നിരക്ക് വര്‍ധനയിലൂടെ ഉപഭോക്താക്കളെ വെറുപ്പിച്ചോ ജിയോയും എയര്‍ടെലും വോഡഫോണ്‍ ഐഡിയയും? ട്രെന്‍ഡുകള്‍ അതാണ് സൂചിപ്പിക്കുന്നത്. സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എലിലേക്ക് ചെറിയ രൂപത്തിലെങ്കിലും ഒരു ഒഴുക്ക് രൂപപ്പെട്ടിരിക്കുന്നു. ബിഎസ്എന്‍എലിലേക്ക് കണക്ഷന് പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന പ്രകടമാണ്.
ബിഎസ്എന്‍എലിനെ ഈ അവസരം മുതലെടുക്കാന്‍ സഹായിക്കുന്ന ഒരു നിര്‍ണായക കൂട്ടുകെട്ടിന് കൂടി അടുത്തിടെ തുടക്കമായിട്ടുണ്ട്. സാക്ഷാല്‍ ടാറ്റയുമായാണത്. ഇന്ത്യയിലുടനീളമുള്ള 1000 ഗ്രാമങ്ങളില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വീസസും (ടിസിഎസ്) ബിഎസ്എന്‍എലും ധാരണയായി. 15000 കോടി രൂപയുടെ കരാറാണ് ഇതിനായി ഇരു സ്ഥാപനങ്ങളും ഒപ്പിട്ടത്. അതിവേഗ 4ജി സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ കൊടുക്കാനായാല്‍ ടെലികോം രംഗത്തെ കളി മാറും എന്നുറപ്പ്.
നിലവില്‍ ജിയോയും എയര്‍ടെലുമാണ് 4ജി ഇന്റര്‍നെറ്റ് വിപണിയെ കൈപ്പിടിയിലാക്കിയിരിക്കുന്നത്. ബിഎസ്എന്‍എലിന് തങ്ങളുടെ കരുത്തും സാന്നിധ്യവും വര്‍ധിപ്പിക്കാനായാല്‍ സ്വകാര്യ കമ്പനികള്‍ക്ക് അത് സാരമായ തിരിച്ചടിയേല്പ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ നാല് മേഖലകളായി തിരിച്ച് നാലിടങ്ങളില്‍ ടാറ്റ തങ്ങളുടെ ഡാറ്റ സെന്ററുകള്‍ നിര്‍മിക്കുകയാണ്. ഇത് 4ജി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കരുത്തേകും.