ബാധ്യത തീര്‍ന്നിട്ട് എപ്പോള്‍ സമ്പാദിക്കാന്‍ കഴിയുമെന്നത് യുവാക്കളായ മിക്ക ദമ്പതിമാരെയും അലട്ടുന്ന ചോദ്യമാണ്. ഒന്നിന് പിറകെ ഒന്നായി വന്നെത്തുന്ന ബാധ്യതകളില്‍ ജീവിതത്തിന്റെ നല്ല ഭാഗം തീരും. ആ ബാധ്യതളുടെ പിന്നാലെ പോയി വാര്ധക്യമെത്തുന്നത് വരെ അധ്വാനിക്കേണ്ടതായും വരും. പക്ഷേ സാമ്പത്തിക ആസൂത്രണത്തിന്റെ പോരായ്മ അല്ലെങ്കില്‍ അറിവില്ലായ്മ കൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതില്‍ മാതൃകയാക്കാവുന്ന ഒരു ദമ്പതിമാര്‍ റെഡ്ഡിറ്റില്‍ കുറിച്ച അവരുടെ കഥ നോക്കാം.
ഫയറാണ് FIRE
സാമ്പത്തിക ആസൂത്രണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുക എന്നതാണ്. അതിനുള്ള തയ്യാറെടുപ്പെന്നോണം വര്‍ഷങ്ങള്‍ക്ക് മുന്നേ സ്ഥിരതയോടെ നിക്ഷേപം ആരംഭിക്കണം. യുവാക്കള്‍ക്കിടയില്‍ നേരത്തെ റിട്ടയര്‍ ചെയ്യുക എന്ന രീതി വ്യാപകമാകുകയാണ്. പക്ഷേ വേണ്ടത്ര ആസ്തിയുണ്ടെങ്കിലേ അത് സാധ്യമാകൂ. അതിനെയാണ് FIRE (Financial Independence, Retire Early) എന്ന് വിളിക്കുന്നത്.
നേരത്തെ റിട്ടയര്‍ ചെയ്യുകയെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സഹായിച്ച തങ്ങളുടെ നിക്ഷേപ യാത്രയെ കുറിച്ച് മുപ്പതുകളിലുള്ള ദമ്പതിമാര്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പ് ആളുകളുടെ ശ്രദ്ധ നേടിയിരുന്നു. 1.2 കോടിയുടെ കടം വീട്ടാനായതും 5 കോടി രൂപയുടെ ആസ്തി സ്വന്തമാക്കിയതും എങ്ങനെയാണെന്ന് അവര്‍ കുറിപ്പില്‍ പറയുന്നുണ്ട്. FIRE പോളിസിയില്‍ പ്രചോദിതരായി അച്ചടക്കമുള്ള സമ്പാദ്യശീലം, നിക്ഷേപങ്ങള്‍, ജീവിതശൈലിയിലെ വിട്ടുവീഴ്ചകള്‍ എന്നിവ ശീലിച്ചതാണ് സുരക്ഷിതവും സ്വസ്ഥവുമായ റിട്ടയര്‍മെന്റ് ലൈഫ് എന്ന ലക്ഷ്യത്തിലേക്ക് തങ്ങളെ എത്തിച്ചതെന്ന് അവര്‍ പറയുന്നു.
കടത്തില്‍ തുടങ്ങിയ ജീവിതം
ഭാര്യയും താനും വിവാഹജീവിതം ആരംഭിക്കുന്നത് 1.2 കോടി രൂപയുടെ വായ്പ ബാധ്യതകളോടെയാണെന്ന് 36കാരനും എഞ്ചിനീയറുമായ ഭര്‍ത്താവ് പറയുന്നു. കോവിഡ് കാലത്ത്, ജോലി സമ്മര്‍ദ്ദത്തിനിടയിലാണ് FIRE പോളിസിയെ കുറിച്ച് വായിക്കാനിടയാകുന്നത്. പിന്നാലെ അതിന്റെ സാങ്കേതികതകള്‍ പഠിക്കുകയായിരുന്നു. അതിനുമുന്നേയുള്ള ജീവിതത്തില്‍ ഒരുപാട് സാമ്പത്തിക പിഴവുകള്‍ വന്നതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. അമിതമായി പണം ചിലവഴിക്കുന്ന ശീലമായിരുന്നു ഒന്ന്. വായ്പകള്‍ എത്രയും വേഗം അടച്ചുതീര്‍ക്കണമെന്ന് അന്ന് അറിയില്ലായിരുന്നു, എംബിഎ കഴിഞ്ഞ ശേഷം അനാവശ്യമായി പണം ചിലവഴിച്ച് വിവാഹം നടത്തിയെന്നും ഇപ്പോഴതില്‍ പശ്ചാത്താപമുണ്ടെന്നും അദ്ദേഹം പറയുന്നു.
പാഠമായ പകര്‍ച്ചവ്യാധിക്കാലം
പകര്‍ച്ചവ്യാധിക്കാലത്താണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. അക്കാലത്ത് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആദര്‍ശങ്ങളെ കുറിച്ച് ഗൗരവമായി പഠിച്ചുതുടങ്ങി. 2021ഓടെ തങ്ങള്‍ വായ്പാബാധ്യതകള്‍ തീര്‍ത്തു, ശേഷം കൃത്യതയോടെ നിക്ഷേപം ആരംഭിച്ചു. അടുത്ത നാല് വര്‍ഷം കൊണ്ട് പല ആസ്തികളിലായി മികച്ച സമ്പാദ്യം കെട്ടിപ്പടുത്തു.
നിലവില്‍ തനിക്കും ഭാര്യയ്ക്കുമായി 3.5 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ആസ്തി(ഭൂമി, അപ്പാര്‍ട്മെന്റ്, വാണിജ്യ കെട്ടിടങ്ങള്‍), ഒരു കകോടി രൂപയുടെ ഓഹരി അവകാശം, മ്യൂച്വല്‍ ഫണ്ട് – 25 ലക്ഷം, പെന്ഷന് ഫണ്ട് – 40 ലക്ഷം രൂപ എന്നിങ്ങനെ ആസ്തിയുണ്ടെന്ന് അദ്ദേഹം പറയുന്നു.
2.5 കോടി രൂപ വാര്‍ഷിക വരുമാനം ഇപ്പോഴുണ്ട്. ശമ്പളവര്ധനയിലോ പ്രമോഷനിലോ ശ്രദ്ധയൂന്നിയുള്ള സാമ്പത്തിക ലക്ഷ്യങ്ങളല്ല തങ്ങള്‍ക്കുള്ളതെന്നും സ്ഥിരതയ്ക്കും കുടുംബജീവിതത്തിനുമാണ് ഊന്നല്‍ നല്‍കുന്നതെന്നും അവര്‍ പറയുന്നു. റിട്ടയര്‍മെന്റ് ജീവിതത്തിനായി 10 കോടി രൂപയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഒരു വീടും, കുട്ടികള്‍ ഓരോരുത്തര്‍ക്കുമായി 2 കോടി രൂപയും ലക്ഷ്യമിടുന്നു. അവിടെ എത്തിച്ചേരാന്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി മതിയെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അവര്‍.