സമ്പത്തുണ്ടാക്കാനുള്ള ശാശ്വതമായ വഴി സമ്പാദ്യമാണെന്ന ഉത്തമബോധ്യം ഉണ്ടെങ്കിലും എങ്ങനെ അതിലേക്ക് എത്തുമെന്നതിനെ കുറിച്ചും അതുകൊണ്ട് ജീവിതത്തിന് ഉണ്ടാകാന്‍ പോകുന്ന മാറ്റത്തെ കുറിച്ചും പലരും ചിന്തിക്കാറില്ല. പക്ഷേ സമയവും അച്ചടക്കവും ഉണ്ടെങ്കില്‍ വളരെ കുറഞ്ഞ നിലയിലുള്ള സമ്പാദ്യം പോലും അപ്രതീക്ഷിതമായ സമ്പാദ്യം നിങ്ങള്‍ക്കേകും. എത്രത്തോളം സമ്പാദ്യമായി മാറ്റിവെക്കും, എത്രകാലം നിക്ഷേപം നിലനിര്‍ത്തും എന്നീ കാര്യങ്ങളെല്ലാം ആസ്തിയുണ്ടാക്കാനുള്ള നമ്മുടെ ശേഷിയെ സ്വാധീനിക്കും.
സമ്പാദ്യമായി എത്ര മാറ്റിവെക്കുന്നു
സേവിംഗ്സ് റേറ്റ് – വരുമാനത്തിന്റെ എത്ര ശതമാനം സമ്പാദ്യമായി മാറ്റിവെക്കുന്നു എന്നതാണ് ആസ്തിയുണ്ടാക്കലിന്റെ അടിസ്ഥാനം. എത്ര കൂടുതല്‍ സമ്പാദ്യമായി മാറ്റിവെക്കുന്നോ അത്രയും ആസ്തി വര്‍ധിച്ചുവരും.
വരുമാനത്തിന്റെ 10 ശതമാനം സമ്പാദ്യമായി നീക്കിവെച്ചാല്‍, 30 വര്‍ഷം കഴിഞ്ഞാല്‍ നിങ്ങളുടെ ആസ്തി വാര്‍ഷിക ചിലവിന്റെ 11.9 മടങ്ങ് കൂടുതലായിരിക്കുമെന്ന് ഫണ്ട്സ്ഇന്ത്യയുടെ വിലയിരുത്തല്‍ സൂചിപ്പിക്കുന്നു. ഒന്നാലോചിച്ച് നോക്കൂ. വാര്‍ധക്യകാലത്ത് സമാധാനമായി ഇരിക്കാന്‍ അതുപോരെ. എന്നാല്‍ വരുമാനത്തിന്റെ 30 ശതമാനമാണ് സേവിംഗ്സ് റേറ്റ് എങ്കില്‍ അതുമൂലമുണ്ടാകുന്ന ആസ്തി നിലവാരം നിങ്ങളെ ഞെട്ടിക്കും. 30 വര്‍ഷം കൊണ്ട് നിങ്ങളുടെ ആസ്തി വാര്‍ഷിക ചിലവിന്റെ 45.8 മടങ്ങ് കൂടുതലാകും.10 ശതമാനം സമ്പാദ്യമായി മാറ്റിവെക്കുന്നയാളെ അപേക്ഷിച്ച് ഏതാണ്ട് നാല് മടങ്ങ് കൂടുതലാണത്. 25 വര്‍ഷം കൊണ്ട് ഇത് വാര്‍ഷിക ചിലവിന്റെ 30 ശതമാനമാകും.
കൂട്ടുപലിശ വ്യവസ്ഥ 25-30 മടങ്ങ് ആസ്തി വളര്‍ച്ചയ്ക്കും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും വഴിയൊരുക്കുമെന്ന് ഫണ്ട്സ്ഇന്ത്യയുടെ വൈസ് പ്രസിഡന്റും റിസര്‍ച്ച് മേധാവിയുമായ അരുണ്‍ കുമാര്‍ നിരീക്ഷിക്കുന്നു. വളരെ കണിശതയും അച്ചടക്കവുമുള്ള സമ്പാദ്യശീലരാണെങ്കില് 50 ശതമാനം സേവിംഗ്സ് റേറ്റ് ഉണ്ടെങ്കില്‍ 30 വര്‍ഷം കൊണ്ട് വാര്‍ഷിക ചിലവിന്റെ 100 മടങ്ങ് വരെ ആസ്തി നേടാം. ഇനി 70 ശതമാനം സേവിംഗ്സ് റേറ്റ് ഉണ്ടെങ്കിലോ അത് 249 മടങ്ങാകും.
ചുരുക്കത്തില്‍ എത്ര കൂടുതല്‍ സമ്പാദ്യം മാറ്റിവെക്കുന്നോ അത്രയും കൂടുതല്‍ ആസ്തിയുണ്ടാക്കാമെന്ന നമ്മുടെ പഴഞ്ചൊല്ല് പതിരല്ലെന്ന് സാരം.