രണ്ടു പതിറ്റാണ്ടിനിടെ ടാറ്റ ഗ്രൂപ്പ് കൊണ്ടുവന്ന ആദ്യ ഐപിഒയായ ഓഹരി വിപണിയിലേക്ക് തകര്‍പ്പന്‍ അരങ്ങേറ്റത്തിനൊരുങ്ങിയിരിക്കുകയാണ് ടാറ്റ ടെക്നോളജീസ്. മൂന്നാം ദിവസം ക്ലോസിംഗ് സമയമെത്തിയപ്പോള്‍ ഐപിഒ 20 ഇരട്ടി ഓവര്‍സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. റീട്ടെയ്ല്‍ ഇന്വെസ്റ്റര്മാര്ക്ക് വേണ്ടി മാറ്റിവെച്ച ഓഹരികള്‍ 17 ഇരട്ടിയും ടാറ്റ ഓഹരി ഉടമകള്‍ക്ക് മാറ്റിവെച്ച ഓഹരികള്‍ 29 ഇരട്ടിയും ഓവര്‍സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. 475-500 രൂപയാണ് ഇഷ്യു പ്രൈസ്.
ഗ്രേ മാര്‍ക്കറ്റില്‍ ശക്തമായ മുന്നേറ്റമാണ് ടാറ്റ ടെക്നോളജീസ് നടത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 900 രൂപയ്ക്ക് മുകളില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. ഐപിഒ ലഭിക്കുന്നവര്‍ക്ക് അങ്ങനെയെങ്കില്‍ ആദ്യ ദിനം തന്നെ ബംപര്‍ നേട്ടമുണ്ടാകും. ഡിസംബര്‍ 5 നാണ് ലിസ്റ്റിംഗ് ഡേറ്റ്.
അതേസമയം ഫെഡറല്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ആദ്യ ദിനങ്ങളില്‍ താരതമ്യേന തണുത്ത പ്രതികരണമാണ് ഐപിഒ വിപണിയില്‍ നിന്ന് ലഭിച്ചത്. എങ്കിലും മൂന്നാം ദിനം 2.24 ഇരട്ടി ഓവര്‍സബ്സ്ക്രിപ്ഷന്‍ ഐപിഒയ്ക്ക് ലഭിച്ചു. റീട്ടെയ്ല്‍ ഇന്വെസ്റ്റര്മാര്ക്ക് വേണ്ടി മാറ്റിവെച്ച ഓഹരികള്‍ 1.88 ഇരട്ടി ഓവര്‍സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.
ഈയാഴ്ച എത്തിയ ഐപിഒകളെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഗാന്ധാര്‍ ഓയില്‍ റിഫൈനറി ഓഹരികള്‍ 65.62 ഇരട്ടിയും ഫ്ളയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ് 49.27 ഇരട്ടിയും ഓവര്‍ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. 23 ന് ക്ലോസായ ഐആര്‍ഇഡിഎ ഐപിഒ 39 ഇരട്ടിയാണ് ഓവര്‍ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.