വരുമാനത്തിനുള്ള വകയാണോ ചിന്തിക്കുന്നത്? 18 വയസ്സും പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ഉണ്ടെങ്കില്‍ വീട്ടില്‍ ഒരു ‘തപാല്‍ ഫ്രാഞ്ചൈസി’ തുറക്കാം. ഓരോ ഫ്രാഞ്ചൈസിയിലും ബുക്ക് ചെയ്യുന്ന കത്തുകള്‍, മണി ഓര്‍ഡറുകള്‍ എന്നിവ തൊട്ടടുത്ത പ്രധാന പോസ്റ്റ് ഓഫിസില്‍ എത്തിക്കുക എന്നതാണു പ്രാഥമിക ചുമതല. എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യം മാത്രമാണിത്.
തപാല്‍ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തപാല്‍ വകുപ്പ് ആണ് സ്വകാര്യ വ്യക്തികളില്‍ നിന്ന് പോസ്റ്റല്‍ ഫ്രാഞ്ചൈസി ഔട്ലെറ്റുകള് ക്ഷണിക്കുന്നത്. ഈ വര്‍ഷത്തിനകം സംസ്ഥാനത്ത് 25 ഔട്ലെറ്റുകള് തുറക്കാനും ഫെബ്രുവരി ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുമാണ് വകുപ്പിന്റെ ലക്ഷ്യം. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നിശ്ചിത ഫോമില്‍ അപേക്ഷിക്കാം. നേരത്തെ പോസ്റ്റല്‍ ഡയറക്ടറേറ്റ് പദ്ധതിക്കായി ഉത്തരവിറക്കിയെങ്കിലും ദൂരപരിധി സംബന്ധിച്ച വ്യവസ്ഥകളില്‍ വ്യക്തത ഇല്ലായിരുന്നു.
ഔട്ലെറ്റുകളിലൂടെ നല്കാവുന്ന സേവനങ്ങള്‍ സ്പീഡ് പോസ്റ്റ് കത്ത്, പാഴ്സല്‍ ബുക്കിങ് (കാഷ് ഓണ്‍ ഡെലിവറി ഒഴികെ) റജിസ്ട്രേഡ് കത്തുകളുടെ ബുക്കിങ്, ഇലക്ട്രോണിക് മണി ഓര്‍ഡര്‍ ബുക്കിങ് തപാല്‍ സ്റ്റാംപ്/സ്റ്റേഷനറി വില്പന റവന്യു സ്റ്റാംപ്, സിആര്‍എഫ് സ്റ്റാംപ് എന്നിവയുടെ വില്പന പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഡയറക്ട് ഏജന്റായുള്ള പ്രവര്‍ത്തനം ആഭ്യന്തര തപാല്‍ ഉരുപ്പടികളുടെ ബുക്കിങ്, അവയുടെ പിക്-അപ് സേവനങ്ങള്‍ എന്നിവയാണ്.




