിക്ഷേപിക്കാന്‍ സാധിക്കും.
പോര്‍ട്ട്ഫോളിയോ വീതംവെപ്പ്
ലോഹങ്ങളും പൂര്‍ണമായും റിസ്കില്ലാത്ത നിക്ഷേപമല്ല. ലാഭ നഷ്ട സാധ്യതകള്‍ തിരിച്ചറിഞ്ഞ്, തങ്ങളുടെ റിസ്കെടുക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞു വേണം നിക്ഷേപം നടത്താന്‍. റിസ്ക് വളരെ കുറച്ചു നിര്‍ത്താനുദ്ദേശിക്കുന്ന നിക്ഷേപകനാണെങ്കില്‍ ആകെ പോര്‍ട്ട്ഫോളിയോയുടെ 10-15% ലോഹങ്ങളില്‍ നിക്ഷേപിക്കാം. ഇതില്‍ തന്നെ സ്വര്‍ണത്തിന് പ്രാമുഖ്യം നല്‍കണം. അല്‍പ്പം റിസ്ക് എടുക്കാമെന്നാണെങ്കില് ആകെ മൂലധനത്തിന്റെ 15-20% വരെ ലോഹങ്ങളിലേക്ക് നിക്ഷേപിക്കാവുന്നതാണ്. സ്വര്‍ണത്തിനൊപ്പം വെള്ളിയും ചില ബേസ് മെറ്റലുകളും ഇതിലേക്ക് കൊണ്ടുവരാം. വളരെ അഗ്രസീവായ, റിസ്ക് എടുക്കാന്‍ സന്നദ്ധനായ നിക്ഷേപകനാണെങ്കില്‍ 25% വരെ നിക്ഷേപം ലോഹങ്ങളിലാവാം. മൈനിംഗ് മേഖലയിലെ ഓഹരികളിലും ബേസ് മെറ്റലുകളിലും ഇവര്‍ക്ക് നിക്ഷേപിക്കാവുന്നതാണ്.
നികുതിയും റിസ്കും
ഭൗതിക രൂപത്തില്‍ സ്വര്‍ണവും വെള്ളിയും മറ്റും സൂക്ഷിക്കുമ്പോഴുള്ള റിസ്ക് എല്ലാവര്‍ക്കുമറിയാം. സൂക്ഷിക്കുന്നതിനും ഇന്‍ഷുറന്‍സിനും മറ്റും ചെലവ് കൂടും. ഇത് ലാഭത്തെ ബാധിക്കാതെ നോക്കണം. ലോഹ ഓഹരികളിലെല്ലാം ഒരു റാലിക്ക് ശേഷം തിരുത്തലും വിലയിടിവും നാം പ്രതീക്ഷിക്കണം. ഇറക്കുമതി നയങ്ങള്‍, ആഗോള പ്രശ്നങ്ങള്‍, നികുതികള്‍, സര്‍ക്കാര്‍ നയം മാറ്റങ്ങള്‍ എന്നിവയൊക്കെ ലോഹങ്ങളുടെ മൂല്യത്തില്‍ ചാഞ്ചാട്ടമുണ്ടാക്കാം. ഇടിഎഫുകളിളും ഓഹരികളിലും ഭൗതിക രൂപത്തിലുള്ള നിക്ഷേപങ്ങളിലും കാപ്പിറ്റല്‍ ഗെയ്ന്‍ ടാക്സ് നല്‍കേണ്ടി വരും. മ്യൂച്വല്‍ ഫണ്ടുകളില്‍ എക്സിറ്റ് ലോഡുണ്ട്.
2026 ല്‍ ലോഹങ്ങളെ ഊഹക്കച്ചവടത്തിനുള്ള ആസ്തികളായി അല്ല, വളര്‍ച്ചയ്ക്ക് സാധ്യതയുള്ള സാമ്പത്തിക ഇന്‍ഷുറന്‍സായി കാണണം. സ്വര്‍ണം സ്ഥിരത നല്കുമ്പോള് വെള്ളി ചലനാത്മകത കൂട്ടുന്നു. അടിസ്ഥാന ലോഹങ്ങള്‍ ഊര്‍ജവും അടിസ്ഥാന സൗകര്യങ്ങളുമടക്കം ഭാവി സാധ്യതകളുമായി പോര്‍ട്ട്ഫോളിയോകളെ ബന്ധിപ്പിക്കുന്നു. ഹ്രസ്വകാല ചലനങ്ങള്‍ക്ക് പകരം സന്തുലിതമായ ആസ്തി വിന്യാസം, വൈവിധ്യവല്‍ക്കരണം, അപകടസാധ്യത നിയന്ത്രണം എന്നിവയിലാണ് ശ്രദ്ധിക്കേണ്ടത്. അനിശ്ചിതത്വങ്ങള്‍ക്കിടെ ലോഹങ്ങളില്‍ ഭാവി കാണാം.




