ഒരുദിവസം അവിചാരിതമായി നിങ്ങള്‍ക്കൊരു ഫോണ്‍ വരുന്നു. സിബിഐയില്‍ നിന്നോ പോലീസില്‍ നിന്നോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ ആണെന്ന് പറയുന്നു. എന്തിനാണ് ഇവര്‍ വിളിക്കുന്നതെന്ന അങ്കലാപ്പില്‍ നില്ക്കുന്ന നിങ്ങളെ ഞെട്ടിച്ചുകൊണ്ട് നിങ്ങളുടെ ആധാറോ ബാങ്ക് അക്കൗണ്ടോ ഫോണ്‍ നമ്പറോ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുന്നു, അടുത്തതായി പറയുന്ന ഒരു വാചകത്തോടെ നിങ്ങളുടെ നല്ല ജീവന് പോകും, നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലായി എന്നതാണ് ആ വാചകം.
സൈബര്‍കുറ്റകൃത്യങ്ങളുടെ പുതിയ മുഖം
ഇന്റെര്‍നെറ്റിന്റെ ആദ്യകാലങ്ങളില്‍ വെബ്സൈറ്റിന്റെ മുഖം മാറ്റുകയും നിര്‍ദോഷകരമായ ചില പറ്റിക്കലുകള് കാണിക്കുകയുമൊക്കെയായിരുന്നു സൈബര്‍ കുറ്റവാളികളുടെ പണികളെങ്കില് ഇന്റെര്‍നെറ്റും മൊബൈല്‍ കണക്ടിവിറ്റിയും ജീവിതം കൂടുതല്‍ സുഗമമാക്കിയ ഇക്കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങളും ഏറെ മുന്നിലെത്തിയിരിക്കുന്നു. അത്തരത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന ഒരു സൈബര്‍ കുറ്റകൃത്യമാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. ദശലക്ഷക്കണക്കിന് സാധാരണക്കാരെയാണ് നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഈ തട്ടിപ്പുകള്‍ ലക്ഷ്യമിടുന്നത്.
മറ്റ് സാധാരണ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും വിഭിന്നമായി, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ തട്ടിപ്പുകാര്‍ നിയമപാലകരായി നടിക്കുകയും പണം തട്ടിയെടുക്കാനും നിര്‍ണ്ണായക വിവരങ്ങള്‍ കൈക്കലാക്കാനും ശ്രമിക്കുന്നു.
എന്താണ് ഡിജിറ്റല്‍ അറസ്റ്റ്
ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും ഇരകളില്‍ നിന്നും പണം തട്ടിയെടുക്കുന്ന പുതിയ സൈബര്‍ കുറ്റകൃത്യമാണ് ഡിജിറ്റല്‍ അറസ്റ്റ്. ഡിജിറ്റല്‍ അറസ്റ്റ് വാറന്റ് തങ്ങളുടെ കൈവശം ഉണ്ടെന്ന് സ്ഥാപിക്കുന്ന തട്ടിപ്പുകാര്‍ നിയമപാലകരായി ചമഞ്ഞ് അറസ്റ്റ് ചെയ്യുമെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നും പാസ്പോര്‍ട്ട് തടഞ്ഞുവെക്കുമെന്നും പറഞ്ഞ് ഇരകളെ ഭീഷണിപ്പെടുത്തുകയും നിയമനടപടി ഒഴിവാക്കാന്‍ പിഴയോ സെക്യൂരിറ്റി ഡിപ്പോസിറ്റോ ആവശ്യപ്പെടുകയും ചെയ്യുകയുമാണ് ഇവിടെ ചെയ്യുന്നത്.
തുടക്കത്തില്‍ ഒരു സാധാരണ ഫോണ്‍വിളിയായി തുടക്കത്തില്‍ തോന്നുമെങ്കിലും സംസാരം പുരോഗമിക്കവെ ഇരകളെ ഭയപ്പെടുത്തുന്നതിനുള്ള പല തന്ത്രങ്ങളും തട്ടിപ്പുകാര്‍ പയറ്റും. കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ കുറ്റകൃത്യം, മയക്കുമരുന്ന് കടത്തല്‍ പോലുള്ള ഗുരുതര കുറ്റങ്ങളില്‍ നിങ്ങള്‍ ഇടപെട്ടിട്ടുണ്ടെന്ന് ആരോപിക്കും. ആരോപണം സാധൂകരിക്കുന്നതിനുള്ള വ്യാജ രേഖകളും വീഡിയോ അടക്കമുള്ള തെളിവുകളും അവര്‍ ഉണ്ടാക്കും. ഇരകളെ വിശ്വസ പരിധിയിലാക്കിയതിന് ശേഷം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കലാണ് അവരുടെ രീതി.
2024 മുതല്‍ക്ക് രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍. കേവലമൊരു ഓണ്‍ലൈന്‍ തട്ടിപ്പ് എന്നതില്‍ നിന്നും ജംതാര മോഡലിലുള്ള വന്‍ ഓപ്പറേഷനാണ് ഡിജിറ്റല്‍ അറസ്റ്റുകളുടെ കേസില്‍ നടക്കുന്നത്. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം ആളുകളെയല്ല ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും നിഷ്കളങ്കരായ വയോധികരും ഈ തട്ടിപ്പിന് ഇരകളാകുന്നുവെന്നതാണ് സത്യം.
തട്ടിപ്പ് നടക്കുന്നതെങ്ങനെ
തുടക്കം
സിബിഐ, ഇഡി, കസ്റ്റംസ്, ഇന്റെര്പോള് പോലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഫോണ്‍വിളിയിലൂടെയോ ഇ-മെയിലിലൂടെയോ വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയോ അതല്ലെങ്കില്‍ വ്യാജ ഔപചാരിക കത്തുകളിലൂടെയോ ആയിരിക്കും തട്ടിപ്പുകാര്‍ ഇരുകളുമായി ആദ്യമായി ബന്ധപ്പെടുക.
ഭയപ്പെടുത്തല്‍
ഇരകളെ ബന്ധപ്പെട്ടാല്‍ അവരെ ഭയപ്പെടുത്തുകയാണ് തട്ടിപ്പുകാരുടെ അടുത്ത നടപടി. കള്ളപ്പണം വെളുപ്പിക്കലിലോ സൈബര്‍ കുറ്റകൃത്യത്തിലോ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വേണ്ട നടപടികള്‍ എടുത്തില്ലെങ്കില്‍ ഉടനടി അറസ്റ്റ് ഉണ്ടാകുമെന്നും ഭയപ്പെടുത്തുന്നു.
ഡിജിറ്റല്‍ വേരിഫിക്കേഷന്
ഇരകളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ വ്യാജരേഖകളും വീഡിയോകളും അറസ്റ്റ് വാറന്റുകളും കാണിച്ചുകൊണ്ട് തങ്ങളുടെ ആരോപണങ്ങള്‍ സത്യമാണെന്ന് അവര്‍ വരുത്തിത്തീര്‍ക്കും.
പ്രേരണ
അറസ്റ്റ്, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍, പാസ്പോര്‍ട്ട് റദ്ദാക്കല്‍ തുടങ്ങിയ ഭീഷണിപ്പെടുത്തലുകളിലൂടെ ഇരകളെ പിഴ അടയ്ക്കാനോ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കാനോ നിര്‍ബന്ധിക്കും.
പണമിടപാട്
യുപിഐ, ക്രിപ്റ്റോകറന്‍സി, പ്രീപെയിഡ് ഗിഫ്റ്റ്കാര്‍ഡുകള്‍ ഇങ്ങനെയുള്ള പേയ്മെന്റ് രീതികള്‍ മുഖേനയായിരിക്കും ഇരകളില്‍ നിന്നും തട്ടിപ്പുകാര്‍ പണം തട്ടുക.
അപ്രത്യക്ഷമാകല്‍
ഇരകള്‍ പണം നല്കിക്കഴിഞ്ഞാല് തട്ടിപ്പുകാര്‍ മുങ്ങും. അപ്പോള്‍ മാത്രമാണ് തങ്ങള്‍ കബളിക്കപ്പെട്ടുവെന്ന് ഇരകള്‍ മനസ്സിലാക്കുക. പിന്നീട് ശരിയായ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമ്പോഴാണ് നിജസ്ഥിതികള്‍ ബോധ്യപ്പെടുക.
തട്ടിപ്പുകള്‍ എന്തുകൊണ്ട് നടക്കുന്നു
അഞ്ചും പത്തും ലക്ഷങ്ങള്‍ മുതല്‍ കോടിക്കണക്കിന് രൂപ വരെ ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത സംഭവങ്ങള്‍ നമ്മള് കേട്ടുകഴിഞ്ഞു. സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന മലയാളികള്‍ എങ്ങനെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നുവെന്നത് പലപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മലയാളികള്‍ മാത്രമല്ല, തട്ടിപ്പുകളെ കുറിച്ച് ഇത്രയധികം വാര്‍ത്തകള്‍ പുറത്തുവന്നിട്ടും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നവരുടെ എണ്ണത്തില്‍ മാത്രം കുറവില്ല. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിര്‍ബാധം തുടരുന്നതിന്റെ ചില കാരണങ്ങള്‍ നോക്കാം.
ആളുകളുടെ സൈക്കോളജി, സോഷ്യല്‍ എഞ്ചിനീയറിംഗ്
പരിമിതികളോ, അശ്രദ്ധയോ, കഴിവില്ലായ്മയോ, അറിവില്ലായ്മയോ അല്ലെങ്കില്‍ ഏതെങ്കിലും സംവിധാനത്തിലെ വീഴ്ചയോ കൊണ്ട് മനപ്പൂര്‍വ്വമല്ലാതെ മനുഷ്യരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അബദ്ധങ്ങളാണ് ഇത്തരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും വിജയിക്കാനുമുള്ള പ്രധാനകാരണം. സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ ഇരകളില്‍ നിന്നും നേടിയെടുക്കാന്‍ സൈബര്‍ കുറ്റവാളികള്‍ സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങള്‍ ഉപയോഗിക്കും. തട്ടിപ്പുകാരുടെ ഈ തന്ത്രങ്ങളെ കുറിച്ച് സാധാരണക്കാര്‍ക്ക് അറിവില്ലായിരിക്കും. നിയമനടപടികളെ കുറിച്ചുള്ള ഭയം, ആവേശം, അടിയന്തരസ്ഥിതി എന്നിങ്ങനെ മനുഷ്യരുടെ വികാരവിചാരങ്ങളെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ തട്ടിപ്പുകാര്‍ക്ക് കഴിയും. ബാങ്കില്‍ നിന്നോ, പോലീസില്‍ നിന്നോ, സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ ആണ് വിളിക്കുന്നതെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കുന്ന ആളുകളാണ് കൂടുതല്‍.
ദുര്‍ബലമായ സൈബര്‍ സുരക്ഷ
സൈബറിടങ്ങളില്‍ വേണ്ടരീതിയിലുള്ള സുരക്ഷ ഇപ്പോഴുമില്ല. സൈബറിടങ്ങളിലെ സുരക്ഷിതത്വമില്ലായ്മയും ആളുകളുടെ ദുശ്ശീലങ്ങളും തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യും. അങ്ങനെ അവര്‍ എളുപ്പത്തില്‍ വ്യക്തിപരമായ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും തട്ടിയെടുക്കും. ദുര്‍ബലമായ പാസ്വേഡ്, അപ്ഡേറ്റ് ചെയ്യാത്ത സോഫ്റ്റ്വെയര്, ഉപകരണങ്ങള്‍, സുരക്ഷ ക്രമീകരണങ്ങള്‍ എന്നിവയും തട്ടിപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കും.
സൈബര്‍ കുറ്റകൃത്യ സംവിധാനങ്ങളുടെ വികാസം
സുരക്ഷകളെ മറികടക്കുന്നതിനായി സൈബര്‍ കുറ്റവാളികള്‍ നിരന്തരമായി സാങ്കേതികവിദ്യകളും സംവിധാനങ്ങളും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഡിജിറ്റല്‍ പേയ്മെന്റ്
ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ, സൈബര്‍ ക്രിമിനലുകള്‍ യുപിഐ പേയ്മെന്റ് അപേക്ഷ, ക്യുആര്‍ കോഡ് സംവിധാനം, കാര്‍ഡ് സ്കിമ്മിംഗ്, സിം സ്വാപ്പ് തുടങ്ങിയ പണമിടപാട് രീതികള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പുകള്‍ നടത്താന്‍ തുടങ്ങി.
ഡാര്‍ക് വെബ്, സൈബര്‍ കുറ്റകൃത്യ ശൃംഖലകള്‍
മോഷ്ടിക്കപ്പെട്ട ഡാറ്റ, മാല്‍വെയര്‍ ടൂളുകള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഇടമാണ് ഡാര്‍ക് വെബ്. ക്രിമിനലുകള്‍ ഡാറ്റ വാങ്ങാനും മോഷ്ടിച്ചവ വില്‍ക്കാനും ഡാര്‍ക് വെബിനെ കൂടുതലായി ആശ്രയിക്കുന്നു. സംഘടിതമായ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്.
ശക്തമായ സൈബര്‍ സുരക്ഷ നിയമങ്ങളുടെ അഭാവം
സൈബര്‍ ഭീഷണികളും കുറ്റകൃത്യങ്ങളും പെരുകിയിട്ടും ഇതിനെതിരെ ശക്തമായ നിയമങ്ങള്‍ ഇല്ലെന്നുള്ളത് പോരായ്മ തന്നെയാണ്. ചില കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നുപോലുമില്ല.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് എങ്ങനെ തിരിച്ചറിയാം
ഭയവും അടിയന്തരമായി പ്രതികരിക്കേണ്ട അവസ്ഥയും സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ ഇരകളെ ചൂഷണം ചെയ്യുന്നത്. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടക്കത്തിലേ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില സൂചനകള്‍ അറിയാം.
മുന്നറിയിപ്പ്
സാധാരണഗതിയില്‍ പോലീസോ, മറ്റ് നിയമനിര്‍വ്വഹണ ഏജന്‍സികളോ ആളുകളെ ഫോണില്‍ വിളിച്ച് പിഴയോ മറ്റ് വിവരങ്ങളോ അന്വേഷിക്കാറില്ല. അവര്‍ നേരിട്ട് വരികയോ നോട്ടീസയക്കുകയോ ചെയ്യാം.
സംശയകരമായ ഫോണ്‍ നമ്പറുകള്‍
തട്ടിപ്പുകാര്‍ വ്യാജ നമ്പറുകളില്‍ നിന്നോ ഇന്റെര്‍നെറ്റ് അധിഷ്ഠിത കോളിംഗ് സേവനങ്ങളില്‍ നിന്നോ ആയിരിക്കാം ഇരകളെ വിളിക്കുക. ഫോണ്‍ നമ്പറില്‍ ഇത്തരം സംശയങ്ങള്‍ തോന്നിയാല്‍ കരുതലോടെ പ്രതികരിക്കുക.
ധൃതിപ്പെടുത്തല്
ഇപ്പോള്‍ തന്നെ പണം അടയ്ക്കണം അല്ലാത്തപക്ഷം അറസ്റ്റ് ഉണ്ടാകുമെന്ന തരത്തില്‍ തിരക്കുകൂട്ടുന്ന സമീപനം വിളിക്കുന്നവരില്‍ നിന്നുണ്ടായാല്‍ അത് സംശയകരമാണ്. ഔദ്യോഗിക നടപടികളില്‍ കൃത്യമായ നിയമ നടപടിക്രമങ്ങള്‍ ഉണ്ടാകും.
ബാങ്ക് വിവരങ്ങളും മറ്റ് ചോദിക്കുക
ഒരിക്കലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഏജന്‍സികളോ യുപിഐ, ഡിജിറ്റല്‍ വാലറ്റുകള്‍, അല്ലെങ്കില്‍ നേരിട്ടുള്ള ബാങ്ക്ട്രാന്സര് മുഖേന പണം അടയ്ക്കാന്‍ ഫോണ്‍കോണ്‍ വഴി ആവശ്യപ്പെടില്ല.
മേല്‍പ്പറഞ്ഞ സമീപനങ്ങളോടെ ആരെങ്കിലും വിളിച്ചാല്‍ കരുതലോടെ ഇരിക്കുക. ഭയപ്പെടാതെ വിളിക്കുന്നവരുടെ വിവരങ്ങള്‍ ചോദിച്ചറിയുക. മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുക. അവര്‍ പറഞ്ഞത് കൃത്യമാണോ എന്ന് ശരിയായ മാര്‍ഗ്ഗങ്ങളിലൂടെ, അതായത് നിയമ നിര്‍വ്വഹണ സംവിധാനങ്ങളിലൂടെ സ്ഥിരീകരിക്കുക.
ഡിജിറ്റല്‍ അറസ്റ്റ് – എങ്ങനെ രക്ഷപ്പെടാം
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് എങ്ങനെ തിരിച്ചറിയാമെന്ന് മനസ്സിലാക്കിയല്ലോ. ഇനി ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടായാല്‍ വഞ്ചിതരാകാതെ രക്ഷപ്പെടാനുള്ള ചില വഴികള്‍ കൂടി നോക്കാം.
വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുക
ആധാര്‍ നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ ഫോണിലൂടെ വെളിപ്പെടുത്താതിരിക്കുക.
വിളിക്കുന്നയാളെ തിരിച്ചറിയുക
സംശയകരമായി ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍, ആരെണെന്ന് അവകാശപ്പെട്ടാണോ അവര്‍ വിളിച്ചത് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചോ അല്ലാതെയോ ശരിയായ ഫോണ്‍നമ്പര്‍ കണ്ടെത്തി നേരിട്ട് വിളിക്കുക.
അവബോധം പ്രധാനം
ഇത്തരം തട്ടിപ്പുകളെ കുറിച്ച് അവബോധമുള്ളവരായിരിക്കുക. തട്ടിപ്പ് രീതിയെ കുറിച്ച് ശരിയായ അറിവുകള്‍ ഉള്ളവര്‍ക്ക് തുടക്കത്തില്‍ തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിയാന്‍ കഴിയും.
പരാതിപ്പെടുക
ഇത്തരം ഫോണ്‍വിളികള്‍ വന്നാല്‍, സൈബര്‍ക്രൈം ഹെല്പ്പ്ലൈന് നമ്പറായ 1930-ല്‍ വിളിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യുക. വെബ്സൈറ്റ് മുഖേനയും റിപ്പോര്‍ട്ട് ചെയ്യാം.
തട്ടിപ്പിനെതിരെ നിങ്ങള്‍ക്ക് എന്തുചെയ്യാം
പോലീസും മറ്റ് നിയമ നിര്‍വ്വഹണ സംവിധാനങ്ങളും ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയേണ്ടത് ഓരോ പൗരന്മാരന്റെയും ഉത്തരവാദിത്തമാണ്. ഇത്തരം തട്ടിപ്പുകള്‍ സംബന്ധിച്ച അവബോധമാണ് അവ തടയാനുള്ള ആദ്യമാര്‍ഗ്ഗം. പ്രത്യേകിച്ച് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്ന യുവാക്കള്‍, പ്രായമായവര്‍, സ്ത്രീകള്‍, ഗ്രാമീണ മേഖകളിലുള്ളവര്‍ എന്നിവര്‍ക്ക് എന്താണ് ഈ തട്ടിപ്പെന്നും തട്ടിപ്പിന്റെ രീതി എന്താണെന്നും അവബോധം നല്‍കുക.
ഇരകളുടെ പ്രായമോ, ജോലിയോ, പശ്ചാത്തലമോ ഒന്നും പരിഗണിക്കാതെയാണ് തട്ടിപ്പുകാര്‍ വല വിരിക്കുന്നത്. പറ്റിക്കപ്പെടുമ്പോള്‍ അതെത്തുടര്‍ന്നുള്ള മാനഹാനി ഭയന്ന് പലരും അത് തുറന്നുപറയുകയോ പരാതിപ്പെടുകയോ ചെയ്യുന്നില്ലാത്തതും തട്ടിപ്പുകാര്‍ക്ക് ധൈര്യമേകും. അതുകൊണ്ട് ഇത് സംബന്ധിച്ച അവബോധം ആളുകളില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണ്.




