ഓണ്‍ലൈന്‍ ടാക്സി സേവന പ്ലാറ്റ്ഫോമായ ഊബര്‍ കേരളത്തില്‍ ബൈക്ക് ടാക്സി, പാഴ്സല്‍ സേവനങ്ങള്‍ ആരംഭിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ഈ സേവനങ്ങള്‍ ആരംഭിച്ചത്. വാഹനത്തിരക്കും ബ്ലോക്കും ഉള്ള നഗരങ്ങളില്‍ കൂടുതല്‍ വേഗതയും, ചെലവ് കുറഞ്ഞതുമായ ടാക്സി സേവനം എന്ന ലക്ഷ്യത്തോടെയാണ് ബൈക്ക് ടാക്സികള്‍ ഓടിത്തുടങ്ങിയിട്ടുള്ളത്.
നിലവിലെ ഓട്ടോ, ടാക്സി സേവനങ്ങള്‍ പോലെ തന്നെ ആളുകള്‍ക്ക് ആപ്പ് ഉപയോഗിച്ച് ബൈക്ക് ടാക്സിയും ബുക്ക് ചെയ്യാമെന്നും 25 രൂപ മുതല്‍ക്ക് സേവനം ലഭ്യമാണെന്നും ഊബര്‍ വക്താവ് അറിയിച്ചു. 3 കിലോമീറ്ററിനാണ് 25 രൂപ. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സേവനം ലഭ്യമായിരിക്കും. കൊച്ചിയില്‍ ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍, പറവൂര്‍, ആലുവ എന്നിവിടങ്ങളില്‍ ബൈക്ക് ടാക്സി ഓടും. യാത്രാസേവനത്തിന് പുറമേ, ബൈക്ക് പാഴ്സല്‍ സര്‍വ്വീസും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ആളുകള്‍ക്ക് ചെറിയ പാഴ്സലുകള്‍ അയക്കാന്‍ ഈ സേവനം ഉപകാരപ്പെടും.
ബൈക്ക് ടാക്സി ആയി ഓടാന്‍ താല്‍പ്പര്യമുള്ള ഇരുചക്ര വാഹന ഉടമകള്‍ക്കായി ഊബര്‍ രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. ജോയിനിംഗ് ബോണസായി 1,000 നല്‍കും. പ്രതിമാസം കുറഞ്ഞത് 35,000 രൂപയുടെ വരുമാനമാണ് ഊബര്‍ ഇവര്‍ക്ക് ഉറപ്പുനല്‍കുന്നത്. ബൈക്ക് ഉടമകള്‍ ഒരു ഹെല്‍മെറ്റ് യാത്രക്കാര്‍ക്ക് വേണ്ടി അധികമായി കയ്യില്‍ കരുതണം. 2012ന് ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് ടാക്സിയായി ഓടാന്‍ വേണ്ടത്. പുതിയ വണ്ടികള്‍ക്ക് മുന്‍ഗണന ലഭിക്കും.
ഊബര്‍ ആപ്പില്‍ നിലവില്‍ ബൈക്ക് ടാക്സി സേവനം കാണിക്കുന്നുണ്ടെങ്കിലും വെയ്റ്റിംഗ് ടൈം കൂടുതലാണ്. പക്ഷേ, നിരക്ക് താരതമ്യേന കുറവാണ്. അതേസമയം ബൈക്ക് ടാക്സി സേവനത്തില്‍ നഗരങ്ങളിലെ പരമ്പരാഗത ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ഇതിന് മുമ്പ് 2017ല്‍ ഊബര്‍ ബൈക്ക് ടാക്സി സേവനം കേരളത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സംസ്ഥാന ഗതാഗത വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല. ്അപകടങ്ങള് കൂടാനിടയുണ്ട് എന്നതായിരുന്നു ഗതാഗചത വകുപ്പ് മുന്നോട്ടുവെച്ച ആശങ്ക. അതേസമയം കര്‍ണ്ണാടക ഉള്‍പ്പടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍ ബൈക്ക് ടാക്സികള്‍ ലഭ്യമാണ്.
വാഹനത്തിരക്കും ബ്ലോക്കും ഉള്ള നഗരങ്ങളില്‍ കൂടുതല്‍ വേഗതയും, ചെലവ് കുറഞ്ഞതുമായ ടാക്സി സേവനം എന്ന ലക്ഷ്യത്തോടെയാണ് ബൈക്ക് ടാക്സികള്‍ ഓടിത്തുടങ്ങിയിട്ടുള്ളത്.




