പെണ്‍കുട്ടികള്‍ക്കിടയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്സിനേഷന് പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഗര്‍ഭാശയമുഖ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ 9 മുതല്‍ 14 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് ഈ കുത്തിവെപ്പ് നല്‍കുക. ഇതിനായി സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ എച്ച്പിവി (ഹ്യൂമന്‍ പാപ്പിലോമ വൈറസ്) പ്രതിരോധ കുത്തിവയ്പ്പ് ഉള്‍പ്പെടുത്തും. എന്തുകൊണ്ടാണ് ഈ പ്രഖ്യാപനം ഇന്ത്യയെ സംബന്ധിച്ച് അത്യധികം പ്രാധാന്യമുള്ളതായിത്തീരുന്നതെന്ന് പരിശോധിക്കാം…
എച്ച്പിവി വൈറസുകള്‍ മൂലമാണ് ഭൂരിഭാഗം ആളുകളിലും സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടാകുന്നത്. ശരിയായ മുന്‍കരുതലുകളില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെയാണ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് ബാധിക്കുന്നത്. പ്രതിരോധശേഷി ശക്തമാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വൈറസ് തനിയെ നശിക്കും. എന്നിരുന്നാലും, അണുബാധ വര്‍ഷങ്ങളായി തുടരുകയാണെങ്കില്‍, അത് സെര്‍വിക്കല്‍ ലൈനിംഗ് ഡിസ്പ്ലാസിയയിലേക്ക് നയിച്ചേക്കാം. ദുര്‍ബലമായ പ്രതിരോധശേഷി എച്ച്പിവി അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കും.
എച്ച്പിവി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, 15 വയസും അതില്‍ കൂടുതലുമുള്ള 511.4 ദശലക്ഷം സ്ത്രീകള്‍ ഇന്ത്യയില്‍ ഈ രോഗം മൂലമുള്ള ഭീഷണി നേരിടുന്നു. 2020 ലെ കണക്കുകള്‍ പ്രകാരം, ഓരോ വര്‍ഷവും ഇന്ത്യയില്‍ ശരാശരി 1,23,907 സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്തുകയും 77,348 പേര് ഈ രോഗം മൂലം മരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ തരം അര്‍ബുദമാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍.
എച്ച്പിവി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, 15 വയസും അതില്‍ കൂടുതലുമുള്ള 511.4 ദശലക്ഷം സ്ത്രീകള്‍ ഇന്ത്യയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ഭീഷണി നേരിടുന്നു
2022 ല്‍ നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ ഇമ്മ്യൂണൈസേഷന്‍ (എന്‍ടിഎജിഐ) യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ (യുഐപി) ഭാഗമായി ഒമ്പത് മുതല്‍ 14 വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് എച്ച്പിവി വാക്സിനേഷന് ശുപാര്‍ശ ചെയ്തിരുന്നു. സ്കൂളുകളില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പ്രതിരോധ കുത്തിവയ്പിനെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും നിര്‍ദേശിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച് വാക്സിനേഷന് ഒരു പദ്ധതിയാവുന്നത് രാജ്യത്തെ വലിയൊരു വിഭാഗം സ്ത്രീകളെ ഈ രോഗത്തിന്റെ ഭീതിയില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കും.