രാജ്യം നാളെ 79-മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം അന്നത്തെ ജനതയും മുന്നില്‍ നിന്ന് നയിച്ച നേതാക്കളും പോരാടിയെടുത്തതാണ്. അതുപോലെ നമുക്കോരുത്തര്‍ക്കും പൊരുതിനേടേണ്ട ചില സ്വാതന്ത്ര്യങ്ങള്‍ നിത്യജീവിതത്തിലുണ്ട്. ആരോടും മറുപടികള്‍ പറയാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യം, ആഗ്രഹിക്കുന്ന ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം, സമ്പാദിക്കാനുള്ള സ്വാതന്ത്ര്യം, സമ്പാദിച്ചത് ചിലവഴിക്കാനുള്ള സ്വാതന്ത്ര്യം. അതെ, അങ്ങനെ സ്വാതന്ത്ര്യത്തിന്റെ പല രൂപങ്ങള്‍ ജീവിതത്തില്‍ നമ്മള് ആര്‍ജ്ജിക്കേണ്ടതുണ്ട്. കൂട്ടത്തില്‍ പ്രധാനമാണ് സാമ്പത്തിക സ്വാതന്ത്ര്യം.
സ്വന്തം സാമ്പത്തികകാര്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്ത് ധനം ബുദ്ധിപൂര്‍വ്വം ചിലവഴിച്ചാലേ നമുക്ക് സാമ്പത്തിക സ്വാതന്ത്ര്യം ആര്ജ്ജിക്കാനാകൂ. സ്വന്തമായും കുടുംബത്തിനായും സുരക്ഷിതമായ ഒരു സാമ്പത്തിക അടിത്തറ ഉണ്ടാകേണ്ടത് അനിവാര്യമാണ്. സാമ്പത്തിക സ്വാതന്ത്ര്യം വ്യക്തിപരമായ വളര്‍ച്ചയും സ്ഥിരതയും മാത്രമല്ല നല്‍കുന്നത് നമ്മുടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സമൃദ്ധിക്കും സഹായകമാകും. നല്ല ധനശീലങ്ങള് വളര്‍ത്തിയെടുത്ത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്താന്‍ സഹായിക്കുന്ന ചില വഴികള്‍ നോക്കാം.
സമ്പാദ്യം, ബഡ്ജറ്റിംഗ്
വരുമാനത്തിന്റെ വലിയൊരു ഭാഗം സമ്പാദ്യമായി നീക്കിവെക്കുന്ന ശീലം ഉണ്ടാക്കിയെടുക്കണം. ഇത് ഭാവിയിലേക്കായി ശക്തമായ സാമ്പത്തിക അടിത്തറ നല്‍കും. ഇതിനായി ബഡ്ജറ്റിംഗ് പരിശീലിക്കണം. 50-30-20 ബജ്ഡിറ്റിംഗ് റൂള്‍ പ്രാവര്‍ത്തികമാക്കാന്‍ നോക്കാം. വരുമാനത്തിന്റെ 50 ശതനമാനം വീട്ടാവശ്യങ്ങള്‍, 30 ശതമാനം ജീവിതശൈലിയുമായി ബന്ധപ്പെട്ട ചിലവ്, 20 ശതമാനം സമ്പാദ്യം എന്നതാണത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്തുണ്ടാക്കാന്‍ ഇത് മികച്ച ശീലമാണ്.
എമര്‍ജന്‍സി ഫണ്ട്
ജീവിതം എപ്പോഴാണ് മാറിമറിയുകയെന്ന് ആര്‍ക്കും പറയാനാകില്ല. അതിനായി എപ്പോഴും ഒരു തയ്യാറെടുപ്പ് ഉണ്ടായിരിക്കണം. എമര്‍ജന്‍സി ഫണ്ട് എന്നത് അത്തരം വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളില്‍ ഉപകാരപ്പെടുത്താനുള്ളതാണ്. ജോലി ഇല്ലാതാകുക, അപകടം പിണയുക, രോഗചികിത്സ ആവശ്യമാകുക, അതുപോലെ മുന്‍കൂട്ടി പറയാനാകാത്ത പ്രതിസന്ധിഘട്ടങ്ങളില്‍ എമര്‍ജന്‍സി ഫണ്ട് തുണയാകും. കുടുംബത്തിനും അത് സമാധാനവും വ്യക്തതയും നല്‍കും.
വായ്പകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുക
ഉയര്‍ന്ന പലിശ ഈടാക്കുന്ന വായ്പകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ക്രെഡിറ്റ് കാര്‍ഡ്, പാര്‍പ്പിട വായ്പ ഇഎംഐകള്‍, പേഴ്സണല്‍ ലോണ്‍ ഇഎംഐകള്‍ എന്നിവ കൃത്യമായി അടയ്ക്കുക. പെട്ടെന്ന് അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുക. അല്ലാത്തപക്ഷം പലിശയിനത്തില്‍ നല്ലൊരു തുക കയ്യില്‍ നിന്നും പോകും. മറ്റൊരു വായ്പ എടുക്കുന്നതിന് ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താനും ഈ തിരിച്ചടവ് ശീലം സഹായിക്കും.
ഇന്‍ഷുറന്‍സ് കവറേജ്
ഇന്‍ഷുറന്‍സിനെ അനാവശ്യ ചിലവായി കരുതരുത്. സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് അത് സംരക്ഷിക്കും. ആരോഗ്യ, വാഹന ഇന്‍ഷുറന്‍സുകള്‍ കൃത്യമായി പുതുക്കുകയും ആവശ്യമനുസരിച്ച് മാറ്റുകയും വേണം. കുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുന്ന അവസ്ഥയില്‍ ടേം ഇന്‍ഷുറന്‍സുകള്‍ പരിഗണിക്കുക. ആപത്തുകള്‍ വന്നാല്‍ കുടുംബം സുരക്ഷിതമായിരിക്കാന്‍ ഇന്‍ഷുറന്‍സ് സഹായിക്കും.
നിക്ഷേപങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും
സാമ്പത്തിക ആസൂത്രണത്തില്‍ ലക്ഷ്യങ്ങള്‍ ഉണ്ടാകേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന് വീട്് വാങ്ങുക, കുട്ടികളുടെ പഠനം നടത്തുക, കുടുംബത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക എന്നിങ്ങനെ. നിക്ഷേപങ്ങള്‍ പല സ്ഥലങ്ങളിലായി വൈവിധ്യവല്‍ക്കരിക്കുന്നത് ബുദ്ധിപരമാണ്.
ഇക്കാര്യങ്ങള്‍ കൃത്യമായി പിന്തുടര്ന്നാല് നമുക്ക് സാമ്പത്തിക സ്വാതന്ത്ര്യം ആസ്വദിക്കാം.




